പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്കാസ്റ്റാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ചര്‍ച്ചാ വിഷയം. നീണ്ട മൂന്ന് മണിക്കൂറാണ് അമേരിക്കന്‍ പോഡ്കാസ്റ്ററുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുന്നുകൊടുത്തത്. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താന്‍ മടിയുള്ള രാജ്യത്തിന്റെ പ്രധാനമന്ത്രി, അക്ഷയ് കുമാറിനെ പോലുള്ള സെലിബ്രിറ്റികള്‍ക്കും നവഭാരതത്തില്‍ കോള്‍മയിര്‍ കൊള്ളുന്ന നവിക കുമാര്‍മാര്‍ക്കുമൊക്കെയെ ഇന്ന് വരെ അഭിമുഖം നല്‍കിയിട്ടുള്ളു. അതും മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും മാങ്ങയുടെ സ്വാദും പഴയ വീരഗാഥകളുമെല്ലാമായി. രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പത്രപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇരുന്നുകൊടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടേ ഇല്ല. പ്രസംഗങ്ങളും മന്‍കിബാത്തുമെല്ലാമായി ഒറ്റയ്ക്ക് ചോദ്യമുയരാത്ത വേദികളിലാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാറ്. ഒരു ആവേശക്കൂട്ടത്തിന് മുന്നില്‍ ചോദ്യങ്ങളുയരാത്ത ആള്‍ക്കൂട്ട അണികള്‍ക്ക് മുന്നിലെ മോണോലോഗാണ് മോദിയുടെ രീതി. അല്ലാത്ത ഇടത്ത് 2007ലെ കരണ്‍ ഥാപറിന്റെ ചോദ്യമുനകള്‍ക്ക് മുന്നില്‍ വെള്ളം കുടിച്ച് ഇറങ്ങിപ്പോയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ 3 മിനിട്ടിന് പ്രധാനമന്ത്രി പദത്തിലെത്തിയിട്ടും മാറ്റമുണ്ടായിട്ടില്ല.
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ അവസാന പത്രസമ്മേളനം’ 10 വര്‍ഷം മുമ്പാണ് നടന്നതെന്ന് 2024 ജനുവരി 3ന് മുതിര്‍ന്ന ജേണലിസ്റ്റ് പങ്കജ് പചൗരി പറയുകയുണ്ടായി. 100 മാധ്യമപ്രവര്‍ത്തകരുടെ മുന്നിലിരുന്ന് എഴുതി തയ്യാറാക്കാതിരുന്ന 62 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.
2023ല്‍ അമേരിക്കന്‍ വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ രണ്ട് ചോദ്യങ്ങള്‍ക്ക് മാത്രമാണ് മോദി അതിനിടയില്‍ ഉത്തരം കൊടുത്തിണ്ടായിരുന്നത്. പ്രസിഡന്റ് ജോ ബൈഡനൊപ്പം നില്‍ക്കുന്ന മോദിയോട് മോദി ഭരണകൂടത്തിന്റെ ന്യൂനപക്ഷ സമീപനത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖി ചോദ്യം ചോദിച്ചപ്പോള്‍ പതറിയ മോദി നല്‍കിയ അവ്യക്ത മറുപടികളും പലരും കണ്ടതാണ്. പിന്നീട് ആ റിപ്പോര്‍ട്ടര്‍ക്ക് നേരെ ഉണ്ടായ സംഘപരിവാര്‍ ആക്രമണവും അതിനെതിരെ ശക്തമായ ഭാഷയില്‍ വൈറ്റ് ഹൗസിന്റെ പ്രതികരണം ഉണ്ടായപ്പോഴും മൗനം പാലിച്ച പ്രധാനമന്ത്രിയേയും കണ്ടതാണ്.
അപ്പോഴെല്ലാം കരണ്‍ ഥാപറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് ചോദ്യമുനയില്‍ 3 മിനിട്ട് 20 സെക്കന്റിനപ്പുറം വെള്ളം കുടിച്ച് ഇറങ്ങിപ്പോകുന്ന മോദിയെ ഓര്‍ക്കാതെ തരമില്ല. ഗുജറാത്തിലെ വംശഹത്യയെ കുറിച്ച് 2007ല്‍ പറയാന്‍ ഒന്നുമില്ലാതെ 2002ലെ ഗോധ്രയിലെ പ്രേതം താങ്കളെ പിന്തുടരുന്നില്ലെ മോദിയെന്ന കരണ്‍ ഥാപറിന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി ഇറങ്ങിപ്പോയ അന്നത്തെ മോദി ഇന്ന് 3 മണിക്കൂര്‍ പോഡ്കാസ്റ്റിലിരുന്ന് ഗുജറാത്ത് കലാപമടക്കം വിഷയങ്ങളില്‍ സംസാരിക്കുന്നു. പക്ഷേ മുന്നിലുള്ളത് കരണ്‍ ഥാപറോ കുറിക്ക് കൊള്ളുന്ന ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോ അല്ല. മോദി ജീയെ ആരാധിക്കുന്ന അയാള്‍ വളരെ ആകര്‍ഷകനായ വ്യക്തിത്വമായി കരുതുന്ന ലെക്‌സ് ഫ്രിഡ്മാനാണ്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും ആകര്‍ഷകമായ മനുഷ്യരില്‍ ഒരാള്‍ എന്നാണ് ലെക്‌സ് ഫ്രിഡ്മാന്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തനത്തെ കുറിച്ചും 2002ലെ കലാപത്തെ കുറിച്ചും മോദി സംസാരിക്കുന്നുണ്ട്. ഗുജറാത്തിലെ ആ കൂട്ടക്കുരിതിയെ കുറിച്ച് പ്രധാനമന്ത്രിയായതിന് ശേഷത്തെ ആദ്യ പരാമര്‍ശം. വിശദീകരിച്ചത് 2002ലെ സംഭവത്തില്‍ തന്റെ സര്‍ക്കാര്‍ നേരിട്ട അപവാദ പ്രചരണങ്ങളെ കുറിച്ചായിരുന്നുവെന്ന് മാത്രം. നരേന്ദ്രമോദിയെന്ന വ്യക്തിയെ രൂപപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നും ആര്‍എസ്എസിലൂടെയാണ് താന്‍ ഒരു ലക്ഷ്യബോധമുള്ള ജീവിതം കണ്ടെത്തിയതെന്നും മോദി പറയുന്നുണ്ട്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളില്‍ ഒന്നാണ് ആര്‍എസ്എസ് എന്നാണ് മോദി വാക്യം. തന്റെ ബാല്യകാല ജീവിതത്തെ കുറിച്ചും തന്റെ വെള്ള കാന്‍വാസ് ഷൂവിന് നിറം പകരാന്‍ ക്‌ളാസില്‍ ബാക്കിവന്ന ചോക്കെടുത്ത ദാരിദ്രത്തിനെ കുറിച്ചും ഹിമാലയത്തിലെ തന്റെ വര്‍ഷങ്ങളെ കുറിച്ചുമെല്ലാം മോദി വാചാലനാകുന്നുണ്ട്. പിന്നെ തന്റെ അച്ഛന്റെ ചായക്കടയെ കുറിച്ചും ദരിദ്ര ബാല്യത്തിലും കൈവിടാത്ത ശുഭാപ്തി വിശ്വാസത്തെ കുറിച്ചുമെല്ലാം മോദിയ്ക്ക് ധാരാളം കാര്യം പറയാനുണ്ട്.
അമേരിക്കക്കാരനായ ഫ്രിഡ്മാന് മുന്നില്‍ ട്രംപിനെ ധീരനായ വ്യക്തിയെന്നും തങ്ങള്‍ക്ക് ഒരേ മനസാണെന്നും മോദി ഡിയര്‍ പ്രണ്ടിനെ കുറിച്ച് പറയുന്നു. കരുതി തന്നെയാണ് ട്രംപിന്റെ രണ്ടാം വരവെന്ന പുകഴ്ത്തലുമുണ്ട്. ഒപ്പം ഐക്യരാഷ്ട്ര സംഘടന പോലുള്ള ലോക സംഘടനകള്‍ അപ്രസക്തമാണെന്ന് പറയാനും ഇന്ത്യന്‍ പ്രധാനമന്ത്രി മടിക്കുന്നില്ല. നേതൃത്വ ഗുണത്തേ കുറിച്ചും വിജയത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചുമെല്ലാം വാചാലനാകുന്ന മോദി. പ്രസംഗത്തിനും മന്‍ കി ബാത്തിനും പോഡ്കാസ്റ്റിനുമെല്ലാം മണിക്കൂറുകള്‍ ചെലവഴിക്കാന്‍ മടിയില്ലാത്ത നരേന്ദ്ര മോദി എന്തുകൊണ്ടാണ് എഴുതി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ക്കപ്പുറം പ്രസ് കോണ്‍ഫറന്‍സുകള്‍ക്ക് നില്‍ക്കാത്തതെന്ന ചോദ്യം ഇതോടെയെല്ലാം വ്യക്തമാകുന്നുണ്ട്. ചോദ്യവും ചോദ്യം ചെയ്യുന്നവരുമാണ് പ്രശ്‌നം. കരണ്‍ ഥാപറിന്റെ മൂന്ന് മിനിട്ടു പോലെ….