മോസ്‌കോയിലേക്ക് മോദിയും വടക്കു കിഴക്ക് രാഹുലും പറയുന്ന രാഷ്ട്രീയം; മോദി കാണാന്‍ കൂട്ടാക്കാത്ത മണിപ്പൂരിലേക്ക് രാഹുലിന്റെ യാത്ര

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അസമിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മണിപ്പൂരിലെ ഇംഫാലിലേക്ക് യാത്ര തിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് വിമാനം കയറിയിരുന്നു. മണിപ്പൂര്‍ എന്ന വാക്ക് പ്രധാനമന്ത്രി കേട്ടിട്ടുപോലുമില്ലെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം കണക്കിലെടുക്കാതെ ബിജെപിയും നരേന്ദ്ര മോദിയും മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കുമ്പോള്‍ ഇന്ത്യ സഖ്യം മണിപ്പൂര്‍ സജീവ ചര്‍ച്ചയാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുകയാണ്. അസമില്‍ നിന്നും മണിപ്പൂരെത്തിയ രാഹുല്‍ ഗാന്ധി വടക്കുകിഴക്കന്‍ മേഖലയിലെ രണ്ട് സംസ്ഥാനങ്ങളിലെ ദുംഖത്തിന് ആശ്വാസമേകുമ്പോള്‍ ഭരണപക്ഷം കണ്ണടയ്ക്കുന്ന ഇടത്ത് പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്ന ധ്വനി ഉണ്ടാക്കുന്നുണ്ട്.

അസമിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിച്ച രാഹുല്‍ ഗാന്ധി അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തായാണ് സംസ്ഥാനത്ത് നിന്നും പോന്നത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആദ്യ വടക്കുകിഴക്കന്‍ സന്ദര്‍ശനം രാഷ്ട്രീയ പ്രസക്തമാകുന്നത് ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണെന്ന വീമ്പുപറച്ചിലുകള്‍ക്കിടയില്‍ ഭരണപക്ഷത്തിന് ജനങ്ങള്‍ക്ക് സാന്ത്വനമാകാന്‍ കഴിയുന്നില്ലെന്നത് കൊണ്ടാണ്. മണിപ്പൂര്‍ കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രി ആ വഴിക്ക് തിരിഞ്ഞു നോക്കാത്തത് ഒരു വര്‍ഷക്കാലത്തിന് ശേഷവും തുടരുമ്പോള്‍ കലാപം ആരംഭിച്ചശേഷം മൂന്നാം തവണയാണ് രാഹുല്‍ മണിപ്പുരിലെത്തുന്നത്.

മണിപ്പൂരില്‍ നിന്ന് കുടിയിറക്കപ്പെട്ട് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായ കുക്കി വിഭാഗക്കാരെ സന്ദര്‍ശിച്ച ശേഷമാണ് മണിപ്പൂരിലെത്തി ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള മേയ്‌തെയ് വിഭാഗക്കാരെ രാഹുല്‍ ഗാന്ധി കണ്ടത്. മണിപ്പൂരില്‍ വംശീയ കലാപത്തിന് തിരികൊളുത്തിയതും ആളിക്കത്തിച്ചതും ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങിന്റെ തീരുമാനങ്ങളാണെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ പോലും ബിജെപി മണിപ്പൂരിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നില്ല. പ്രധാനമന്ത്രിയും ഭരണപക്ഷവും മണിപ്പൂരില്‍ സന്ദര്‍ശനം നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന പ്രതിപക്ഷ വിമര്‍ശനവും മോദിയും കൂട്ടരും കേട്ട ഭാവം നടിച്ചിട്ടില്ല.

മണിപ്പൂരിനെ കുറിച്ച് മിണ്ടാതെ പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി റഷ്യയിലേക്ക് ഫ്‌ലൈറ്റ് കയറിയതിനെ കോണ്‍ഗ്രസ് ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ വാക്കുകളിങ്ങനെ.

ഇന്ന്, ബയോളജിക്കല്‍ അല്ലാത്ത പ്രധാനമന്ത്രി മോസ്‌കോയിലേക്ക് പോയിരിക്കുന്നുു, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അസമിലേക്കും മണിപ്പൂരിലേക്കും പോകുന്നു. തീര്‍ച്ചയായും, നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുകാര്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം കുറച്ചുകാലത്തേക്ക് നിര്‍ത്തിവെച്ചത് പോലും പിഎം മോദിയാണെന്ന് അവകാശപ്പെട്ടു കഴിഞ്ഞു. ഈ മോസ്‌കോ യാത്ര കൂടുതല്‍ വിചിത്രമായ അവകാശവാദങ്ങളിലേക്ക് നയിക്കുമെന്ന് അനുമാനിക്കാം.

കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകളിലെ പരിഹാസം ലോക്സഭാ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ ബാക്കിയാണ്. രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിന്റെ നന്ദി പ്രമേയത്തിനിടെ രാഹുല്‍ ഗാന്ധി ബിജെപിയെ കുറിച്ചു പറഞ്ഞതിങ്ങനെയാണ്.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട ബിജെപിക്കാര്‍, പക്ഷേ മണിപ്പൂരിലെ അക്രമങ്ങളും വംശീയ സംഘര്‍ഷങ്ങളും തടയുന്നതില്‍ പരാജയപ്പെട്ടു.

ഈ പരിഹാസം ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ റഷ്യന്‍ യാത്രയും ചേര്‍ത്ത് പ്രതിപക്ഷം ശക്തമായ ഭാഷയില്‍ പ്രതികരിക്കുമ്പോള്‍ കൗണ്ടര്‍ അറ്റാക്കുമായി ബിജെപി ഐടിസെല്ലും രംഗത്തുണ്ട്. ട്രാജഡി ടൂറിസമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നാണ് ബിജെപിക്കാരുടെ വിമര്‍ശനം. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പണ്ടത്തെ കോണ്‍ഗ്രസ് ഭരണമാണെന്നാണ് ബിജെപി ഐടിസെല്‍ തലവന്‍ അമിത് മാളവ്യ ആരോപിക്കുന്നത്. കലാപബാധിത പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ദുരന്ത ടൂറിസമാണെന്ന് പറയുന്നതില്‍ തന്നെയുണ്ട് എത്രത്തോളം അസ്വസ്ഥമാണ് ബിജെപി ക്യാമ്പെന്ന്. കലാപ ബാധിത മേഖലകളിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മണിപ്പൂരിലെ ജനതയ്ക്ക് നല്‍കുന്ന ആശ്വാസം പുറത്തുവരുന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇക്കുറി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ തഴഞ്ഞു രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് നല്‍കിയാണ് മണിപ്പൂരിലെ ജനത തങ്ങളുടെ ഭരണവിരുദ്ധ വികാരം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും മണിപ്പൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഉപേക്ഷ കാണിക്കില്ലെന്ന ഉറപ്പാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്നത്.

Read more

കഴിഞ്ഞ വര്‍ഷം മെയ് 3 ന് ആരംഭിച്ച മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ അക്രമത്തില്‍ കുടിയിറക്കപ്പെട്ട മണിപ്പൂരിലെ ആളുകളെ ആശ്വസിപ്പിക്കാന്‍ ജിബ്രാം, ചുരാചന്ദ്പൂര്‍ ജില്ലകളിലെല്ലാം രാഹുല്‍ ഗാന്ധിയെത്തിയിരുന്നു. ജസ്റ്റിസ് ഫോര്‍ മണിപ്പൂര്‍ വിളികളുമായി ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യം പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി നല്‍കിയ മുന്നറിയിപ്പ് കരുത്തോടെ തുടരാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കുകയാണ് പ്രതിപക്ഷ നേതാവ് മണിപ്പൂരിലെ സന്ദര്‍ശനം കൊണ്ട്. പിഎം മോദി കാണാനും കേള്‍ക്കാനും കൂട്ടാക്കാത്ത മണിപ്പൂരിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങളുണ്ടെന്ന ഉറപ്പാണ് ആ ജനതയ്ക്ക് ഈ സന്ദര്‍ശനത്തിലൂടെ പ്രതിപക്ഷം നല്‍കുന്നത്.