ബംഗാളിലെ സന്ദേശ്ഖലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയേയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും വിമര്‍ശിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ പൊതുറാലിയിലെത്തിയത്. സന്ദേശ്ഖലി സംഘര്‍ഷത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച മോദി തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാനെ പൊതിഞ്ഞുപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് കുറ്റപ്പെടുത്തി. പ്രദേശത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ നേതാക്കള്‍ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ അരംബാഗില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രതിപക്ഷത്തിനെതിരായ പ്രധാനമന്ത്രിയുടെ കടന്നാക്രമണം. തൃണമൂല്‍ നേതാവ് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് നരേന്ദ്ര മോദിയുടെ ആരോപണമെന്നതും ശ്രദ്ധേയമാണ്.
‘മാ, മാട്ടി, മാനുഷ്’ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ്ഖാലിയിലെ സ്ത്രീകളോട് ചെയ്തത് രാജ്യത്താകെ ദുഃഖവും രോഷവും ജനിപ്പിച്ചിട്ടുണ്ട്. ഈ ആളുകളുടെ പ്രവൃത്തികള്‍ നവോത്ഥാന നായകന്‍
രാജാറാം മോഹന്‍ റോയിയുടെ ആത്മാവിനെ കണ്ണീരിലാഴ്ത്തിയിരിക്കണം.
.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒളിവിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സന്ദേശ്ഖലിയിലെ പാര്‍ട്ടിയുടെ മുഖവുമായ ഷാജഹാന്‍ ഷെയ്ഖ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ ഒരു ദിവസത്തിന് ശേഷമാണ് മോദിയുടെ പരാമര്‍ശം.
ഒരു തൃണമൂല്‍ നേതാവ് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കെതിരെ മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചു. ആ സ്ത്രീകള്‍ മമതാ ദീദിയോട് സഹായം തേടിയപ്പോള്‍ അവരും ബംഗാള്‍ സര്‍ക്കാരും തങ്ങളുടെ നേതാവിനെ സംരക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു. സ്ത്രീകള്‍ക്ക് വേണ്ടി പോരാടുകയും അവര്‍ക്കുവേണ്ടി ധീരമായ പോരാടുകയും ചെയ്ത ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പോലീസ് നിര്‍ബന്ധിതരായത്.
ഇത്തരത്തില്‍ സന്ദേശ്ഖലിയിലെ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രിയും ബിജെപിയും ഒരുങ്ങുന്നത്. ഇന്ത്യ മുന്നണി കണ്ണും ചെവിയും പൂട്ടിയിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. അവര്‍ പാട്‌നയിലും ബംഗലൂരുവിലും മുംബൈയിലുമെല്ലാം യോഗം ചേര്‍ന്നു എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി മമതയോട് എന്തെങ്കിലും ചോദ്യം ഉന്നയിക്കാന്‍ ധൈര്യം കാണിച്ചോയെന്നും മോദി ചോദിച്ചു.