'ഷെഹസാദ'യ്ക്ക് വയനാട് സീറ്റും പോകും'; ഏപ്രില്‍ 26 കഴിഞ്ഞ് മറ്റൊരു സീറ്റ് രാഹുല്‍ ഗാന്ധി നോക്കേണ്ടി വരുമെന്ന് മോദി

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഷെഹസാദ തോല്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവചനം. അമേഠി തോറ്റതിന് പിന്നാലെ വയനാട്ടിലും രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്നും ഏപ്രില്‍ 26ന് ശേഷം പുതിയ സുരക്ഷിത സീറ്റ് നോക്കേണ്ടിവരും കോണ്‍ഗ്രസിന്റെ ഷെഹസാദയ്‌ക്കെന്നാണ് നരേന്ദ്ര മോദി പറയുന്നത്. വയനാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കണ്ടിട്ടാണോ മോദിയുടെ പ്രവചനം എന്നതൊരു ചോദ്യമാണ്. എന്തായാലും അമേഠിയില്‍ നിന്ന് മല്‍സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഇതുവരെ ഒരു ഉറപ്പ് പറഞ്ഞിട്ടില്ല. വയനാട്ടിലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം അമേഠിയെ കുറിച്ച് പറയാമെന്നതാണ് കോണ്‍ഗ്രസ് ലൈന്‍. പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മല്‍സരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍ ആരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാന തീരുമാനമെടുക്കുന്നതെന്ന പരിഹാസ ചോദ്യവും കണ്ടില്ലെന്ന് നടിക്കുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും.

കേരളത്തിലെ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലാണ് നടക്കുന്നത്. ഏപ്രില്‍ 26 വെള്ളിയാഴ്ച വയനാട്ടിലെ അടക്കം കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് അമേഠിയെ കുറിച്ചും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കുറിച്ചും പാര്‍ട്ടി വ്യക്തമാക്കുമായിരിക്കും. വയനാട്ടിലെ വോട്ടെല്ലാം പെട്ടിയില്‍ കയറിയിട്ട് ഒരു പക്ഷേ അമേഠിയിലും രാഹുല്‍ മല്‍സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനായിരിക്കും കോണ്‍ഗ്രസിന്റെ ഈ വൈകിപ്പിക്കല്‍ എന്ന സംശയവുമുണ്ട്. അമേഠിയില്‍ രാഹുല്‍ മല്‍സരിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ രണ്ട് സീറ്റിലും വിജയിച്ചാല്‍ അമേഠി രാഹുല്‍ തിരഞ്ഞെടുക്കുമെന്ന സംശയത്തില്‍ വയനാട്ടിലെ വോട്ടിന് കോട്ടം തട്ടെണ്ടെന്നാവും ഹൈക്കമാന്‍ഡ് കരുതുന്നത്. എന്തായാലും വയനാട് വോട്ട് വീണതിന് ശേഷം അമേഠിയിലെ കഥ വ്യക്തമാകും. രാഹുല്‍ ഗാന്ധിയോ അതോ തിരഞ്ഞെടുപ്പില്‍ തനിക്കും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസ്‌കാരനുമായ റോബര്‍ട്ട് വദ്രയോ എന്ന ചോദ്യമെല്ലാം നാല് പാടും നിന്ന് ഉയരുന്നുണ്ട്. കോണ്‍ഗ്രസിന് കഴിഞ്ഞ കുറി കിട്ടിയ ഉത്തര്‍പ്രദേശിലെ ഏകസീറ്റായ റായ്ബറേലിയിലും സ്ഥാനാര്‍ത്ഥിയായിട്ടില്ല. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയതിനാല്‍ ഈ സീറ്റില്‍ ഹൈക്കമാന്‍ഡ് ആരെ ഇറക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തായാലും കേരളത്തിലെ 26ന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷവും ഉത്തര്‍പ്രദേശില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ട്. ഏഴ് ഘട്ടമായി നടക്കുന്ന 2024 തിരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ടത്തിലാണ് അമേഠിയും റായ് ബറേലിയും പോളിംഗ് ബൂത്തിലെത്തുക. ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് മേയ് 20ന് ആണ്, മേയ് 3 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയവുമുണ്ട്. ഈ സാധ്യത കണ്ടാണ് അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. ഇത് ഓര്‍മ്മിപ്പിച്ചും പരിഹസിച്ചുമാണ് ഏപ്രില്‍ 26ലെ കേരള തിരഞ്ഞെടുപ്പിന് ശേഷം ഷെഹസാദയ്ക്ക് മറ്റൊരു സുരക്ഷിത താവളം നോക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യ ഒന്നാകെ ഓടി നടന്നാണ് ബിജെപിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. തെക്കേ ഇന്ത്യയിലാണ് ഇത്രയും നാള്‍ മോദി തന്റെ പോപ്പുലാരിറ്റി വോട്ടാക്കാന്‍ ഇറങ്ങിയതെങ്കില്‍ ഇന്നലെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കടന്നതോടെ ഉത്തരേന്ത്യയിലേക്ക് തന്നെ നരേന്ദ്ര മോദി ശ്രദ്ധ തിരിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ തമിഴ്‌നാടായിരുന്നു ബിജെപി കൂടുതല്‍ നോട്ടമിട്ടിരുന്നത്. ആദ്യഘട്ടത്തില്‍ തന്നെ ഇന്നലെ തമിഴ്‌നാട്ടിലെ പോളിംഗ് കഴിഞ്ഞതോടെ യുപിയിലും മഹാരാഷ്ട്രയിലുമെല്ലാം ഓടി നടക്കുകയാണ് അടുത്തഘട്ടം ലക്ഷ്യമിട്ട് മോദി. അതിനിടയില്‍ മഹാരാഷ്ട്രയിലാണ് രാഹുല്‍ വയനാടും തോല്‍ക്കുമെന്ന് മോദി പറഞ്ഞത്. നന്ദഡിലെ റാലിയില്‍ ഇന്നലെ നടന്ന പോളിംഗിനിടയില്‍ കിട്ടിയ സൂചന അനുസരിച്ച് എന്‍ഡിഎ അുകൂലമായ ഒരു ഏകപക്ഷീയ നിലപാടാണ് വോട്ടര്‍മാരില്‍ നിന്നുണ്ടായതെന്ന് വരെ നരേന്ദ്ര മോദി പറഞ്ഞു കളഞ്ഞു.

കോണ്‍ഗ്രസിന്റെ ഷെഹസാദ അമേഠിയ്ക്ക് ശേഷം വയനാടും തോറ്റ് ഏപ്രില്‍ 26ന് ശേഷം വീണ്ടും സുരക്ഷിത താവളം തേടുമെന്ന് മോദി പറഞ്ഞത് ജൂണ്‍ നാലിലെ ഫലം നേരത്തെ അറിഞ്ഞിട്ടാണോ എന്ന് അറിയില്ല. അതോ വയനാട് രാഹുല്‍ ഗാന്ധിയും സിപിഐയുടെ ആനിരാജയും തമ്മിലുള്ള പോരാട്ടത്തിനേക്കാള്‍ കനത്തതാകും കെ സുരേന്ദ്രനെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വയനാട്ടിലെ മല്‍സരമെന്ന് കരുതിയാണോ എന്നും വ്യക്തമല്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ കെ സുരേന്ദ്രന്‍ അട്ടിമറിയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണോ ബിജെപിയുടെ കേരളത്തിലെ വോട്ട് ബാങ്കിലുള്ള അമിത ആത്മവിശ്വാസമാണോ വയനാട്ടില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രവചനത്തിന് പിന്നില്‍. കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രവചിച്ച അതേ മോദി തന്നെയാണ് വയനാട്ടില്‍ രാഹുല്‍ തോല്‍ക്കുമെന്നും പറഞ്ഞിരിക്കുന്നത് എന്നതിനാല്‍ മലയാളികള്‍ ആ വാക്കുകള്‍ ഗൗരവത്തിലെടുക്കാന്‍ സാധ്യത കുറവാണ്.

രാഹുല്‍ ഗാന്ധിയുടെ തോല്‍വി പ്രവചിച്ച ശേഷം സോണിയ ഗാന്ധിയ്ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ധൈര്യമില്ലാത്തതിനാലാണ് റായ്ബറേലി വിട്ടു രാജ്യസഭയിലേക്ക് പോയതെന്നും മോദി പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ ആദ്യമായി ഗാന്ധി കുടുംബത്തിന് തങ്ങള്‍ താമസിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരിഹസിക്കാനും മോദി മടിച്ചില്ല. പക്ഷേ പിന്നീട് നരേന്ദ്ര മോദി പറഞ്ഞത് കേട്ട് രാജ്യത്താരൊക്കെ മൂക്കില്‍ വിരല്‍വെച്ചെന്നും പുച്ഛച്ചിരി ചിരിച്ചുവെന്നും അതിലെ വ്യഗ്യാര്‍ത്ഥം മനസ്സിലാക്കിയെന്നും വ്യക്തമല്ല. മോദിയുടെ ആ വാക്കുകള്‍ ഇങ്ങനെയാണ്.

‘കോണ്‍ഗ്രസ് അധികാര കാലഘട്ടത്തിന്റെ മോശം ഭരണനിര്‍വ്വഹണത്തിന്റെ ദോഷാവസ്ഥ പരിഹരിക്കാനാണ് താന്‍ 10 വര്‍ഷം ചെലവഴിച്ചത്.’

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ