കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അവസരം മുതലെടുക്കാന്‍ ബിജെപി; മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

ഹരിയാനയില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി നേടിയ വിജയക്കുതിപ്പിന് പിന്നാലെ മഹാരാഷ്ട്ര ലക്ഷ്യം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നീക്കങ്ങള്‍. ഹരിയാനയിലെ വിജയാഘോഷ ലഹരിയില്‍ മതിമറക്കാതെ കോണ്‍ഗ്രസ് പകച്ചുനില്‍ക്കുന്ന അവസരത്തില്‍ മഹാരാഷ്ട്ര ലക്ഷ്യം വെച്ച് ആക്രമണം കടുപ്പിക്കുകയാണ് ബിജെപി ക്യാമ്പ്. ഇന്ത്യ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളേറ്റ് വാങ്ങി ഹരിയാന തോല്‍വിയുടെ കാര്യകാരണങ്ങള്‍ തിരയുന്ന കോണ്‍ഗ്രസിന് മുമ്പുണ്ടായിരുന്ന വിജയ പ്രതീക്ഷ മഹാരാഷ്ട്രയുടെ കാര്യത്തിലും മങ്ങിയിരിക്കുകയാണ്. ജയം ഉറപ്പിച്ചു ആഘോഷങ്ങളോടെ തുടങ്ങിയ വോട്ടെണ്ണല്‍ ദുരന്തത്തില്‍ കലാശിച്ചതിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ തന്നെ സമയമെടുക്കുമെന്നിരിക്കെ വരുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ബിജെപി കോപ്പുകൂട്ടുമ്പോള്‍ ആവലാതിയാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ചത്തെ ഹരിയാന തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനപ്പുറം അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസിന് നേരെ കടന്നാക്രമണത്തിന് പാര്‍ട്ടിയേയും കൂട്ടരേയും സജ്ജരാക്കുകയായിരുന്നു. തന്റെ എതിരാളി വെറും ‘നിരുത്തരവാദപരമായ പാര്‍ട്ടി’ ആണെന്ന് പറഞ്ഞുള്ള പരിഹാസമായിരുന്നു കോണ്‍ഗ്രസിനെ ആദ്യം മോദിയുടെ ഭാഗത്ത് നിന്നുണ്ടായത്. ‘വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഫാക്ടറി’ എന്ന് പറഞ്ഞാണ് കോണ്‍ഗ്രസിന്റെ സ്‌നേഹത്തിന്റെ കട തുറക്കല്‍ പ്രചാരണങ്ങളെ മോദി പരിഹസിച്ചത്. ന്യൂനപക്ഷ വോട്ടു കിട്ടാന്‍ ‘മുസ്ലിങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍’ മാത്രമാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്നും പ്രധാനമന്ത്രി ആരോപിച്ചു.

‘ദലിതര്‍ക്കിടയില്‍ നുണകള്‍ പ്രചരിപ്പിക്കാന്‍’ ശ്രമിക്കുന്നുവെന്ന ആക്ഷേപവും പ്രധാനമന്ത്രി കോണ്‍ഗ്രസിനെഎതിരെ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവര്‍ ദളിതരില്‍ നിന്ന് സംവരണം തട്ടിയെടുത്ത് അവരുടെ വോട്ട് ബാങ്കിലേക്ക് വിതരണം ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന പ്രയോഗവും പ്രധാനമന്ത്രി നടത്തുന്നുണ്ട്. അതായത് കോണ്‍ഗ്രസ് മുസ്ലീം വോട്ട് നേടാന്‍ ദളിതരുടെ സംവരണം പോലും എടുത്തമാറ്റുമെന്ന സ്ഥിരം ധ്രുവീകരണ കാര്‍ഡ് തന്നെയാണ് സംവരണ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുന്ന മഹാരാഷ്ട്രയിലും മോദിയും കൂട്ടരും ഇറക്കുന്നത്.

ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു കഴിഞ്ഞിരിക്കുകയാണ്, എന്നാല്‍ മഹാരാഷ്ട്രയില്‍ നമുക്ക് ഇതിലും വലിയ വിജയം നേടേണ്ടതുണ്ട്. ഹരിയാനയിലെ ചരിത്രവിജയം രാജ്യത്തിന്റെ വികാരം എടുത്തുകാണിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കണമെന്ന് പറഞ്ഞു കൊണ്ടാണ് മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മൂഡ് ഹരിയാനയിലെ തിരഞ്ഞെടുപ്പ് വ്യക്തമാക്കിയത് പോലായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഹിന്ദി ഹൃദയഭൂമിയില്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിക്കുന്ന ആദ്യത്തെ പാര്‍ട്ടിയായി ബിജെപി മാറിയത് കാവിസംഘത്തെ ആവേശത്തിലാക്കിയിട്ടുണ്ട്. ബിജെപിയുടെ ‘ചരിത്രപരമായ’ വിജയം ‘രാജ്യത്തിന്റെ മാനസികാവസ്ഥ കാണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മഹാരാഷ്ട്രയിലും വോട്ട് സമീകരണത്തിന് ഇറങ്ങുകയാണ് ബിജെപി. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനും എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗത്തിനും താക്കീത് കൂടിയാണ് ഈ പരാമര്‍ശങ്ങള്‍. ഹരിയാനയില്‍ കഴിഞ്ഞ കുറി ബിജെപിയ്‌ക്കൊപ്പം നിന്ന ദുഷ്യന്ത് ചൗടാലയുടെ ജെജെപി ഇക്കുറി സംപൂജ്യരായതിന്റെ ദുഃസൂചനയും ഇരുകൂട്ടര്‍ക്കും അപായമണി മുഴക്കുന്നുണ്ട്.

മഹാരാഷ്ട്രയും പിന്നാലെ ജാര്‍ഖണ്ഡും ഉടന്‍ തന്നെ തിരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നിരിക്കെ സഖ്യകക്ഷികളില്‍ നിന്ന് തോല്‍വിയ്ക്ക് പിന്നാലെ വല്ലാത്ത ഒറ്റപ്പെടലും വിമര്‍ശനവും നേരിടുന്നുണ്ട് കോണ്‍ഗ്രസ്. ഹരിയാനയിലെ തോല്‍വിയില്‍ ഇവിഎം അട്ടിമറിയും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. പക്ഷേ മതിയായ തെളിവ് ലഭിക്കും വരെ ശക്തമായി ഈ വിഷയം ഉന്നയിക്കേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുെ കൂട്ടരും തീരുമാനിച്ചിരിക്കുന്നത്. പകരം പാര്‍ട്ടിയിലെ വിഭാഗീയത എത്രത്തോളം കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു എന്ന വിഷയത്തില്‍ കേന്ദ്രനേതൃത്വം ശക്തമായ വിശകലനത്തിന് ഒരുങ്ങുകയാണ്.

Latest Stories

എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് അഭിനന്ദനം അറിയിച്ച് എംകെ സ്റ്റാലിന്‍

ആശങ്കകള്‍ക്ക് വിരാമം, ട്രിച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്തു; യാത്രക്കാര്‍ സുരക്ഷിതര്‍

സാങ്കേതിക തകരാര്‍, ട്രിച്ചി എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്ന് എയര്‍ ഇന്ത്യ; വിമാനത്തിലുള്ളത് 141 യാത്രക്കാര്‍

അരങ്ങേറിയത് വലിയ നാടകം; അന്‍വറിന്റെ ചീട്ടുകൊട്ടാരം തകര്‍ന്നുവീണെന്ന് എംവി ഗോവിന്ദന്‍

മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

സഞ്ജുവും അഭിഷേകും പരാജയപെട്ടതിനെക്കുറിച്ച് പ്രതികരണവുമായി സൂര്യകുമാർ യാദവ്, മറുപടിയിൽ ഞെട്ടി ആരാധകർ

രോഹിതും കോഹ്‌ലിയും സച്ചിനും ഒന്നും അല്ല, ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന രീതി മാറ്റിയത് അദ്ദേഹം; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം; തീരുമാനം ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി

നടിയെ ആക്രമിച്ച കേസ്, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; കോടതി വിധി തിങ്കളാഴ്ച

എടാ "സിംബു" ഇവിടെ ശ്രദ്ധിക്കെടാ, ബാബറിനെ പരസ്യമായി സിംബാബ്‌വെ മർദ്ദകൻ എന്ന് വിളിക്കുന്ന വീഡിയോ പുറത്ത്; ഭിന്നത അതിരൂക്ഷം