അടികൊണ്ടു പൊട്ടിയ തലയില്‍ നിന്നു വരുന്നതു ചോരയാണോ ചുവന്ന മഷിയാണോ എന്നു തെളിയിക്കലാണ് ദുരവസ്ഥ

ഹരി മോഹൻ

ഇക്കാലത്തെ ഏറ്റവും വലിയ ദുരവസ്ഥകളിലൊന്നു അടികൊണ്ടു പൊട്ടിയ തലയില്‍ നിന്നു വരുന്നതു ചോരയാണോ ചുവന്ന മഷിയാണോ എന്നു തെളിയിക്കലാണ്.

“സമരത്തിന്റെ തീച്ചൂളയില്‍” കിടന്നോ ഇരുന്നോ വളര്‍ന്നവരെന്ന് ഊറ്റം കൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ “തല്ല് ചോദിച്ചു വാങ്ങിയതല്ലേ” എന്നു ചോദിക്കാന്‍ കഴിയുന്ന അഭിനവ വിപ്ലവകാരികളുടെ നീണ്ടനിരയുണ്ട് ഇവിടെയിപ്പോള്‍.

അമിത് ഷായുടെ പൊലീസ് തല്ലിച്ചതച്ചപ്പോള്‍ തലയില്‍ നിന്നു കുടുകുടാ ചാടിയത് മഷിപ്പേനയില്‍ ഒഴിക്കാന്‍ വെച്ചിരുന്ന ചുവന്ന ദ്രാവകമായിരുന്നോ എന്ന് ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് ഐസി ഘോഷിനോടു കഴിയുമെങ്കിലൊന്നു നേരിട്ടു ചോദിക്കേണ്ടതാണ്. തലയില്‍ കെട്ടും കൈയില്‍ ബാന്‍ഡേജുമായി നില്‍ക്കുന്ന ഐസിയെ മുഖ്യമന്ത്രി കാണുന്ന ചിത്രത്തിന് ഫെയ്സ്ബുക്കില്‍ എത്ര കുമ്മോജികളുണ്ടായിരുന്നു എന്നും നോക്കണം. സംഘപരിവാര്‍ പ്രൊഫൈലുകളൊഴികെ എത്രപേര്‍ “തല്ല് ചോദിച്ചു വാങ്ങിയതാണ്” എന്ന് ഐസിയോട് കമന്റ് ബോക്സില്‍ ചോദിച്ചിട്ടുണ്ടെന്നും പരിശോധിക്കണം.

എത്രമേല്‍ നിഷ്ഠൂരമായാണ് പൊലീസ് മനുഷ്യരെ തല്ലിച്ചതയ്ക്കുന്നതെന്നു നോക്കുക. ഒരു വിവാദകാലത്തു കൃത്യമായ നിര്‍ദേശം ലഭിക്കാതെ മുഖത്തുവരെ ലാത്തി പതിപ്പിക്കാന്‍ എത്ര പൊലീസുകാര്‍ക്കു സ്വയം ധൈര്യമുണ്ടാകും? സമരം പിരിച്ചു വിടാനായി മുതുകിലും കാലിലും പൊലീസ് നടത്താറുള്ള അടിച്ചമര്‍ത്തലുകള്‍ പതിവാണ്. നെഞ്ചില്‍ കയറിയിരിക്കാനും കാലുയര്‍ത്തി ചവിട്ടാനും ലാത്തി ഒടിയുന്നതു വരെ തല്ലാനും പൊലീസിനു കഴിയുന്നതു ഭരണകൂട പിന്തുണയുള്ളതുകൊണ്ടു മാത്രമാണ്.

തിരിച്ചൊന്നു ചിന്തിക്കുക. മുഖം തകര്‍ന്നകണക്കെ ഈ കിടക്കുന്നത് ഡി.വൈ.എഫ്.ഐക്കാര്‍. സമരകാരണം എന്തുമാകട്ടെ. തല്ലിച്ചതച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ രമേശ് ചെന്നിത്തലയോ ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്തെ പൊലീസ്. കോവിഡ് കാലത്തു സമരത്തിനു വിലക്കു കല്‍പ്പിക്കുന്ന നിഷ്പക്ഷ നിഷ്ക്കളങ്ക ബുദ്ധിജീവികളും മുന്‍കാല മാധ്യമ പ്രവര്‍ത്തകരും ഭരണകൂടവും പൊലീസും എന്ന വിഷയത്തില്‍ ഉപന്യാസങ്ങളെഴുതിയേനെ. സാംസ്കാരിക നായകര്‍ കണ്ണീര്‍ കൊണ്ടു കവിതകള്‍ രചിച്ചേനെ. ചാനല്‍ചര്‍ച്ചകളില്‍ റഹീമും രാജേഷും കണ്ണുനീര്‍ വാര്‍ത്തേനെ. അവര്‍ക്കെല്ലാം ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഫ്രെയിമുകള്‍ ഉണ്ടായേനെ. അങ്ങനെ എത്രയെത്ര മനോഹരമായ ആചാരങ്ങള്‍ക്കു കേരളം സാക്ഷ്യം വഹിച്ചേനെ. ഈ മനുഷ്യര്‍ നിര്‍ഭാഗ്യവാന്മാരാണ്. അവരുടെ ചോരയ്ക്ക് സി.പി.ഐ.എം ചോരയുടെയത്ര പ്രിവിലേജില്ലാതായി പോയി.

രാജേഷും റിയാസും റഹിമുമൊക്കെ ഒന്നു പിറകോട്ടു തപ്പിയാല്‍ “പൊലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ്” എന്നു പണ്ടെപ്പെഴൊക്കെയോ എഴുതിയതും പ്രസംഗിച്ചതും കിട്ടിയേക്കും.

വിജയന്റെ ഭാഷ തന്നെ കടമെടുക്കാം. “നികൃഷ്ടജീവികള്‍”. അതിലും മികച്ചത് ഈ പ്രത്യേകതരം ജീവിതങ്ങളെ വിശേഷിപ്പിക്കാനില്ല.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍