ബിആര്‍എസ് നേതാക്കളുടെ ചേക്കേറല്‍ കോണ്‍ഗ്രസിനെ തുണയ്ക്കുമോ?

തെലങ്കാന മൂന്നാമത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളില്‍ ചിലത് ഇങ്ങനെയാണ്. ബിആര്‍എസ് വീണ്ടും അധികാരത്തിലെത്തുമോ അതോ ബിജെപി- ബിആര്‍എസ് ബാന്ധവത്തിന്റെ പുത്തന്‍ കഥകള്‍ പറയാനുണ്ടാവുമോ തെലങ്കാനയ്ക്ക്, അതോ കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്ന വമ്പന്‍ പരിപാടികള്‍ മുത്തശ്ശി പാര്‍ട്ടിക്ക് തെലങ്കാനയില്‍ സ്ഥാനമൊരുക്കുമോ?. ആന്ധ്രാ പ്രദേശ് എന്ന ഒറ്റ സംസ്ഥാനമായിരുന്ന കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കൈവെള്ളയില്‍ കൊണ്ടുനടന്ന തെലങ്കു ദേശത്ത് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള എല്ലാ ഒരുക്കങ്ങളും കോണ്‍ഗ്രസ് സംഘടനാപരമായി ചെയ്തു തുടങ്ങിയിട്ട് നാളു കുറച്ചായി. കര്‍ണാടകയിലെ വിജയം ഊര്‍ജമാക്കി തെലങ്കാനയില്‍ അട്ടിമറി ജയത്തിനായി കടുത്ത പരിശ്രമത്തിലാണ് കോണ്‍ഗ്രസ്.

2021ല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ആവിഷ്‌കരിച്ചുവെന്നത് വ്യക്തമാക്കുന്നതാണ് പാര്‍ട്ടിയിലേക്കുള്ള മറ്റ് പാര്‍ട്ടി നേതാക്കളുടെ ഒഴുക്ക്. തെലങ്കാന സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം സംസ്ഥാനത്ത് ഒറ്റ മുഖ്യമന്ത്രി മാത്രമാണ് ഉണ്ടായത്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ അപ്രമാദിത്യം അവസാനിപ്പിച്ച് തെലങ്കാന പിടിച്ചെടുക്കാന്‍ കരുത്താര്‍ജ്ജിക്കുകയാണ് കര്‍ണാടക വിജയത്തിന് ശേഷം കോണ്‍ഗ്രസ്. ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് എന്‍ഡിഎ ചേരിയിലെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന കെസിആര്‍ മകളെ ഇഡി കുരുക്കില്‍ നിന്ന് രക്ഷിക്കാനാണ് ഇന്ത്യ മുന്നണിയുടെ ഭാഗമാകാതെ മാറി നിന്നത്. അഴിമതി കേസില്‍ നിന്ന് മകള്‍ കെ കവിതയെ ഊരിയെടുക്കാനാണ് തുടക്കത്തില്‍ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി വാദിച്ച കെ ചന്ദ്രശേഖര റാവു മറുകണ്ടം ചാടിയത്.

ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി ബി ആര്‍ എസ് ആയത് മറ്റ് പല സംസ്ഥാനങ്ങളേയും കണ്ണുവെച്ചായിരുന്നു. എന്നാല്‍ ബിആര്‍എസിന് സ്വന്തം തട്ടകത്തില്‍ കാല്‍ ഇടറുകയാണെന്ന് വ്യക്തമാക്കുകയാണ് പാര്‍ട്ടിയില്‍ നിന്നും പ്രമുഖരടക്കം കോണ്‍ഗ്രസില്‍ എത്തിച്ചേരുന്നത്. രണ്ടു മുതിര്‍ന്ന നേതാക്കള്‍ കൂടി ഇന്നലെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി വിട്ടു, ഒരാള്‍ കോണ്‍ഗ്രസിലുമെത്തി. ഖാനപുരില്‍ നിന്നുള്ള നിയമസഭാംഗം അജ്മീറ രേഖ, മുതിര്‍ന്ന നേതാവ് കാശിറെഡ്ഡി നാരായണ റെഡ്ഡി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബിആര്‍എസില്‍നിന്ന് രാജിവച്ച കാശി റെഡ്ഡി നാരായണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അജ്മീറ രേഖയുടെ രാജി.

ഈ വര്‍ഷം അവസാനം തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ലയന- സഖ്യ ചര്‍ച്ചകളെല്ലാം വന്‍തോതിലാണ് ചര്‍ച്ചയായത്. ബിആര്‍എസ് നേതാവ് കെസിആറിന്റെ ഡല്‍ഹി യാത്രകളും മോദി കൂടിക്കാഴ്ചയുമെല്ലാം ചര്‍ച്ചയായ പോലെ കോണ്‍ഗ്രസിനൊപ്പം ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളുമായ വൈഎസ് ശര്‍മ്മിളയുടെ പാര്‍ട്ടി ലയിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളുടെ സജീവമായിരുന്നു. വൈഎസ്ആര്‍ടിപിയും കോണ്‍ഗ്രസും തമ്മിലുള്ള ലയനം നടക്കില്ലെന്നാണ് ഒടുവില്‍ വരുന്ന സൂചനകള്‍. വൈഎസ്ആര്‍ടിപി അധ്യക്ഷ വൈഎസ് ശര്‍മിള കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബംഗളൂരുവില്‍ ഡികെ ശിവകുമാറുമായും ഡല്‍ഹിയില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എന്നിവരുമായി പലഘട്ടങ്ങളില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ശര്‍മ്മിളയുടെ എല്ലാ ഡിമാന്‍ഡ്‌സും അംഗീകരിച്ചുള്ള വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറായില്ല.

കര്‍ണാടകയ്ക്ക് പുറമേ അടുത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനം പിടിക്കാന്‍ വമ്പന്‍ പ്രതീക്ഷയുമായി കോണ്‍ഗ്രസ് ഇറങ്ങുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ഒന്ന് ബിആര്‍എസിനോടും കെസിആര്‍ സര്‍ക്കാരിനോടുമുള്ള ഭരണവിരുദ്ധ വികാരം. രണ്ട് സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടിയ വന്‍ സ്വീകാര്യത, മൂന്ന് കര്‍ണാടകയിലെ തിരഞ്ഞെടുപ്പിലെ വിജയം നല്‍കുന്ന ഊര്‍ജ്ജം.

തിരഞ്ഞെടുപ്പ് അടുത്ത തെലങ്കാനയിലേക്ക് മൊത്തം സന്നാഹങ്ങളുമായാണ് കോണ്‍ഗ്രസ് ഇറങ്ങുന്നത്. സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി ബിആര്‍സിലെ പ്രമുഖ നേതാക്കളേയും അണികളേയും കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നതും കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായി എത്തുന്നതും കോണ്‍ഗ്രസില്‍ ചടുല നീക്കങ്ങള്‍ക്ക് കളമൊരുക്കിയിട്ടുണ്ട്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം തെലങ്കാനയിലെ റാലികളിലേക്ക് ആദ്യം തന്നെ എത്തിയത് പാര്‍ട്ടിക്ക് മണ്ണില്‍ വേര് ഉറപ്പിച്ചു നിര്‍ത്താനാണ്. പ്രാദേശിക വാദം ഉയര്‍ത്തി കോണ്‍ഗ്രസിനേയും ബിജെപിയേയും ഒതുക്കാനുള്ള ശ്രമം ബിആര്‍എസിന്റെ ഭാഗത്ത് നിന്നുമുണ്ട്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഉറപ്പായും നടപ്പാക്കുമെന്ന് ആറ് കാര്യങ്ങളില്‍ സോണിയ ഗാന്ധി നല്‍കിയ ഗ്യാരന്റിയാണ് തെലങ്കാന തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മാനിഫെസ്റ്റോ. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലണ്ടര്‍, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കര്‍ഷകര്‍ക്കും പണം, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍ക്കും വീടിനുള്ള സൗകര്യവും 10 ലക്ഷത്തിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സുമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന ഉറപ്പുകള്‍.

ആന്ധ്രപ്രദേശ്- തെലങ്കാന വിഭജനത്തിന് പിന്നാലെ പിന്നോക്ക മേഖലയായി മാറിയ തെലങ്കാനയ്ക്ക് ഉണര്‍വിന്റെ വാഗ്ദാനം നല്‍കി സംസ്ഥാനത്ത് ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ബിജെപിയാവട്ടെ ബിആര്‍എസുമായുള്ള രഹസ്യ ധാരണയിലാണെന്നാണ് കോണ്‍ഗ്രസ് അടക്കം ആരോപിക്കുന്നത്. മോദി പ്രഭാവത്തില്‍ തെലങ്കാനയില്‍ മുന്നേറ്റമുണ്ടാക്കി ഭരണത്തില്‍ പങ്കാളിയാവാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Latest Stories

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു