കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വളരെ സൗമ്യനായി പ്രസംഗിച്ചു തുടങ്ങിയ കെ സുരേന്ദ്രന്‍ എന്തൊക്കെയാണ് പ്രസംഗിച്ചതെന്ന് ചോദിച്ചാല്‍ ആര്‍ക്കും തിട്ടമില്ല. അയോദ്ധ്യയുടെ പേരില്‍ സംഘര്‍ഷ കലുഷിതമായ സാഹചര്യമുണ്ടായിട്ടും ഒരു പോറല്‍പോലും ഇവിടത്തെ മുസ്ലിം സഹോദരന്‍മാര്‍ക്ക് ഉണ്ടായിട്ടില്ല എന്നൊക്കെ പറയുന്നതുകേട്ടാല്‍ കര്‍സേവ നടത്തിയതും പൊളിച്ചതുമെല്ലാം മുസ്ലീങ്ങള്‍ ആണെന്നു തോന്നും. കേന്ദ്രമന്ത്രിമാരടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍ നേതൃത്വം കൊടുത്ത ഒരു ആരാധനാലയം തല്ലിത്തകര്‍ത്ത സംഭവമാണ് കര്‍സേവ. അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേരളത്തില്‍ റൂട്ട്മാപ്പ് നടത്തിയത് ആറെസ്സെസ്സ് ആണ്. അവരുടെ കെട്ടിടം പൊളിച്ചിട്ടും അവരുടെ മേക്കിട്ടു കേറിയില്ല എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഇപ്പോഴിറക്കിയിരിക്കുന്ന ഈ വെളിപാട് അയോദ്ധ്യാ സംഭവത്തെത്തുടര്‍ന്നുണ്ടായ കലാപം കേരളത്തിലും ഉണ്ടായി എന്നും എന്നിട്ടും തങ്ങള്‍ സംയമനം പാലിച്ചു എന്നുമൊക്കെ വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ്. സംഘര്‍ഷവും കലാപവുമെല്ലാം ഉണ്ടാകുമായിരുന്നു എന്നാലിവിടെ മതേരതത്വത്തിലും ജനാധിപത്യത്തിലുമെല്ലാം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നല്ല നേതാക്കന്‍മാരുടെയുമെല്ലാം സ്വാധീനമുണ്ടായിരുന്നതുകൊണ്ടാണ്.
അതവിടെ നില്‍ക്കട്ടെ, മുതലക്കുളം പ്രസംഗത്തിന്റെ ഹൈലൈറ്റ് മറ്റൊന്നാണ്. എല്ലാ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറിയിട്ടുന്നും ഇപ്പോള്‍ ബിജെപിയിലും അതുണ്ടെന്നും തനിക്ക് ഇക്കാര്യത്തില്‍ നല്ല ഭയമുണ്ടെന്നുമെല്ലാം സുരേന്ദ്രന്‍ പറയുകയുണ്ടായി. ആരെയാണ് സുരേന്ദ്രന്‍ ഉദ്ദേശിച്ചതെന്ന് ചില അണിയറസംസാരങ്ങള്‍ ഉയരുന്നുണ്ട്. രാഷ്ട്രീയത്തില്‍ പിച്ചവെക്കുന്ന പ്രായത്തില്‍ സിപിഎമ്മിനുവേണ്ടി കണ്ണൂര്‍ പോലൊരു ദേശീയ ശ്രദ്ധാകേന്ദ്രമായ സ്ഥലത്ത് വിജയം വരിച്ചയാളാണ് അത്ഭുതക്കുട്ടി. ആ അത്ഭുതം തുടര്‍ന്നു പോയിരുന്നെങ്കില്‍ ഇപ്പോള്‍ പോളിറ്റ് ബ്യൂറോ വരെ എത്തിയേനെ.. പക്ഷെ ക്ഷമ കുറച്ചു കുറഞ്ഞുപോയി. തോളത്തിരുന്നു ചെവിതിന്നുന്നവനാണെന്നു മനസ്സിലായതോടെ സിപിഎം അത്ഭുതക്കുട്ടിയെ ഒതുക്കാന്‍ തുടങ്ങി. അതോടെ കോണ്‍ഗ്രസ്സില്‍ ചെന്നുചാടി. ചെന്നാലുടനെ പ്രധാനമന്ത്രിയാക്കും എന്നൊക്കെയായിരിക്കും കരുതിയത്. അവിടെയും നേരെ കുത്തനെ ഒരു സ്ഥാനലബ്ധിയൊന്നും തരപ്പെട്ടില്ല. രാഹുല്‍ ഗാന്ധിക്കുപോലും പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ പറ്റാത്തതുകൊണ്ട് ക്യൂവില്‍ കുറച്ചു പുറകിലാണ് അബ്ദുള്ളക്കുട്ടിയേക്കാള്‍ വലിയ വമ്പന്‍മാര്‍. അത്ഭുതമൊന്നും ചെയ്യാന്‍ അവസരമില്ലെങ്കില്‍ കുറച്ചു വ്യത്യസ്തത കാട്ടിയേക്കാം എന്നു കരുതി മോഡിജിയെ കുറച്ചുകാലം പൊക്കിപ്പറഞ്ഞു. അങ്ങനെ കോണ്‍ഗ്രസ്സിനെ വെറുപ്പിച്ചപ്പോള്‍ ബിജെപിയില്‍ സ്ഥാനം ഒത്തുവന്നു. ആ മറിച്ചിലില്‍ ദേശീയ ഉപാദ്ധ്യക്ഷന്‍പദവി വളരെ നേരത്തേ കിട്ടി. ആ കസേരയില്‍ ഇരിപ്പ് നല്ലവണ്ണം ഉറപ്പിക്കാന്‍ എന്തെല്ലാം മണ്ടത്തരങ്ങള്‍ ഇദ്ദേഹം പറയുന്നുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. അതില്‍ അവസാനത്തേതാണ് ക്രിസ്മസ്സ് രാത്രിയില്‍ കിറ്റെക്‌സില്‍ നടന്നതിന്റെ ദൃക്‌സാക്ഷി വിവരണം.
ഇങ്ങനെയൊക്കെയുള്ളയാളാണ് അബ്ദുള്ളാക്കുട്ടി. ദേശീയ ജനറല്‍ സെക്രട്ടറിയാക്കിയ സ്ഥിതിക്ക് ഇനി പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി ആകണമെന്നെല്ലാം ആഗ്രഹിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ല. അതു നടപ്പില്ലാ എന്നാരെങ്കിലും പറഞ്ഞാല്‍ ഇനി നാലാമതൊരു പാര്‍ട്ടി നോക്കാന്‍ യാതൊരു മടിയും കുട്ടിക്കുണ്ടാകില്ല എന്ന് ബുദ്ധിമാന്‍മാര്‍ക്കറിയാം. അതിനിടം തേടാന്‍ സാദ്ധ്യതയുള്ള ഒരു സ്ഥലം ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടായിരിക്കും. എന്തുകൊണ്ട് ആ പാര്‍ട്ടിയിലേക്കുതന്നെ പോകണം എന്നതിന്റെ കാരണവും ബിജെപിതന്നെ പറഞ്ഞുകൊടുക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് വളരുന്നു എന്നാണത്്. വളരുന്ന ഒരു പാര്‍ട്ടിയിലേക്ക് പോകാതിരിക്കാന്‍ കണ്ടിടത്തെല്ലാം നിരങ്ങിയ പാരമ്പര്യമുള്ള അവസരവാദിയായ ഒരു രാഷ്ട്രീയക്കാരന് കഴിയുമോ ?
ഈ സുരേന്ദ്രവിലാപത്തില്‍നിന്നും മറ്റൊന്നു മനസ്സിലാക്കാം. നേതാവ് എന്ന നിലയില്‍ തന്റെ പരാജയം മറയ്ക്കാന്‍ തന്റെ കൈയില്‍ നില്‍ക്കാത്ത മറ്റെന്തോ ഭയങ്കരമായത് സംഭവിക്കുന്നു എന്നെല്ലാം പറയുകയേ മാര്‍ഗ്ഗമുള്ളൂ. ബിജെപി കേരളത്തില്‍ കൈയിലെടുത്ത ഏറ്റവും വലിയ ആയുധം എന്നേ പ്രയോഗിച്ചു കഴിഞ്ഞു. അത് ശബരിമലയാണ്. കോടതിവിധിയെക്കുറിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടും കുറേയധികം സ്ത്രീപുരുഷന്‍മാരെ തെരുവിലിറക്കി ഇക്കുറി ഞങ്ങള്‍ ഭരണം പിടിക്കും എന്ന രീതിയില്‍ ആഘോഷം വരെ തുടങ്ങിയതാണ്. ആര് മുഖ്യമന്ത്രിയാകണമെന്ന് ഞാനും ബിജെപിയും കൂടി തീരുമാനിക്കുമെന്ന് പൂഞ്ഞാറാശാന്‍ പറഞ്ഞതാണ്. എന്നിട്ടും ഉണ്ടായിരുന്ന ഒരു നിയമസഭാസീറ്റും നഷ്ടമാകുകയും ഉണ്ടായിരുന്ന വോട്ടുശതമാനം കുറയുകയും ശബരിമല ഇരിക്കുന്ന മണ്‍ഡലത്തില്‍പ്പോളും കെട്ടിവെച്ച കാശുകിട്ടാതെ പരാജയപ്പെടുകയുമാണുണ്ടായത്.
കുഞ്ഞിരാമന്‍ മകന്‍ സുരേന്ദ്രന്‍ വകയായി അവസാനത്തെ ശ്രമം തുപ്പല്‍ വിവാദമായിരുന്നു. കാസര്‍ഗോഡെങ്ങോ ഒരു ഗ്രാമസിദ്ധന്‍ തങ്ങള്‍ മന്ത്രിച്ചൂതുന്ന ഫോട്ടോയിട്ട് ഹോട്ടലുകളില്‍ തുപ്പിയാണ് കൊടുക്കുന്നതെന്ന നട്ടാല്‍ കുരുക്കാത്ത നുണ ഒരു മാസം കേരളത്തിലോടി. പിന്നീട് ഒന്നും കേള്‍ക്കാനില്ലാതെയായി. ഇതാണ് നുണകള്‍ക്ക് ആയുസ്സില്ല എന്നു പറയുന്നത്. ഹലാല്‍ ബോര്‍ഡുകള്‍ കച്ചവടം പിടിച്ചെടുക്കാനാണെന്നാരോപിച്ചായിരുന്നു ഈ വങ്കത്തം കാട്ടിയത്. എന്നിട്ടെന്താണ്. ഹലാല്‍ ബോര്‍ഡുകള്‍ ആരും മാറ്റിയതുമില്ല അതിന്റെ എണ്ണവും കൂടി. ഹലാല്‍ ബോര്‍ഡ് പോപ്പുലര്‍ ഫ്രണ്ട് അജണ്ടയാണെന്ന് ആരോപണമുന്നയിക്കുമ്പോള്‍ തങ്ങളുടെ ശത്രുവായ പോപ്പുലര്‍ ഫ്രണ്ടിനെ എത്രയാണ് താന്‍ സഹായിക്കുന്നതെന്ന് സുരേന്ദ്രന് അറിയില്ല. സ്വന്തം പാര്‍ട്ടി വളരുന്നു എന്നല്ലാതെ തങ്ങളുടെ ശത്രു വളരുന്നു എന്ന് തലയ്ക്കു വെളിവുള്ള ഏതെങ്കിലും രാഷ്ട്രീയ നേതാവ് പറയുമോ ? ഈ ഭയമാണ് താന്‍ സംസ്ഥാന പ്രസിഡന്റായി ഇരിക്കുന്ന പാര്‍ട്ടിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറിയിട്ടുണ്ട് എന്നൊക്കെ പറയാന്‍ സുരേന്ദ്രനെ പ്രേരിപ്പിക്കുന്നത്. എന്തായാലും എന്തുകൊണ്ട് നമ്മുടെ പാര്‍ട്ടി തോറ്റു എന്നേതെങ്കിലും ഉത്തമന്‍ ചോദിച്ചാല്‍ പറയാനുള്ള ഒരുത്തരം നേരത്തേതന്നെ കണ്ടെത്തിവെക്കുന്നത് നല്ലതാണ്.