യെച്ചൂരി കാലത്തിന് ശേഷത്തെ സിപിഎം പുനര്‍ചിന്തനവും ബിജെപി സമീപനവും; ഫാസിസം, ബിജെപി, പിന്നെ സിപിഎമ്മിന്റെ നയമാറ്റവും

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയപ്രമേയവും അസാധാരണ വിധത്തിലുള്ള സിപിഎം കേന്ദ്രനേതൃത്വത്തിന്റെ കീഴ്ഘടങ്ങള്‍ക്കുള്ള കത്തുമെല്ലാം ചര്‍ച്ചയാവുകയാണ്. ഒപ്പം ഇടത് കേന്ദ്രങ്ങളില്‍ നിന്നും ഇടത് ലിബറലുകളെന്ന് പേരെടുത്തവരുടെ ഭാഗത്ത് നിന്നുമുള്ള ക്യാപ്‌സൂളുകളും. ഇത് ഫാസിസമല്ല ഫാസിസത്തിലും അപ്പുറമുള്ള അല്ലെങ്കില്‍ ഫാസിസത്തിലേക്ക് എത്താന്‍ പോകുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ് സാമ്രാജാതിപത്യം എന്നുമെല്ലാമുള്ള വായനകളും വ്യാഖ്യാനങ്ങളും വന്നുകൊണ്ടിരിക്കുന്നു. പാര്‍ട്ടി ഇതിന് മുമ്പും മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പറഞ്ഞിട്ടില്ലെന്നും പ്രസംഗത്തിലെ പലപ്പോഴത്തെ പ്രയോഗം മാത്രമാണതെന്നും എകെ ബാലനെ പോലുള്ള മുതിര്‍ന്ന സിപിഎമ്മുകാരുടെ പ്രതികരണവും വന്നു. നരേന്ദ്ര മോദിയും ബിജെപിയും ഫാസിസ്റ്റ് അല്ലെന്നും ഫാസിസ്റ്റ് സര്‍ക്കാരല്ലെന്നും പറയുന്നതരത്തിലേക്ക് സിപിഎമ്മിന് വ്യതിയാനം വന്നോ എന്ന സംശയം സ്വാഭാവികമാണ്. നവലിബറലുകള്‍ ഫാസിസത്തെ കാണുന്ന കാഴ്ചയിലും അവലോകനത്തിലും മാറ്റം വന്നോ എന്നോ ചോദ്യവും ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെല്ലാം ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് സംവിധാനത്തോട് ചേര്‍ന്ന് ഭരിക്കുന്ന ബിജെപി എന്ന പാര്‍ട്ടി ഫാസിസ്റ്റാണെന്ന നിലപാടാണ് സിപിഎമ്മിന് ഉണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളില്‍ സിപിഐ ആകട്ടെ എല്ലാ കാലത്തും നരേന്ദ്ര മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാര്‍ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇനി സാധാരണക്കാര്‍ക്ക് മനസിലാകാത്ത ഭാഷയില്‍ ഇത് ഫാസിസമല്ല ഫാസിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണെന്നൊക്കെ നിലവിലെ സിപിഎമ്മുകാര്‍ പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷം മണ്ണോടടിഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയെ തള്ളിപ്പറയല്‍ കൂടിയാകുന്നില്ലേ അതെന്ന ചോദ്യം ബാക്കിയാണ്. യെച്ചൂരിയുടെ മരണത്തിന് പിന്നാലെ ഫാസിസം എന്ന വാക്കില്‍ സിപിഎം മലക്കം മറിഞ്ഞതെന്തിന് എന്ന ചോദ്യവുമുണ്ട്.

കാരണം മോദിയുടെ സര്‍ക്കാരിനെ ഹിറ്റ്‌ലറുടെ ഫാസിസത്തോടെ ഉപമിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. പ്രകാശ് കാരാട്ട് പോലെയുള്ളവരുടെ നവഫാസ്റ്റ് വ്യാഖ്യാനങ്ങള്‍ക്ക് കടകവിരുദ്ധമായി മോദിയുടേയും പിന്താങ്ങുന്ന ആര്‍എസ്എസിനേയും ഫാസിസ്റ്റ് എന്ന് ഒരുമടിയുമില്ലാതെ വിളിച്ചിരുന്നു യെച്ചൂരി. ഫാസിസത്തിന്റെ നിര്‍വചനത്തില്‍ ചേരാത്ത എന്താണ് മോദി സര്‍ക്കാരില്‍ ബാക്കിയുള്ളത്. അതായത് അതിതീവ്ര ദേശീയത ഉയര്‍ത്തി ഏകകേന്ദ്രീകൃതമായി ഒരു മതരാഷ്ട്ര സംവിധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഫാസിസത്തിന്റെ ഏത് അളവുകോലാണ് ചേരാത്തതെന്ന ചോദ്യമാണ് മുഖ്യം. അതിതീവ്രവും വൈകാരികവുമായ ദേശീയത ഉയര്‍ത്തി ആര്‍എസ്എസും ബിജെപിയും അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യ, മതേതര റിപ്പബ്ലിക്കായ രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അസന്നിഗ്ധമായി യെച്ചൂരി 2016ല്‍ തന്നെ പറഞ്ഞതാണ്. എന്നാല്‍ ഈ നിലപാടില്‍ നിന്ന് വ്യത്യസ്തമായിരുന്നു പ്രകാശ് കാരാട്ട് എന്ന മുന്‍ ജനറല്‍ സെക്രട്ടറിയ്ക്ക്. ഫാസിസത്തിനും നിയോ ഫാസിസത്തിനും ബിജെപി യോഗ്യരല്ലെന്നാണ് കാരാട്ടിന്റെ പക്ഷം. ധനമൂലധനത്തിന്റെ ഭീകര സ്വേച്ഛാധിപത്യം’ എന്ന സാഹചര്യങ്ങള്‍ നിര്‍വചിക്കാനില്ലാത്തതിനാല്‍ ബിജെപിക്ക് ഫാസിസത്തിന് കഴിവില്ല എന്നായിരുന്നു കാരാട്ടിന്റെ പക്ഷം. പക്ഷേ 2014ല്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ തന്നെ ഫാസിസം നമ്മുടെ വാതില്‍ക്കലെത്തി എന്ന് പറഞ്ഞവരായിരുന്നു ഇടത് നേതാക്കള്‍.

മോദിയുടേത് ഹിറ്റ്‌ലര്‍ മോഡല്‍ ഫാസിസ്റ്റ് ഗവണ്‍മെന്റാണെന്ന് പറഞ്ഞ സീതാറാം യെച്ചൂരിയെന്ന സിപിഎം ജനറല്‍ സെക്രട്ടറി മരിച്ച് ആറ് മാസം തികയും മുമ്പാണ് ഫാസിസ ചര്‍ച്ചകളില്‍ വല്ലാത്തൊരു സംശയഭൂതത്തെ സിപിഎം തുറന്നുവിടുന്നത്. ഹിന്ദുത്വ കോര്‍പ്പറേറ്റ് കേന്ദ്രീകൃത ഭരണമെന്നാണ് മോദി രാജിനെ കുറിച്ച് സിപിഎം നിലപാട്. മറ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മോദി ഭരണത്തെ ഫാസിസ്റ്റായി കാണുമ്പോള്‍ ഫാസിസ്റ്റല്ല മോദി സര്‍ക്കാര്‍ എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.

അതായത് ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭരണമുഖമായ ബിജെപിയും ഫാസിസ്റ്റാണെന്ന നിലപാടില്‍ മാറ്റം വന്നുവെന്നാണ് സിപിഐ അടക്കം ഈ വാര്‍ത്തയില്‍ വിമര്‍ശനം ഉന്നയിച്ചത്. സഖാവ് പി എസ് എന്ന പി സുന്ദരയ്യയുടെ രാജിയും ഈ ഫാസിസ്റ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നുണ്ട്. കോമ്രേഡ് പോളിറ്റ്ബ്യൂറോയില്‍ നിന്നടക്കം രാജിവെച്ചിറങ്ങിയതും ചില നവഇടത് ചാഞ്ചാട്ടങ്ങളെ പഴിച്ചു കൊണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് അതിനെതിരെ എന്ന നിലയില്‍ സിപിഎം ബിജെപിയുടെ ആദിരൂപമായ ജനസംഘിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ മനംനൊന്താണ് കോമ്രേഡ് ജനറല്‍ സെക്രട്ടറി സ്ഥാനം അടക്കം രാജിവെച്ചത്. അന്ന് ജനസംഘത്തെ സഖാവ് സുന്ദരയ്യ വിളിച്ചത് പാരാമിലിട്ടറി ഫാസിസ്റ്റ് എന്നാണ്. ആര്‍എസ്എസ് പോലെ അര്‍ദ്ധ സൈനിക സംവിധാനമുള്ള ജനസംഘെന്ന പാര്‍ട്ടിയോട് ചേര്‍ന്ന് പോലും അടിയന്തരാവസ്ഥ നേരിടാന്‍ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റായിരുന്നു പിഎസ്.

ആ സംവിധാനത്തിന്റെ ബാക്കിപത്രത്തില്‍ നിന്നാണ് അന്നേ അതായത് 1975ലെ ഫാസിസത്തിന്റെ നിര്‍വചനങ്ങളില്‍ നിറഞ്ഞ ആര്‍എസ്എസും ബിജെപിയും അതിന്റെ ഏറ്റവും കരുത്തായ കാലത്ത് ഫാസിസം സംബന്ധിച്ച ചര്‍ച്ചയ്ക്ക് സിപിഎം ഇടയാക്കുന്നത്. കേരളത്തിലെ സിപിഎം കേന്ദ്രത്തിലെ ശക്തിയായപ്പോള്‍ വന്ന മാറ്റമാണിതെന്നും യെച്ചൂരിയുടെ നിലപാടിനപ്പുറം കാരാട്ടിന്റെ നിലപാടിന് കരുത്തുവന്നത് കേരള ഘടകത്തിന്റെ സമീപനത്തിലാണെന്നുമുള്ള വിശകലനങ്ങളുണ്ട്. അതി തീവ്ര വലതുപക്ഷ ചിന്താഗതിയും അതിദേശീയതയും ദേശസ്‌നേഹവും മതരാഷ്ട്ര ചിന്താഗതിയും കേഡര്‍ സ്വഭാവമുള്ള ആര്‍എസ്എസ് അര്‍ദ്ധ സൈനിക ട്രൂപ്പും ഏകകേന്ദ്രീകൃത സാമ്രാജ്യത്വ ഭരണവുമെല്ലാം ചേര്‍ന്ന ബിജെപിയെ വെളിപ്പിച്ചെടുക്കാനുള്ള നടപടിയായി പോലും സിപിഎമ്മിന്റെ നയവെളിപ്പെടുത്തല്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇവിടെ കേരളത്തില്‍ കോണ്‍ഗ്രസ് മാത്രമാണ് ശത്രുവെന്ന നിലയില്‍ പാര്‍ട്ടി മുന്നോട്ട് പോകമ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കാണുന്ന ബിജെപി സിപിഎമ്മുമായി കരാറുണ്ടാക്കുന്നുവെന്ന് കരുതുന്നവരും നാട്ടിലുണ്ട്. ഇതെല്ലാം ആ ചിന്താഗതിയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

അവസാനമായി യെച്ചൂരി പറഞ്ഞ ഫാസിസവും മോദി സര്‍ക്കാരെന്ന ഫാസിസ്റ്റ് സര്‍ക്കാരും ഫാസിസത്തിന്റെ നിര്‍വചനങ്ങളില്‍ പെടുമോ ഇല്ലയോ എന്ന് ആര്‍ക്കും സ്വയം ചിന്തിക്കാവുന്നതാണ്. ഫാസിസത്തിന്റെ നിര്‍വചനം ഇങ്ങനെയാണ്. Fascism is a far-right, authoritarian, and ultranationalist political ideology and movement, characterized by a dictatorial leader, centralized autocracy, militarism, forcible suppression of opposition, belief in a natural social hierarchy, subordination of individual interests for the perceived good of the nation or race, and strong regimentation of society and the economy.Opposed to anarchism, democracy, pluralism, egalitarianism, liberalism, socialism, and Marxism. fascism is at the far right of the traditional left–right spectrum.

Read more

ഫാസിസം ഒരു തീവ്ര വലതുപക്ഷ, സ്വേച്ഛാധിപത്യ, തീവ്രദേശീയ രാഷ്ട്രീയ പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമാണ്. ഒരു സ്വേച്ഛാധിപത്യ നേതാവ്, കേന്ദ്രീകൃത സ്വേച്ഛാധിപത്യം, സൈനികത, എതിര്‍പ്പിനെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തല്‍ എന്നിവയെല്ലാം അതിന്റെ ലക്ഷണമാണ്. സ്വാഭാവിക സാമൂഹിക ശ്രേണിയിലടിസ്ഥിതമാണത്. വ്യക്തിഗത താല്‍പ്പര്യങ്ങളെല്ലാം രാഷ്ട്രത്തിന്റെ അല്ലെങ്കില്‍ വംശത്തിന്റെ ഗുണത്തിനെന്നും ശക്തമായ സമ്പദ്വ്യവസ്ഥയുടെ നന്മയ്ക്കായെന്ന തെറ്റിദ്ധരിപ്പിക്കലില്‍ കീഴ്‌പ്പെടുത്തലാണതിന്റെ രീതി. ജനാധിപത്യത്തിന്റെ, ബഹുസ്വരത, സമത്വവാദം, ലിബറലിസം, സോഷ്യലിസം, മാര്‍ക്‌സിസം എന്നിവയെ എല്ലാം കണ്ണടച്ച് എതിര്‍ക്കുന്നതാണ് ഫാസിസം.