ഇന്ദിര ഗാന്ധിയുടെ രൂപസാദൃശ്യത്തോടെ വേദിയിലെത്തുന്ന പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അണികളെ മറ്റാര്‍ക്കും മേലെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള നേതാവാണെന്ന ചിന്ത നല്ലൊരു വിഭാഗം കോണ്‍ഗ്രസുകാരില്‍ ആഴ്ന്നു കിടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കപ്പുറം പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കണമെന്ന് മുത്തശ്ശിപ്പാര്‍ട്ടിയുടെ പ്രഭാവം മങ്ങിയ കാലത്തെല്ലാം ഒരുപറ്റം കോണ്‍ഗ്രസുകാര്‍ ആര്‍ത്തലച്ചിട്ടുണ്ട്. ഇന്നതില്‍ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുണ്ടായ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മാറ്റത്തെ തുടര്‍ന്ന് ‘പ്രിയങ്ക വരട്ടെ കോണ്‍ഗ്രസിനെ രക്ഷിക്കട്ടെ’ നിലപാടില്‍ മാറ്റമുണ്ടെങ്കിലും പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പെയ്‌നറും ക്രൗഡ് പുള്ളറുമാണ്. അടുത്തിടെ കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെല്ലാം പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യവും നേതൃപാടവും ദൃശ്യമായിരുന്നു. ഹിമാചലിലും കര്‍ണാടകയിലുമെല്ലാം കോണ്‍ഗ്രസ് വിജയ കുതിപ്പ് തുടര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ തിരക്കില്‍ ഹിമാചലിലടക്കം മുന്നില്‍ നിന്ന് നയിച്ച പ്രിയങ്ക കോണ്‍ഗ്രസ് ബെല്‍റ്റുകള്‍ക്ക് പ്രിയങ്കരിയും അനുനയ നീക്കത്തില്‍ അനിഷേധ്യ നേതാവുമായി.
ഇപ്പോള്‍ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിലേക്ക് പ്രിയങ്ക ഇറങ്ങുന്നതിന് പിന്നില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രിയങ്കയുടെ നേതൃശേഷി പാര്‍ട്ടിക്ക് ഗുണകരമായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്. തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തും ഒരാഴ്ചയ്ക്കിടയില്‍ നിര്‍ണായക പ്രഖ്യാപനങ്ങളെന്ന് അറിയിച്ച് രണ്ട് റാലികള്‍ക്കും പ്രിയങ്ക നേതൃത്വം കൊടുക്കുന്നത് പാര്‍ട്ടി പ്രിയങ്കയെ വിശ്വാസത്തോടെ നിയോഗിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ കൂടി കാര്യപ്രാപ്തിയോടെ ചെയ്‌തെടുക്കാനാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് വിജയ പ്രതീക്ഷ ഏറെയുള്ള രാജസ്ഥാനില്‍ പാര്‍ട്ടിയെ പിന്നോട്ട് വലിക്കുന്നത് അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരാണ്. മുഖ്യമന്ത്രി കസേരയ്ക്കായും രാജസ്ഥാനിലെ പാര്‍ട്ടിയില്‍ അപ്രമാദിത്യം ഉറപ്പിക്കാനുമുള്ള വിഭാഗീയ പോരിലും ആരേയും തള്ളാനും കൊള്ളാനും പറ്റാത്ത നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ രമ്യതയില്‍ പരിഹരിച്ച് തിരഞ്ഞെടുപ്പ് വരെ കൊണ്ടുപോകാനും പിന്നീട് മന്ത്രിസ്ഥാന വീതംവെപ്പില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനുമാണ് പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ കളത്തിലിറങ്ങിയിരിക്കുന്നത്.
രാജസ്ഥാനില്‍ കഴിഞ്ഞ ആഴ്ചകളില്‍ മൂന്നിലധികം യോഗങ്ങള്‍ പ്രിയങ്ക ഗാന്ധി വിളിച്ചു ചേര്‍ത്തു. താനാണ് അടുത്ത മുഖ്യമന്ത്രിയെന്ന നിലയില്‍ നിലവിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേരത്തെ തന്നെ സ്വയം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നേരിടാന്‍ തുടങ്ങിയതോടെ സച്ചിന്‍ പൈലറ്റ് ക്യാമ്പ് മുഖം കറുപ്പിച്ചു തുടങ്ങിയതോടെ അനുനയ നീക്കങ്ങളിലേക്ക് പ്രിയങ്ക കടക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ദൗസയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക അശോക് ഗെഹ്ലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും ഒരു വേദിയിലിരുത്തി ആരേയും പിണക്കാതെ നടത്തിയ പരാമര്‍ശങ്ങളിലുണ്ട് പ്രിയങ്കയുടെ നയതന്ത്ര മികവ്.
കോണ്‍ഗ്രസിന് വേണ്ടി അനുഭവ പരിജ്ഞാനം ഏറെയുള്ള മുതിര്‍ന്ന നേതാവായി അശോക് ഗെഹ്ലോട്ടിനെ പരാമര്‍ശിച്ച പ്രിയങ്ക രാജസ്ഥാന്റെ ഭാവിക്കു വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന യുവനേതാവാണ് സച്ചിന്‍ പൈലറ്റെന്ന് പറഞ്ഞത് നയപരമായാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ ഭാവി സച്ചിന്റെ കൈകളിലാണെന്നും ഭാവി മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റാകുമെന്നും ധ്വനി നല്‍കിയ പ്രിയങ്ക ഇപ്പോള്‍ ഗെഹ്ലോട്ടാണ് മുതിര്‍ന്ന നേതാവെന്നും പറഞ്ഞുവെച്ചു.
ഇതേ നയചാധുരിയോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ ജുന്‍ജുനുവില്‍ പ്രിയങ്ക നടത്തും. വോട്ട് ബാങ്കില്‍ ഇനി ശ്രദ്ധിക്കേണ്ടതും ഏകീകരിക്കേണ്ടതും സ്ത്രീ വോട്ടര്‍മാരെയാണെന്നാണ് വര്‍ത്തമാന ഇന്ത്യയിലെ പാര്‍ട്ടികളെല്ലാം കരുതുന്നത്. വോട്ടിംഗ് പാറ്റേണുകളില്‍ ഇനിയൊരു ഷിഫ്റ്റ് ഉണ്ടാകുക സ്ത്രീ വോട്ടുകള്‍ ഒന്നിച്ച് ഒരിടത്തേക്ക് നീങ്ങുമ്പോഴാണെന്ന് വര്‍ഗീയ ധ്രുവീകരണ തന്ത്രം പയറ്റുന്ന ബിജെപി പോലും തിരിച്ചറിഞ്ഞിട്ടുണ്ട്. വനിത സംവരണ ബില്ലടക്കം പാര്‍ലമെന്റില്‍ എത്തിച്ചതും വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് വരുമാനത്തിനായി സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചതും ഗ്യാസ് സിലണ്ടറില്‍ വാഗ്ദാനം നല്‍കുന്നതുമെല്ലാം ഇനിയൊരു ഭാഗധേയം നിര്‍ണയിക്കുന്നതില്‍ സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണായകമാണെന്ന് കണ്ടാണ്. അതിനാല്‍ ജുന്‍ജുനുവില്‍ പ്രിയങ്ക നടത്തുന്ന കോണ്‍ഗ്രസ് പ്രഖ്യാപനങ്ങളും വനിത വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ളതാവുമെന്നതില്‍ സംശയമില്ല.
രാജസ്ഥാനില്‍ ഇത്തവണ രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ യോഗങ്ങളില്‍ പ്രിയങ്ക ഗാന്ധിയായിരിക്കും പ്രസംഗിക്കുക . 200 അംഗ നിയമസഭയില്‍ 100 സീറ്റുകള്‍ നേടിയാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ചത്. ഇക്കുറി അതിന് മുകളില്‍ നേടി ഭരണത്തുടര്‍ച്ച നേടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാജസ്ഥാന്റെ തിരഞ്ഞെടുപ്പിലെ ഇതുവരെയുള്ള രീതി ഭരണത്തുടര്‍ച്ച നല്‍കാത്തതാണ്. സര്‍ക്കാരുകള്‍ മാറിമാറി വരുന്ന ഈ രീതിക്ക് ഇക്കുറി മാറ്റമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഭരണവിരുദ്ധ വികാരം ശക്തമല്ലെന്ന കാരണത്താല്‍ ബിജെപി പോലും കോണ്‍ഗ്രസിലെ പടലപ്പിണക്കമാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ ആയുധമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എല്ലാം കോണ്‍ഗ്രസിന്റെ കയ്യില്‍ സംഘടനാപരമായി ഭദ്രമാണെന്ന് തെളിയിക്കാന്‍ പ്രിയങ്കയെ പാര്‍ട്ടി രാജസ്ഥാനില്‍ നിയോഗിച്ചിരുക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വയം അവരോധിച്ച് ഗെഹ്ലോട്ട് നടത്തിയ അവകാശവാദം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് രുചിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിയും വരെ ഒരു സംസാരത്തിന് നേതൃത്വം തയ്യാറല്ല. ഹിമാചല്‍ പ്രദേശിലടക്കം കോണ്‍ഗ്രസ് വിജയത്തിനായി തിരഞ്ഞെടുപ്പ് സംഘാടനത്തില്‍ മുന്നിട്ടുനിന്ന സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിക്ക് അത്രമേല്‍ പ്രിയവുമാണ്. സച്ചിന്‍ പൈലറ്റിനെ കൈവിടാതെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരുക്കൂട്ടര്‍ക്കും സമ്മതമായൊരു ഫോര്‍മുല രൂപീകരിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
ജനങ്ങള്‍ പ്രിയങ്കയുടെ വാക്കുകളും വാഗ്ദാനങ്ങളും ഗൗരവത്തോടെ കാണുന്നുവെന്നൊരു അഭിപ്രായം രാജസ്ഥാനിലെ അടക്കം പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉള്ളതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയ്ക്ക് മതിപ്പേറെയാണ്. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വാരണാസിയില്‍ നിന്ന് നരേന്ദ്ര മോദിക്ക് എതിരായി മല്‍സരിക്കണമെന്ന് ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷിയായ ഉദ്ദവ് താക്കറയുടെ ശിവസേന ആവശ്യപ്പെട്ടത് പോലും പ്രിയങ്കയുടെ ജനങ്ങള്‍ക്കിടയിലെ ഇമേജിനെ അംഗീകരിച്ചു കൊണ്ടാണ്. രാജസ്ഥാനിലെ ഒട്ടുമിക്ക എല്ലാ സീറ്റുകളിലും പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്.
കര്‍ണാടകത്തിലും ഹിമാചലിലും പ്രിയങ്ക നല്‍കിയ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയ ഉടനെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പിലാക്കിയെന്നതും കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതിനാലാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രഖ്യാപനങ്ങളും പ്രിയങ്കയിലൂടെയാകുമ്പോള്‍ ജനങ്ങളില്‍ ചലനം സൃഷ്ടിക്കാനാകുമെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു.
വികസനം ചര്‍ച്ചയികാതിരിക്കാന്‍ മതവും ജാതിയും ചര്‍ച്ചയാക്കുന്ന ബിജെപിയെ തിരിച്ചറിഞ്ഞ് കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച നല്‍കണമെന്നാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ആവശ്യപ്പെടുന്നത്. വോട്ട് ചോദിക്കാനല്ല താന്‍ വന്നതെന്നും നിങ്ങളുടെ തിരിച്ചറിവ് ആവശ്യപ്പെടാനാണ് വന്നതെന്നും പ്രിയങ്ക രാജസ്ഥാനില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് സംഘാടകയെന്ന നിലയില്‍ ആദ്യമിറങ്ങിയ ഉത്തര്‍പ്രദേശില്‍ കയ്പ്പുനിറഞ്ഞ അനുഭവമായിരുന്നെങ്കിലും ഹിമാചലിലും കര്‍ണാടകയിലും നേടിയ വിജയം പ്രിയങ്കയെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമാക്കിയിട്ടുണ്ട്. രാജസ്ഥാനിലും പ്രിയങ്കയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു കയറിയാല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ പ്രിയങ്ക ആരാകുമെന്നതിലപ്പുറം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഇറങ്ങണമെന്ന ആവശ്യം കരുത്തുറ്റതാകും.