ദേശീയ രാഷ്ട്രീയത്തെ പേര് ചൊല്ലി പോരാക്കിയ ലോകകപ്പ്

ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നഷ്ടപ്പെട്ടെങ്കിലും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വെടിമരുന്നിന് തീയിടുമെന്ന് ആരും കരുതിയിരുന്നില്ല. ദുംഖഭാരം ചുമക്കുന്ന ദുശ്ശകുനമെന്ന് ഒന്നുമല്ലെങ്കിലും ട്രോളുകള്‍ ചില്ലറയൊന്നുമല്ല ഫൈനലിന് ശേഷം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ കാലത്ത് സ്വന്തം പേരിട്ട സ്റ്റേഡിയത്തില്‍ എത്തി ലോകകപ്പ് ഫൈനല്‍ കാണുകയും കപ്പ് അതുവരെ ഗംഭീരമായി കളിച്ചെത്തിയ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തതോടെ ട്രോളുകള്‍ ഇറങ്ങിയത് സ്വാഭാവികം. ‘പനൗതി’ എന്ന ഹിന്ദി വാക്ക് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി. ദുശ്ശകുനം, അപശകുനം ഇംഗ്ലീഷിലാണെങ്കില്‍ ബാഡ് ഒമേന്‍ എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഈ ട്രെന്‍ഡായ പനൗതിയാണ് തന്നെ കാലാകാലങ്ങളായി പപ്പുവെന്ന് വിളിച്ച കക്ഷിക്കിട്ട് കിട്ടിയ അവസരത്തില്‍ രാഹുല്‍ ഗാന്ധി ഒരു കൊട്ടെന്ന നിലയില്‍ പ്രയോഗിച്ചത്.

എതിരാളികളെ എന്തും വിളിച്ച് പരിഹസിക്കാന്‍ മടിയില്ലാത്ത ബിജെപി നേതാക്കള്‍ക്ക് പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപശകുനമായി ഉപമിച്ചത് സഹിച്ചില്ല. രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസും കൂട്ടവുമായി ടീം ബിജെപി രംഗത്തിറങ്ങി. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നില്‍ പരാതിയെത്തുകയും കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ദുശ്ശകുനം മാത്രമല്ല രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് സ്വയം പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദിയെ ‘പോക്കറ്റടിക്കാരന്‍’ എന്ന് ഉപമിച്ചതും രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ പരാതിയില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട് ബിജെപി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് നോട്ടീസയയ്ക്കുകയും നവംബര്‍ 25-നകം നേരിട്ടെത്തി മറുപടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കുകയും ചെയ്തു.

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ നമ്മുടെ ആണ്‍കുട്ടികള്‍ ജയിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ സ്റ്റേഡിയത്തില്‍ അപ്പോഴാണ് ദുശ്ശകുനം മൂലം ടീം പരാജയപ്പെട്ടതെന്നുമാണ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച രാജസ്ഥാനില്‍ പറഞ്ഞത്. ടിവി ചാനലുകള്‍ ഇത് പറയില്ലെന്നും പക്ഷേ ജനങ്ങള്‍ക്ക് ഇതറിയാമെന്നും രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ പേര് പറയാതെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈനല്‍ മത്സരം കാണാനായി എത്തുകയും സോഷ്യല്‍ മീഡിയയിലടക്കം മോദിയുടെ വരവും ഇന്ത്യയുടെ തോല്‍വിയും പരിഹാസ വിഷയമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ നേരിട്ട് ദുശ്ശകുനം എന്ന് മോദിയെ വിളിക്കാതെയുള്ള പരാമര്‍ശം.

രാജസ്ഥാനില്‍ തന്നെയാണ് ധോല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ‘പോക്കറ്റടിക്കരന്‍’ പരാമര്‍ശവും രാഹുല്‍ ഗാന്ധി നടത്തിയത്.

‘പോക്കറ്റടിക്കാര്‍ എല്ലായ്പ്പോഴും മൂന്ന് പേരടങ്ങുന്ന സംഘമായാണ് വരിക. ആദ്യത്തെയാള്‍ അസാധാരണമായ കാര്യങ്ങള്‍ പറഞ്ഞ് നിങ്ങളുടെ ശ്രദ്ധ തിരിക്കും. അപ്പോള്‍ സഹായിയായ രണ്ടാമന്‍ വന്ന് നിങ്ങളുടെ പോക്കറ്റടിക്കും. മോഷണത്തിന് ഇരയാവുന്ന നിങ്ങളെ നിരീക്ഷിക്കുകയാണ് മൂന്നാമന്റെ ജോലി. നിങ്ങള്‍ പോക്കറ്റടി എതിര്‍ക്കുന്നുണ്ടോ എന്നാണ് അയാള്‍ നോക്കുന്നത്. ഉണ്ടെന്ന് കണ്ടാല്‍ അയാള്‍ നിങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും.

ഇത്രയും പറഞ്ഞ രാഹുല്‍ ഗാന്ധി ഈ കഥയിലെ മൂന്ന് പേര്‍ ആരാണെന്നും വിശദീകരിക്കുന്നുണ്ട്. ഇവിടെ ശ്രദ്ധ തിരിക്കുന്നത് നരേന്ദ്രമോദിയാണെന്നും പോക്കറ്റടിക്കുന്നത് അദാനിയാണെന്നും ഇരകളെ ഭീഷണിപ്പെടുത്തുന്ന മൂന്നാമനാണ് അമിത് ഷായെന്നും രാഹുല്‍ എടുത്തുപറഞ്ഞിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിച്ചിട്ടുണ്ട് ബിജെപി. എതിര്‍കക്ഷിയെക്കുറിച്ചു പരാമര്‍ശങ്ങള്‍ നടത്തുന്നതു സംബന്ധിച്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണു ബിജെപിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടിയത്.

അതേസമയം രാജസ്ഥാനില്‍ അമിത് ഷാ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും ഇന്ത്യയുടെ രാഹുവും കേതുവുമാക്കി പ്രസംഗം തകര്‍ത്തതൊന്നും ആര്‍ക്കും പ്രശ്‌നമൊന്നുമായിട്ടില്ല. നിരന്തരം പപ്പു വിളികളുമായി ബിജെപി ഐടി സെല്ലും നരേന്ദ്ര മോദിയും അമിത് ഷായും രാഹുല്‍ ഗാന്ധിയെ 2013 മുതല്‍ നേരിടുന്നതാണ്. എന്നാല്‍ പപ്പുവിളികളോടെല്ലാം വളരെ സൗമ്യമായ സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. പക്ഷേ രാഹുലിന്റെ പരാമര്‍ശങ്ങള്‍ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയും എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതിയാണ് രാഹുല്‍ ഗാന്ധിയ്ക്ക് നീതി ഉറപ്പാക്കിയത്. എല്ലാ കള്ളന്‍മാര്‍ക്കും മോദിയെന്ന പേര് വന്നതെങ്ങനെ എന്നചോദ്യമാണ് രാഹുലിനെ നേരത്തെ കുരുക്കിലാക്കിയത്. അതിന് മുമ്പ് ചൗക്കിദാര്‍ ചോര്‍ ഹേയും രാഹുല്‍ ഗാന്ധിയെ പ്രസിദ്ധമായ പ്രയോഗമായിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് റഫേല്‍ ഇടപാടിലെ അഴിമതിയെ കുറിച്ച് പറയവെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

എന്തായാലും വീണ്ടും ഒരു പരാമര്‍ശം കൂടി രാഹുല്‍ ഗാന്ധിയെ നിയമകുരുക്കിലേക്ക് കൊണ്ടുപോകുകയാണെന്ന് വ്യക്തമാക്കുന്നുണ്ട് നിലവിലെ രാഷ്ട്രീയ സാഹചര്യം. രാഹുല്‍ ഗാന്ധി പറയുന്നത് മാത്രമാണ് കേസുകള്‍ക്കും നോട്ടീസുകള്‍ക്കും കാരണമാകുന്നതെന്നും മോദിയും ഷായും മറ്റുള്ളവരും പറയുന്നതെല്ലാം വിമര്‍ശനവും പരിഹാസവും മാത്രമായി തീരുന്നുവെന്നതും മോദി ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന