രാഹുല്‍ vs പ്രിയങ്ക, ബിജെപി ഐടി സെല്ലിന്റെ വേറിട്ട ക്യാമ്പെയ്ന്‍ യുദ്ധം

സഖ്യം എന്ന നിലയില്‍ ബിജെപി വിചാരിച്ചതിനപ്പുറം കരുത്താര്‍ജ്ജിച്ച ഇന്ത്യ ബ്ലോക്കിനെ തടയിടാന്‍ ‘ഭാരത്’ പ്രയോഗവും മതിയാവില്ലെന്ന് മനസിലായതോടെ കൂടുതല്‍ തന്ത്രങ്ങളുമായി ബിജെപി കളം മാറ്റുകയാണ്. ഒന്നിച്ച് നില്‍ക്കുന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ബലമെന്ന് കണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ പിരിച്ചെടുത്ത് പിളര്‍ത്തിയ താമര തന്ത്രം മഹാരാഷ്ട്രയില്‍ രണ്ട് പാര്‍ട്ടികളെ രണ്ടാക്കിയിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിനോടൊപ്പം ബിജെപിയെ ഭയപ്പെടുത്തുന്നത് പലയിടങ്ങളിലും കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. കോണ്‍ഗ്രസിനുള്ളില്‍ ഒരു കലഹമുണ്ടെന്നും ആ കലഹം നെഹ്‌റു കുടുംബത്തിലാണെന്നുമുള്ള പ്രചരണത്തിനാണ് ബിജെപിയുടെ ഐടി സെല്‍ ഇപ്പോള്‍ തീ കൊളുത്തിയിരിക്കുന്നത്.

ബിജെപിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ രാഹുല്‍ ഗാന്ധി വേഴ്‌സസ് പ്രിയങ്ക ഗാന്ധിയെന്ന തരത്തിലുള്ള വീഡിയോകള്‍ അനുസ്യൂതം ഒഴുകുകയാണ്. ബിജെപി ലക്ഷ്യമിടുന്നത് രാഹുല്‍ ഗാന്ധിയുടെ ഇമേജിനെ തകര്‍ക്കാനാണ്. ഭാരത് ജോഡോ യാത്ര കഴിഞ്ഞതിന് ശേഷം രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിനെ ഇന്ത്യയൊട്ടാകെ കിട്ടിയ മാറിയ മേല്‍ക്കൈ ബിജെപിയെ അന്ന് തൊട്ട് അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. രാഹുലിന്റെ സ്‌നേഹത്തിന്റെ കടയും സ്‌നേഹത്തിലൂന്നിയ പരാമര്‍ശങ്ങളും വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ക്ക് പഥ്യമല്ലെങ്കിലും ഇന്ത്യയത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്ന ഭയമാണ് രാഹുലിന്റെ സ്‌നേഹക്കടയില്‍ ‘സഹോദരി സ്‌നേഹത്തെ’ അധികാര മോഹവുമായി കൂട്ടിച്ചേര്‍ത്ത് താറടിക്കാനുള്ള കുപ്രചാരണങ്ങള്‍ക്ക് കുടപിടിക്കാന്‍ ബിജെപി ഇറങ്ങിയതിന് പിന്നില്‍.

സെപ്തംബര്‍ ആദ്യവാരം മുതല്‍ ബിജെപി സൈബറിടങ്ങളില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും വീഡിയോ ഉപയോഗിച്ച് പ്രചരണം തുടങ്ങിയിരുന്നു. ബിജെപി തങ്ങളുടെ 20.9 മില്യണ്‍ ഫോളോവേഴ്‌സുള്ള ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോകളിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് തന്നേക്കാള്‍ മികച്ച സഹോദരിയെ ഒതുക്കാന്‍ ശ്രമിക്കുന്ന സഹോദരനാണ് രാഹുല്‍ എന്ന തരത്തിലാണ്. സെപ്തംബര്‍ മൂന്നിന് ഇവര്‍ പുറത്തുവിട്ട അഞ്ചര മിനിട്ടുള്ള വീഡിയോയില്‍ പറയുന്നത് എങ്ങനെയാണ് സഹോദരിയെ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മാത്രമായി രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നതെന്ന് കാണാമെന്നാണ്.

ഒരു സാധാരണ സഹോദര- സഹോദരി ബന്ധമല്ല രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഇടയിലുള്ളത്. പ്രിയങ്ക രാഹുലിനേക്കാള്‍ കണിശതയുള്ളവളാണ്, പക്ഷേ പാര്‍ട്ടി രാഹുലിന്റെ താളത്തില്‍ തുള്ളുകയാണ്. സോണിയ ഗാന്ധി പൂര്‍ണമായും രാഹുല്‍ ഗാന്ധിക്കൊപ്പമാണ്. ധാര്‍ഷ്ട്യം നിറഞ്ഞ ആ സഖ്യത്തിന്റെ സമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യും ഉണ്ടാകാതിരുന്നത് വെറുതെയല്ല. ഈ വിഡിയോയില്‍ നോക്കൂ എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മാത്രം സഹോദരിയെ ഉപയോഗിക്കുന്നതെന്ന് കാണാം.

ഇത്തരത്തിലാണ് ബിജെപിയുടെ പ്രചരണ തന്ത്രം മാറുന്നത്. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്ത കാര്യങ്ങളില്‍ മാത്രമല്ല മറ്റൊരു കുടുംബത്തിന്റെ ബന്ധങ്ങളില്‍ വരെ അഭിപ്രായം പറയാനും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ലവലേശം ഉളുപ്പില്ലെന്ന് വേണം പറയാന്‍. ബിജെപിയുടെ ഇത്തരത്തിലുള്ള പ്രചരണങ്ങളില്‍ ചിരിച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ മറുപടിയാണ് കുറിക്കുകൊള്ളുന്നത്.

മോദിജിയ്ക്കും അദ്ദേഹത്തിന്റെ ഭക്തര്‍ക്കും ബന്ധങ്ങളുടെ നൂലിഴ മനസ്സിലാവില്ലെന്ന് പറഞ്ഞ പ്രിയങ്ക സംശയമുണ്ടെങ്കില്‍ യശോദബെന്‍ മോദിയോട് ചോദിച്ചു നോക്കൂ എന്ന് തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയെന്ന് വിക്കിപീഡിയയിലടക്കം കാണാമെങ്കിലും വിവാഹ ശേഷം ഉടന്‍ തന്നെ മോദി ഭാര്യയെ ഉപേക്ഷിച്ചുവെന്നും പിരിഞ്ഞാണ് ഇരുവരും താമസിക്കുന്നതെന്നും ലോകം മുഴുവനും അറിയാം. ഈ സാഹചര്യത്തില്‍ ബന്ധങ്ങളുടെ കാര്യം പറഞ്ഞ് തങ്ങളെ അധിക്ഷേപിക്കാന്‍ വന്നവര്‍ക്ക് അതേ നാണയത്തില്‍ തന്നാണ് പ്രിയങ്ക മറുപടി പറഞ്ഞിരിക്കുന്നത്.

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം ആവശ്യപ്പെട്ടിരുന്നതാണ്. പ്രിയങ്ക ഗാന്ധിക്ക് മുത്തശ്ശി ഇന്ദിരാ ഗാന്ധിയോടുള്ള രൂപ സാദൃശ്യവും ഈ ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയേക്കാള്‍ നല്ല ക്രൗഡ് പുള്ളര്‍ പ്രിയങ്കയാണെന്നതടക്കം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ചിന്തിച്ചിരുന്നു. പക്ഷേ രാഹുല്‍ ഗാന്ധി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്നു വരുകയും മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തതോടെ ‘പപ്പു വിളികളാല്‍’ തങ്ങളുണ്ടാക്കിയെടുത്ത അമൂല്‍ ബേബി ഇമേജ് മാറിപ്പോകുന്നുവെന്ന് കണ്ടാണ് ബിജെപിയുടെ ഈ പരക്കം പാച്ചില്‍.

രാഹുല്‍ ഗാന്ധിയെ ഭാരത് ജോഡോ യാത്രയ്ക്കിപ്പുറം ബിജെപി ഭയന്നതിന്റെ ബാക്കിപത്രമായിരുന്നു എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യതയും പാര്‍ലമെന്റില്‍ നിന്ന് നീക്കാനുള്ള തിടുക്കപ്പെട്ട നടപടികളും. എന്നാല്‍ സുപ്രീം കോടതി ഇടപെടലിലൂടെ രാഹുല്‍ ഗാന്ധി തിരിച്ചു പാര്‍ലമെന്റില്‍ എത്തിയതോടെ കണക്കുകൂട്ടല്‍ പിഴച്ച ബിജെപിക്ക് ഇന്ത്യ മുന്നണിയുടെ മുന്‍നിരയില്‍ രാഹുല്‍ ഗാന്ധി ഉണ്ടെന്ന് കാണുന്നതും അസ്വസ്ഥമാക്കുന്ന ഏടാണ്. ഈ സാഹചര്യത്തിലാണ് മുന്നണിയിലും കോണ്‍ഗ്രസിലും ഒരു കുളം കലക്കല്‍ ശ്രമം.

പപ്പു വിളികളില്‍ നിന്നുള്ള രാഹുലിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും രാഹുലിനും പിന്നില്‍ ഭിന്നിക്കാതെ ഒന്നിക്കാന്‍ കാരണമാകുമെന്നും അതോടൊപ്പം കോണ്‍ഗ്രസ് തന്റെ സ്ഥിരവോട്ടുകള്‍ കൂടി പിടിച്ചാല്‍ കളി മാറുമെന്നും മോദിയും അമിത് ഷായും നയിക്കുന്ന ബിജെപി ഭയപ്പെടുന്നു. ഭൂരിപക്ഷ കാര്‍ഡ് ഇറക്കി സ്വന്തം വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോഴും ഭൂരിപക്ഷ സമുദായത്തിലെ നല്ലൊരു പങ്ക് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ബിജെപിക്കറിയാം. അതിനൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ രാഹുലിന് പിന്നില്‍ അണിനിരന്നാല്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം താമര പാര്‍ട്ടിക്ക് അനുകൂലമാകില്ലെന്ന് കണ്ടാണ് രാഹുല്‍ വേഴ്‌സസ് പ്രിയങ്ക ക്യാമ്പെയ്‌ന് ബിജെപി ഇറങ്ങിയിരിക്കുന്നത്.

ഇന്ത്യ മുന്നണിയിലെ മറ്റ് പാര്‍ട്ടികളിലെ ‘സഹോദര തമ്മില്‍തല്ലും’ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത് ചില സംസ്ഥാനങ്ങളെ കൂടി ലക്ഷ്യമിട്ടാണ്. ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും തമ്മിലും അടിയോടടി ആണെന്നാണ് ബിജെപി സൈബര്‍ വിങ്ങിന്റെ തീര്‍പ്പുകല്‍പ്പിക്കല്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം