രാജീവ് ഗാന്ധി: ആധുനിക ഇന്ത്യയുടെ ദാർശനികൻ; പ്രണയം, രാഷ്ട്രീയം, ഭരണം, വിവാദം, മരണം

‘നിങ്ങളുടെ സ്വപ്നങ്ങൾ, എൻ്റെയും സ്വപ്നങ്ങളാണ്, നിങ്ങളുടെ ആഗ്രഹങ്ങൾ, എൻ്റെ ഉത്തരവാദിത്തങ്ങളാണ്. നിങ്ങളുടെ ഓർമ്മകൾ, ഇന്നും എന്നും, എപ്പോഴും എൻ്റെ ഹൃദയത്തിലുണ്ടാകും’ അച്ഛൻ രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനമായ ഇന്ന് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വാക്കുകളാണിത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനം ദേശീയ തീവ്രവാദ വിരുദ്ധ ദിനമായിട്ടു കൂടിയാണ് രാജ്യത്ത് എല്ലാ വർഷവും ആചരിക്കുന്നത്. തീവ്രവാദം രാജ്യ താത്പര്യങ്ങൾക്ക് ഹാനികരമാണെന്നും യുവാക്കളെ തീവ്രവാദങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും പിന്തിരിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

അത്രമേൽ തീവ്രവാദത്തിന്റെ പരിണിത ഫലം ഇന്ത്യ അറിഞ്ഞ ദിവസമായിരുന്നു 33 വർഷങ്ങൾക്ക് മുൻപുള്ള ആ മെയ് 21. 21 ആം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയുടെ ദാർശനികൻ എന്ന് വിശേഷിപ്പിക്കുന്ന സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രയോക്താവായ രാജീവ് ഗാന്ധിയുടെ മരണം രാജ്യത്തുണ്ടാക്കിയ ഞെട്ടൽ അതിതീവ്രമായിരുന്നു. തന്റെ 47 ആം വയസിലാണ്‌ ശ്രീലങ്കൻ തീവ്രവാദ സംഘടനയായ എൽടിടിയുടെ ചാവേർ ബോംബാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ വെച്ച് ഇതുപോലൊരു ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു രാജ്യത്തെ നടുക്കിയ ആ സംഭവം.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ച് 1984 ൽ തന്റെ നാല്പതാമത്തെ വയസ്സിൽ രാജീവ് ഗാന്ധി അധികാരത്തിലെത്തുന്നത് ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ എത്തിച്ചുകൊണ്ടാണ്. മത്സരിച്ച 491 ൽ 404 സീറ്റുകളും കരസ്ഥമാക്കിയാണ് രാജീവിന്റെ നേതൃത്വത്തിൽ അത്തവണ കോൺഗ്രസ്സ് വിജയിച്ചത്.

രാജീവിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാർ ഒട്ടനവധി നവീന പദ്ധതികളിലൂടെ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയ സാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി. 1984 മുതൽ 1989 വരെയുള്ള അഞ്ച് വർഷത്തെ ഭരണത്തിലൂടെ രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കൂട്ടി കൊണ്ടുപോയ യുവ നേതാവായിരുന്നു രാജീവ്. അദ്ദേഹത്തിന്റെ പദ്ധതികൾ ഇന്ത്യയുടെ എന്നന്നേക്കുമുള്ള വികസനത്തിന് വേണ്ടിട്ടുള്ളതായിരുന്നു.

കേവലം അഞ്ച് വർഷത്തെ ഭരണത്തിലൂടെ ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജിയുടെയും ടെലികോം വിപ്ലവത്തിൻ്റെയും പിതാവായും ഡിജിറ്റൽ ഇന്ത്യയുടെ ശില്പിയായുമാണ് രാജീവ് ഗാന്ധി അറിയപ്പെടുന്നത്. ടെലികമ്മ്യൂണിക്കേഷൻ ശൃംഖല വളർത്തി രാജ്യത്ത് ടെലികോം വിപ്ലവം നടത്തുന്നത് രാജീവാണ്. ഈ ടെലികോം ശൃംഖല ഗ്രാമപ്രദേശങ്ങളെപ്പോലും പുറംലോകവുമായി ബന്ധിപ്പിച്ചു. കൂടാതെ കമ്പ്യൂട്ടറുകൾ, എയർലൈനുകൾ, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുടെ ഇറക്കുമതി ക്വാട്ടകളും നികുതികളും താരിഫുകളും കുറച്ചതോടെ ഇവയൊക്കെയും രാജ്യത്ത് പ്രോത്സാഹിക്കപ്പെട്ടു.

കംപ്യൂട്ടറൈസ്ഡ് റെയിൽവേ ടിക്കറ്റുകൾ അവതരിപ്പിച്ചതോടെ ഇന്ത്യൻ റെയിൽവേ ആധുനികവൽക്കരിക്കപ്പെട്ടു. വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 വയസ്സായി കുറച്ചതും രാജീവ് ഗാന്ധിയാണ്. താൻ ഒരു യുവാവ് ആയിരുന്നതിനാലും ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിൽ യുവാക്കൾ പങ്കാളികൾക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതിനാലും ആണ് രാജീവ് അങ്ങനൊരു മാറ്റം കൊണ്ടുവന്നത്.

ഈ ഭരണകാലത്തെ മറ്റൊരു പ്രധാന നേട്ടമാണ് പഞ്ചായത്തീരാജ്. ജനാധിപത്യത്തെ താഴെത്തട്ടിൽ എത്തിക്കുന്നതിനായി പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് അടിത്തറ പാകിയതിൻ്റെ ബഹുമതി രാജീവ് ഗാന്ധിക്കാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഒരു വർഷത്തിനുശേഷം 1992-ൽ 73-ഉം 74-ഉം ഭരണഘടനാ ഭേദഗതിയിലൂടെ ആണ് പഞ്ചായത്തിരാജ് രൂപീകരിച്ചതെങ്കിലും രാജീവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൻ്റെ കാലത്താണ് ഇതിന് പശ്ചാത്തലമൊരുങ്ങിയത്.

ദേശീയ വിദ്യാഭ്യാസ നയം (എൻപിഇ) പ്രഖ്യാപിച്ചതും രാജീവ് ഗാന്ധിയാണ്. എൻപിഇ നിലവിൽ വന്നതോടെ, മികച്ച ഗ്രാമീണ പ്രതിഭകളെ പുറത്തെടുക്കുന്നതിനായി കേന്ദ്ര സർക്കാരിന് കീഴിൽ ജവഹർ നവോദയ വിദ്യാലയങ്ങൾ എന്ന പേരിൽ സ്കൂളുകൾ സ്ഥാപിച്ചു. ഈ സ്കൂളുകൾ ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്ക് ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ സൗജന്യ വിദ്യാഭ്യാസവും നൽകി.

അതേസമയം 1987 ലെ ബോഫോഴ്സ് വിവാദം രാജീവ് ഗാന്ധിയോട് രാഷ്ട്രീയജീവിതത്തിലെ ഒരു കറുത്ത ഏടായി മാറി. സ്വീഡിഷ് കമ്പനിയായ ബോഫോഴ്സുമായി നടത്തിയ ആയുധ കരാറുമായി ബന്ധപ്പെട്ടാണ് ഈ വിവാദം ഉണ്ടാകുന്നത്. ആയുധനിർമ്മാണ കമ്പനിയായ ബോഫോഴ്സിൽ നിന്ന് ഇന്ത്യൻ സേന 1437 കോടിയുടെ പീരങ്കി തോക്കുകൾ വാങ്ങിയതിൽ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്ത് വിൻ ഛദ്ദയും ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന ആരോപണമായിരുന്നു അത്. രാജീവ് ഗാന്ധിക്കെതിരായി പ്രതിപക്ഷം അന്ന് മുതൽ പ്രയോഗിക്കുന്ന ആയുധമായിരുന്നു ബോഫോഴ്സ് വിവാദം.

വിവാദങ്ങൾക്കിടയിലും ചുരുങ്ങിയ കാലത്തെ ഭരണം കൊണ്ട് ഇന്ത്യയെ ഒരു പതിറ്റാണ്ട് മുന്നിലെത്തിക്കാനുള്ള ശ്രമങ്ങളാണ് രാജീവ് നടത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച വളർന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് കടന്നു വരാനോ ഭരണ കാര്യങ്ങളിലോ യവൗന കാലത്ത് താല്പര്യമില്ലാതിരുന്ന ഒരു വ്യക്തിയായിരുന്നു രാജീവ്. അമ്മ ഇന്ദിര ഗാന്ധിയുടെ പിൻഗാമിയായി അനുജൻ സഞ്ജയ് ഗാന്ധിയെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 1980ൽ സ്വയം പറപ്പിച്ച ഒരു സ്വകാര്യ വിമാനം തകർന്നു സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് രാജീവ് രാഷ്ട്രീയ രംഗ പ്രവേശനം നടത്തുന്നത്.

1944 ഓഗസ്റ്റ് 20നു ബോംബെയിൽ ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മൂത്ത മകനായാണ് രാജീവ് ജനിക്കുന്നത്. രാജീവിന് പതിനാറു വയസ്സുള്ളപ്പോൾ പിതാവ് ഫിറോസ്, ഹൃദയാഘാതം വന്ന് മരണമടഞ്ഞു. 1962 ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുവാനായി ലണ്ടൻ കേംബ്രിഡ്ജ് സർവ്വകലാശാലയിലേക്ക് പോയെങ്കിലും രാജീവിന് ബിരുദം പൂർത്തിയാക്കാനായില്ല. ലണ്ടനിൽ നിന്നും മടങ്ങി വന്ന രാജീവ് ഡെൽഹി ഫ്ലൈയിംഗ് ക്ലബിൽ ചേർന്നു. ഒരു പൈലറ്റ് ആവുക എന്നതായിരുന്നു രാജീവന്റെ ആഗ്രഹം. ലണ്ടനിൽ വെച്ച് തന്നെ രാജീവിന് ഈ ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പിന്നീട് സോണിയ ഗാന്ധി വെളിപ്പെടുത്തിയിട്ടുണ്ട്.

ലണ്ടനിലെ പഠന കാലത്താണ് ഇറ്റലിക്കാരിയായ സോണിയ മൈനോയുമായി രാജീവ് പ്രണയത്തിലാവുന്നത്. രാജീവുമായുള്ള പ്രണയം അറിഞ്ഞ സോണിയയുടെ പിതാവിന് പക്ഷേ ആ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു. കാരണം ഇറ്റലിയിലെ ഒരു സാധാരണ കുടുംബമായിരുന്നു സോണിയയുടേത്. മാത്രമല്ല, സോണിയക്ക് അന്ന് 20 വയസിൽ താഴെയായിരുന്നു പ്രായം. മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രി കുടുംബത്തിലേക്ക് സ്വന്തം മകളെ വിടേണ്ടി വരുമോ എന്നറിയുമ്പോഴുള്ള ഏതൊരു പിതാവിന്റെയും ആശങ്കയായിരുന്നു അത്. അതിനാൽ തന്നെ പിതാവ് ഒരു ഉപാധിയും വെച്ച്, ഒരു വർഷം കത്തുകൾ പോലും ഇല്ലാതെ രാജീവുമായി ബന്ധങ്ങളൊന്നും ഇല്ലാതെ ഇരിക്കുക എന്നതായിരുന്നു അത്. ഒരു വർഷം ബന്ധമൊന്നും ഇല്ലാതെ ഇരിക്കുമ്പോൾ പരസ്പരം മറക്കും എന്നതായിരുന്നു പിതാവിന്റെ കണക്കുകൂട്ടൽ, എന്നാൽ ആ കണക്കുകൂട്ടലുകൾ ഒക്കെ തെറ്റിച്ച് അവരുടെ പ്രണയം കൂടുതൽ ശക്തമാവുകയായിരുന്നു. ആ പ്രണയത്തിന് മുൻപിൽ തോറ്റ സോണിയയുടെ പിതാവ് 21 ആം വയസിൽ സോണിയയെ ഇന്ത്യയിലേക്ക് അയച്ചു. ഒടുവിൽ 1968 ൽ രാജീവ് സോണിയ വിവാഹം നടന്നു. അങ്ങനെ സോണിയ മൈനോ സോണിയ ഗാന്ധിയായി.

അടിയന്തരാവസ്ഥയും ഇന്ദിര ഗാന്ധിയുടെ പതനവും ഉയർത്തെഴുന്നേൽപ്പും ഒക്കെ കഴിഞ്ഞാണ് 1980 ൽ രാജീവ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 1981 ഫെബ്രുവരിയിലാണ്‌ രാജീവ് ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അനുജൻ സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. തൊട്ടുപിന്നാലെ തന്നെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായും രാജീവ് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സമയത്ത് രാജീവ് 1982 ലെ ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിലും അംഗമായിരുന്നു. 1984 ൽ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റുമരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് നിർബന്ധിച്ചാനയിച്ചു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട ഞെട്ടലിലും രാജീവ് തരംഗത്തിലും നടന്ന ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ബിജെപിയ്ക്ക് രണ്ടു സീറ്റുകൾ മാത്രമാണ് അന്ന് ലഭിച്ചത്.

ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിപ്പാർത്ത തമിഴ് വംശജർ അവിടെ നേരിട്ട പ്രതിസന്ധികളിൽ ഇന്ത്യ പുലർത്തിയ ഐക്യദാർഢ്യവും സഹായവുമാണ് രാജീവിന്റെ കൊലപാതകത്തിലെ നയിച്ചത്. ശ്രീലങ്കയിലെ ഭൂരിപക്ഷമായ സിംഹളരെ നേരിടാൻ തമിഴ് പുലികൾക്ക് ഇന്ത്യ ആയുധവും പരിശീലനവും നൽകിയിരുന്നു. ശ്രീലങ്കയിലെ സിംഹള ജനതയ്ക്കിടയിൽ ഇത് ഇന്ത്യയോടുള്ള രോഷത്തിനു കാരണമായി. കൊളംബോയിൽ വെച്ച് രാജീവ് ഗാന്ധിയും ശ്രീലങ്കൻ രാഷ്ട്രപതിയായ ജെ.ആർ.ജയവർദ്ധനെയും തമ്മിൽ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ 1987 ജൂലൈ 30-ന് ഒപ്പുവെച്ചു. തൊട്ടടുത്ത ദിവസം ശ്രീലങ്കൻ നാവികസേനയുടെ ‘ഗാർഡ് ഓഫ് ഓണർ’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കൻ നാവികരിൽ വിജിത റൊഹാന എന്ന നാവികൻ തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാൻ ശ്രമിച്ചു. രാജീവ് ഈ വധശ്രമത്തിൽ നിന്ന് ചെറിയ പരുക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു.

പിന്നീട് ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനെയുടെ ആവശ്യപ്രകാരം ഇന്ത്യ ശ്രീലങ്കയിലേക്ക് സമാധാന സംരക്ഷണ സേനയെ അയക്കാൻ തയ്യാറായി. ഇന്ത്യൻ സൈന്യത്തിന് ശ്രീലങ്കയിൽ നിസ്സാരമായ വിജയം നേടാനാവുമെന്നും എൽടിടി നേതാവ് വേലുപ്പിള്ള പ്രഭാകരനെ 72 മണിക്കൂറിനുള്ളിൽ പിടികൂടാം എന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ സൈന്യം അങ്ങോട്ട് എത്തുന്നത്. എന്നാൽ എന്നാൽ ഈ നീക്കം തിരിച്ചടിക്കുകയും ഇത് ഒടുവിൽ ഇന്ത്യൻ സൈന്യവും എൽ.ടി.ടി.ഇ. യും തമ്മിൽ ഒരു തുറന്ന യുദ്ധത്തിന് വഴി തെളിക്കുകയും ചെയ്തു ഓപ്പറേഷൻ പവൻ എന്നു പേരിട്ടു വിളിച്ച ഈ യുദ്ധത്തിൽ ആയിരത്തോളം ഇന്ത്യൻ ഭടന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ തമിഴ് വംശജർ കൊല്ലപ്പെട്ടു. ഈ സമയത്ത് ഇന്ത്യൻ സൈനിക നടപടിയോടുള്ള എതിർപ്പ് ശ്രീലങ്കയിൽ ശക്തമാവുകയും ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വവും സർക്കാരും ഇന്ത്യയോട് വെടിനിർത്താൻ ആവശ്യപ്പെടുകയും രാജീവ് ഗാന്ധി ഇന്ത്യൻ സൈന്യത്തെ പിൻ‌വലിക്കുകയും ചെയ്തു.

1991 ലെ പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്‌നാട്ടിലേക്ക് പോകരുതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് രാജീവ് ഗാന്ധിയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് രാജീവ് തമിഴ്‌നാട്ടിലെത്തുന്നത്. രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്‌നാട്ടിലെ തിരുത്തണിയിലായിരുന്നു. മെയ് 21 1991ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്നം എന്നും ധനു എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം എന്ന സ്ത്രീയാണ് ചാവേർ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, ധനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന ധനുവിനെ സുരക്ഷാ ഉദ്യോഗസ്ഥ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അവരെ തടഞ്ഞ് ധനുവിനെ അരികിലേക്ക് വിളിക്കുക ആയിരുന്നു. അപ്പോൾ സമയം രാത്രി പത്രയോടടുത്തായിരുന്നു. രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട ധനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തുകയായിരുന്നു. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട് സംഭവിച്ചത്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേരും ഒപ്പം കൊല്ലപ്പെട്ടു.

രാജീവ് ഗാന്ധിയുടെ മരണം രാജ്യത്തെ ഓരോ വ്യക്തികളിലും ഉണ്ടാക്കിയ ആഘാതം ഏറെ വലുതായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലും ഇന്ത്യയുടെ വികസനത്തിലും അത് പ്രതിഫലിച്ചു. രാജീവിന്റെ കാലഘത്തിൽ ഇന്ത്യക്കുണ്ടായ വളർച്ചയുടെ വേഗത പിന്നീട് ഒരിക്കലും കൈവരിക്കാനായില്ല എന്നാണു പൊതുവെയുള്ള വിലയിരുത്തൽ. ഡിജിറ്റൽ സാങ്കേതിക രംഗങ്ങളിൽ ആധുനിക ഇന്ത്യയെ ഏറ്റവും ഉയരെ എത്തിക്കണമെന്ന് ആഗ്രഹിച്ച പ്രവർത്തിച്ച ഒരു ഭരണാധികാരിയെയാണ് മെയ് 21 ന് രാജ്യത്തിന് നഷ്ടപെട്ടത്.

Latest Stories

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

വേനല്‍ച്ചൂടില്‍ ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ വരുന്നു

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ