Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

EDITORIAL

രാജ്യസഭയെന്ന കിട്ടാക്കടം

, 2:21 pm

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇരുമുന്നണികളും മഹാമനസ്‌കരാകുന്നു. ഘടകകക്ഷികളുടെയും സഹയാത്രികരുടെയും കാര്യത്തില്‍ കാണിക്കാത്ത മഹാമനസ്‌കത മുന്നണിക്ക് പുറത്തുള്ളവരോട് കാണിക്കും. നൂറു ശതമാനം ഉറപ്പോടെ ജയിക്കാന്‍ കഴിയുന്ന സീറ്റ് എം പി വീരേന്ദ്രകുമാറിന് നല്‍കിക്കൊണ്ട് എല്‍ഡിഎഫ് തുടക്കമിട്ട മഹാമനസ്‌കത യുഡിഎഫ് പിന്തുടര്‍ന്നപ്പോള്‍ രാജ്യസഭാ സീറ്റ് കെ എം മാണിയുടെ കീശയിലായി.

നാമനിര്‍ദേശപത്രിക ഒപ്പിടുന്നതിനുപോലും സ്വന്തമായി ഒരു എംഎല്‍എ ഇല്ലാത്ത ആളാണ് വീരേന്ദ്രകുമാര്‍. സ്വന്തമായി പാര്‍ട്ടിയുണ്ടോ എന്ന കാര്യം അദ്ദേഹത്തിനുതന്നെ നിശ്ചയമില്ല. എങ്കിലും മാണിയുടെ പേരില്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനമര്‍ദം വീരേന്ദ്രകുമാറിന്റെ പേരില്‍ സിപിഎമ്മിലുണ്ടായില്ല. ആകെ ഉറഞ്ഞു തുള്ളുന്നത് മാതൃഭൂമി ചാനല്‍ മാത്രമാണ്. വീരേന്ദ്രകുമാറിനോടുള്ള അസ്‌ക്യത വേണുവും സ്മൃതിയും തീര്‍ക്കുന്നത് പിണറായി വിജയനോട് ആക്രോശിച്ചുകൊണ്ടാണ്. അതല്ലെങ്കില്‍ വീരേന്ദ്രകുമാറിന്റെ സ്വത:സിദ്ധമായ ഉപകാരസ്മരണയാകാം അത്.

മാണിയുടെ ഉപകാരസ്മരണ എവ്വിധമായിരിക്കുമെന്ന് പറയാറായിട്ടില്ല. എന്തു കിട്ടിയാലും മകന് എന്ന ശാഠ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാണിയുടെ പാര്‍ട്ടിയില്‍ ആത്മാഭിമാനമുള്ളവര്‍ക്ക് നില്‍ക്കാന്‍ കഴിയില്ല. പക്ഷേ അവിടെയും കുറേ ആളുകളുണ്ട്. മാണി വന്നാലും പോയാലും ഒന്നുമില്ലെന്ന് ചെങ്ങന്നൂരില്‍ തെളിഞ്ഞതിനുശേഷവും ഇപ്രകാരം കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞുവെന്നത് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേട്ടമാണ്. ആത്മഹത്യാപരമായി കൂടുതല്‍ വലിയ വിലപേശലുകള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങേണ്ടി വരും.

സമദാനിക്കുവേണ്ടി കോണ്‍ഗ്രസ് മാറിക്കൊടുത്തതുപോലെ അബ്ദുല്‍ വഹാബിനെതിരെ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ലെന്ന കാര്യവും ഓര്‍ക്കാവുന്നതാണ്. 2019 അടുക്കുന്തോറും കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂടുന്നുണ്ട്. ചോദിക്കുന്നവര്‍ക്കെല്ലാം എന്തും നല്‍കിക്കൊണ്ട് സഖ്യകക്ഷികള്‍ക്കുള്ള സന്ദേശമായിരിക്കാം കോണ്‍ഗ്രസ് നല്‍കുന്നത്. അതിനിടയില്‍ കൂടെ നില്‍ക്കുന്നവര്‍ കൂട്ടം പിരിയാതെ നോക്കുകയെന്ന ഉത്തരവാദിത്വം കൂടി കോണ്‍ഗ്രസിനുണ്ട്.

കോട്ടയത്തിന് ഒരു വര്‍ഷം ലോക്‌സഭയില്‍ പ്രാതിനിധ്യമില്ലാതെ കഴിയേണ്ടിവരും. പ്രിയപ്പെട്ട എംപിക്ക് ആറു വര്‍ഷം പാര്‍ലമെന്റില്‍ ഇരിപ്പിടം ഉറപ്പിക്കുന്നതിന് കോട്ടയത്തുകാര്‍ക്ക് നല്‍കാവുന്ന ചെറിയ വില മാത്രമാണത്. ഇതിനിടയില്‍ കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് ഉണ്ടാവുകയാണെങ്കില്‍ വിവേകപൂര്‍വം നിലപാട് സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം കോട്ടയത്തെ സമ്മതിദായകര്‍ക്കുണ്ട്.

Advertisement