നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

മഹാരാഷ്ട്രയില്‍ വോട്ടിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ ചെറുതായൊന്നുമല്ല ഭരണ- പ്രതിപക്ഷ മുന്നണികളെ ഞെട്ടിച്ചത്. 1995ന് ശേഷം മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വോട്ടര്‍ ടേണ്‍ഔട്ടാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. 66.05% പോളിംഗാണ് ഇക്കുറി മഹാരാഷ്ട്രയിലുണ്ടായത്, 2019നേക്കാള്‍ 5 ശതമാനമാണ് വര്‍ധന. ഇതില്‍ തന്നെ അര്‍ബന്‍ മേഖലകളെ കവച്ചുവെച്ച് ഗ്രാമീണ മേഖലകളിലെ വോട്ടിംഗാണ് തരംഗമായത്. 70% റൂറല്‍ വോട്ടിംഗാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ നടന്നത്. നഗര മേഖലകളിലാകട്ടെ ഇത് 55% മാത്രമായിരുന്നു. മുംബൈ നഗര മേഖലയില്‍ 55%ല്‍ താഴെയായിരുന്നു വോട്ടിംഗ് എന്നത് ഒരു മുന്നറിയിപ്പായി തന്നെയാണ് മഹായുതിയും മഹാവികാസ് അഘാഡിയും കാണുന്നത്. നാളത്തെ വോട്ടെണ്ണലില്‍ അറിയാം ഗ്രാമവോട്ടുകള്‍ ഭരണപക്ഷത്തെയാണോ പ്രതിപക്ഷത്തെയാണോ തുണയ്ക്കുന്നതെന്ന്.

288 അംഗ നിയമസഭയില്‍ കടുത്ത പോരാട്ടം നടക്കുമ്പോള്‍ 268 സീറ്റുകളിലും വോട്ടിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണ്. മുംബൈയില്‍ വോട്ട് താഴ്ന്നപ്പോള്‍ കൊങ്കണ്‍ മേഖലയും താനേയും കരുത്തുകാട്ടി. ഗ്രാമീണ മേഖലയിലെ വോട്ടിംഗ് ശതമാനം കുത്തനെ ഉയര്‍ന്നത് കര്‍ഷക രോഷത്തിന്റെ പ്രതിഫലനമായാണ് പലരും കാണുന്നത്. അങ്ങനെയെങ്കില്‍ മഹാവികാസ് അഘാഡിയ്ക്ക് സാധ്യത തെളിയും. പക്ഷേ ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഹരിയാനയിലുമെല്ലാം കണ്ട ഒബിസി ട്രെന്‍ഡ് മഹാരാഷ്ട്രയിലും തുണച്ചാല്‍ ബിജെപിയുടെ മഹായുതി സ്‌കോര്‍ ചെയ്യും.

ബിജെപിയ്ക്ക് ശക്തമായ വേരോട്ടമുള്ള വടക്കന്‍ മഹാരാഷ്ട്രയിലാണ് വോട്ട് ശക്തമായി പോള്‍ ചെയ്ത ഇടം, പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്ളി ബെല്‍റ്റ് ഏരിയ എന്ന് വിളിക്കപ്പെടുന്ന കര്‍ഷക മേഖല ബിജെപിയെ തള്ളിക്കളഞ്ഞിരുന്നു. ഇവിടെ മുസ്ലിം- മറാത്ത വോട്ട് സമീകരണം ഉണ്ടായതാണ് പ്രതിപക്ഷത്തെ ലോക്‌സഭയില്‍ തുണച്ചത്. ഈ സാഹചര്യം നിയമസഭയിലും പ്രതിഫലിച്ചേക്കുമെന്നാണ് ഈ വോട്ടിംഗ് ശതമാനം നല്‍കുന്ന സൂചന. എന്നാല്‍ അവസാനഘട്ടത്തില്‍ നടപ്പാക്കിയ ആനുകൂല്യ പ്രഖ്യാപനങ്ങള്‍ റൂറല്‍ മേഖലയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും മഹായുതിക്ക് ഗുണകരമാകുമെന്നും എക്‌സിറ്റ് പോളുകളടക്കം പ്രവചിക്കുന്നുണ്ട്.

കാര്യങ്ങള്‍ ഇത്തരത്തില്‍ വെളിവാകണമെങ്കില്‍ നാളെത്തെ റിസല്‍ട്ട് വരണമെന്നിരിക്കെ മുഖ്യമന്ത്രി കസേരയ്ക്കുള്ള അവകാശവാദങ്ങളുമായി രണ്ട് മുന്നണിയിലേയും പ്രമുഖര്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. മഹായുതിയില്‍ നിലവിലെ മുഖ്യമന്ത്രിയായ ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയെ മാറ്റി മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് കുറച്ചധികം നാളായി പറയുന്ന എന്‍സിപി അജിത് പവാര്‍ വിഭാഗം ഇക്കുറി ആദ്യം തന്നെ അവകാശവാദവുമായി രംഗത്തുണ്ട്. എന്‍സിപി നേതാവ് അമോല്‍ മിട്കാരി, അജിത് പവാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

ശിവസേനയാവട്ടെ തങ്ങളുടെ ഏക്‌നാഥ് ഷിന്‍ഡെയാണ് നിലവിലെ മുഖ്യമന്ത്രിയെന്നും മുന്നണി വിജയിച്ചാല്‍ ഷിന്‍ഡേ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ആവര്‍ത്തിച്ച് പറയുന്നുണ്ട്. ശിവസേന എംഎല്‍എ സഞ്ജയ് ഷിര്‍സത് മഹായുതി മുന്നണി ഷിന്‍ഡേയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയതെന്നും ഇനിയും ആ നേതൃത്വത്തില്‍ തന്നെ തുടരുമെന്നും പറയുകയുണ്ടായി. എന്നാല്‍ പിളര്‍ത്തിയെടുത്ത് കൊണ്ടുവരുന്ന സമയത്ത് ഒത്തുതീര്‍പ്പ് ഫോര്‍മുലയായി കൊടുത്ത മുഖ്യമന്ത്രി സ്ഥാനം വീണ്ടെടുക്കണമെന്ന ആവശ്യമാണ് ബിജെപിക്കാര്‍ക്ക് ഉള്ളത്. ബിജെപി നേതാവ് പ്രവീണ്‍ ധരേക്കര്‍ ഇക്കാര്യം ഊന്നിപ്പറയുക കൂടി ചെയ്തതോടെ മുന്നണിയിലെ തമ്മില്‍തല്ല് പരസ്യമായി. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണമെന്നാണ് ബിജെപിക്കാരുടെ ആവശ്യം.

അപ്പുറത്ത് മഹാവികാസ് അഘാഡിയിലും മുഖ്യമന്ത്രി കസേരയ്ക്ക് കടിപിടിയാണ്. കോണ്‍ഗ്രസാണ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയെന്ന തരത്തില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലേയുടെ വാക്കുകള്‍ എത്തിയപ്പോഴേ ശിവസേന യുബിടി കടുത്ത വാക്കുകളാല്‍ തിരിച്ചടിച്ചിരുന്നു. ലോക്‌സഭ ട്രെന്‍ഡു പോലെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് നാന പടോലെ പറഞ്ഞത്. അതിനാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന്. പടോലേയ്ക്ക് മറുപടി പറഞ്ഞത് ഉദ്ദവ് ടീമിന്റെ സഞ്ജയ് റൗത്താണ്. അങ്ങനെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയോ കാര്യം പറഞ്ഞോളും മഹാരാഷ്ട്ര അധ്യക്ഷന്‍ ആവില്ല പ്രഖ്യാപനം നടത്തുക എന്നായിരുന്നു റൗത്തിന്റെ തിരിച്ചടി. മുഖ്യമന്ത്രി കാര്യം ശിവസേന യുബിടിയും എന്‍സിപി ശരദ് പവാറും കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് തീരുമാനിക്കുമെന്നും ശിവസേന നേതാവ് പറഞ്ഞു. മഹായുതിയും മഹാവികാസ് അഘാഡിയും മുഖ്യമന്ത്രി കസേരയ്ക്ക് പിന്നാലെ ചുറ്റുമ്പോള്‍ നാളെ അറിയാം ആര് കസേരയിലേക്ക് ഏത് മുന്നണിയെത്തുമെന്ന്.

Read more