2013ല്‍ രാജസ്ഥാനില്‍ വീണുടഞ്ഞ കോണ്‍ഗ്രസിന് ഒന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഉശിരന്‍ പ്രകടനവുമായി മുന്നില്‍ നിന്നത് സച്ചിന്‍ പൈലറ്റ് എന്ന യുവനേതാവായിരുന്നു. 2014ല്‍ രാജസ്ഥാന്‍ക്കാരുടെ പരമ്പരാഗത പ്രൗഢിയുടെ ഭാഗമായ തലപ്പാവില്‍ തൊട്ടൊരു പ്രതിജ്ഞ സച്ചിന്‍ പൈലറ്റ് നടത്തിയത് 2018ല്‍ കോണ്‍ഗ്രസിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത് ഒരു രഹസ്യമല്ല. രാജസ്ഥാന്‍ക്കാരുടെ അഭിമാനമായ പഗഡിയെന്നും സഫയെന്നും ടര്‍ബനെന്നുമെല്ലാം വിളിപ്പേരുള്ള തലപ്പാവില്‍ കൈവെച്ച് അന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞത് ഇനി ഈ തലപ്പാവ് ഞാന്‍ വെയ്ക്കുന്നത് കോണ്‍ഗ്രസ് അധികാരത്തിലേറിയിട്ടാവുമെന്നാണ്. 96 സീറ്റില്‍ നിന്ന് 21ലേക്ക് വീണുപോയൊരു പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ പാകത്തിന് സിനിമ സ്റ്റൈല്‍ ഡയലോഗായിരുന്നു അതെന്ന് 2018ല്‍ എതിരാളികള്‍ക്ക് പോലും മനസിലായി.
പിന്നീട് തലയിലേക്കെത്തിയ തലപ്പാവും ഷാളുമെല്ലാം തലയ്ക്ക് മുകളില്‍ പിടിച്ച് മാറ്റിവെച്ച സച്ചിന്‍ പൈലറ്റ് ഒടുവില്‍ 2018ല്‍ രാജസ്ഥാനില്‍ 100 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയ വേളയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ചുവപ്പ് തലപ്പാവണിഞ്ഞു. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്ന അന്ന് മുതല്‍ രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന അധികാര വടംവലിയില്‍ അശോക് ഗെഹ്ലോട്ട് എന്ന മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും വീണ്ടും കോണ്‍ഗ്രസ് മുഖ്യമന്ത്രിയായപ്പോള്‍ സച്ചിന്‍ പൈലറ്റിനായി അലമുറയിട്ട് അണിനിരന്നവര്‍ അരികുവല്‍ക്കരിക്കപ്പെട്ടു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് കരുതി കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്ന രാജസ്ഥാനിലെ പ്രബലമായ ഗുജ്ജാര്‍ വിഭാഗം തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് കരുതി.
പാര്‍ട്ടിക്കുള്ളില്‍ അശോക് ഗെഹ്ലോട്ട് – സച്ചിന്‍ പൈലറ്റ് പോര് രൂക്ഷമാവുകയും സച്ചിന്‍ പിണങ്ങിയിറങ്ങുകയും ഗെഹ്ലോട്ട് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തതോടെ മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും മുതിര്‍ന്ന നേതാക്കള്‍- യുവനേതാക്കള്‍ പോരില്‍ സംസ്ഥാനം കൈവിട്ട് പോകുമെന്ന് കോണ്‍ഗ്രസ് ഭയപ്പെട്ടു. പക്ഷേ മധ്യപ്രദേശില്‍ പാര്‍ട്ടിയെ കാലുവാരി ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ പോലെ ബിജെപിയ്ക്ക് ഒപ്പം പോകാന്‍ സച്ചിന്‍ ഒരുക്കമായിരുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ഉറച്ചുനില്‍ക്കാന്‍ പൈലറ്റ് തീരുമാനിച്ചു.
ഇക്കുറി ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഇറങ്ങുമ്പോള്‍ 2018ലെ ആവേശം സച്ചിന്‍ ക്യാമ്പിനുണ്ടാകുമോയെന്ന ചോദ്യമാണ് ഉയര്‍ന്നത്. അടിമുടി തകര്‍ന്നൊരു പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കയ്യിലേറ്റിയ പിസിസി അധ്യക്ഷനായിരുന്ന പൈലറ്റ് 2020ല്‍ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ചിറങ്ങിയപ്പോള്‍ ഒരു സമുദായത്തിന് തോന്നിയത് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നാണ്. ആ തോന്നല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ ഇക്കുറി എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു സമവായത്തിലാക്കിയെന്ന് ഒന്നിച്ചു തിരഞ്ഞെടുപ്പ് നേരിട്ട് വിജയത്തിലെത്തുമെന്ന് സച്ചിനും ഗെഹ്ലോട്ടും ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രി കസേരയില്‍ തര്‍ക്കമുണ്ടെന്ന് ഇരുവരുടേയും പരസ്യ പ്രസ്താവനകള്‍ വ്യക്തമാക്കുന്നുണ്ട്.
ബിജെപിയ്ക്ക് വോട്ട് ചെയ്യാന്‍ മടിക്കാത്ത, കാലങ്ങളായി ബിജെപിയ്ക്ക് വോട്ടു ചെയ്തു പോന്ന ഗുജ്ജാര്‍ സമുദായം സച്ചിനെന്ന തങ്ങളുടെ വിഭാഗത്തില്‍ നിന്നുള്ള നേതാവിന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി കസേര കിട്ടുമെന്ന ഉറച്ച ധാരണയിലാണ് ഒന്നടങ്കം പാര്‍ട്ടിയ്‌ക്കൊപ്പം നിന്നത്. ഈ ധാരണ തെറ്റിയതോടെ തങ്ങള്‍ ചതിയ്ക്കപ്പെട്ടോയെന്ന് കരുതുന്ന ഗുജ്ജാര്‍ വിഭാഗം ഈ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതികരിക്കുമെന്ന് കോണ്‍ഗ്രസിനും പേടിയുണ്ട്. രാജസ്ഥാനിലെ ഗുര്‍ജര്‍- മീനാ മേഖലയില്‍ 24 നിയമസഭാ സീറ്റുകളാണുള്ളത്. 2018 സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ ഈ മേഖല കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നിരുന്നു. പക്ഷേ പിന്നീട് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ വോട്ട് ബാങ്കില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ വിശ്വാസവഞ്ചനയുടെ മുറിവുണക്കാന്‍ സച്ചിന്റെ ഉണര്‍ന്നുള്ള പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷമേ പറയാനാവൂ. ഗുജ്ജാര്‍ വിഭാഗം ബിജെപിയെ തുണച്ചാല്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. കാരണം 2013ല്‍ 163 സീറ്റുകള്‍ നേടിയാണ് 200 അംഗ നിയമസഭയില്‍ ബിജെപി വിജയിച്ചത്. 2018ല്‍ കോണ്‍ഗ്രസ് ഓളത്തില്‍ പോലും 73 സീറ്റുകള്‍ വസുന്ധര രാജെ സിന്ധ്യയും ബിജെപിയും പിടിച്ചതാണ്. വസുന്ധരയെ തഴഞ്ഞ കേന്ദ്രനേതൃത്വം രാജസ്ഥാനില്‍ ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ടെന്ന കാര്യം കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയ്ക്ക് വലിയ പ്രതീക്ഷയും നല്‍കുന്നുണ്ട്. ഇടഞ്ഞു നില്‍ക്കുന്ന വസുന്ധര ബിജെപി വോട്ട് ബാങ്കില്‍ ചോര്‍ച്ചയ്ക്കിടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Read more
സച്ചിന്‍ കൃത്യമായി തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്, സച്ചിനില്ലാതെ രാജസ്ഥാന്‍ പിടിക്കാനാവില്ലെന്ന ബോധ്യത്തില്‍ അശോക് ഗെഹ്ലോട്ടും സംഘവും സച്ചിനെ ഉള്‍പ്പെടുത്തിയാണ് പ്രചാരണങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഒന്നിച്ച് വിജയിക്കുമെന്ന് പറഞ്ഞു സച്ചിനും മറ്റ് നേതാക്കളുമായി ഒന്നിച്ചിരിക്കുന്ന ചിത്രം എക്‌സിലൂടെ പങ്കുവെച്ച ഗെഹ്ലോട്ട് പറയാതെ പറയുന്നതും ഞങ്ങളൊന്നിച്ചാണ് നിങ്ങള്‍ കരുതും പോലെ തമ്മില്‍ തല്ലുന്നില്ലെന്നാണ്. എല്ലാം ഓക്കേയാണ് ഞങ്ങള്‍ ഭരണത്തുടര്‍ച്ചയ്ക്ക് അര്‍ഹരാണെന്ന നിലയിലാണ് അശോക് ഗെഹ്ലോട്ടും സംഘവും പ്രചാരണ മുഖത്തുള്ളത്. നവംബര്‍ 23ന് വോട്ടുകള്‍ പെട്ടിയിലാകുമ്പോള്‍ ഗുജ്ജാറുകള്‍ തങ്ങള്‍ വഞ്ചിതരായെന്ന ബോധ്യത്തിലാണോ പോളിംഗ് ബൂത്തുകളിലെത്തുന്നതെന്ന് വ്യക്തമാകും. ഡിസംബര്‍ 3ന് രാജസ്ഥാന്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഒപ്പമാണെങ്കില്‍ അതിന് പിന്നാലെ മുഖ്യമന്ത്രി കസേരയ്ക്കായി അശോക് ഗെഹ്ലോട്ട് പക്ഷവും സച്ചിന്‍ പൈലറ്റ് പക്ഷവും രണ്ട് ചേരിയിലായി പണി തുടങ്ങമെന്ന കാര്യത്തിലും തര്‍ക്കമില്ല. മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ഈ സ്ഥാനം തന്നെ വിട്ടു പോകാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞ ഗെഹ്ലോട്ടിനോട് പാര്‍ട്ടി സര്‍ക്കാരിനെ ആര് നയിക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തീരുമാനിക്കുമെന്ന് സച്ചിന്‍ പൈലറ്റ് തിരിച്ചടിച്ചിരുന്നു. കോണ്‍ഗ്രസ് ജയിച്ചാലും ബിജെപി ജയിച്ചാലും കോണ്‍ഗ്രസ് തോറ്റാലും ബിജെപി തോറ്റാലും രാജസ്ഥാനില്‍ ഫല പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ഇരുപക്ഷത്തും ഒരടി ഷുവറാണ്.