ഉദയനിധി ചോദിച്ചതിന് ഉത്തരമുണ്ടോ? സനാതന ധര്‍മ്മവും ബിജെപിയുടെ സുവര്‍ണാവസരവും

ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മവും അതിനെ വംശഹത്യയുടെ തൊഴുത്തില്‍ കെട്ടാനുള്ള ബിജെപി തന്ത്രങ്ങളും. അടുത്ത തെരഞ്ഞെടുപ്പിന് എങ്ങനെ ഹിന്ദുക്കളെ ഉണര്‍ത്തുമെന്ന് കരുതിയവര്‍ക്ക് കിട്ടിയ തുറുപ്പുചീട്ടാവുകയാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ സ്റ്റാലിന്റെ മകന്റെ വാക്കുകള്‍. സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ വാക്കുകളില്‍ തങ്ങള്‍ കാത്തിരുന്ന സുവര്‍ണാവസരം കണ്ടിരിക്കുകയാണ് അമിത് ഷായും കൂട്ടരും. തക്കം പാര്‍ത്തിരിന്നവര്‍ക്ക് വാക്കുകള്‍ വളച്ചൊടിക്കാന്‍ പിന്നെ പ്രത്യേക ക്ലാസുവേണ്ട. സനാതന ധര്‍മ്മം എന്നാല്‍ ഹിന്ദുക്കളായി, ഹിന്ദുക്കളുടെ വംശഹത്യക്കുള്ള ആഹ്വാനമായി, അങ്ങനെ പറഞ്ഞു പറഞ്ഞു കയറി പോവുകയാണ് സംഘപരിവാരവും ബിജെപിയും.

മതവികാരം ആളിക്കത്തിക്കാന്‍ ആദ്യം രംഗത്തെത്തിയ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയ്ക്ക് പുറമേ ഓപ്പറേഷന്‍ താമരയുടെ തലതൊട്ടപ്പന്‍ അമിത് ഷായും നേരിട്ട് പ്രതികരണവുമായെത്തിയത് രാമക്ഷേത്രം പോലെ കത്തിക്കാന്‍ ഇന്ധനമുള്ളതാണ് വിഷയമെന്ന് കണ്ടാണ്.

നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണെന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിലേക്ക് കടന്നത്. തമിഴ്‌നാട്ടില്‍ വലിയ പ്രതീക്ഷ കൈവെച്ച് അണ്ണാഡിഎംകെയെ കൂട്ടുപിടിച്ച് വലിയ രീതിയില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഇതുകൊണ്ട് വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെന്ന പ്രതിപക്ഷ ഐക്യത്തെ മലര്‍ത്തിയടിക്കാനുള്ള വെടിമരുന്ന് സൃഷ്ടിക്കാന്‍ വകയുണ്ട് ഇതിലെന്ന് പെട്ടെന്ന് തന്നെ കത്തി. അതിനാല്‍ പിന്നീടുള്ള അമിത് ഷായുടേയും ബിജെപി നേതാക്കളുടേയും പ്രതികരണം ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനേയും ഇന്ത്യ ബ്ലോക്കിനേയുമാണ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉദയനിധിയുടെ പരാമര്‍ശമെന്ന് അമിത് ഷാ പറഞ്ഞു തുടങ്ങി. ഒപ്പം ന്യൂനപക്ഷ പ്രീണനമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. സനാതന ധര്‍മ്മത്തെ നിരന്തരം അവഹേളിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി പറയുമെന്ന് പറഞ്ഞ് തങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യവും അമിത്ഷാ എടുത്തുകാട്ടുന്നുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന് പച്ചകൊടി ഉപയോഗിച്ച് നടത്തിയ ഉത്തരേന്ത്യന്‍ ധ്രുവീകരണ തന്ത്രം ഇക്കുറിയും മിനുക്കിയെടുക്കകയാണ് നരേന്ദ്ര മോദിയും അമിത് ഷായും.

സനാതന ധര്‍മത്തെ ആദ്യമായല്ല ഇവര്‍ അപമാനിക്കുന്നതെന്നും ഇതിന് മുമ്പ് മന്‍മോഹന്‍ സിങ്, ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങള്‍ക്കാണ് പറഞ്ഞിരുന്നുവെന്നും അമിത് ഷാ പറയുന്നുണ്ട്. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത് മോദി വിജയിച്ചാല്‍ സനാതനം ഭരിക്കുമെന്നാണെന്നും രാഹുല്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ- തയ്ബയുമായാണ് ഹിന്ദു സംഘടനകളെ താരതമ്യപ്പെടുത്തുന്നതെന്നും അമിത് ഷാ പറഞ്ഞു. ഇത്തരത്തില്‍ കോണ്‍ഗ്രസിനെ ന്യൂനപക്ഷ പ്രീണനം മാത്രം ലക്ഷ്യമിടുന്ന ഹിന്ദുവിരോധികളായി ചിത്രീകരിക്കാനുള്ള കൃത്യമായ അജന്‍ഡയാണ് സനാതന വിഷയത്തിലും ബിജെപി പയറ്റുന്നത്.

സനാതന ധര്‍മം സാമൂഹികനീതിക്കും സമത്വത്തിനും എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി, കൊറോണ തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. ഇതിനെയാണ് ഹിന്ദുക്കളുടെ വംശഹത്യക്കുള്ള ആഹ്വാനമായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞത്. 80% വരുന്ന ഭാരതത്തിന്റെ ജനസംഖ്യയുടെ വംശഹത്യയ്ക്കാണ് ഉദയനിധി സ്റ്റാലിന്‍ ആഹ്വാനം ചെയ്തതത്രേ. ഇതെല്ലാം പറഞ്ഞു ചിത്രത്തിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുവന്നതും മാളവ്യയാണ്. പണ്ടത്തെ തമാശകളിലെ പശുവും തെങ്ങുംപോലെ, പശുവിനെ കുറിച്ച് പറഞ്ഞു തുടങ്ങി കല്‍പവൃക്ഷമായ തെങ്ങിന്റെ ഗുണഗണങ്ങള്‍ മാത്രം പറയുന്ന ടീച്ചറിനെ പോലെ, ഡിഎംകെയെ കുറിച്ച് പറഞ്ഞു തുടങ്ങി കോണ്‍ഗ്രസിന്റേതാണ് സമസ്താപരാധങ്ങളുമെന്നാണ് ബിജെപി പറയുന്നത്. ഡിഎംകെ കോണ്‍ഗ്രസിന്റെ ദീര്‍ഘകാല സഖ്യകക്ഷിയാണെന്നും ഈ ഹിന്ദുത്വ വിരുദ്ധ വികാരം കോണ്‍ഗ്രസിന്റേതാണെന്നുമാണ് ബിജെപി പറഞ്ഞുവെയ്ക്കുന്നത്.

വംശഹത്യക്കുള്ള ഉദയനിധിയുടെ ആഹ്വാനം, ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിന്റെ തീരുമാനം ആണോ എന്ന്് അമിത് മാളവ്യ ചോദിച്ചത് പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ്. എങ്ങനെയാണ് സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന് പറയുന്നത് ഹിന്ദുക്കളുടെ വംശഹത്യ ആഹ്വാനമാകുന്നത്?. താന്‍ പറഞ്ഞതില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നുവെന്ന് പറയാനുള്ള ചങ്കുറപ്പ് ഉദയനിധി സ്റ്റാലിനുണ്ട്. തന്റെ വാക്കുകളെ വളച്ചൊടിച്ച് പ്രചരണായുധമാക്കുന്ന ബിജെപിക്കാര്‍ തമിഴ്‌നാടിന് പുറത്ത് ഡല്‍ഹിയിലടക്കം പരാമര്‍ശത്തില്‍ പൊലീസിനെ കൊണ്ട് കേസെടുപ്പുക്കുമ്പോഴും താന്‍ പറഞ്ഞതില്‍ ഒരു വ്യക്തത കുറവുമില്ലെന്ന് ഉദയനിധി നിലപാട് വ്യക്തമാക്കുന്നുണ്ട്.

ബ്രാഹ്‌മണ മേധാവിത്വത്തില്‍ ഊന്നിയ ജാതിവ്യവസ്ഥയുടെ ഭീകരമുഖം ഇന്നും രാജ്യം കണ്ടുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയെ തുടച്ചുനീക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് ഉദയനിധി ആവര്‍ത്തിക്കുന്നു. സനാതന ധര്‍മ്മത്തില്‍ സമത്വം ഇല്ല, സാമൂഹിക നീതിക്ക് എതിരാണ് അതിനാല്‍ തുടച്ചുനീക്കണമെന്നാണ് പറഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു. സനാതന ധര്‍മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് സംസാരിച്ചതെന്നു വിശദീകരിച്ചു.

എനിക്കെതിരെ അവര്‍ എന്ത് കേസ് നല്‍കിയാലും നേരിടാന്‍ തയാറാണ്. ബിജെപി ‘ഇന്ത്യ’ സഖ്യത്തെ ഭയക്കുന്നു. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം. സനാതന ധര്‍മത്തെ മാത്രമാണ് വിമര്‍ശിച്ചത്. ബിജെപി പ്രസ്താവനയെ വളച്ചൊടിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.

ഉദയനിധി ഇപ്പോഴും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍, മതവികാരത്തെ കൂട്ടുപിടിച്ചു ബിജെപി നടത്തുന്ന രാഷ്ട്രീയകളിയെ തുറന്നുകാണിച്ച് എംകെ സ്റ്റാലിന്‍ നടത്തിയ പരാമര്‍ശവും ശ്രദ്ധേയമാണ്. മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിന് ഇപ്പോള്‍ തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കുന്നുണ്ട്.

2002ല്‍ ഗുജറാത്തില്‍ വിദ്വേഷവും വെറുപ്പും വിതച്ചു, ഇപ്പോള്‍ ഹരിയനയിലും മണിപ്പൂറിലും അതേശ്രമമാണ് ബിജെപി നടത്തുന്നത്. ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍നിന്ന് ചൂടുകായാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് എംകെ സ്റ്റാലിന്‍ തുറന്നടിക്കുന്നുണ്ട്. വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് ഹരിയാനയില്‍ നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കുന്നു. ആര് അധികാരത്തില്‍ വരണം എന്നതിനേക്കാള്‍ ആര് വരാന്‍ പാടില്ലെന്നതിനെക്കുറിച്ചാണ് 2024- ലെ പൊതുതിരഞ്ഞെടുപ്പെന്ന് എംകെ സ്റ്റാലിന്‍ പറയുമ്പോള്‍ തമിഴ് മണ്ണിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്താണ് അത് തുറന്നു കാട്ടുന്നത്. ബിജെപിയ്ക്ക് തമിഴ് മണ്ണില്‍ നിലയുറപ്പിക്കാന്‍ കഴിയാത്തതും ബ്രാഹ്‌മണിക്കല്‍ സവര്‍ണ ബോധത്തെ തമിഴ് ജനതയ്ക്ക് പഥ്യമല്ലാത്തത് കൊണ്ടുതന്നെയാണ്.

സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന് പറയുന്നത് ഹിന്ദുക്കളുടെ വംശഹത്യയാകുന്നത് എങ്ങനെയെന്ന് ചോദിക്കുന്ന ഉദയനിധി സ്റ്റാലിന്‍ ബിജെപിയോട് മറ്റൊരു ചോദ്യം ചോദിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന് പറയുന്നത് കോണ്‍ഗ്രസ് നേതാക്കളെയെല്ലാം കൊല്ലുമെന്നാണോ എന്ന്. അങ്ങനെയല്ലല്ലോ അപ്പോള്‍ പിന്നെ തന്റെ പരാമര്‍ശത്തെ ഇത്തരത്തില്‍ വളച്ചൊടിക്കുന്നത് എന്തിനാണെന്ന്?.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ