ഇടത് സമരവേദികളില്‍ കനല്‍ പോലെ ജ്വലിച്ച സരോജിനി ബാലാനന്ദന്റെ വിപ്ലവ ഓര്‍മ്മയ്ക്ക് ഇന്ന് ഒരാണ്ട്. 2023 ആഗസ്ത് 29ന് തന്റെ 85ാം വയസില്‍ പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് സരോജിനി ബാലാനന്ദന്‍ വിടപറഞ്ഞപ്പോളും ബാക്കിയാക്കിയത് നിര്‍ഭയം നടന്നുതീര്‍ത്ത വഴികളിലെ വിപ്ലവ ഓര്‍മ്മകളാണ്. പോരാട്ടവീര്യത്തിന്റെ, പെണ്‍കരുത്തിന്റെ ഇടത് മുഖമായിരുന്നു സരോജിനി എന്ന സഖാവ്. തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശ സമരങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാനും സരോജിനി ബാലാനന്ദന്‍ ഇറങ്ങി തിരിച്ചത് ഇടത് എന്നാല്‍ അത് ഹൃദയപക്ഷമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു. ജനാധിപത്യ മഹാളാ പ്രസ്ഥാനത്തിന് അടിത്തറയിട്ടതും മുന്നില്‍ നിന്ന് നയിച്ചതുമെല്ലാം അവരുടെ ജീവിത സമരത്തിലെ ഏടുകളില്‍ ചിലത് മാത്രമാണ്. തൊഴിലാളി റാലികളില്‍ പങ്കെടുത്തും കൊച്ചിയിലെ എഴുപതുകളിലെ മൊത്തവ്യാപാരികളുടെ പൂഴ്ത്തിവെപ്പിനെതിരായ സമരമുഖത്ത് മഹിളാ സംഘടന പ്രവര്‍ത്തകരുടെ നേതൃസ്ഥാനത്തും സഖാവ് സരോജിനി ഉണ്ടായിരുന്നു. അന്നും അതിന് ശേഷവും സമരമുഖങ്ങളിലേറ്റ മര്‍ദ്ദനങ്ങള്‍ക്കും ലാത്തിയടികള്‍ക്കും ആ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാനായില്ല. പിന്നീട് കളമശേരി പഞ്ചായത്തിലെ ആദ്യ വനിത പ്രസിഡന്റായി ചരിത്രം കുറിച്ചതും അവരുടെ ഭരണ നേതൃത്വത്തിന്റെ മികവില്‍ അടയാളപ്പെടുത്തി.
ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും സഖാവ് ഇ ബാലാനന്ദനൊപ്പം കൈപിടിച്ചു നടന്നുതുടങ്ങിയ വഴികളിലായിരുന്നു അവര്‍ ഇടതുപക്ഷത്തെ നെഞ്ചേറ്റിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയ അതേ വര്‍ഷമാണ് സരോജിനി, കമ്മ്യൂണിസ്റ്റ് നേതാവ് ഇ ബാലാനന്ദന്റെ ജീവിതപങ്കാളിയാകുന്നത്. 1938 മേയ് 15ന് കൊല്ലം ശക്തികുളങ്ങരയില്‍ കേശവന്‍ വൈദ്യന്റേയും നാരായണിയുടേയും മകളായി ജനിച്ച സരോജിനി എഐടിയുസി ജില്ലാ സെക്രട്ടറിയിയാരുന്ന ബാലാനന്ദന്‍ സഖാവിനൊപ്പം ചേര്‍ന്നതോടെയാണ് എറണാകുളം കളമശേരിയിലേക്ക് പറിച്ചു നടപ്പെടുന്നത്. പിന്നീട് സമരപ്പന്തലുകളില്‍ സഖാവിനെ കാണാനെത്തിയ നവവധു ഇടതു പോരാട്ടങ്ങളേറ്റെടുക്കുകയായിരുന്നു.
തൊഴിലാളി സമരങ്ങളുടെ ചൂടിലേക്ക് ഇ ബാലാനന്ദന്‍ മാറുമ്പോള്‍ നാല് കുട്ടികളടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ആലുവയിലെ അശോക ടെക്‌സ്‌റ്റൈല്‍ വര്‍ക്കേഴ്‌സ് കോപ്പറേറ്റീവില്‍ ക്ലാര്‍ക്കായി. പിന്നീട് കമ്മ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ട കാലത്ത് സഖാവ് ബാലാനന്ദന്‍ ഒളിവില്‍പ്പോയപ്പോഴെല്ലാം കുടുംബത്തെ കോര്‍ത്ത് പിടിച്ചപ്പോഴും സമരമുഖങ്ങളില്‍ സരോജിനി ബാലാനന്ദന്‍ തളര്‍ന്നില്ല. അടിയന്തരാവസ്ഥ കാലത്തടക്കം കാലികളെ വളര്‍ത്തി കുടുംബം പുലര്‍ത്തിയ സരോജിനിയുടെ ചങ്കുറപ്പിന്റെ ജീവിത സമരം തന്റെ ആത്മകഥയായ ‘നടന്നുതീര്‍ത്ത വഴികളില്‍’ ഇ ബാലാനന്ദന്‍ കുറിച്ചുവെച്ചിട്ടുണ്ട്. 1983 മുതല്‍ 1997 വരെ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു സരോജിനി. പിന്നീട് ദീര്‍ഘകാലം മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സമര പോരാട്ടങ്ങളില്‍ വനിതകളെ സംഘടിക്കാന്‍ പ്രേരിപ്പിച്ച് പോരാട്ട വീഥിയില്‍ കൊടിയേന്തി അവര്‍ മുന്നിലുണ്ടായിരുന്നു.
1986ല്‍ സിഐടിയുവിന്റെ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി നടന്ന തൊഴിലാളി റാലിയില്‍ പങ്കെടുക്കവെ ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റ സരോജിനി കൈയിലെ എല്ല് ഒടിഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങളോളമാണ് ആശുപത്രിയില്‍ കിടന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ട വീഥിയില്‍ മഹിളാ അസോസിയേഷന്റെ തലപ്പത്തും കളമശേരി പഞ്ചായത്തിന്റെ സാരഥ്യത്തിലും മുന്നില്‍ നിന്ന സരോജിനി 1996 മുതല്‍ 2001 വരെ സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ ചെയര്‍പേഴ്സണുമായിരുന്നു.
സിപിഎം എന്ന പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും സരോജിനി പോരാളി തന്നെയായിരുന്നു. 1985 മുതല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരുന്ന സരോജിനി ബാലാനന്ദന്‍ 27 വര്‍ഷക്കാലം പാര്‍ട്ടിയുടെ സുപ്രധാന സമിതിയുടെ ഭാഗമായി തുടര്‍ന്നു. 2012ല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും അനാരോഗ്യം മൂലം ഒഴിവായപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സരോജിനി ബാലാനന്ദന്‍ സിപിഎം സമ്മേളന വേദിയില്‍ നിന്ന് പുറത്തേക്ക് പോയത്. മാധ്യമങ്ങളില്‍ സരോജിനി ബാലാനന്ദന്റെ കമ്മിറ്റിയില്‍ നിന്നുള്ള ഒഴിവാക്കലും ഹൃദയംനീറുന്ന കരച്ചിലും ചര്‍ച്ചയാവുന്നത് കണ്ടപ്പോള്‍ സഖാവിന്റെ ഓര്‍മ്മകളിലാണ് കരഞ്ഞതെന്ന് വ്യക്തമാക്കി അവര്‍ പാര്‍ട്ടിയ്ക്ക് പ്രതിരോധം തീര്‍ത്തു. അനാരോഗ്യത്തിനിടയിലും പിന്നീട് മരണം വരെയും പാര്‍ട്ടി സമരങ്ങളില്‍ ഭാഗമാകുകയും പുതുതലമുറയ്ക്ക് വഴികാട്ടിയാവുകയും ചെയ്തു. 2023 ആഗസ്ത് 29ന് ഓണനാളുകള്‍ക്കിടയില്‍ പോരാട്ടം അവസാനിപ്പിച്ച് കാലയവനികയ്ക്ക് പിന്നില്‍ തന്റെ 85ാം വയസില്‍ മറയുമ്പോഴും മുന്നോട്ട് വഴിവെട്ടി നീങ്ങാന്‍ വരുംതലമുറയിലെ സ്ത്രീകള്‍ക്ക് വേണ്ട പോരാട്ടവീര്യത്തിന് കരുത്ത് പകരുന്ന ചരിത്രം ബാക്കിയാക്കിയാണ് അവര്‍ മടങ്ങിയത്.