ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ട് കുറച്ചു നാളായി വട്ടമിട്ട് കറങ്ങുന്നുണ്ടെങ്കിലും ഒത്തൊരു അവസരം കിട്ടാതെ ഉഴറി നിന്ന അമ്മാ തോഴി ശശികല ഇപ്പോള്‍ പുതിയ കരുക്കള്‍ നീക്കുകയാണ്. പിളര്‍ന്നും തളര്‍ന്നും ബിജെപിയുമായി കൂട്ടായും പിന്നീട് അണ്ണാദുരൈയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പള്ളുപറയുന്നത് കേട്ട് എന്‍ഡിഎ സഖ്യം വിട്ടും തമിഴ് മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന എഐഎഡിഎംകെ കൈപ്പിടിയിലാക്കാന്‍ ഇതാണവസരമെന്ന് കണ്ടാണ് ശശികലയുടെ വരവ്. ഇപിഎസ് എന്ന് വിളിക്കുന്ന എടപ്പാടി പളനിസ്വാമിയും ഒപിഎസ് എന്ന് വിളിപ്പേരുള്ള അമ്മാ വിശ്വസ്തന്‍ ഒ പനീര്‍ശെല്‍വവും രണ്ട് വിഭാഗങ്ങളായി പോരടിക്കുന്ന കാലത്ത് അണ്ണാഡിഎംകെയെ ഒന്നിപ്പിക്കണമെന്ന അണ്ണാ അണികളുടെ ആവശ്യം തന്റെ തിരിച്ചുവരവിനുള്ള തുറുപ്പുചീട്ടായി കാണുകയാണ് വികെ ശശികല എന്ന ചിന്നമ്മ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയും എംകെ സ്റ്റാലിനും കത്തിക്കയറിയപ്പോള്‍ അണ്ണാഡിഎംകെയുടെ പതനം പൂര്‍ത്തിയായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയ്ക്ക് എതിരാളിയാകാന്‍ പോലും കഴിയാത്ത വിധം തമ്മിലടി തളര്‍ത്തിയ അണ്ണാഡിഎംകെയില്‍ തിരിച്ചുകയറാനുള്ള അവസരമായാണ് ലയന സാധ്യതകളെ ചിന്നമ്മ കാണുന്നത്. ഒരിക്കല്‍ കയ്യിലിരുന്ന അധികാര കേന്ദ്രം കൈവിട്ടുപോയതിന്റെ നിരാശയും വിശ്വസിച്ചേല്‍പ്പിച്ച കരങ്ങള്‍ തന്ന തിരിച്ചടിയും ചിന്നമ്മയ്ക്ക് ഓര്‍മ്മയുണ്ട്. അതുകൊണ്ടുതന്നെ ശശികലയുടെ തിരിച്ചുവരവിന് ഒരു സാധ്യതയുമില്ലെന്ന് എടപ്പാടി പളനിസ്വാമി ഉറച്ചു പറയുന്നു. അതുപോലെ പിളര്‍ന്നു പോയ ഒപിഎസ് പക്ഷത്തിന് തിരിച്ചുവരവിന് ഒരു സാധ്യതയുമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വെയ്പ്പ്.
ജയലളിതയുടെ മരണത്തിന് പിന്നാലെ അണ്ണാഡിഎംകെ ശശികലയുടെ കൈക്കുള്ളിലായിരുന്നു. അമ്മയുടെ മരണത്തില്‍ ഉയര്‍ന്ന സംശയങ്ങളും ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിന്റെ ആര്‍ത്തിയും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചപ്പോഴും പിടിച്ചു നിന്ന ശശികല പെട്ടുപോയത് അനധികൃതസ്വത്ത് സമ്പാദന കേസിലാണ്. മരണം കൊണ്ട് ജയലളിത രക്ഷപ്പെട്ട ജയിലറ പക്ഷേ ശശികലയ്ക്കായി തുറന്നുകിടന്നു. തന്റെ കേസിന്റെ ഭാരം മൂലം പരപ്പന അഗ്രഹാര ജയിലില്‍ തളയ്ക്കപ്പെട്ടപ്പോള്‍ എടപ്പാട് പളനിസ്വാമിയെ തന്റെ നോമിനിയായി തമിഴ്‌നാട് മുഖ്യമന്ത്രിയാക്കിയ വികെ ശശികലയ്ക്ക് പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെ ജയിലില്‍ നിന്ന് നിയന്ത്രിക്കാനായില്ല. അമ്മ തന്റെ മുഖ്യമന്ത്രി സ്ഥാനം വിശ്വസ്തനായ ഒ പനീര്‍ശെല്‍വത്തിന് നല്‍കിയാണ് പലപ്പോഴും മാറി നിന്നതെങ്കില്‍ പനീര്‍ശെല്‍വം ജയലളിതയ്ക്ക് ശേഷം പാര്‍ട്ടി ശക്തികേന്ദ്രമാകുമോയെന്ന് ഭയന്നാണ് അന്ന് എടപ്പാടിയെ ശശികല മുഖ്യമന്ത്രിയാക്കിയത്. അന്ന് അണ്ണാഡിഎംകെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായിരുന്നു അമ്മ ജയലളിതയുടെ ഉറ്റതോഴിയായിരുന്ന ചിന്നമ്മ. പക്ഷേ ഒരു ജയില്‍വാസ കാലം കൊണ്ട് പളനിസ്വാമി ശശികലയെ വെട്ടി അണ്ണാഡിഎംകെയുടെ കടിഞ്ഞാണേറ്റെടുത്തു. വിമതനായി മാറിയ ഒ പനീര്‍ശെല്‍വത്തേയും വെട്ടി അമ്മയ്ക്ക് ശേഷം അണ്ണാഡിഎംകെ എന്നാല്‍ താനെന്ന പേരാക്കി മാറ്റി.
പക്ഷേ ശശികലയുടെ മന്നാര്‍ഗുഡി സംഘം അണ്ണാഡിഎംകെ പിടിച്ചെടുക്കാന്‍ പലവഴി നോക്കിയെങ്കിലും മരണത്തിന് മുമ്പ് ജയലളിത നേടിയെടുത്ത തിരഞ്ഞെടുപ്പ് വിജയം അഞ്ച് വര്‍ഷം ഭരിക്കാന്‍ എടപ്പാടിയ്ക്ക് അവസരം നല്‍കി. 2016 മേയില്‍ തുടര്‍ഭരണം നേടി ജയലളിത അധികാരത്തില്‍ തുടര്‍ന്നെങ്കിലും ആ വര്‍ഷം ഡിസംബറിലാണ് അവര്‍ മരിച്ചത്. അതിനാല്‍ മാസങ്ങള്‍ മാത്രം ജയലളിത മുഖ്യമന്ത്രിയാവുകയും പിന്നീട് ജയലളിതയുടെ മരണശേഷം പനീര്‍ശെല്‍വത്തെ നീക്കി വി കെ ശശികല എന്ന ജയലളിതയുടെ തോഴി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. പക്ഷേ വീണുകിട്ടിയ അവസരം വൃത്തിയായി ഉപയോഗിച്ച സ്വാമി ഒപിഎസിനേയും ചിന്നമ്മയേയും വെട്ടി ഔദ്യോഗിക പക്ഷത്തിന്റെ തലതൊട്ടപ്പനായി. അഞ്ചുവര്‍ഷം സുഖമായി ഭരിച്ചു, പക്ഷേ ജയലളിതയുടെ കരിസ്മയില്ലാതായ അണ്ണാഡിഎംകെയെ ഒരു വിജയത്തിലെത്തിക്കാന്‍ മാത്രം പ്രാപ്തി എടപ്പാടിയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായില്ല. മരണത്തിന് മുമ്പ് ജയലളിത പിടിച്ചെടുത്ത തിരഞ്ഞെടുപ്പിനപ്പുറം ഒരു വിജയം പിന്നീട് അണ്ണാഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ല.
അധികാരത്തര്‍ക്കത്തില്‍ ഭരിക്കാന്‍ ഇനിയൊരുവട്ടം കഴിയാത്ത വിധം അണ്ണാഡിഎംകെ തളര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അണികളിലുണ്ടായ മുറുമുറുപ്പ് ആയുധമാക്കി കളം പിടിക്കാനാണ് ശശികല ശ്രമിക്കുന്നത്. 69കാരിയായ ശശികല പാര്‍ട്ടി വീണ്ടും ഒന്നിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് തിരിച്ചുവരവ് നടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും എഐഎഡിഎംകെയിലെ പഴയ വിശ്വസ്തര്‍ അവര്‍ക്ക് പിന്നില്‍ അണിനിരക്കുന്നുണ്ടെങ്കിലും സ്ഥാനം വീണ്ടെടുക്കാനുള്ള നിര്‍ണായക അവസരങ്ങള്‍ ശശികലയ്ക്ക് നഷ്ടമായതായാണ് പലരും വിലയിരുത്തുന്നത്. 2021 ജനുവരിയില്‍ ജയില്‍ മോചിതയായതിന് ശേഷം ഉടന്‍ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെത്തി സമയവും വൈകാരികതയും മുതലെടുക്കാന്‍ ചിന്നമ്മ പരാജയപ്പെട്ടുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സമീപകാലത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും കൃത്യമായി ഇടപെടാതെ നിന്നതും അവര്‍ക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.
എന്നാല്‍ എഐഎഡിഎംകെയ്ക്കുള്ളില്‍ ചിന്നമ്മ സിനിമ സ്റ്റൈല്‍ ഡയലോഗുമായാണ് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വന്‍ തിരിച്ചടികള്‍ക്കിടയിലും ഇതൊന്നും അവസാനിച്ചിട്ടില്ലെന്നും എന്റെ എന്‍ട്രി ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളു എന്നുമാണ് ചിന്നമ്മ പറയുന്നത്. ഒരു കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബല ശക്തിയായിരുന്ന എഐഎഡിഎംകെ ഇപ്പോള്‍ വെറും നിഴലായി മാറിയിരിക്കുകയാണ്. ശശികല, പനീര്‍ശെല്‍വം, ടിടിവി ദിനകരന്‍ എന്ന ശശികലയുടെ അനന്തരവന്‍ എന്നിവരുടെ വിഭാഗങ്ങള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. പളനിസ്വാമിയുടെ കീഴില്‍ ഒറ്റക്കെട്ടായി തുടരുന്ന ഔദ്യോഗികപക്ഷം ഇതൊന്നും കണ്ടമട്ടല്ല. ഇപിഎസ് പുറത്താക്കപ്പെട്ട നേതാക്കളെ തിരിച്ചെടുക്കില്ലെന്ന ഉറച്ച നിലപാടിലെടുക്കുന്നതിന് പിന്നില്‍ തന്റെ നിലനില്‍പ്പ് കൂടി ഭയന്നിട്ടാണ്. 2019നെ അപേക്ഷിച്ച് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ട് വിഹിതം മെച്ചപ്പെടുത്തിയെന്ന് പറഞ്ഞു കൊണ്ടാണ് പിളര്‍ന്ന ഗ്രൂപ്പുകളെ ലയിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ ഇപിഎസ് തള്ളിക്കളഞ്ഞത്. പുതുതായി രൂപീകരിച്ച ‘AIADMK ഇന്റഗ്രേഷന്‍ കമ്മിറ്റി’ അംഗങ്ങളുടെ ഉദ്ദേശവും വിശ്വാസ്യതയും വരെ എടപ്പാടി ചോദ്യം ചെയ്തു. ഇതോടെ ചിന്നമ്മ തിരിച്ചെത്താനുള്ള സാധ്യതകള്‍ വിരളമാണെങ്കിലും ജയാ ടിവി അടക്കം ജയലളിതയുടെ പല സംരഭങ്ങളുടേയും വസ്തുവകകളുടേയും നിയന്ത്രണാധികാരം ഇപ്പോഴും തോഴിയുടെ കയ്യില്‍ തന്നെയാണ്.