എല്ലാം 'ഒകെ' ആണെന്ന് പറഞ്ഞിട്ട് അടിയോടടിയോ പ്രതിപക്ഷ സഖ്യത്തില്‍?

ഡല്‍ഹിയിലെ ഇന്ത്യ മുന്നണി യോഗ ശേഷം പ്രതിപക്ഷ ഐക്യത്തിന്റെ വിള്ളലുകള്‍ മറനീക്കി പുറത്തുവരികയാണ്. പ്രാദേശിക പാര്‍ട്ടികളെല്ലാം ദേശീയ തലത്തില്‍ കൈകൊടുത്ത് ഒരു സഖ്യം ഉണ്ടാക്കിയത് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ അതില്‍ ചിലര്‍ക്ക് മുന്നണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയിലെത്തുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്മ ഇല്ലാതാകുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളില്‍ നിന്നൊരാള്‍ക്ക് പ്രധാനമന്ത്രിയാകാനാകുമെന്ന് കണ്ടാണ് പല വമ്പന്‍മാരും മുന്നണി സമവാക്യത്തിലേക്ക് ഇറങ്ങിയത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമെല്ലാം പ്രധാനമന്ത്രി കസേരയില്‍ കണ്ണുവെച്ചവരാണ്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ വമ്പന്‍ തിരഞ്ഞെടുപ്പ് വിജയം ഈ വര്‍ഷാദ്യം നേടിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ പലരും നിര്‍ബന്ധിതതരാകുകയും രാഹുലിന്റെ ഭാരത് ജോഡോ യാത്രക്കാലത്ത് രാഹുല്‍ നേതൃത്വത്തിലേക്ക് വരുന്നത് നന്നാവുമെന്ന് കരുതിയവരുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ അവസാനം നടന്ന അഞ്ചിടത്തെ തിരഞ്ഞെടുപ്പിലെ ഫലം മുന്നണിയിലെ കോണ്‍ഗ്രസ് നില പരുങ്ങലിലാക്കി.

ഗാന്ധി കുടുംബത്തില്‍ നിന്നാരും പ്രധാനമന്ത്രിയാകേണ്ടെന്ന നിലപാടിലാണ് പ്രധാന നേതാക്കളെല്ലാം. കോണ്‍ഗ്രസിനെ പോലെ രാജ്യമൊട്ടാകെ സന്നാഹങ്ങളില്ലാത്തതിനാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിത്യം ഉയര്‍ത്തിപ്പറയാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന നിര്‍ദ്ദേശം വെച്ച് മമതാ ബാനര്‍ജി കോണ്‍ഗ്രസിനുള്ളിലും മുന്നണിയിലും ചെക്ക് വെച്ചു. ആംആദ്മി പാര്‍ട്ടി ഖാര്‍ഗെയുടെ ദളിത് സ്വത്വം ഉയര്‍ത്തിക്കാട്ടി ആ നിര്‍ദേശത്തെ പിന്തുണച്ചപ്പോള്‍ വെട്ടിലായത് രാഹുലും കോണ്‍ഗ്രസും മാത്രമായിരുന്നില്ല, പ്രധാനമന്ത്രി കുപ്പായം തുന്നി കാലങ്ങളായി കാത്തിരിക്കുന്ന നിതീഷ് കുമാര്‍ കൂടിയാണ്.

ഇന്ത്യ മുന്നണിയുടെ കണ്‍വീനറാകാനും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമാകാനുമായി ഓടിനടക്കുന്ന നീതീഷ് കുമാര്‍ യോഗശേഷം അസ്വസ്ഥാനായിരുന്നു. ഒന്നു തണുപ്പിക്കാനായി രാഹുല്‍ ഗാന്ധി നിതീഷ് കുമാറിനെ വിളിച്ചെങ്കിലും മീറ്റിംഗിലായിരുന്നതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിക്ക് മുമ്പേ തന്നേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, നിതീഷ് കുമാറുമായി സംസാരിച്ചിരുന്നു. വിഷയങ്ങള്‍ മുന്നണിയില്‍ അസ്വാരസ്യം സൃഷ്ടിച്ചതോടെ രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനേയും കണ്ട് മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

യോഗത്തില്‍ 28 അംഗ ഇന്ത്യ മുന്നണിയില്‍ കൂടുതല്‍ പാര്‍ട്ടികളും ഡല്‍ഹി യോഗത്തില്‍ നിന്ന് വിട്ടുനിന്നതും ഖാര്‍ഗെയുടെ പേര് ഉയര്‍ന്നുവന്നതും പല നേതാക്കളേയും ചൊടിപ്പിച്ചിരുന്നു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി സീറ്റ് പങ്കുവയ്ക്കാന്‍ കോണ്‍ഗ്രസ് അടക്കം തയാറായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാമായിരുന്നെന്ന് നിതീഷ് കുമാര്‍ പറഞ്ഞതും യോഗത്തെ കലുഷിതമാക്കി.

ഇതിനപ്പുറം തെക്കും വടക്കും തമ്മിലുള്ള പ്രശ്‌നവും ഡല്‍ഹി യോഗത്തില്‍ മുഴച്ചു നിന്നു. യോഗത്തിനിടെ നിതീഷ് കുമാറിന്റെ ഹിന്ദി പ്രസംഗത്തിന്റെ തര്‍ജ്ജമ ആവശ്യപ്പെട്ട ഡിഎംകെ നേതാവ് ടി.ആര്‍. ബാലുവിനോട് ഹിന്ദി പഠിക്കാനാവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ മുതിര്‍ന്ന നേതാവുമായ നിതീഷ് കുമാര്‍ പൊട്ടിത്തെറിച്ചതും യോഗം കലുഷിതമാക്കി. നിതീഷിന്റെ ഹിന്ദിയിലുള്ള പ്രസംഗം മനസിലാകാതെയിരുന്ന ടി ആര്‍ ബാലു എതിര്‍വശത്തിരുന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ മനോജ് ഝായോട് പ്രസംഗം തര്‍ജ്ജമ ചെയ്യാമോയെന്ന് ആംഗ്യം കാണിച്ച് ചോദിച്ചതാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചത്.

രാജ്യത്തെ ഹിന്ദുസ്ഥാന്‍ എന്നാണ് നാം വിളിക്കുന്നതെന്നും ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും ആ ഭാഷ നാം അറിഞ്ഞിരിക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞത് സ്റ്റാലിന്‍ കൂടി ഇരിക്കുന്ന വേദിയിലാണ്. ഇതോടെ മുന്നണിയോഗം വല്ലാതെ അസ്വസ്ഥാമിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം തണുപ്പിക്കാന്‍ നേതാക്കള്‍ ഇടപെടുന്നതും അനുനയ നീക്കം നടത്തുന്നതും. പ്രശ്‌നവും അതൃപ്തിയും മുഴച്ചു നില്‍ക്കുമ്പോഴും മുന്നണിയില്‍ എല്ലാം ശരിയാണെന്നാണ് നേതാക്കള്‍ പറയുന്നത്. നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ ദേശീയ പ്രസിഡന്റ് ലല്ലന്‍ സിങ് പറഞ്ഞത് ഇന്ത്യ മുന്നണിയില്‍ എല്ലാ കാര്യങ്ങളും ശരിയായ ദിശയിലാണ് പോകുന്നതെന്നാണ്. സീറ്റ് വീതം വെയ്പ്പ് ഉടനടി തീര്‍ക്കുമെന്നും ലല്ലന്‍ സിങ് പറഞ്ഞു. എന്തായാലും പ്രധാനമന്ത്രി കസേരയിലേക്ക് ഖാര്‍ഗെയുടെ പേര് വന്നത് കോണ്‍ഗ്രസിനുള്ളിലും പുറത്തും വെടിമരുന്നിന് തീയിട്ടുകഴിഞ്ഞു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്