കോടിക്കണക്കിന് ഇലക്ടറല്‍ ബോണ്ട് നല്‍കിയവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവരില്ലെന്ന് ഉറപ്പാക്കിയോ കേന്ദ്രം; ആര്, ആര്‍ക്ക് കൊടുത്തു, ഉത്തരം കിട്ടുമോ?, തത്കാലം എസ്ബിഐ തടിതപ്പിയ വഴി!

ആര്, ആര്‍ക്ക് കൊടുത്തു എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമെന്ന് കരുതി എസ്ബിഐ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് രേഖകളില്‍ കണ്ണും നട്ടിരുന്നവര്‍ ഒന്നറിയണം, അത്ര എളുപ്പത്തില്‍ തീര്‍ക്കാവുന്നൊരും പണിയായല്ല എസ്ബിഐ ബോണ്ട് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൊടുത്ത രേഖകളെല്ലാം സംയോജിപ്പിച്ച് ഇത് ഇന്നത് എന്നൊക്കെ കണ്ടുപിടിക്കാന്‍ സമയം പിടിക്കും. തല്‍ക്കാലം തിരഞ്ഞെടുപ്പിന് മുമ്പ് തലയൂരാനുള്ള വകുപ്പൊക്കെ ഭരിക്കുന്ന പാര്‍ട്ടിക്ക് നല്‍കിയാണ് എസ്ബിഐ സുപ്രീം കോടതിയില്‍ പിടിച്ചു നിന്നതെന്ന് ചുരുക്കം. ഹര്‍ജിക്കാരെ അടക്കം വീണ്ടും കോടതിയിലെത്തിക്കാന്‍ പാകത്തിന് അഥവാ രേഖകള്‍ ഡീ കോഡ് ചെയ്യാന്‍ ആവശ്യപ്പെടേണ്ട ഒരവസ്ഥ എസ്ബിഐ ഉണ്ടാക്കിയിട്ടുണ്ട്.

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് സുപ്രീം കോടതിയ്ക്ക് മുന്നില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് കിടുന്നുരുണ്ടു കളിച്ചതും പിന്നീട് തല്‍ക്കാലും പിടിച്ചു നിന്നതും ചില്ലറ കാര്യമല്ല. നാല് ഹര്‍ജിക്കാരാണ് പ്രധാനമായും എസ്ബിഐയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടെന്ന കണ്‍കെട്ട് സംഭാവനയുടെ യഥാര്‍ത്ഥ പൊരുള്‍ പുറത്തറിയാന്‍ നിന്നത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, സിപിഎം, കോമണ്‍ കോസ്, കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂര്‍ എന്നിവരാണ് പ്രധാന ഹര്‍ജിക്കാര്‍. സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികളില്‍ പേടിപ്പിച്ച് എസ്ബിഐയെ കൊണ്ട് രേഖകള്‍ സമര്‍പ്പിച്ചതും മാര്‍ച്ച് 15ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പ്രസിദ്ധീകരിക്കുമെന്ന് വന്നതും ഹര്‍ജിക്കാരുടെ വിജയം തന്നെയാണ്. എന്നാല്‍ അതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. നെല്ലും പതിരും തിരിച്ചറിയാന്‍ എസ്ബിഐയ്ക്ക് പുറത്തുള്ളവര്‍ക്ക് അത്ര എളുപ്പമല്ലെന്ന പ്രശ്‌നം.

എല്ലാ വിവരങ്ങളും ക്രോഡീകരിക്കാന്‍ എസ്ബിഐ ജൂണ്‍ 30 വരെ സമയം ചോദിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്നുവെന്ന ഘട്ടത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയേയും സര്‍ക്കാരിനേയും പൊതിഞ്ഞുപിടിക്കാനുള്ള ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ നിവര്‍ത്തികേടിന്റെ ബാധ്യത കൊണ്ടാണ്. ആര് വാങ്ങി ആര്‍ക്ക് കൊടുത്തു എന്നതടക്കം കൂട്ടിയോജിപ്പിക്കലുകള്‍ക്ക് സമയം വേണമെന്നാണ് എസ്ബിഐ പറയുന്നത്. പക്ഷേ പറഞ്ഞ സമയത്ത് രേഖകള്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞതിനാല്‍ ഈ ചേരുംപടി ചേര്‍ക്കലിന്റെ ബാധ്യത തല്‍ക്കാലം എസ്ബിഐയ്ക്ക് ഇറക്കി വെയ്ക്കാനായി. വിവരങ്ങള്‍ ഒത്തുനോക്കി ഓരോ ബോണ്ടും ആര് ആര്‍ക്ക് നല്‍കിയെന്ന് കൃത്യമായി കണ്ടെത്തി വെയ്ക്കാതെ പാതിവെന്ത അരി കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച് കോടതിയലക്ഷ്യത്തില്‍ നിന്നും എസ്ബിഐ തടിതപ്പി. അതുമാത്രമല്ല, ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരേയും ലഭിച്ച പാര്‍ട്ടികളേയും ഉടനടി കണ്ടെത്തേണ്ട ബാധ്യതയില്‍ നിന്ന് തടിതപ്പി മോദി സര്‍ക്കാരിനെ തിരഞ്ഞെടുപ്പ് കഴിയും വരെ എസ്ബിഐ സുരക്ഷിതമാക്കി. കാരണം ഏറ്റവും അധികം പണം ഇലക്ടറല്‍ ബോണ്ട് സംവിധാനം വഴി ഒഴുകിയെത്തിയത് ബിജെപി അക്കൗണ്ടിലാണ്. അപ്പോള്‍ ആര് ആര്‍ക്ക് എത്രത്തോളം നല്‍കിയെന്നതെല്ലാം ഏറ്റവും ബാധിക്കുന്നത് ആരെയായിരിക്കും.

ക്രോഡീകരിക്കാത്ത വിവരങ്ങള്‍ അതായത് അടിസ്ഥാന വിവരങ്ങള്‍ മാത്രം നല്‍കി അത് കൃത്യമായി യോജിപ്പിച്ച് സംശയം ഒഴിവാക്കി നല്‍കാതിരുന്നാല്‍ തങ്ങള്‍ക്കെതിരേ കോടതിയലക്ഷ്യമുണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ എസ്ബിഐ ശ്രമിച്ചതും നിര്‍ണായക നീക്കമായിരുന്നു. എസ്ബിഐ സുപ്രീംകോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത് തന്നെ ഹര്‍ജിക്കാര്‍ ഒബ്‌ജെക്ഷനുമായി വരാനുള്ള സാധ്യത കണ്ടാണ്. ഹര്‍ജിക്കാര്‍ തങ്ങള്‍ നല്‍കുന്ന കൊടുത്തവരുടേയും വാങ്ങിയവരുടേയും പരസ്പരം ബന്ധപ്പെടുത്താത്ത പട്ടികയില്‍ തൃപ്തരാവില്ലെന്ന് എസ്ബിഐക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ കോടതിയലക്ഷ്യത്തില്‍ നിന്ന് രക്ഷപ്പെടാനും സമയം നേടിയെടുക്കാനും പൊതുമേഖലാ ബാങ്കിന് കഴിഞ്ഞു.

ഇനി എസ്ബിഐ കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങളെ കുറിച്ച് പറയാം. 2019 മുതല്‍ ഇതുവരെ 22,217 തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങിയിട്ടുണ്ടെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. പണമാക്കാത്ത ബാക്കിയുള്ള 187 ബോണ്ടിന്റെ തുക പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കുകയും ചെയ്തതായി ബാങ്ക് അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു പെന്‍ഡ്രൈവിലാക്കി വിവരങ്ങള്‍ കൈമാറിയെന്നും അറിയിച്ചിട്ടുണ്ട്.

ഇനി നല്‍കിയ വിവരങ്ങള്‍ എന്തൊക്കെയാണെന്നല്ലേ, തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച് എസ്ബിഐ രണ്ടുതരം വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ബോണ്ട് വാങ്ങിയവരുടെ പേര്, ബോണ്ട് വാങ്ങിയ തീയതി, ഓരോ ബോണ്ടിന്റേയും തുക ഇതാണ് ഒരു സെറ്റ് വിവരങ്ങള്‍, ഇനി അടുത്ത സെറ്റ് എന്ന് പറയുന്നത് പണമാക്കിയ രാഷ്ട്രീയ പാര്‍ട്ടി, പണമാക്കി മാറ്റിയ തിയതി, ഓരോ ബോണ്ടില്‍ നിന്നും നേടിയ പണം. ഈ രണ്ട് സെറ്റ് വിവരങ്ങള്‍ നമുക്ക് മുന്നിലുണ്ടാകും പക്ഷേ ആര് നല്‍കിയ ബോണ്ട് ആരാണ് വാങ്ങിയതെന്ന ചോദ്യത്തിന് ഉത്തരമുണ്ടാവില്ല.

പെട്ടെന്ന് മനസിലാകാന്‍ ഒരു ഉദാഹരണം പറയാം. ‘എ’ എന്ന പേരുള്ള ഒരു കമ്പനി 1,000 രൂപ വിലയുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയെന്ന് കരുതുക. ബി എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി അതേ തുകയുടെ ബോണ്ടുകള്‍ ലഭിച്ചുവെന്നും പണമാക്കിയെന്നും കരുതുക. പക്ഷേ ഇപ്പോള്‍ എസ്ബിഐ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ‘എ’ 1,000 രൂപ സംഭാവന ‘ബി’ക്കാണ് നല്‍കിയതെന്ന് ഉറപ്പിക്കാനാവില്ല എന്ന് ചുരുക്കം.

ഈ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഒരു സങ്കീര്‍ണമായ പ്രക്രിയയാണ് എസ്ബിഐയും സര്‍ക്കാരും ചെയ്തുവെച്ചിരിക്കുന്നതെന്ന് ചുരുക്കം. ബോണ്ടുകള്‍ വാങ്ങി നല്‍കിയവരുടെയും ലഭിച്ച പാര്‍ട്ടികളുടെയും വിവരങ്ങള്‍ പുറത്തുവരുമെങ്കിലും ആര്, ആര്‍ക്കാണ് സംഭാവന നല്‍കിയതെന്ന് തരംതിരിച്ചെടുക്കാന്‍ എസ്ബിഐയുടെ തന്നെ സഹായവും ക്ഷമയും വേണ്ടിവരുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.

ബോണ്ടുകളിലുള്ള യുണീക് നമ്പര്‍ വേണം ഇവയെ പരീക്ഷ പേപ്പറിലെ ചേരുപടി പോലെ ചേര്‍ത്തെടുക്കാന്‍. നിലവിലെ റിപ്പോര്‍ട്ടനുസരിച്ച് ഈ യുണീക് നമ്പര്‍ എസ്ബിഐ സമര്‍പ്പിച്ച വിവരങ്ങളില്‍ ഇല്ല. നല്‍കിയവന്റേയും വാങ്ങിയവന്റേയും നമ്പര്‍ അറിയുന്നവര്‍ക്ക് മാത്രമേ എളുപ്പത്തില്‍ ഈ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റുവെന്ന് ചുരുക്കം. വാങ്ങിയവരുടെ പേര് ബോണ്ടിലില്ലാത്തതിനാല്‍ നിശ്ചിത നമ്പറിലുള്ള ബോണ്ട് വാങ്ങിയതാര് അത് സ്വീകരിച്ച് പണമാക്കിയ പാര്‍ട്ടിയേത് എന്നീ വിവരങ്ങള്‍ തരംതിരിച്ചെടുക്കണം എങ്കില്‍ അതിന് എസ്ബിഐയ്ക്ക് മാത്രമേ എളുപ്പത്തില്‍ സാധിക്കു. അപ്പോള്‍ തിരഞ്ഞെടുപ്പ് വരെ പ്രശ്‌നം ഒന്നു തണുപ്പിക്കാന്‍ രേഖകള്‍ കൊടുത്തുവെന്നുമായി എന്നാല്‍ വാങ്ങിയവനും കൊടുത്തവനും കുറച്ചുനാള്‍ പിടിക്കും വെളിയില്‍ വരാനെന്ന കാര്യവും എസ്ബിഐ സേയ്ഫാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ എസ്ബിഐ വഴി ഇറക്കിയ 10,000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നീ മൂല്യങ്ങളിലുള്ള ബോണ്ടുകള്‍ വാങ്ങിയവരുടെ കെവൈസി. വിവരങ്ങള്‍ എസ്ബിഐയിലുണ്ട്. അതിനാല്‍ ഒരു കാലത്തും ഈ വിവരം പുറത്തുവരില്ല എന്നല്ല, പക്ഷേ കാര്യങ്ങള്‍ വൈകിപ്പിക്കാന്‍ എസ്ബിഐയ്ക്കും സര്‍ക്കാരിനും കഴിയുമെന്ന് മാത്രം. മറ്റൊരു പ്രശ്‌നം കൂടി ആരൊക്കെയാണ് കാശ് എറിഞ്ഞതെന്ന കാര്യത്തില്‍ സംശയിക്കണം. എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മുതലാളിമാരും സ്വന്തം പേരില്‍ നേരിട്ടല്ല ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടാവുകയെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. കാരണം നികുതി നേട്ടത്തേക്കാള്‍ പലരും രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിക്കാന്‍ നല്‍കിയ കൈമടക്കായി തന്നെയാണ് ബോണ്ടുകളെ കണ്ടിട്ടുണ്ടാവുക. കൊടുക്കുന്നവനും വാങ്ങുന്നവനും രഹസ്യമാക്കാന്‍ പറ്റിയ സംഭാവനയായി മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടിനെ കൊണ്ടുവന്നപ്പോള്‍ മുതല്‍ വിമര്‍ശകര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതുമാണ്. ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് രണ്ടാമതുള്ള രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ പതിന്മടങ്ങ് സംഭാവന കിട്ടിയപ്പോള്‍ തന്നെ എന്താണ് മോദിയും കൂട്ടരും ഉദ്ദേശിച്ചതെന്നും ഏവര്‍ക്കും മനസിലായതുമാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍