സ്ഥാപിത താല്‍പര്യക്കാരുടെ മുന്നില്‍ ഇടറിപ്പോകുന്ന മതേതരത്വം

കോവിഡിന്റെ രണ്ടാം തരംഗത്തില്‍നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുമില്ല. രോഗികളുടെ എണ്ണം സ്ഥിരമായി കുറഞ്ഞു തുടങ്ങിയിട്ടുമില്ല. മറ്റ് സംസ്ഥാനങ്ങള്‍ ഏകദേശം പൂര്‍ണമായി തന്നെ ഈ ഘട്ടത്തില്‍ സാധാരണ നില കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തിലും കേരളത്തിലെ ഒരു വലിയ പ്രശ്നമായി ഒരു മത പുരോഹിതന്‍ കണ്ടത് അമുസ്ലീം സമൂഹങ്ങളെ നശിപ്പിക്കാന്‍ മറ്റൊരു മത വിഭാഗത്തില്‍പെട്ടവര്‍ നര്‍ക്കോട്ടിക്ക് ജിഹാദ് നടത്തുന്നുവെന്നതാണ്. ഇതിനെതിരെ ജാഗ്രത പുലര്‍ത്താനും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ ബിഷപ്പിനെ പിന്തുണച്ച് കെ സി ബി സി യും മറ്റും രംഗത്തുവന്നു. മറ്റ് ചില രൂപതകളും പരസ്യമായി തന്നെ പാലാ ബിഷപ്പിനെ പിന്തുണച്ചു. കൂടുതല്‍ രൂക്ഷമായ ആരോപണം ഉന്നയിച്ച് താമരശ്ശേരി രൂപത മുസ്ലീം സമുദായത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചകളെ തുടര്‍ന്ന് പിന്‍വലിച്ചു. പക്ഷെ പാലാ രൂപതയുടെ ബിഷപ്പ് അങ്ങനെയൊന്നും ചെയ്തില്ല. പരസ്യമായി തന്നെ സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്ന തരത്തില്‍ ്പ്രസംഗിക്കുകയും അത് പിന്നീട് ലേഖനമാക്കുകയും ചെയ്ത പാലാ രൂപത ബിഷ്പ്പിനെ മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ ആദരിക്കുന്ന പരിപാടിയാണ് കേരളം കണ്ടത്.

സാധാരണ ഗതിയില്‍ മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പെരുമാറിയ ഒരാള്‍ക്കെതിരെ കേസ്സെടുക്കുകയോ അല്ലെങ്കില്‍ കേരളത്തില്‍ നര്‍കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന ആരോപണം ഉന്നയിക്കാന്‍ അദ്ദേഹത്തിന് എവിടുന്ന് തെളിവുകിട്ടിയെന്ന് പോലീസ് അന്വേഷിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കേരള പോലീസിനെ കൊണ്ട് അത് ചെയ്യിക്കാനുള്ള രാഷ്ട്രീയ നേതൃത്വമല്ല, കേരളം ഭരിക്കുന്നത്. സ്വാധീനവും സമ്പന്നതയുമുള്ള ഒരു കൂട്ടര്‍ക്ക് മുന്നില്‍ വിറങ്ങലിച്ചുപോകുന്ന ഒരു രാഷ്ടീയമാണ് ഇവരെ നയിക്കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ആരോപണം ഉന്നയിച്ച ആള്‍ക്ക് തെളിവു നല്‍കേണ്ട ബാധ്യതയില്ല. ആരോപണം ഉണ്ടാക്കിയ അവിശ്വാസം നിലനില്‍ക്കുകയും ചെയ്യുന്നു

പാലാ ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ശത്തെ കേരളത്തിലെ രാഷ്ട്രീയ സമൂഹം എങ്ങനെയാണ് സ്വീകരിച്ചതെന്ന് പരിശോധിച്ചാല്‍ നമുക്ക് എന്തുകൊണ്ട് ഇവിടെയൊരു വിമോചന സമരം നടന്നു എന്ന് പിന്‍കാല പ്രാബല്യത്തോടെ മനസ്സിലാക്കാന്‍ കഴിയും. ഇന്ന് പോലും സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ ഇത്രയേറെ മുട്ടിലിഴയുന്ന ഒരു സമ്പ്രാദായമാണെങ്കില്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അധീശത്വം നേടിയ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ കഴിയാവുന്നതെ ഉള്ളൂ. പാലായിലേക്ക് തീര്‍ത്ഥാടനം നടത്തി, സാമുദായിക വിദ്വേഷ പ്രസംഗം നടത്തിയ ഒരു പുരോഹിതനെ വിശുദ്ധനായി വാഴ്ത്താനായിരുന്നു കേരളത്തിലെ മുഖ്യധാര രാഷ്ട്രീയം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാവും കേരളത്തിലെ ഏറ്റവും വലിയ മത ന്യൂനപക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും കുറ്റവാളി സംരക്ഷണ വിഭാഗമാണ് ആ സമുദയാത്തില്‍പെട്ടവര്‍ എന്ന മട്ടില്‍ ആരോപണം ഉന്നയിക്കുകയും ചെയ്ത മത പുരോഹിതന്‍ ഇത്രമേല്‍ സ്വീകാര്യനാകുന്നത് എന്നതാണ് പ്രശ്നം.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പാലായിലേക്ക് നടത്തിയ തീര്‍ത്ഥാടനം അദ്ദേഹത്തെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും കൂടുതല്‍ ശക്തനാക്കിയിട്ടുണ്ട്. ഇന്നത്തെ ദീപിക പത്രത്തിലെ ലേഖനം പറയുന്നത് അതാണ്. ജോസഫ് കല്ലറങ്ങാട്ടിനെതിരെ വാളെടുത്തവര്‍ക്ക് ഒരാഴ്ചകൊണ്ട് യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടുവെന്നാണ് ദീപിക പറയുന്നത്. ആദ്യം ബിഷിപ്പിനെ മൃദുവായി വിമര്‍ശിച്ച സിപിഎം പിന്നീട് ബിഷപ്പില്‍ പാണ്ഡിത്യം കണ്ടെത്തിയതുമെല്ലാമാണ് ദീപിക പത്രത്തിന് ഇത്തരത്തിലൊരു നിലപാടിലെത്താന്‍ പ്രേരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിക്കാനും ദീപിക മറക്കുന്നില്ല.
ഈ കഴിഞ്ഞ ദിവസം സിപിഎം പുറത്തിറക്കിയ കുറിപ്പും ഇതിന്റെ ഭാഗമായി കാണേണ്ടതാണ്. കേരളത്തിലെ പ്രൊഫഷണല്‍ കോളെജുകളിലെ ക്യാമ്പസുകളില്‍ യുവതികളെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സിപിഎം വ്യക്തമാക്കിയത്. കേരളത്തിലെ പ്രൊഫഷണല്‍ കോളെജുകളില്‍ യുവതികളെ തീവ്രവാദ പ്രവര്ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമായി പറയാന്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കേരളം ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയേണ്ടതായിരുന്നു. അതിന്റെ കണക്കുകള്‍ പോലീസിന് നല്‍കേണ്ടതായിരുന്നു. നടപടികള്‍ എടുക്കേണ്ടതായിരുന്നു. അതിന് പകരം രാജ്യത്ത് ബിജെപിയും ചില മത സംഘടനകളും നടത്തുന്ന ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്നതിന് മാത്രമാണ് സിപിഎമ്മിന്റെ അവ്യക്തമായ പ്രസ്തവന കൊണ്ട് കഴിയൂ. ബിജെപി എത്രയോ കാലമായി പറയുന്ന കാര്യങ്ങളാണ് സിപിഎം പറയുന്നതെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ പറയുകയും ചെയ്തു.
എന്താണ് കേരളത്തിലെ മതേതരത്തിന് സംഭവിക്കുന്നതെന്ന ചോദ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഉന്നയിക്കപ്പെടേണ്ടത്.

കല്‍പ്പിത കഥകളുടെ അടിസ്ഥാനത്തില്‍ ചില മത നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മേല്‍ തുല്യം ചാര്‍ത്തുന്ന അവസ്ഥയിലേക്ക് കേരളത്തില്‍ പ്രധാന ഇടതുപക്ഷ പാര്‍ട്ടിയായ സിപിഎമ്മും മറ്റ് പാര്‍ട്ടികളും എത്തുന്നത് എന്തു കൊണ്ടാവും. കേരളത്തിലെ ആദ്യത്ത സര്‍ക്കാരിനെ അട്ടിമറിച്ച വിമോചന സമരത്തിന്റെ പിന്നിലെ ശക്തികളോടുള്ള ഭയം മാറ്റാന്‍ ഇനിയും സിപിഎമ്മിന് കഴിയാതെ പോകുന്നതെന്തുകൊണ്ടവുമെന്നതാണ് പ്രശ്നം കേരളത്തില്‍ മത തീവ്രവാദം വളരുന്നെങ്കില്‍ അത് മറ്റു മതങ്ങളുടെ മാത്രം ആശങ്കയായി ഒതുങ്ങേണ്ടതല്ല. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവന്റെ മതം നോക്കിയല്ല, അത്തരം പ്രവര്‍ത്തനങ്ങള്‍ അപലപിക്കപ്പേടേണ്ടത്. എന്നാല്‍ ഇന്ന് കേരളത്തില്‍ സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്. സങ്കൂചിതത്വം വര്‍ഗീയതയുടെ മറപിടിച്ച് വരുമ്പോള്‍ മതേതരത്വം വിറങ്ങലിച്ചു നില്‍ക്കുകയാണ്.

Latest Stories

രോഹിത്തിനെ ആരും മൈൻഡ് പോലും ആക്കുന്നില്ല, ഹൈപ്പ് മുഴുവൻ കോഹ്‌ലിക്ക് മാത്രം; കാരണങ്ങൾ നികത്തി ആകാശ് ചോപ്ര

'തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം'; ആന എഴുന്നള്ളിപ്പിലെ കോടതി നിർദേശത്തിൽ വിമർശനവുമായി തിരുവമ്പാടി

പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ സൂര്യയുടെ 'അലറല്‍', എങ്കിലും കളക്ഷനില്‍ മുന്‍പന്തിയില്‍; 'കങ്കുവ' ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; മുനമ്പത്തെ ഭൂസമരം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍; ബിഎല്‍ഒയോട് വിശദീകരണം തേടി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദു:സ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്