'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

നമ്മുടെ അമ്മ പെങ്ങന്മാരുടെ കെട്ടുതാലി വരെ പൊട്ടിച്ചെടുത്ത് അവര്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞു വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അതേ തരത്തിലുള്ള അപര വിദ്വേഷം വളര്‍ത്താന്‍ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തെഴുതിയിരിക്കുകയാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു കൊണ്ട് പ്രധാനമന്ത്രിയുടെ കത്ത്. ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുതന്നെ വോട്ടെടുപ്പിലേക്ക് കടക്കണമെന്ന ബുദ്ധി ഉപദേശിച്ചു കൊണ്ടാണ് മോദിയുടെ കത്ത്. കഴിഞ്ഞ ദിവസം രാജസ്ഥാനം മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇല്ലാത്ത സാമ്പത്തിക സര്‍വ്വേയും സമ്പത്ത് പുനര്‍വിതരണവുമെല്ലാം കത്തിക്കയറുമ്പോഴാണ് മറയില്ലാതെ വര്‍ഗീയത പറഞ്ഞുതന്നെ വോട്ട് തേടണമെന്ന് ധ്വനിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത്.

എസ് സി- എസ്ടി -ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണമെല്ലാം തട്ടിയെടുത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് ഭൂരിപക്ഷ സമുദായത്തെ വിശ്വസിപ്പിക്കണമെന്നാണ് രാജ്യത്തെ പ്രധാനമന്ത്രി തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉപദേശം. മേയ് മൂന്നിന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കാണ് എങ്ങനെ സാമുദായിക ധ്രുവീകരണം നടത്തണമെന്ന ബിജെപി അജന്‍ണ്ട മോദി എഴുതി നല്‍കിയത്. എസ്.സി/എസ്.ടി-ഒബിസി വിഭാഗക്കാരില്‍നിന്ന് സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാനുള്ള അജണ്ടയുള്‍പ്പെടെ കോണ്‍ഗ്രസിന്റേയും ഇന്ത്യ മുന്നണിയുടേയും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന് എതിരായ പ്രചാരണമാണ് നടത്തേണ്ടതെന്നാണ് കത്തില്‍ മോദി ആവശ്യപ്പെട്ടിരിക്കുന്നത്.

സഹ കാര്യകര്‍ത്ത എന്ന അഭിസംബോധനയോടെയാണ് മോദിയുടെ കത്ത് തുടങ്ങുന്നത്. ഇന്ത്യ മുന്നണിയുടേയും കോണ്‍ഗ്രസിന്റേയും പിന്‍തിരിപ്പന്‍ അജണ്ടകളെ കുറിച്ച് പ്രചാരണം നടത്തുവെന്ന് പറയുന്നതിനൊപ്പം പട്ടിക വര്‍ഗ- പട്ടിക ജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ സംവരണം മുസ്ലീങ്ങള്‍ക്ക് തട്ടിയെടുത്ത് നല്‍കാനുള്ള ശ്രമമാണ് പ്രചരണ വിഷയമാക്കേണ്ടതെന്ന് മോദി കത്തില്‍ എടുത്തുപറയുന്നു. 12-സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 95-ലോകസ്ഭാ സീറ്റുകളിലേക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രിയും ഗുജറാത്ത് പോര്‍ബന്ധറിലെ ബിജെപി സ്ഥാനാര്‍ഥിയുമായ മന്‍സൂഖ് മാണ്ഡവ്യ, മോദിയുടെ കത്ത് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചു. പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ അദ്ദേഹം മോദി നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് കൂടി അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ സന്തത സഹചാരിയായിരുന്നു പിന്നീട് ബിജെപിയിലേക്ക് ചാടിപ്പോയ മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ വ്യോമയാന മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയും കത്ത് കിട്ടിയ കാര്യം വ്യക്തമാക്കുകയും മോദിയെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ലെന്ന് മോദി അടിവരയിട്ട് പറയുന്നുണ്ട് കത്തില്‍. ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും കരുത്തുറ്റ സര്‍ക്കാരിനെ രൂപവത്കരിക്കാനുള്ള ശ്രമങ്ങളെ ഊര്‍ജ്ജിതപ്പെടുത്തുമെന്നും കത്തില്‍ മോദി പറയുന്നുണ്ട്. പറഞ്ഞുപറഞ്ഞു ഇപ്പോള്‍ 2047 ആണ് ഇന്ത്യ വികസിത രാഷ്ട്രമാകുമെന്ന് മോദി സര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ 2047 വരെ ബിജെപിയെ അധികാരത്തില്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ ഒരു കാരണമായല്ലോ. 2047ന് ശേഷം പിന്നീട് വികസിത രാജ്യമാകുന്നതിനുള്ള വര്‍ഷം മാറ്റിപ്പറയാമെന്നാകും. 10 വര്‍ഷം മുമ്പ് പറഞ്ഞ പെട്രോള്‍ പാതി വില ഇപ്പോള്‍ എവിടെയെന്ന് ഏവര്‍ക്കുമറിയാം. കഴിഞ്ഞ പത്തുവര്‍ഷം സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളുടെയും ജീവിതത്തില്‍ ഗുണകരമായ മാറ്റംവരുത്താന്‍ സാധിച്ചുവെന്ന അവകാശവാദവും മോദിയുടെ കത്തിലുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും ഇന്ത്യ മുന്നണിയുടേയും ഭിന്നിപ്പിക്കുന്നതും വിവേചനപരവുമായ ഉദ്ദേശങ്ങളെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അതിവൈകാരികതയോടെ അവതരിപ്പിക്കാനാണ് മോദിയുടെ ആഹ്വാനം. I urge you to sensitize voters against എന്നിങ്ങനെയാണ് ആ വാക്കുകളുടെ തുടക്കം. കോണ്‍ഗ്രസ് അവരുടെ വോട്ട് ബാങ്കായ മുസ്ലീങ്ങള്‍ക്ക് സംവരണമെല്ലാം തട്ടിയെടുത്ത് നല്‍കുമെന്ന് അറിയിച്ച് വോട്ട് തേടൂവെന്നാണ് മോദി പറയുന്നത്. ആരാണ് ഇവിടെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ആ വാക്കുകളില്‍ തന്നെ വ്യക്തമാണ്. സാംപിത്രോദയയുടെ ഇന്‍ഹരിറ്റന്‍സ് ടാക്‌സ് പരാമര്‍ശവും കോണ്‍ഗ്രസ് പാര്‍ട്ടി നയവുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമായിട്ട് പോലും വ്യാജ പ്രചാരണത്തിന് ആക്കം കൂട്ടാനും കത്തില്‍ മോദി പറയുന്നുണ്ട്. സ്വത്ത് അവര്‍ തട്ടിയെടുക്കുമെന്ന ഭീതി ഉണ്ടാക്കുക, സംവരണം അവര്‍ തട്ടിയെടുത്ത് മുസ്ലീംങ്ങള്‍ക്ക് കൊടുക്കുമെന്ന ഭീതിയുണ്ടാക്കി ഭൂരിപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കണമെന്ന് ഒരു മതനിരപേക്ഷ രാജ്യത്തിരുന്ന് അതിന്റെ പ്രധാനമന്ത്രി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുന്ന തലത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നു.