ടിയര്‍ ഗ്യാസുമായെത്തിയ ഡ്രോണുകള്‍ക്കെതിരെ കര്‍ഷകരുടെ പട്ടങ്ങള്‍; പിന്നോട്ടില്ലെന്ന് ഉറച്ച് ഡല്‍ഹി ചലോ ടാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍

ഹരിയാനയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയരുമ്പോള്‍ ആകാശത്തേക്ക് പട്ടങ്ങള്‍ പറത്തിക്കൊണ്ട് ഡ്രോണുകളെ തടയുകയാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്കെതിരെ ഡ്രോണുകള്‍ ഉപയോഗിച്ച് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ വര്‍ഷിക്കുന്ന പോലീസ് നടപടികള്‍ തുടരുകയാണ്. പ്രതിരോധമായി  പട്ടങ്ങള്‍ പറത്തിക്കൊണ്ട് ഡ്രോണുകളെ തടയുകയാണ് കര്‍ഷകര്‍. കര്‍ഷക സമരം രണ്ടാം ദിവസം പിന്നിടുമ്പോള്‍ ശംഭു, ഖനൗരി അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇതര കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷക മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വ്യാഴാഴ്ച ട്രെയിന്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഏഴിടങ്ങളില്‍ ട്രെയിന്‍ തടയുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചു.  കേന്ദ്ര സര്‍ക്കാരിനെതിരെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പഞ്ചാബിന്റെ അധികാരപരിധിയിലേക്ക് കടന്നുള്ള ഹരിയാന പോലീസിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള കണ്ണീർ വാതകപ്രയോഗത്തിൽ പ്രതിഷേധമറിയിച്ച് പട്യാല ഡപ്യൂട്ടി കമ്മിഷണർ ഷൗക്കത്ത് അഹമ്മദ് അംബാല ഡപ്യൂട്ടി കമ്മിഷണർക്ക് കത്ത് അയച്ചു.നാളെ പഞ്ചാബില്‍ നിന്നുള്ള ട്രെയിനുകള്‍ 12 മണി മുതല്‍ വൈകീട്ട് 4 മണിവരെ തടയുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ജോഗീന്ദര്‍ സിംഗ് ഉഗ്രാഹ്) വിഭാഗം അറിയിച്ചു.

രണ്ടാം കര്‍ഷക പ്രക്ഷോഭത്തിന് കര്‍ഷക നേതാവ് ഗുര്‍നാം സിംഗ് ചദുനി പിന്തുണ പ്രഖ്യാപിച്ചു.

”കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ന്യായമാണ്. കര്‍ഷകരോട് സര്‍ക്കാര്‍ കര്‍ശനമായി ഇടപെടരുത്. അവരെ ശാരിരികമായി കൈകാര്യം ചെയ്യുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കരുത്. ഞങ്ങള്‍ കര്‍ഷകരോടൊപ്പമാണ്. നാളെ ചദുനി ഗ്രാമത്തില്‍ ഞങ്ങളുടെ എല്ലാ സംഘടനാ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും” ചദുനി അറിയിച്ചു.

ഖനൗരിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ ട്രോളികളുടെ നിര അതിര്‍ത്തിയില്‍ നിന്ന് 3.5 കിലോമീറ്ററില്‍ കൂടുതല്‍ നീളത്തില്‍ തുടരുകയാണ്. ശംഭു, ഖനൗരി അതിര്‍ത്തികള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങള്‍/പട്ടണങ്ങള്‍ എന്നിവയില്‍ നിന്ന് കര്‍ഷകര്‍ക്ക് വലിയ തോതില്‍ ലങ്കാര്‍ ഉപയോഗിച്ച് ഭക്ഷണങ്ങളും മറ്റ് സേവനങ്ങളും എത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ കര്‍ഷകരെ തടയുന്നതിനായി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വാട്ടര്‍ കനാല്‍/പൈപ്പ് വഴി വയലുകളിലേക്ക് വെള്ളം തിരിച്ചുവിട്ടാണ് സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.