അയോദ്ധ്യക്കില്ലെന്ന് പറഞ്ഞ ശങ്കരാചാര്യന്മാരും രാഷ്ട്രീയ ഹിന്ദുത്വയുടെ ആഹ്ലാദവും

സനാതന ധര്‍മ്മത്തിന്റെ പ്രചാരകാരായും സംരക്ഷകരായും അവകാശ വാദം ഉന്നയിക്കുന്ന ബിജെപിയും ആര്‍എസ്എസും അയോദ്ധ്യയെ രാഷ്ട്രീയ ഹിന്ദുത്വയുടെ ആഹ്ലാദ കേന്ദ്രമാക്കി മാറ്റുമ്പോള്‍ ജനുവരി 22ലെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ശങ്കരാചാര്യന്മാരെ ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് എന്തുകൊണ്ട്. നാല് ശങ്കരാചാര്യന്മാരില്‍ രണ്ട് പേര്‍ അസന്നിഗ്ധമായി തന്നെ ചടങ്ങിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കൂടി വ്യക്തമാക്കി. ഇനി ക്ഷണിച്ചാലും താന്‍ ആ ചടങ്ങിലേക്കില്ലെന്നാണ് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി വ്യക്തമാക്കിയത്.

ഉത്തരാഖണ്ഡിലെ ശങ്കരാചാര്യന്‍ മാത്രമല്ല പുരിയിലെ ശങ്കരാചാര്യരും ചടങ്ങിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതിന് പുരി ശങ്കരാചാര്യ നല്‍കിയ വിശദീകരണം രാമവിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഹൈന്ദവ പാരമ്പര്യത്തില്‍ നിന്നുണ്ടായ വ്യതിചലനമാണ് ചടങ്ങിലേക്ക് പോകേണ്ടെന്ന തീരുമാനമെടുക്കാന്‍ കാരണമെന്നാണ്. പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞത് ശങ്കരാചാര്യന്‍മാര്‍ അവരുടേതായ മാന്യത ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും ഇത് അഹങ്കാരത്തിന്റെ പ്രശ്നമല്ലെന്നുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യവും ചടങ്ങ് രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ നീരസവുമാണ് സനാതനധര്‍മ്മത്തിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നവരെന്ന സ്ഥാനം കല്‍പ്പിച്ചുനല്‍കപ്പെട്ടവര്‍ ചടങ്ങിന് എതിരാവാന്‍ കാരണം.

പണിപൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ തിരഞ്ഞെടുപ്പ് കണ്ട് പ്രതിഷ്ഠ നടത്തുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയും ഹൈന്ദവാചാരങ്ങളില്‍ വെള്ളം ചേര്‍ത്തുവെന്നതാണ് സന്ന്യാസിവര്യരുടെ പ്രശ്‌നം. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രാമവിഗ്രഹ പ്രതിഷ്ഠ നടത്തുമ്പോള്‍ തങ്ങള്‍ പുറത്തിരുന്ന് കയ്യടിക്കണമോയെന്ന ചോദ്യമാണ് പലകോണില്‍ നിന്നും ഉയര്‍ന്നത്. നാല് ശങ്കരാചാര്യരും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള തങ്ങളുടെ എതിര്‍പ്പ് നേരത്തെ തന്നെ രേഖപ്പെടുത്തിയതാണ്. അപൂര്‍ണ്ണമായ ഒരു ക്ഷേത്രത്തില്‍ ഒരു പ്രതിഷ്ഠ നടത്തുന്നത് ഹിന്ദു ശാസ്ത്രങ്ങള്‍ അനുവദിക്കുന്നില്ലെന്ന് അടിവരയിട്ടു പറഞ്ഞാണ് നാല് ശങ്കരാചാര്യരും ചടങ്ങിനെ എതിര്‍ത്തത്. ജനുവരി 22 ചാന്ദ്ര മാസമായ പുഷ്യയില്‍ വരുന്നതിനാല്‍ ശുഭകാര്യങ്ങള്‍ ഈ സമയത്ത് ചെയ്യരുതെന്നുണ്ട്. ഇത് പോലും ലംഘിച്ചാണ് അശുഭകരമായ സമയത്ത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ചടങ്ങെന്നാണ് സന്ന്യാസിവര്യരുടെ വിമര്‍ശനം.

ഇനി ആരാണ് ഹൈന്ദവ പാരമ്പര്യത്തില്‍ ശങ്കരാചാര്യന്മാരെന്ന് ചോദിച്ചാല്‍ എട്ടാം നൂറ്റാണ്ടില്‍ അദ്വൈത വേദാന്ത പാരമ്പര്യമനുസരിച്ച് ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് വിഭാഗങ്ങളിലെ സമുന്നതരായ സന്യാസ്യവര്യരാണ് ശങ്കരാചാര്യന്മാര്‍. ഹിന്ദുമതത്തെ സംബന്ധിച്ച് ഉന്നത സ്ഥാനത്തുള്ള മഹര്‍ഷിവര്യര്‍. രാജ്യത്തുടനീളം സ്ഥാപിതമായ ഈ സന്യാസ സമൂഹത്തിന്റെ ആസ്ഥാനം നാല് വേദങ്ങളെ അടിസ്ഥാനപ്പെടുത്തി ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഒഡീഷ, കര്‍ണാടക എന്നിവടങ്ങളിലെ മഠങ്ങളിലും മഠാധിപതികളിലുമാണ്. ഈ നാല് മഠങ്ങളില്‍ ഓരോന്നും നാല് വേദങ്ങളില്‍ ഒന്നിനെ സംരക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ ഓരോന്നും വേദങ്ങളെ വ്യാഖ്യാനിക്കുന്നതിന്റെ അവസാന വാക്കായി കരുതപ്പെടുന്നു.

ഈ നാല് മഠങ്ങളില്‍ രണ്ട് മഠാധിപതികളാണ് അയോധ്യയിലെ ചടങ്ങിനില്ലെന്ന് നിസംശയം പറഞ്ഞത്. പുരി ശങ്കരാചാര്യര്‍ പറഞ്ഞത് പ്രധാനമന്ത്രി ശ്രീകോവിലിലിരുന്ന് വിഗ്രഹത്തില്‍ തൊടും, ഇതിന് ഒരു രാഷ്ട്രീയ വീക്ഷണമാണ് നല്‍കുന്നത്. ഞാന്‍ ഇതിനെ എതിര്‍ക്കുകയുമില്ല പങ്കെടുക്കുകയും ഇല്ല. തന്നെ ക്ഷണിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞത് ഉത്തരാഖണ്ഡിലെ ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയാണ്. കര്‍ണാടകയിലെ ശൃംഗേരി മഠത്തിലേയും ഗുജറാത്തിലെ ദ്വാരകയിലെ ശാരദ പീഠത്തിലേയും ശങ്കരാചാര്യന്മാര്‍ ചടങ്ങിനെത്തില്ലെന്ന മട്ടിലാണ് സംസാരിച്ചതെങ്കിലും അവസാനതീരുമാനം അറിയിച്ചിട്ടില്ല.

പ്രതിപക്ഷം ബിജെപിയ്‌ക്കെതിരെ ആരോപിക്കുന്ന രാമനെ വെച്ചുള്ള രാഷ്ട്രീയ മുതലെടുപ്പ് സാധൂകരിക്കുന്നതാണ് ശങ്കരാചാര്യന്മാരെ പോലെ സനാതനധര്‍മ്മത്തിന്റെ തലപ്പത്തുള്ളവരുടെ വിട്ടുനില്‍പ്. രാഷ്ട്രീയമായി അയോധ്യയേയും രാമമന്ദിരത്തേയും ഉപയോഗിക്കുന്ന സംഘപരിവാരത്തിന് തിരിച്ചടിയായിരുന്നു ഈ സ്വാമിമാരുടെ നിലപാട്. സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറയുന്നത് ‘രാഷ്ട്രീയ ഹിന്ദുക്കള്‍’ മാത്രമാണ് അയോധ്യയിലെ സമര്‍പ്പണത്തില്‍ സന്തുഷ്ടരെന്നും, ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരല്ലെന്നുമാണ്. അതായത് തങ്ങള്‍ക്ക് വേണ്ട രീതിയില്‍ മതത്തേയും മതാചാരങ്ങളേയും വളച്ചൊടിക്കാന്‍ മടിയില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് മതേതര ഇന്ത്യയിലുള്ളവര്‍ക്ക് മനസിലായത് പോലെ സനാതനധര്‍മ്മം പറയുന്നവര്‍ക്കും മനസിലായി തുടങ്ങിയിട്ടുണ്ടെന്ന്.

Latest Stories

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം