കോണ്‍ഗ്രസിനെ വെട്ടിലാക്കി ബിജെപിക്ക് ആയുധം കൊടുത്തത് സ്വന്തം എംഎല്‍എ

കര്‍ണാടകയില്‍ പ്രബലമായ ലിംഗായത്ത് – വൊക്കലിംഗ സമുദായങ്ങളെ ഒരിക്കല്‍ കൂടി രാഷ്ട്രീയമായി പോരടിപ്പിക്കാന്‍ ഉറച്ച് ‘ലിംഗായത്ത്’ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കന്നഡ മണ്ണില്‍ ഉയരുകയാണ്. സംസ്ഥാനത്ത് ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉയര്‍ത്തി വിഷയം ചര്‍ച്ചയിലെത്തിച്ചത് ഭരണപക്ഷമായ കോണ്‍ഗ്രസിന്റെ എംഎല്‍എ തന്നെയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഖിലേന്ത്യ വീരശൈവ മഹാസഭ പ്രസിഡന്റുമായ ശാമന്നൂര്‍ ശിവശങ്കരപ്പയുടെ സംസ്ഥാനത്ത് ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന പരാമര്‍ശം വല്ലാത്തൊരു അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തേയും സര്‍ക്കാരിനേയും. വീണുകിട്ടിയ വടിയെടുത്ത് ബിഎസ് യെദ്യൂരപ്പയും ബിജെപിയും സാമൂദായിക ധ്രൂവീകരണം ലക്ഷ്യമിട്ടു വിഷയം ഏറ്റുപിടിച്ചുകഴിഞ്ഞു.

കാവേരി പ്രശ്‌നത്തില്‍ ബന്ദും പ്രതിഷേധവുമായെല്ലാം സംസ്ഥാനത്ത് പ്രക്ഷുബ്ധ സാഹചര്യം നിലനില്‍ക്കുന്നതിനിടയില്‍ സ്വന്തം സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്തുന്നത് പോലെയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ ലിംഗായത്ത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള വാദം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെ വിഷമസന്ധിയിലാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയം കത്തിക്കാനുള്ള ഒരുക്കത്തിലാണ്. ശാമന്നൂര്‍ ശിലശങ്കരപ്പയുടെ ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ലിംഗായത്ത് സമുദായക്കാരനായ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്ക്ക് നന്നായി സുഖിച്ചു. ബിജെപിയുടെ ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് അംഗമായ യെദ്യൂരപ്പ സ്വാഗതം ചെയ്തു. ശിവശങ്കരപ്പയുടെ ആവശ്യം സംസ്ഥാനത്ത് 17% വരുന്ന ലിംഗായത്തുകളുടെ ഒന്നാകെയുള്ള ആവശ്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണത്തില്‍ ലിംഗായത്തുകള്‍ ആകെ കഷ്ടപ്പാടിലാണെന്നും അന്തരിച്ച മുഖ്യമന്ത്രിമാരായ നിജലിംഗപ്പയുടെയും ജെഎച്ച് പട്ടേലിന്റെയും കാലത്താണ് സംസ്ഥാനത്തിനും സമുദായത്തിനും നേട്ടങ്ങളുണ്ടായതെന്നും ശിവശങ്കരപ്പ പറഞ്ഞു. നിജലിംഗപ്പ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ജെ എച്ച് പട്ടേല്‍ ജനതാദള്‍ മുഖ്യമന്ത്രിയുമായിരുന്നു. 92 വയസുകാരനായ ശാമന്നൂര്‍ ശിവശങ്കരപ്പ വീരശൈവ മഹാസഭ പ്രോഗ്രാമില്‍ ചെന്ന് സാമുദായിക ധ്രൂവീകരണത്തിന് തീ കൊളുത്തിയത് രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് തയ്യാറെടുക്കുമ്പോഴാണെന്നും ഓര്‍ക്കണം.

പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ കൂടുതല്‍ ആവശ്യങ്ങളുമായി മറ്റ് ലിംഗായത്തുകാരും ഉയര്‍ത്തെഴുന്നേറ്റു. മന്ത്രി കെ രാജണ്ണ മൂന്ന് ലിംഗായത്ത് ഉപമുഖ്യമന്ത്രിമാര്‍ പോലും വേണമെന്ന ആവശ്യവും ഉന്നയിച്ചു. കോണ്‍ഗ്രസിനുള്ളില്‍ 7 ലിംഗായത്ത് മന്ത്രിമാര്‍ കര്‍ണാടക സര്‍ക്കാരില്‍ ഉണ്ടെന്നിരിക്കെയാണ് സംസ്ഥാനത്തെ 17 ശതമാനം വരുന്ന വിഭാഗം വീണ്ടും ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കര്‍ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ കുറുബ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്. സംസ്ഥാനത്തെ മറ്റ് ഒബിസി വിഭാഗങ്ങളില്‍പ്പെടുന്ന സമുദായമാണ് കുറുബ. കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ ആകട്ടെ വൊക്കലിംഗ സമുദായക്കാരനാണ്. രാഷ്ട്രീയത്തില്‍ എല്ലാക്കാലവും കര്‍ണാടകയില്‍ മേല്‍ക്കൈ നേടിയിരുന്ന സമുദായം ലിംഗായത്ത് സമുദായം തന്നെയാണ്. ജനസംഖ്യയില്‍ 17 ശതമാനമാണ് കര്‍ണാടകയില്‍ ലിംഗായത്ത് സമുദായം. വൊക്കലിംഗ സമുദായം 11 ശതമാനവും ഇതിനെല്ലാം മേലെ ജാതി സെന്‍സസില്‍ കര്‍ണാടകയില്‍ 19.5 ശതമാനം ദളിതരാണ്. എന്നാല്‍ ഒറ്റൊരു ദളിത് മുഖ്യമന്ത്രി കര്‍ണാടകയില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. 3 ശതമാനം മാത്രമുള്ള ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്ന് വരെ നാല് മുഖ്യമന്ത്രിമാര്‍ കന്നഡ നാട്ടിലുണ്ടായിട്ടുണ്ട്.

കര്‍ണാടകയിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതില്‍ ലിംഗായത്ത് – വൊക്കലിംഗ സമുദായങ്ങള്‍ നിര്‍ണായക ഇടപെടല്‍ എല്ലാക്കാലവും നടത്തിയുട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ വന്ന 24 മുഖ്യമന്ത്രിമാരില്‍ 16 പേരും ഈ രണ്ട് സമുദായക്കാരില്‍ നിന്നായിരുന്നു. സിദ്ധരാമയ്യ ഇക്കുറി മുഖ്യമന്ത്രിയായതോടെ സംസ്ഥാനത്തിന്റെ ഭരണം ലിംഗായത്ത്-വൊക്കലിഗ ഇതര ഒബിസി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായതിന്റെ അമര്‍ഷം ചിലയിടങ്ങളിലെങ്കിലും പ്രബല വിഭാഗങ്ങള്‍ക്കിടയില്‍ പ്രകടമാണ്.ഈ സാഹചര്യത്തിലാണ് ലിംഗായത്തുകള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ശാമന്നൂര്‍ ശിവശങ്കരപ്പയുടെ ആഹ്വാനം. സമുദായത്തിലെ ഉദ്യോഗസ്ഥര്‍ക്കു പോലും നല്ല പോസ്റ്റുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് പോലും ഈ കോണ്‍ഗ്രസുകാരന്‍ തലമുതിര്‍ന്ന എംഎല്‍എ പറഞ്ഞുവെച്ചു.

ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതൊരു സെക്കുലര്‍ ഗവണ്‍മെന്റാണെന്ന് തിരിച്ചടിച്ചു. നിലവില്‍ 7 ലിംഗായത്ത് മന്ത്രിമാരാണുള്ളതെന്നും കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ ഉള്ളതെന്നും ഒരു സമുദായത്തോടും അനീതി പ്രവര്‍ത്തിക്കില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചപ്പോള്‍ സിദ്ധരാമയ്യയ്ക്കായി ഉമമുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറും രംഗത്തുവന്നു. വര്‍ഗീയ, സാമുദായിക ഭിന്നത കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്ന് ഡി കെ ശിവകുമാര്‍ തുറന്നടിച്ചു. സാമുദായിക നേതാവായ ശാമന്നൂരിനു മേല്‍ അത്തരമൊരു സമ്മര്‍ദമുണ്ടെങ്കില്‍, മുഖ്യമന്ത്രിയോടു നേരില്‍ സംസാരിക്കുകയാണു വേണ്ടതെന്ന് കൂടി പറഞ്ഞ് ശിവശങ്കരപ്പയ്ക്ക് താക്കീത് നല്‍കി.

സംസ്ഥാനത്ത് 224 നിയമസഭ മണ്ഡലങ്ങളില്‍ 135ലും ജയിച്ച് സംസ്ഥാന ഭരണം പിടിച്ച കോണ്‍ഗ്രസ് 46 ഇടങ്ങളില്‍ ലിംഗായത്തുകാരെ തന്നെയാണ് നിര്‍ത്തിയത്. ഇതില്‍ 37 പേര്‍ എംഎല്‍എമാരായി ജയിച്ചെത്തി. ബിജെപി 69 ലിംഗായത്തുകാരെ തിരഞ്ഞെടുപ്പിന് ഇറക്കിയെങ്കിലും 15 പേര് മാത്രമാണ് വിജയിച്ചത്.

ശിവശങ്കരപ്പയുടെ വാക്കുകള്‍ ഏറ്റുപിടിച്ച് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തുന്നതിന് പിന്നില്‍ ഈ കണക്കിനും പങ്കുണ്ട്. ഒരു കാലത്ത് യെഡ്ഡിയുടെ ബെല്‍റ്റായിരുന്നു ലിംഗായത്ത് വോട്ട് ബാങ്ക്. ഇതില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുത്തനെ ഇടിവുണ്ടായത് യെദ്യൂരപ്പയേയും ബിജെപിയേയും ഞെട്ടിച്ചിരുന്നു. ലിംഗായത്ത് സമുദായത്തെ വീണ്ടും തങ്ങളുടെ കീഴില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കിട്ടിയ അവസരമായാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശത്തെ ബിജെപിയും യെദ്യൂരപ്പയും കാണുന്നത്.

ലിംഗായത്തിനെ പിണക്കാതെ ഹിന്ദുത്വ ചിന്താഗതിയുള്ള മുഖ്യമന്ത്രി, ബ്രാഹ്‌മണ- ദളിത് മുഖ്യമന്ത്രി എന്നൊക്കെ ചിന്തകള്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തിയിരുന്നു. ജാതി- സമുദായത്തിലൂന്നിയാണ് കര്‍ണാടകയില്‍ ചര്‍ച്ചകളെല്ലാം നടന്നത്. 40 ശതമാനത്തിനടത്ത് മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമാണ് ലിംഗായത്ത് സമുദായമെന്നത് കൊണ്ടാണ് യെഡ്ഡിയെ പിണക്കാതെ കഴിഞ്ഞകുറി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ പോലും യെഡ്ഡി പറഞ്ഞ തന്റെ വിശ്വസ്തന്‍ ബസവരാജ് ബൊമ്മായെ ബിജെപി മുഖ്യമന്ത്രിയാക്കിയത് പോലും.

എപ്പൊഴും തങ്ങളുടെ കയ്യിലിരിക്കുന്ന ഭരണ ചക്രം മറ്റൊരു പിന്നോക്കക്കാരനായ കുറുബ വിഭാഗക്കാരനായ സിദ്ധരാമയ്യയുടെ കയ്യിലിരിക്കുന്നതിന്റെ അസ്വസ്ഥതയാണ് പ്രമാണിമാരായ ചില ലിംഗായത്തുകാരുടെ പ്രശ്‌നം. അതാണ് തന്റെ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പോലും മടിക്കാത്ത സാമുദായിക വിഴുപ്പലക്കല്‍ കോണ്‍ഗ്രസ് എംഎല്‍എ ശിവശങ്കരപ്പയില്‍ നിന്നുണ്ടായത്. തങ്ങളാണ് പ്രബലമെന്ന് പറഞ്ഞു സര്‍ക്കാരിലും ഉദ്യോഗസ്ഥവൃന്തത്തിലും തങ്ങളുടെ ആളുകള്‍ തന്നെ വേണമെന്ന് ശഠിക്കുന്ന ചില ലിംഗായത്തുകാര്‍ സംസ്ഥാനത്തെ ഭൂരിപക്ഷമായ ദളിതര്‍ക്ക് നേരെ കണ്ണടയ്ക്കും. ആ പ്രബല വിഭാഗത്തിലെ വോട്ട് കോണ്‍ഗ്രസിലേക്ക് ഒഴുകിയതിന്റെ അടിയൊഴുക്ക് തിരിച്ചറിയാനാവാതെ ഉഴറുകയാണ് യെഡ്ഡിയും ബിജെപിയും ഇപ്പോഴും. സിദ്ദരാമയ്യയുടെ ഭൂരിപക്ഷ സര്‍ക്കാരിനെതിരെ ഇക്കുറി താമരതന്ത്രം വിലപ്പോവില്ലെന്ന് കണ്ടതോടെ സാമുദായിക ധ്രൂവീകരണമെന്ന എക്കാലത്തേയും ബിജെപി ആയുധം പൊടിതുടച്ചെടുക്കുകയാണ് യെഡ്ഡിയും കൂട്ടരും. അതിന് ഒരു കോണ്‍ഗ്രസുകാരന്‍ തന്നെ അവസരമൊരുക്കി എന്നതാണ് വിരോധാഭാസം. ജാതി- മത- സാമുദായിക രാഷ്ട്രീയത്തിനപ്പുറമുള്ള ഇന്ത്യക്ക് മുന്നില്‍ കര്‍ണാടക കുത്തിയ മാറ്റത്തിന്റെ വോട്ടും ആ രാഷ്ട്രീയവും ബിജെപിക്ക് ഇനിയും മനസ്സിലായിട്ടില്ല.

Latest Stories

"ലിവർപൂളിന് കിരീടം നേടാനുള്ള സാധ്യത ഉണ്ട്, പക്ഷെ ഇത് പ്രീമിയർ ലീഗ് ആണ്, എന്തും സംഭവിക്കാം"; റൂഡ് വാൻ നിസ്റ്റൽറൂയുടെ വാക്കുകൾ വൈറൽ

അനന്തരം അവർ പറഞ്ഞു 'സ്വർണം തേടി നാം നഷ്ടപ്പെടുത്തിയത് വജ്രം'; മോദി യുഗത്തിൽ തിളങ്ങിയ മൻമോഹൻ

സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിക്കാന്‍ ടി. ആന്റോ ജോര്‍ജ്; ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമനം

ഇന്ത്യന്‍ ടീമില്‍ കലാപം സൃഷ്ടിക്കാന്‍ ഓസീസ് ശ്രമം, രാഹുലിനെ ചൊറിഞ്ഞ് ലിയോണ്‍; സംഭവം ഇങ്ങനെ

BGT 2024: അതുവരെ എല്ലാം ഒകെ ആയിരുന്നു, കോഹ്‌ലി പുറത്താകാൻ കാരണം ആ സംഭവം; ആരാധകർ നിരാശയിൽ

കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നു; കൃത്യമായ വിപണി ഇടപെടല്‍ നടത്തുന്നു; സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

'ജാഗ്രതൈ'; ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി കനത്ത പിഴയും, ശിക്ഷയും

"എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആ കിരീടം, അത് നേടണം"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

'അവന്‍ ടീമിന് ഭാരം, നിലവില്‍ ഒരു പ്രയോജനവുമില്ല'; ഓസീസ് താരങ്ങള്‍ പോലും പരിതാപത്തോടെ നോക്കി കാണുന്ന ഇന്ത്യന്‍ താരം

ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ