സിദ്ധരാമയ്യ ലോബിയും ഡികെയും: വലിച്ചു താഴെയിടാന്‍ കൊമ്പുകോര്‍ക്കുന്നുവോ?

കര്‍ണാടകയില്‍ പൊതുതിരഞ്ഞെടുപ്പ് അടുക്കുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ നേതാക്കളുടെ അധികാര തര്‍ക്കത്തിനാണ് മുന്‍തൂക്കമെന്ന് വ്യക്തമാക്കുകയാണ് ചില ഡിന്നര്‍ മീറ്റിംഗുകള്‍. സംസ്ഥാനത്തെ സിദ്ധരാമയ്യ ലോബിയിലെ ചില മന്ത്രിമാര്‍ കഴിഞ്ഞ ഒക്ടോബറിന് ശേഷം ജനുവരി നാലിന് വീണ്ടുമൊരു മന്ത്രിയുടെ വീട്ടില്‍ യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് പൊതുതിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് നേടാനാകുമെന്ന് ആലോചിക്കാനല്ല. പാര്‍ട്ടിയില്‍ പടര്‍ന്ന് പന്തലിക്കുന്ന ഡികെ ശിവകുമാറിന്റെ കൈകളുടെ മുറുക്കം കുറയ്ക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് മന്ത്രിമാര്‍ നാലിന് മുതിര്‍ന്ന നേതാവ് സതീഷ് ജാര്‍കിഹോളിയുടെ വീട്ടില്‍ ഡിന്നര്‍ മീറ്റിംഗിന് എത്തിയത്.

സിദ്ദരാമയ്യയുടെ പക്ഷക്കാരായ ഈ മന്ത്രിമാര്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനവും കയ്യാളുന്നതില്‍ അതൃപ്തിയുള്ളവരാണ്. അധികാരം ഡികെയ്ക്ക് ചുറ്റുമാകുമെന്ന് ആകുലപ്പെടുന്നവര്‍. 2023ലെ കോണ്‍ഗ്രസ് ജയത്തിന് പിന്നില്‍ ഡികെ ശിവകുമാറിന്റെ പങ്ക് ചെറുതല്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനടക്കം ഏവര്‍ക്കും അറിയാം. അന്ന് 224 സീറ്റില്‍ 136 എണ്ണം പിടിച്ച് വന്‍വിജയം നേടിയ കോണ്‍ഗ്രസില്‍ ജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേരയെ ചൊല്ലി തര്‍ക്കവും അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ടാണ് വിഷയം ഒത്തുതീര്‍പ്പാക്കിയത്. അന്ന് സിദ്ദരാമയ്യയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഡികെയ്ക്ക് മുന്നില്‍ രണ്ടര വര്‍ഷത്തെ ഉപാധി ഹൈക്കമാന്‍ഡ് വെച്ചിരുന്നുവെന്നൊരു സൂചന ഉണ്ടായിരുന്നു. ആദ്യ രണ്ടര കൊല്ലം സിദ്ദരാമയ്യയും പിന്നത്തെ പകുതിയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഡികെയും. എന്തായാലും 2025ല്‍ അങ്ങനെയൊരു സാധ്യത കര്‍ണാടക കോണ്‍ഗ്രസിന് മുന്നിലുണ്ടെന്നാണ് പൊതുവേയുള്ള സംസാരം.

ആ ഒരു സാഹചര്യത്തില്‍ നിലവിലെ ഡികെ എന്ന അതികായനെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാന്‍ ഡികെയ്ക്ക് ഒപ്പം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ നേതാക്കളെ കൊണ്ടുവരാനുള്ള ശ്രമമാണ് ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നത്. കൂടുതല്‍ ഉപമുഖ്യമന്ത്രിമാരെ കൊണ്ടുവന്നാല്‍ സ്വാഭാവികമായും ഡികെയുടെ പവര്‍ കുറയുമെന്ന് ഇവര്‍ കരുതുന്നു. ഡികെ ശിവകുമാറാകട്ടെ കൂടുതല്‍ ഡെപ്യൂട്ടിമാര്‍ വേണ്ടെന്ന നിലപാടുകാരനും.

എന്തായാലും പൊതുമരാമത്ത് മന്ത്രി ജാര്‍കിഹോളി ആതിഥേയത്വം വഹിച്ച ജനുവരി നാലിലെ ഡിന്നര്‍ മീറ്റിംഗിന് പല മുതിര്‍ന്ന നേതാക്കളുമെത്തി. നേരത്തെ 2023 ഒക്ടോബറില്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ വലം കൈ എന്നറിയപ്പെടുന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ വീട്ടിലായിരുന്നു യോഗം ചേര്‍ന്നത്. അന്നത്തെ യോഗത്തിലും സിദ്ദരാമയ്യ പങ്കെടുത്തിരുന്നില്ല. എന്നാല്‍ സാമൂഹ്യക്ഷേമ മന്ത്രി എച്ച് സി മഹാദേവപ്പയും ഭക്ഷ്യമന്ത്രി കെ എച്ച് മുനിയപ്പയും സഹകരണ മന്ത്രി കെഎന്‍ രാജണ്ണയും സതീഷ് ജാര്‍കിഹോളിയുമെല്ലാം ആ മീറ്റിംഗിലും പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ജാര്‍കിഹോളിയുടെ വീട്ടില്‍ രണ്ടാം മീറ്റിംഗ് ഒരുക്കിയത്.

2019-ലെ ശിവകുമാറിനെതിരായ അഴിമതി കേസിലെ പുതിയ സംഭവവികാസങ്ങള്‍ക്കിടയിലാണ് ഈ യോഗം ചേര്‍ന്നത് എന്നതും ശ്രദ്ധേയമാണ്. ഉപമുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള കേന്ദ്ര ഏജന്‍സിയുടെ അനുമതി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിബിഐ അപ്പീല്‍ പോയ സാഹചര്യത്തിലാണ് ശിവകുമാറിനെ ഒതുക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നിരിക്കുന്നത്.

പ്രധാനമായും എസ് സി – എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും. രഹസ്യ സ്വഭാവമുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളുടെ മുന്നില്‍ പെട്ടുപോയ മന്ത്രിമാരില്‍ ചിലര്‍ പറഞ്ഞത് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും കൂടുതല്‍ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെ കുറിച്ചുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നാണ്. സഹകരണ മന്ത്രി രാജണ്ണ പറഞ്ഞത് ബിജെപി ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം കൂടുതല്‍ ഉപമുഖ്യമന്ത്രിമാരെ നിയമിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്നും അതുപോലെ വിവിധ സമുദായങ്ങളില്‍ നിന്ന് കോണ്‍ഗ്രസും ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നുമാണ്. എന്തായാലും ദളിത് വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടതെന്ന് മന്ത്രിമാര്‍ പറയുമ്പോഴും പാര്‍ട്ടിക്കുള്ളിലെ അധികാര വടംവലിയാണ് ഒരുവിഭാഗത്തിന്റെ രഹസ്യ യോഗങ്ങളിലൂടെ മറനീക്കി പുറത്തുവരുന്നത്.

എന്തായാലും മന്ത്രിമാരുടെ ഈ രണ്ട് ഡിന്നര്‍ മീറ്റിംഗിലും ക്ഷണമില്ലാതിരുന്ന ഡെപ്യൂട്ടി സിഎം ഡികെ ശിവകുമാര്‍ സംഭവത്തെ കുറിച്ച് പരസ്യപ്രതികരണത്തിന് തയ്യാറായില്ല. കൂടുതല്‍ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് എല്ലാം ഹൈക്കമാന്‍ഡ് പറയുമെന്നായിരുന്നു ഡികെയുടെ മറുപടി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടി ഒന്നിച്ച് തങ്ങളെല്ലാവരും പ്രവര്‍ത്തിക്കേണ്ടതാണെന്ന് കൂടി ശിവകുമാര്‍ പറഞ്ഞു. 2025ല്‍ രണ്ടര കൊല്ലത്തിന് ശേഷം ഡികെ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യം രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ട്. അതിനേ കുറിച്ചും പാര്‍ട്ടിക്കുള്ളില്‍ ഡികെയ്‌ക്കെതിരെ ഒരു വിഭാഗം നടത്തുന്ന വീഴ്ത്തല്‍ ശ്രമത്തേ കുറിച്ചും ഡികെ ശിവകുമാറെന്ന കോണ്‍ഗ്രസിനെ അടുത്തിടെ പല തിരഞ്ഞെടുപ്പുകള്‍ വിജയിപ്പിച്ച ചാണക്യന് ബോധ്യമുണ്ട്. അതിനാല്‍ തന്നെ ജനമനസുകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ച് നിര്‍ത്തി പാര്‍ട്ടിയ്ക്കുള്ളിലെ സമ്മര്‍ദ്ദ തന്ത്രത്തെ തിരിച്ചടിപ്പിക്കാനാണ് ഡികെയുടെ ശ്രമം. ജനതാ ദര്‍ശന്‍ എന്ന് വിളിപ്പേരില്‍ ബംഗലൂരുവില്‍ ജനങ്ങളെ കാണുന്ന പരിപാടി കഴിഞ്ഞ ആഴ്ചകളില്‍ എണ്ണത്തില്‍ കൂട്ടിയിരിക്കുകയാണ് ഡികെ. വിഭാഗീയ പ്രവര്‍ത്തനങ്ങളും ലോബീയിംഗും കര്‍ണാടകയില്‍ തളയ്ക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിച്ചില്ലെങ്കില്‍ ലോക്‌സഭയില്‍ ഉറപ്പായ സീറ്റുകള്‍ കൂടി കളഞ്ഞുകുളിക്കുന്നത് നോക്കി നില്‍ക്കേണ്ടി വരും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍