യോഗിയുടെ കാലത്ത് 183 ഏറ്റുമുട്ടല്‍ കൊല, സമഗ്ര റിപ്പോര്‍ട്ട് തേടി പരമോന്നത കോടതി

ഉത്തര്‍പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ബിജെപി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നടന്ന 183 ഏറ്റുമുട്ടല്‍ കൊലകളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. 2017 മുതല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ 183 ആണെങ്കില്‍ 10,900 പൊലീസ് എന്‍കൗണ്ടറുകള്‍ നടന്നിട്ടുള്ളതായും യുപി പൊലീസ് രേഖകളില്‍ ഉണ്ട്. അതില്‍ 183 പേരെ തങ്ങള്‍ വെടിവെച്ചു കൊന്നുവെന്ന് യോഗി സര്‍ക്കാരിന്റെ ഉത്തര്‍പ്രദേശ് പൊലീസ് കോടതിക്ക് മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. ഈ എന്‍കൗണ്ടറുകളിലൂടെ കുറ്റവാളികളെന്ന് കരുതുന്ന 23,300 പേരെ പിടികൂടിയെന്നും ഇതില്‍ 5046 പേര്‍ക്ക് പരുക്കേറ്റുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

ആറ് വര്‍ഷത്തെ യോഗി സര്‍ക്കാരിന്റെ കാലത്താണ് ഈ ഏറ്റുമുട്ടലുകളും ഏറ്റുമുട്ടല്‍ കൊലകളും നടന്നിരിക്കുന്നത്. ഇതില്‍ ഗ്യാങ്‌സ്റ്ററായിരുന്ന പിന്നീട് രാഷ്ട്രീയക്കാരനും എംപിയുമായ അതിഖ് അഹമ്മദിന്റെ മകന്റെയും സഹായിയുടേയും എന്‍കൗണ്ടര്‍ കൊലയും ഉള്‍പ്പെട്ടിട്ടുണ്ട്.

അതിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഡ്വ.വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് 2017 മുതല്‍ യുപിയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതും കോടതി സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് ചോദിച്ചതും. കൊല്ലപ്പെട്ട 183 ല്‍ 96 പേര്‍ കൊലപാതക കേസുകളില്‍ കുറ്റാരോപിതരും 2 പേര്‍ കൂട്ടബലാല്‍സംഗ – പോക്‌സോ കേസ് പ്രതികളുമാണ്.

ഇത്രയധികം പൊലീസ് എന്‍കൗണ്ടറുകള്‍ ചുരുങ്ങിയ കാലത്ത് നടന്നതിനാല്‍ അതിന്റെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് കോടതി. സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പാലിക്കുന്നുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിക്കുകയും ചെയ്തു.

ഇതുവരേയും യോഗി സര്‍ക്കാരിന്റെ പൊലീസിന്റെ ഈ എന്‍കൗണ്ടര്‍ കൊലകള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നതും ചെറിയ കാര്യമല്ല.

കോടതിക്ക് മുന്നിലേക്ക് പ്രതികളെ എത്തിക്കാതെ, വിചാരണയില്ലാതെ, പ്രതിക്ക് സ്വന്തം ഭാഗം പറയാന്‍ അവസരമില്ലാതെ പൊലീസ് തന്നെ ശിക്ഷാവിധി നടപ്പാക്കുന്ന രീതിയാണ് പൊലീസിന്റെ എന്‍കൗണ്ടര്‍ കൊല. ഒറ്റ വാചകത്തില്‍ പറയുന്നത്ര നിസ്സാരമല്ല ഏറ്റുമുട്ടല്‍ കൊലകള്‍. വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ രാജ്യത്ത് ഒത്തിരി വിമര്‍ശനം നേരിട്ട ഒരു മുഖ്യമന്ത്രിയുടെ പിന്‍തലമുറ നേതാവാണ് യോഗി ആദിത്യനാഥെന്നത് ഇതിനോട് കൂട്ടിവായിക്കാതെ തരമില്ല. ആ മുഖ്യമന്ത്രിയുടെ പേര് നരേന്ദ്ര മോദിയെന്നായിരുന്നു, ഗുജറാത്ത് ഭരിച്ച നരേന്ദ്ര മോദിയുടെ പൊലീസ് വെടിവെച്ചു കൊന്ന ഇശ്‌റത്ത് ജഹാനേയും മലയാളിയാ പ്രാണേഷ് കുമാര്‍ എന്ന ജാവീദ് ശൈഖിനേയും ഇന്ത്യ മറന്നിട്ടില്ല. ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല ഇന്നും ഗുജറാത്തിലെ ഒട്ടനവധി ഭരണകൂട കുറ്റകൃത്യങ്ങളുടെ താളില്‍ മറഞ്ഞിരിപ്പുണ്ട്.

ആ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ്, ഒരു കൂട്ടം സംഘപ്രവര്‍ത്തകര്‍ മോദിയുടെ പിന്‍ഗാമിയായി യോഗി ആദിത്യനാഥിനെ കാണുന്ന കാലത്താണ് ഏറ്റുമുട്ടല്‍ കൊലകളിലെ അസ്വാഭാവികത സുപ്രീം കോടതി സംശയമായി ഉന്നയിക്കുന്നത്.

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നെല്ലാമാണ് രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാന ആശയങ്ങളില്‍ ഒന്ന്. ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന് പറയുന്നത് ഭരണകൂടം തങ്ങളുടെ അധികാര സംവിധാനങ്ങളുപയോഗിച്ച് കോടതിക്ക് മുന്നിലേക്ക് ഒരു സംഭവമെത്താതെ തീര്‍പ്പ് കല്പിക്കുന്ന രീതിയാണ്. ചില എന്‍കൗണ്ടറുകള്‍ പൊലീസിന് ആ സാഹചര്യത്തിലെ ആവശ്യകതയനുസരിച്ച് ചെയ്യാവുന്നതാണ്. അതിന് കൃത്യമായ വ്യവസ്ഥകളും ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉണ്ട്.

സ്വയം പ്രതിരോധത്തിനോ എതിര്‍ ഭാഗത്തുള്ളവര്‍ വെടിവെയ്ക്കുകയോ ആക്രമിക്കുകയോ ചെയ്താല്‍ തിരിച്ചടിയ്ക്കാന്‍ പൊലീസിന് വെടിവയ്ക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 96 മുതല്‍ 106 വരെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് ഏറ്റുമുട്ടലിലുണ്ടാകുന്ന മരണങ്ങളില്‍ ചിലത് ഇന്ത്യയില്‍ കുറ്റമായി കണക്കാക്കാത്ത സാഹചര്യങ്ങളുണ്ട്.

എന്നാല്‍ പലപ്പോഴും ഏറ്റുമുട്ടല്‍ കൊലകളിലെ നിയമ സാധുത കോടതിയിലടക്കം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആദ്യ പൊലീസ് എന്‍കൗണ്ടര്‍ കൊലയായി അറിയപ്പെടുന്നത് നക്‌സല്‍ വര്‍ഗീസിന്റെ കൊലയാണ്. 1970ല്‍ പൊലീസ് വെടിവെച്ചു കൊന്ന വര്‍ഗീസിന്റേത് ഒരു എന്‍കൗണ്ടര്‍ കൊലയായിരുന്നില്ലെന്നും പിടിച്ചതിന് ശേഷം പൊലീസ് വ്യാജ ഏറ്റുമുട്ടലിന്റെ മറവില്‍ വര്‍ഗീസിനെ കൊന്നതാണെന്നും പില്‍ക്കാലത്ത് ലോകം അറിഞ്ഞു. വര്‍ഗീസ് കൊല്ലപ്പെട്ട് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ ഏറ്റുമുട്ടല്‍ കൊലയുടെ ഉത്തരവാദിയായ അന്നത്തെ ഐജിപിയായിരുന്ന ലക്ഷമണയെ കോടതി കുറ്റക്കാരനായി കണ്ട് ശിക്ഷ വിധിച്ചത്.

അതുപോലെ എത്ര പൊലീസ് ഏറ്റുമുട്ടല്‍ കൊലകളാണ് നിരപരാധികളുടെ ജീവനെടുത്തത്. ഉത്തര്‍പ്രദേശില്‍ തന്നെ കഴിഞ്ഞ ഏപ്രിലില്‍ ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 31 വര്‍ഷത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥനെ കോടതി ശിക്ഷിച്ചിരുന്നു. 1992 ജൂലൈ 23നാണ് താന കോട്‌വാലിയിലെ എസ്‌ഐയായിരുന്ന യുധിഷ്ഠര്‍ സിങ് സ്വയരക്ഷയ്ക്ക് എന്ന പേരില്‍ ബിരുദ വിദ്യാര്‍ത്ഥിയായ മുകേഷ് ജോഹ്‌റിയെന്ന 21കാരനെ വെടിവച്ചുകൊന്നത്.

തന്റെ മകനെ കൊന്ന പൊലീസുകാരനെതിരെ ഒരമ്മ നടത്തിയ പോരാട്ടമാണ് സുപ്രീം കോടതി ഇടപെടലിലൂടെ വിജയം കണ്ടത്. ജീവപര്യന്തം തടവാണ് 31 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ പൊലീസുകാരന് കോടതി നല്‍കിയത്. ഇത്തരത്തില്‍ പൊലീസുകാരും ഭരണസംവിധാനവും നിയമവിരുദ്ധമായി തുനിഞ്ഞിറങ്ങിയാല്‍ ഒടുങ്ങാവുന്നതേയുള്ള സാധാരണക്കാരുടെയടക്കം ജീവിതമെന്നിരിക്കെയാണ് ഏറ്റുമുട്ടല്‍ കൊലകളോട് കോടതി കര്‍ശന നിലപാട് സ്വീകരിക്കുന്നത്.

യുപിയിലെ പൊലീസ് എന്‍കൗണ്ടറുമായി ബന്ധപ്പെട്ട് മുന്‍കാല മാര്‍ഗനിര്‍ദേശങ്ങള്‍ എത്രത്തോളം പാലിച്ചിട്ടുണ്ടെന്നു വ്യക്തമാക്കണമെന്ന് സുപ്രീം കോടതി പറയുന്നത് അന്യായം നടന്നിട്ടുണ്ടോയെന്ന് ഉറപ്പിക്കാനാണ്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണം സത്യവാങ്മൂലം സമര്‍പ്പിക്കാനെന്നും ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ തയാറാക്കിയ പൊതു മാര്‍ഗരേഖയ്ക്ക് സമാനമായത് തയാറാക്കുമെന്ന് കൂടീ സുപ്രീം കോടതി ബെഞ്ച് അറിയിച്ചിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം