19 വര്‍ഷത്തിന് ശേഷം അമ്മ മകനോട് പറയുന്നത്

കഴിഞ്ഞ വര്‍ഷം നടന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന്റെ പ്രധാന ശില്പിയായി പ്രവര്‍ത്തിച്ച ഹിമ്മന്ദ ബിശ്വ ശര്‍മ്മ അതിന് തൊട്ടു മുമ്പ് കോണ്‍ഗ്രസ് വിട്ട നേതാവാണ്. അസമില്‍ വലിയ സ്വാധീനമുള്ള നേതാവായിരുന്ന ശര്‍മ്മ പാര്‍ട്ടി വിടുന്നതിനുള്ള പ്രധാന കാരണമായി പറഞ്ഞത് രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി നേതാവാകാനുളള ഗൗരവം ഇല്ലെന്നാണ്. വളര്‍ത്ത്‌നായ്കളോടെപ്പം ചെലവിടുന്ന സമയം പോലും അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി മാറ്റിവയ്ക്കുന്നില്ലത്രെ. പന്നീട് ബിഹാറില്‍ നിതീഷ് കുമാര്‍ മഹാസഖ്യം വിച്ഛേദിച്ച് എന്‍.ഡി.എ യില്‍ ചേക്കേറുമ്പോഴും രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കുറ്റപ്പെടുത്തി. മഹാസഖ്യം നിലനിര്‍ത്താന്‍ രാഹുല്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു നിതീഷിന്റെ പരാതി.

മോദിയും രാഹുലും

ഇതും കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പക്ഷെ കഥ മാറുന്നു. തിരഞ്ഞെടുപ്പിന്റെ ചൂടില്‍ ഗുജറാത്തില്‍ കണ്ടുമുട്ടുന്ന രാഹുല്‍ ഗാന്ധി പഴയ ആളല്ല. നടപ്പിലും എടുപ്പിലും സംസാരത്തിലും പതം വന്ന രാഷ്ട്രീയ നേതാവിന്റെ പക്വത കൈവന്നിട്ടുണ്ടെന്ന് രാഹുലിന്റെ എതിരാളികളും സമ്മതിക്കുന്നുണ്ട്. ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിങ്ങനെ വ്യതസ്ത താത്പര്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന സമുദായനേതാക്കളെ ഒറ്റയടിക്ക് കൂടെ നിര്‍ത്താന്‍തക്ക രാഷ്ട്രീയ പക്വതയുള്ള നേതാവായി മാറിയിട്ടുണ്ട് ഇന്ന് രാഹുല്‍ ഗാന്ധി. എതിരാളികളെ പോലും അതിശയിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിൽ പുതിയ ഇടപെടല്‍ നടത്തുന്ന രാഹുല്‍ ഗാന്ധി 2013-14 കാലത്തെ നരേന്ദ്ര മോദിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അന്ന് കോണ്‍ഗ്രസ്് നേതൃത്വം കൊടുക്കുന്ന യുപിഎ ക്കെതിരെയുള്ള കടന്നാക്രമണവുമായിട്ടാണ് മോദി ദേശീയ രാഷ്ട്രീയത്തില്‍ ഉദയം ചെയ്തതെങ്കില്‍ ഇന്ന്, മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ യ്‌ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി തന്റെ കൂടുതൽ സജീവമായ രാഷ്ട്രീയ പ്രവേശം സാധ്യമാക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയുടെ പരമോന്നത പീഠത്തിലേക്ക് ്അവരോധിക്കപ്പെടുമ്പോള്‍ രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്.

യുവതുർക്കി രക്ഷകനാകുമോ ?

ദുര്‍മേദസ്സ് ബാധിച്ച് അവശതയിലുള്ള ഒരു പാര്‍ട്ടിയുടെ പുനര്‍ജന്മത്തിന് പുതിയ അധികാര കൈമാറ്റം നാന്ദിയാകുമോ ? സംസ്ഥാനങ്ങള്‍ തോറുമുള്ള പാര്‍ട്ടിയിലെ അവശേഷിപ്പിന് ജീവന്റെ തുടിപ്പ് പകരാന്‍ 47 കാരനായ യുവതുര്‍ക്കികാകുമോ ? എന്തായാലും കോണ്‍ഗ്ര്സ് പ്രതീക്ഷയിലാണ്. 19 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച് ക്ഷീണിച്ച ഒരമ്മ 132 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയുടെ ചുമതല മകന് കൈമാറുന്നു. ലോക രാഷ്ട്രീയചരിത്രത്തില്‍ ഇങ്ങനെയൊന്ന് ആദ്യമായിരിക്കും.

വെല്ലുവിളികളുടെ കാലം

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഗുജറാത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലുടെ ഇടതടവില്ലാതെ അലയുന്ന രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയം തുടര്‍ച്ചയില്ലാത്ത നേതാവെന്ന വിളിപ്പേര് ഇനി ചേരില്ല. 132 വര്‍ഷം പഴക്കമുള്ള ഒരു പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവിലാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നതെന്ന്ശ്രദ്ധേയമാണ്. നരേന്ദ്ര മോദി ഉയര്‍ത്തുന്ന വിഭാഗീയ രാഷ്ട്രീയവും ഏകാധിപത്യപ്രവണതയും ജനാധിപത്യത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന കാലം. ഏറ്റവും ദയനീയമായ അവസ്ഥയില്‍ നിന്ന് ഈ “ഗ്രാന്‍ഡ് ഓള്‍ഡ് അലയന്‍സിനെ” രക്ഷപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

ലോക്സഭയില്‍ 543 ല്‍ 44 സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങിയിരിക്കുന്നു.രാജ്യത്തെ 18 സംസ്ഥാനങ്ങളും ബി ജെ പിയോടൊപ്പമാണ്. ഇതിനിടിയിലാണ് നേതാക്കന്‍മാരുടെ കൊഴിഞ്ഞ് പോക്ക്. ഗുജറാത്തിലെ ശങ്കര്‍ സിംഗ് വഗേലയും മഹാരാഷ്ട്രയിലെ നാരായണ്‍ റാണെയും പോലുള്ള ഉദാഹരണങ്ങള്‍ ഏറെ. ഇതിനെല്ലാം പരിഹാരം കാണേണ്ടതുണ്ട്. 2019 ലെ ദേശീയ തിരഞ്ഞെടുപ്പാണ് രാഹുല്‍ ഗാന്ധിയിലെ രാഷ്ട്രീയനേതാവിനെ വിലയിരുത്താനുള്ള അളവുകോൽ. നുറു കണക്കിന് രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശീക താത്പര്യങ്ങളും സ്വാധീനിക്കുന്ന ഇന്ത്യ പോലെ വിശാലമായ രാജ്യത്ത് കേവലം ഒരു വര്‍ഷം ഒരു നേതാവിന് കുറഞ്ഞ സമയമാണെന്ന് വിലയിരുത്തുന്നവരുണ്ട്. രണ്ടാം യു പി എയുടെ അഴിമതിയായിരുന്നു മോദിയുടെ തുരുപ്പ് ചീട്ടെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് വിഷയങ്ങളുടെ ധാരളിത്തം എന്ന ആനുകൂല്യമുണ്ട്. തീവ്ര വർഗീയവത്കരണം, അഴിമതി, ജി എസ് ടി, നോട്ടു നിരോധനം, തൊഴിലില്ലായ്മ, വിഭാഗീയത, ചെറുകിട-കാര്‍ഷീക മേഖലകളുടെ തകര്‍ച്ച എന്നിങ്ങനെ.

ഗുജറാത്ത് ലിറ്റ്മസ്‌പേപ്പര്‍

ഗുജറാത്ത് രാഹുല്‍ ഗാന്ധിക്ക് ഒരു ലിറ്റ്മസ് പേപ്പറാണ്. എന്ത് വിലകൊടുത്തും ഗുജറാത്തില്‍ വിജയം നേടേണ്ടതുണ്ട്. കഴിഞ്ഞ 22 വര്‍ഷത്തെ ഭരണവിരദ്ധ വികാരമെന്ന ആനുകൂല്യമുണ്ടവിടെ കോണ്‍ഗ്രസിന്. ആര്‍ എസ് എസും ബി ജെ.പിയുമുയര്‍ത്തിയ അതേ വിഷയത്തിലൂന്നിയാണ് രാഹൂല്‍ ഗാന്ധിയും ഇപ്പോള്‍ ഗോദയിലിറങ്ങിയിരിക്കുന്നത്. ബി.ജെ.പി തീവ്രഹിന്ദുത്വമുപയോഗിച്ചപ്പോള്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വലൈന്‍ സ്വീകരിക്കുന്നു. പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി നടത്തുന്ന ക്ഷേത്രദര്‍ശനം ബി.ജെ.പിയില്‍ അസ്വസ്തതയുളവാക്കുന്നുണ്ട്. ഗുജറാത്തിനെ രാഹുല്‍ ഗാന്ധി വര്‍ഗീയ വത്കരിക്കുകയാണെന്ന അമിത് ഷായുടെ പ്രതികരണവും ഒര്‍ജിനല്‍ ഹിന്ദുക്കളുള്ളപ്പോള്‍ രാഹുലിന്റെ ഡ്യൂപ്ലിക്കേറ്റ് ഹിന്ദുത്വമെന്തിനാണെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മറപടിയും ഇതിന് ഉദാഹരണം. ഇപ്പോള്‍ ബി.ജെപി ഹിന്ദുത്വം വിട്ട് വികസനമാണ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഗ്രാമങ്ങളുടെ ചിത്രം നിരത്തി ഇത് തട്ടിപ്പാണെന്ന് രാഹുല്‍ഗാന്ധി തെളിയിക്കുന്നു.

Read more

ഗുജറാത്തിലെ രാഷ്ട്രീയ സഖ്യം രാഹുല്‍ ഗാന്ധിയുടെ നയതന്ത്ര വിജയമാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. വ്യത്യസ്തങ്ങളായ താത്പര്യങ്ങളുമായി നിന്ന സംസ്ഥാനത്തെ മൂന്ന് യുവ നേതാക്കളെ ഒററയടിക്ക് കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഓര്‍ഗാനിക്ക് വളര്‍ച്ചയെകാളും ഏറ്റെടുക്കലിലൂടെ പാര്‍ട്ടി വളര്‍ത്തുന്നതില്‍ ചാണക്യനായ അമിത്ഷായുടെ മൂക്കിന് താഴെ. തട്ടകത്തിലെത്തി ബിജെപി യെ പരാജയപ്പെടുത്തിയാല്‍ 2019 കൂടുതല്‍ എളുപ്പമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇത് തന്നയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റേയും കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രാധാന്യം വര്‍ധിപ്പിക്കുന്നതും.