Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

എല്ലാം ശരിയാവുന്നില്ല സര്‍; ബെഹ്റയോട് തോല്‍ക്കുന്ന പിണറായി

, 4:28 pm

സുജിത്ത് നാരായണന്‍

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആറു മാസം തികയുന്നതിന് മുമ്പാണ് മാവോയിസ്റ്റ് നേതാക്കാളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ നിലമ്പൂര്‍ കാട്ടിനുള്ളില്‍ ഏറ്റുമുട്ടലില്‍ മരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റെടുത്തതുവഴി കേരള സമൂഹത്തിന് നല്‍കിയ പ്രതീക്ഷയ്‌ക്കേറ്റ ആദ്യ തിരിച്ചടിയായിരുന്നു നിലമ്പൂര്‍ കാടുകളിലെ ആ ഏറ്റുമുട്ടല്‍. നിലമ്പൂര്‍ കാടുകളില്‍ നിന്ന് പോലീസിന് ലഭിച്ച ഊര്‍ജ്ജം പിന്നീട് സാധാരണക്കാരിലേക്കും അതിവേഗം പ്രയോഗിക്കപ്പെട്ടു. ഇന്ന് പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഇതരമേഖലയിലെ ഭരണത്തിളക്കം ആഭ്യന്തര വകുപ്പില്‍ തട്ടി നില്‍ക്കുന്നു. ഒരു ഭാഗത്ത് വിവിധ മേഖലകളില്‍ ഭരണനേട്ടം കൊയ്യുമ്പോള്‍ പിണറായിയുടെ പ്രോഗ്രസ് കാര്‍ഡില്‍ ഒട്ടും മേന്‍മ അവകാശപ്പെടാനില്ലാത്ത കോളമായി ആഭ്യന്തരവകുപ്പ് അവശേഷിക്കുന്നു.

പിണറായി അധികാരമേറ്റെടുത്ത് അധികം താമസിക്കാതെ കേരളത്തില്‍ അരങ്ങേറിയ പല സംഭവങ്ങളിലിലേയും പൊലീസ് നിലപാടുകള്‍ സംശയിക്കത്തക്കതായിരുന്നു.  അഭിഭാഷക -മാധ്യമപ്രവര്‍ത്തക തര്‍ക്കത്തിലെ പൊലീസ് ഇടപെടലുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഉള്‍പ്പെട്ട സദാചാര പോലീസിങ് , മറൈന്‍ ഡ്രൈവിലെ ശിവസേന ആക്രമണത്തില്‍ പൊലീസിന് സംഭവിച്ച വീഴ്ച, ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളെ റോഡില്‍ വലിച്ചിഴച്ചത്, ഇവയെല്ലാം പൊലീസിനെ പ്രതിക്കൂട്ടിലാക്കിയപ്പോഴും സര്‍ക്കാര്‍ കാര്യമായി ഒരിടപെടലും നടത്തിയില്ല. പാലക്കാട് സഹോദരിമാര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഒന്നിനു പിറകെ ഒന്നായി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് എസ് ഐ യെ സ്ഥലം മാറ്റി പോലീസ് മുഖം രക്ഷിച്ചു. ആദ്യകുട്ടി മരിച്ചപ്പോള്‍ പീഡനത്തിനിരയായിരുന്നതായി അന്ന് അമ്മ പോലീസില്‍ പരാതി നല്‍കിയെങ്കിലും ചെവിക്കൊണ്ടില്ല.

കൊച്ചിയില്‍ കാണാതായ പെണ്‍കുട്ടി മിഷേലിന്റെ മരണത്തിനും പൊലീസ് പ്രതികൂട്ടിലായിരുന്നു. കാണാതായ ഉടനെ പരാതി നല്‍കിയെങ്കിലും പോലീസ് ഇക്കാര്യത്തില്‍ പതിവു പോലെ ഉഴപ്പി. മുടി നീട്ടി വളര്‍ത്തിയതിന് പോലീസ് തല്ലി ചതച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യേണ്ടി വന്ന ദളിത് വിദ്യാര്‍ഥി തൃശ്ശൂര്‍ ജില്ലയിലെ വിനായകനും പൊലീസ് രാജിന് ഇരയായി.

പൊലീസ് ഇടപെടല്‍ കൊണ്ട് ഏറെ വിവാദമായ മറ്റൊരു സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. ആദിവാസി യുവാവായ മധുവിന്റെ അരുംകൊലയിലും പൊലീസ് പ്രതിക്കൂട്ടിലായി. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ടപ്പോഴും ഡിജിപി കൈ കഴുകിയെങ്കിലും ബഹ്റയുടെ സേന അപ്പോഴും വിമര്‍ശിക്കപ്പെട്ടു. നിരവധിതവണ പോലീസിനുണ്ടായ വീഴ്ചകള്‍ പിണറായി വിജയനു തന്നെ ഒടുവില്‍ തുറന്നു സമ്മതിക്കേണ്ടി വന്നു.

കേരളത്തിലെ പൊലീസ് അക്രമങ്ങള്‍ അവസാനിക്കുന്നില്ലെന്നും തുടര്‍ക്കഥയായി ഇത് അവശേഷിക്കുകയാണെന്നും കേരള സമൂഹം തിരിച്ചറിയുമ്പോഴാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം നടക്കുന്നത്. ആളു മാറി അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു ശ്രീജിത് എന്ന യുവാവിനെ എന്ന് പിന്നീട് തെളിഞ്ഞു.

ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിയെടുത്തെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തന്നെയെന്ന് കോട്ടയം നട്ടാശേരി എസ് എച്ച് മൗണ്ടിലെ കെവിന്‍ പി ജോസഫിന്റെ കൊലപാതകം തെളിയിക്കുന്നു. പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മരണത്തില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. ഭര്‍ത്താവിനെ തന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കാര്യം ചൂണ്ടിക്കാട്ടി കെവിന്റെ ഭാര്യ നീനു ചാക്കോ പരാതി നല്‍കിയെങ്കിലും കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ഇത് അവഗണിച്ചെന്നാണ് ആരോപണം.

പ്രതികളില്‍നിന്ന് എസ്ഐ പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ട്.പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബുവിനെ ഐജി വിജയ് സാഖറെ സസ്പെന്‍ഡ് ചെയ്യുകയും  കോട്ടയം എസ്പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തുവെങ്കിലും പൊലിസ് നിരന്തരം തുടരുന്ന വീഴ്ചകള്‍ക്ക് ഇതൊന്നും മതിയായ ന്യായീകരണമല്ല.

പ്രതികളെയും ഗുണ്ടകളെയും സംരക്ഷിച്ച് ഉത്തരേന്ത്യന്‍ പൊലീസുകാരെ പോലും തോല്‍പ്പിക്കുന്ന കാഴ്ചയാണ് പല കേസുകളിലും കാണാന്‍ കഴിയുന്നത്. കേരളം പോലുള്ള ഒരു പരിഷ്‌കൃത സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ട വിധം പതം വന്ന ഒരു പൊലീസ് സംവിധാനം ആണോ ഇവിടെ പരിപാലിക്കപ്പെടുന്നത് എന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത്. ഓരോ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും  സാരോപദേശം കുറിമാനമായി ആവര്‍ത്തിക്കുക എന്നതില്‍ കവിഞ്ഞ് ഡിജിപിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല എന്നത് ഭീകരമായി ഇപ്പോഴും തുടരുന്നു.

സംസ്ഥാനത്തേയും ഭരണകൂടത്തേയും അവിടുത്തെ ജനങ്ങളേയും നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്ന ഇത്തരം ഗുരുതരമായ കൃത്യവിലോപങ്ങള്‍ പൊലീസ് ആവര്‍ത്തിക്കുമ്പോള്‍ ശക്തമായ നടപടിയെടുക്കുന്നതിന് പകരം അഴകൊഴമ്പന്‍ നിലപാടുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഡിജിപിയുടെ ഉത്തരവുകള്‍ വേണ്ട ഗൗരവത്തോടെ താഴെ തട്ടിലുള്ളവര്‍ കൈകാര്യം ചെയ്യുന്നില്ല എന്നു വേണം കരുതാന്‍. പൊലീസ് സേനയെ വരുതിയിലൊതുക്കാന്‍ നേതൃത്വത്തിന് കഴിവില്ലെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടും ഒരിളക്കി പ്രതിഷ്ഠയ്ക്ക് എന്തുകൊണ്ടോ ആഭ്യന്തര വകുപ്പ് തയ്യാറാകുന്നില്ല. മറിച്ച് കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന പതിവ് കഥയും പറഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍.

ശരിയാണ്,വരാപ്പുഴ കേസിനെ തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള നടപടി പൊതുവെ സ്വാഗതാര്‍ഹമാണ്. എസ് ഐ, സി ഐ , എസ് പി അടക്കമുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും ചെയ്തു. കെവിന്റെ കൊലപാതകത്തിന് ശേഷവും മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റു ചെയ്താല്‍ നടപടിയുണ്ടാകുമെന്നാണ്. നടപടിയുണ്ടാകുകയല്ല. മറിച്ച് പൊലീസുകാര്‍ കുറ്റകൃത്യത്തില്‍ പെടാതിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നടപടി ഭയന്ന പൊലീസുകാര്‍ കുറ്റകൃത്യത്തില്‍ നിന്നോ കൃത്യവിലോപത്തില്‍ നിന്നോ മാറിനില്‍ക്കുമെന്ന്  നിലവിലെ സാഹചര്യത്തില്‍ കരുതുക പ്രയാസമാണ്. അങ്ങനെയെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലല്ലോ.

ഗുരുതരമായ ആവലാതികളുമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള പരാതിക്കാര്‍ സ്റ്റേഷനുകളിലേക്ക് പാഞ്ഞ് വരുമ്പോള്‍   ശത്രുവിനോടെന്ന പോലെയോ അല്ലെങ്കില്‍ വളരെ നിസ്സംഗതയോടെയോ ആണ് പോലീസ് പല കേസുകളും കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാണ്.

കേരള പൊലീസിലെ സംഘപരിവാര്‍ അനുഭാവികള്‍ രഹസ്യ യോഗം ചേര്‍ന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. കന്യാകുമാരിയിലാണ്സംഘപരിവാര്‍ അനുകൂലികള്‍ യോഗം ചേര്‍ന്നത്. സംസ്ഥാനത്ത് യോഗം ചേര്‍ന്നാല്‍ അത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വരുമെന്നതിനാലാണ് അവര്‍ കന്യാകുമാരിയിലേക്ക് പോയത്. സിപി എം പാര്‍ട്ടി സമ്മേളനം പോലെ പൊലീസ് അസോസിയേഷന്‍ സമ്മേളനം ചേരുന്നതും നമ്മള്‍ കണ്ടതാണ്. ഇത്തരം അജണ്ടകള്‍ പൊലീസിനെ നിയന്ത്രിക്കുമ്പോള്‍ ആരെയാണ് അവര്‍ ഭയക്കേണ്ടത്. അഥവാ ആരുടെ തിട്ടൂരങ്ങളാണ് അവര്‍ കൈക്കൊള്ളേണ്ടത്. അങ്ങനെ എല്ലാ തലത്തിലും പൊലീസ് അവരുടെ ഇഷ്ടത്തിന് കാര്യങ്ങള്‍ തീരുമാനിക്കുകയും ഡിജിപി ലോക്നാഥ് ബഹ്റ അതിനെല്ലാം മൗനാനുവാദം നല്‍കുകയും ചെയ്യുമ്പോള്‍ തോറ്റു പോകുന്നത് പിണറായി വിജയനും മുട്ടിന് മുട്ടിന് അദ്ദേഹം ആവര്‍ത്തിക്കുന്ന   നവ കേരളവുമാണ്

Advertisement