Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

അലിഗഡില്‍ ‘ജിന്ന്’ കയറി സംഘ്പരിവാര്‍

, 5:09 pm

മഹബൂബ്‌ തളിപ്പറമ്പ

 

മോദി ഭരണത്തിന്റെ നാല് ആണ്ടുകള്‍ പിന്നിടുമ്പോള്‍ ജനാധിപത്യമൂല്യങ്ങളുടെ തലയ്ക്കു മുകളില്‍ ഡെമോക്ലിസിന്റെ വാളുപോലെ തൂങ്ങുകയാണ് തീവ്ര ദേശീയ, മത,  വര്‍ഗീയ ചിന്താഗതികള്‍. എപ്പോള്‍ വേണമെങ്കിലും രാജ്യത്തിന്റെ നെറുക പിളര്‍ന്ന് അത് രക്തരൂഷിതമാകാം. എന്തിലും ഏതിലും മതത്തിന്റെ കണ്ണെറിഞ്ഞ് നേട്ടം കൊയ്യുന്ന വ്യക്തമായ രാഷ്ട്രീയ അജണ്ട തന്നെയാണ് സമസ്തമേഖലയിലും മോദി് സര്‍ക്കാര്‍ നടപ്പാക്കുന്നത്.അത് സംസ്ഥാനങ്ങളാണെങ്കിലും സര്‍വ്വകലാശാലകളാണെങ്കിലും.  അലിഗഡ് സര്‍വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളുടേയും ആധാരം മറ്റൊന്നല്ല.

അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍  മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. സര്‍ഗാത്മകതയുടെയും സ്വതന്ത്രബോധത്തിന്റെയും വിളനിലമാവേണ്ട സര്‍വകലാശാലകളെ വര്‍ഗീയതയുടെ നിറം ചാര്‍ത്തി കലുഷിത പരിവേഷം അണിയിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ തന്ത്രം നേരത്തേയും രാജ്യം കണ്ടതാണ്. ഹൈദരാബാദ്, ജെഎന്‍യു, പോണ്ടിച്ചേരി യൂണിവേഴ്സിറ്റികളിലൊക്കെയും ഇത്തരം പ്രശ്നങ്ങളെ വ്യത്യസ്ത രീതികളില്‍ അവര്‍ പ്രയോഗിച്ചിട്ടുള്ളതുമാണ്. പേരിലുള്ള ‘മുസ്ലീം’ എന്ന വാക്ക് അലിഗഡ് സര്‍വകലാശാലയെ ‘കലാപശാല’യാക്കാന്‍ ശ്രമം നടത്തുന്നവരുടെ സഹിഷ്ണതാബോധത്തിനെ തെല്ലൊന്നുമാവില്ല മുറിപ്പെടുത്തിയിട്ടുണ്ടാവുക.

1938 ല്‍ അലിഗഡ് സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ ഹാളില്‍ സ്ഥാപിച്ചതാണ് മുഹമ്മദലി ജിന്നയുടെ ചിത്രം. മറ്റനേകം ഛായാചിത്രങ്ങളോടൊപ്പം ഇക്കാലമത്രയും അത് അവിടെതന്നെയുണ്ടായിരുന്നു. ചിത്രം സ്ഥാപിച്ച് 80 കൊല്ലങ്ങള്‍ക്കിപ്പുറമാണ് ‘ദേശസ്നേഹി’കള്‍ക്ക് വെളിപാടുണ്ടായത്. ബിജെപി എം പി സതീഷ് ഗൗതമാണ് ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചത് . മൂന്നുവര്‍ഷത്തോളം യൂണിവേഴ്‌സിറ്റിയുടെ ഭരണകാര്യസമിതിയില്‍ അംഗമായിരുന്നിട്ടും ഒരിക്കല്‍ പോലും ഈ വിഷയം സതീഷ് ഉന്നയിച്ചിട്ടില്ല എന്നിടത്താണ് ഇതിന്റെ പിന്നിലെ രഹസ്യ അജണ്ട ചോദ്യം ചെയ്യപ്പെടുന്നത്.

ജിന്നയുടെ ചിത്രം ഇന്ത്യയില്‍ ഒരു സര്‍വകലാശാലയില്‍ സ്ഥാപിതമാണ് എന്നതല്ല, മറിച്ച് അലിഗഡ് ‘മുസ്ലീം’ സര്‍വകലാശാലയുടെ ചുമരിലാണ് അത് സ്ഥാപിക്കപ്പെട്ടത് എന്നതാണ് സംഘ്പരിവാറിനെ ഇത്രയേറെ ചൊടിപ്പിക്കുന്ന വിഷയം എന്നതില്‍ സംശയമില്ല. ഹിന്ദു-മുസ്ലീം സംഘര്‍ഷം എന്ന തലത്തിലേക്ക് പ്രശ്നങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഹിന്ദു യുവ വാഹിനിയെന്ന തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ് ഈ പ്രശ്നത്തെ കലുഷിതമാക്കിയത്. തോക്കും വാളുകളുമേന്തി അവര്‍ ക്യാമ്പസിലേക്ക് അതിക്രമിച്ച് കടന്നപ്പോള്‍ പ്രതിരോധിക്കാന്‍ പൊലീസ് വിമുഖത കാണിച്ചു. ഇന്ത്യന്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയന്റെ ലൈഫ് ടൈം മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കാന്‍  സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ ക്ഷണിച്ചിരുന്നതും അന്നേ ദിവസമാണ്. മുന്‍ ഉപരാഷ്ട്രപതിയുടെ ചടങ്ങിന് ഏര്‍പ്പെടുത്തേണ്ടിയിരുന്ന സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് ദുരൂഹമാണ്.

സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പരാതി കൊടുക്കുന്നതിന് അലിഗഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ വരെ നടത്തിയ മാര്‍ച്ചിനിടെ പ്രകോപനമില്ലാതിരുന്നിട്ടും പൊലീസ് ലാത്തി വീശി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. മാത്രമല്ല, പരാതി കൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ അന്നേ ദിവസം പൊലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയു. വാദികള്‍ പ്രതികളായെന്ന് സാരം.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ച് വര്‍ഗീയ പരാമര്‍ശങ്ങള്‍ പുതിയ അനുഭവമല്ല. തീവ്ര ഹിന്ദുത്വവാദികള്‍ എന്നും ആക്രമിക്കുന്ന കേന്ദ്രസര്‍വകലാശാലയാണിത്. ഭയവും അരക്ഷിതാവസ്ഥയും നിറഞ്ഞ അന്തരീക്ഷത്തിലാണ് അലിഗഡ് സര്‍വകലാശാല സ്ഥിതിചെയ്യുന്നത്. 1992-ല്‍ ബാബറി മസ്ജിദിലേയ്ക്കുള്ള കടന്നാക്രമണം സംഘ്പരിവാറിന്റെ വിളനിലമായ ഉത്തര്‍പ്രദേശിനെ ബാധിച്ചപ്പോള്‍ അലിഗഡും അരക്ഷിതാവസ്ഥയുടെ നാളുകളിലേക്ക് കൂപ്പുകുത്തി. വ്യക്തമായ സംഘ് രാഷ്ട്രീയ അജണ്ടകളെ സമചിത്തതയോടെയും സമാധാനപരമായും പ്രതിരോധിക്കാന്‍ അലിഗഡിലെ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ മുസ്ലീം സ്വത്വവാദമെന്നും പാകിസ്ഥാന്‍ സ്‌നേഹമെന്നും ആരോപിച്ച് അത്തരം പ്രതിരോധങ്ങള്‍ക്ക് മറ്റൊരു നിറം ചാര്‍ത്തുകയാണ് സംഘ്പരിവാര്‍.

മുസ്ലീം തീവ്രവാദം പഠിപ്പിക്കുന്ന സ്ഥലമെന്ന രീതിയിലാണ് അലിഗഡ് സര്‍വകലാശാലയെ സംഘ്പരിവാര്‍ സംഘടനകള്‍ ചിത്രീകരിക്കുന്നത്. ജിന്നയുടെ ചിത്രമിരിക്കുന്ന ക്യാംപസ് രാജ്യദ്രോഹികളുടെ ഇടമാണെന്നവര്‍ ആരോപിക്കുന്നു. മുന്‍പെങ്ങുമില്ലാത്ത വിധം കാവിവത്ക്കരണം ക്യാംപസുകളെ കടന്നാക്രമിക്കുകയാണ്. ജിന്നയുടെ ചിത്ര വിവാദത്തിലൂടെ മുസ്ലീം, പാകിസ്ഥാന്‍ എന്നീ പദങ്ങളെ കൂട്ടിയിണക്കുന്നതിന് പിന്നിലെ ലക്ഷ്യം മറ്റൊന്നുമാവില്ലല്ലോ.

ബിജെപി എം പിയുടെ പരാതിക്കെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനും യു പി ക്യാബിനറ്റ് മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് ജിന്നയും സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെന്നും മഹാ വ്യക്തിത്വങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ലെന്നുമായിരുന്നു മൗര്യയുടെ വാദം. ജിന്നയുടെ പേരില്‍ ബിജെപിക്ക് മുന്‍പും ഇരട്ടത്താപ്പ് നിലപാടാണുണ്ടായിരുന്നത്. 2005ല്‍ അന്നത്തെ പാര്‍ട്ടി പ്രസിഡണ്ടും തലമുതിര്‍ന്ന നേതാവുമായി എല്‍ കെ അദ്വാനി കറാച്ചിയില്‍ ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ച ശേഷം പറഞ്ഞത് ജിന്ന തികഞ്ഞ മതേതരനും ഹിന്ദുമുസ്ലിം ഐക്യത്തിന്റെ ദൂതനുമാണെന്നായിരുന്നു. ആറു വര്‍ഷത്തിനുശേഷം 2011ല്‍ ന്യൂഡല്‍ഹിയില്‍ എം ജെ അക്ബറിന്റെ പുസ്തകപ്രകാശനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്വാനി വീണ്ടും ജിന്നയെ പ്രശംസിച്ചു. ജിന്ന യഥാര്‍ഥത്തില്‍ ആഗ്രഹിച്ചത് മുസ്ലിം ഭൂരിപക്ഷമുള്ള മതേതര രാജ്യമായിരുന്നുവെന്നായിരുന്നു അദ്വാനിയുടെ അന്നത്തെ പരാമര്‍ശം. മറ്റൊരു മുതിര്‍ന്ന നേതാവും പ്രതിരോധ, വിദേശകാര്യ മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ്, ജിന്നയെ പുകഴ്ത്തി പുസ്തകം എഴുതിയപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കി. ബിജെപിയില്‍ നിന്ന് പുറത്തായില്ലെങ്കിലും നിശബ്ദനായി തുടരുന്ന അദ്വാനിയും സംഘ്പരിവാര്‍ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്.

ജിന്നയുടെ മതരാഷ്ട്ര സ്വപ്നങ്ങളെ അവഗണിച്ച് ഇന്ത്യയെന്ന മതേതര സങ്കല്‍പത്തില്‍ അടിയുറച്ച് വിശ്വസിച്ചവരാണ് ഇവിടുള്ള മുസ്ലീങ്ങള്‍. എന്നാല്‍ ജിന്നയെയും പാകിസ്ഥാനെയും കുറിച്ച് പറഞ്ഞ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് നേരെ ആരോപണമുയര്‍ത്തുകയാണവര്‍. ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് മുസ്ലീങ്ങള്‍ അവഗണിക്കപ്പെടുമെന്നും അവര്‍ക്ക് നേരെ അധികാരത്തിന്റെ അധിനിവേശം വളരുമെന്നുമുള്ള ആശങ്കയാണ് ജിന്ന പടര്‍ത്തിയത്. സമകാലിക സംഭവങ്ങള്‍ ഇത്തരമൊരു ആശങ്കകള്‍ക്ക് വീണ്ടും വളമിടുകയാണ് ചെയ്യുന്നത്. ചരിത്രത്തിലെ തെറ്റുകളെ തിരുത്തുകയല്ല, ഭാവിയെ വക്രീകരിക്കുന്ന ശരികേടുകളിലേക്കാണ് ഇത്തരം പ്രശ്നങ്ങള്‍ വിരല്‍ചൂണ്ടുന്നത് എന്നതില്‍ സംശയമില്ല.

Advertisement