Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

മുജാഹിദ് ബാലുശ്ശേരി പറയാതെ പറയുന്നത് സ്ത്രീ ‘വെറും ഭോഗവസ്തു’ മാത്രമാണെന്നാണ്

, 7:20 pm

അനു ചന്ദ്ര

സമത്വപൂര്‍ണമായ രീതിയില്‍ എല്ലാ പൗരാവകാശങ്ങളോടും കൂടി സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനോട് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പലതരത്തില്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് പുരുഷാധിപത്യ ലോകം.അതിന്റെ ബാക്കിപത്രം തന്നെയാണ് ഇക്കഴിഞ്ഞ ദിവസം മുജാഹിദ് ബാലുശ്ശേരിയുടെ കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവന ‘സ്ത്രീകള്‍ക്ക് ജോലിയുള്ളതാണ് കുടുംബത്തിന്റെ കാതലായ പ്രശ്‌നം’ പറഞ്ഞു വെയ്ക്കുന്നത്.

പെണ്ണ് അഹങ്കാരിയാണെന്നും ജോലി കിട്ടിയാല്‍ അവള്‍ പുരുഷന്‍റെ തലയില്‍ കയറുമെന്നും മുജാഹിദ് ബാലുശ്ശേരി പറയാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയൊരു ചര്‍ച്ചക്കാണ് വഴി തുറന്നിരിക്കുന്നത്. സ്ത്രീകളുടെ പുരോഗതിയെയും സാമൂഹിക പങ്കാളിത്തത്തെയും അവഗണിക്കുക തന്നെയാണ് ഇവിടെ മുജാഹിദ് ബാലുശ്ശേരി ചെയ്തിരിക്കുന്നത്. പൊതുയിടങ്ങളില്‍ ഇറങ്ങുന്ന സ്ത്രീകളെ അദ്ദേഹത്തിനറിയില്ല, എന്നാല്‍ പൊതുയിടങ്ങളില്‍ ഇറങ്ങാത്ത സ്ത്രീകളെ അദ്ദേഹം പ്രകീര്‍ത്തിക്കുന്നുമുണ്ട്.

അത്തരം ഒരു സമയത്ത് ജമല്‍ യുദ്ധം പോലെ ഒരു പൊളിറ്റിക്കല്‍ ആക്ടിവിസത്തിന്റെ തലപ്പത്തിരുന്ന പ്രവാചക പത്‌നി ആയിഷയെ അദ്ദേഹം വിസ്മരിച്ചു പോയത് എന്തുകൊണ്ടാണെന്ന് കൂടി അറിയാതെയെങ്കിലും ചോദിച്ചുപോകുന്നു. അതുപോലെ തന്നെ ആധുനിക ലോകത്തെ ഏറ്റവും വലിയ ഉദാഹരണമാണ് അറബ് വിപ്ലവങ്ങളിലെ സ്ത്രീ സാനിധ്യങ്ങള്‍. എന്നിട്ടും അത്തരത്തിലുള്ള ഉദാഹരണങ്ങളെല്ലാം അവഗണിച്ച് മുസ്ലിം സ്ത്രീകളെ പൊതുഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി മതത്തെ സ്ത്രീവിരുദ്ധമാക്കി മാറ്റുന്നതു തന്നെ ഏറ്റവും വലിയ മതവിരുദ്ധമാണ്.

”പിതാ രക്ഷതി കൗമാരേ ഭര്‍ത്താ രക്ഷതിയൗവ്വനേ പുത്രോ രക്ഷതി വാര്‍ധക്യേ നഃ സ്ത്രീ സ്വാതന്ത്ര്യമര്ഹതി” (മനുസ്മൃതി 9:12)എന്ന ശ്ലോകം സാംസ്‌കാരിക ലോകത്തെ ഇത്തില്‍കണ്ണികള്‍ വളച്ചൊടിക്കുകയും സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നുവരുത്തിത്തീര്‍ക്കുകയും ചെയ്ത ഒരു നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. സ്ത്രീ അടിച്ചമര്‍ത്തപ്പെട്ട ഭോഗസാമഗ്രി ആണെന്നല്ലേ മുജാഹിദ് ബാലുശ്ശേരി പറയാതെ പറയാന്‍ ശ്രമിക്കുന്നത്.

സത്യത്തില്‍ ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല. നമ്മുടെ സമുദായ സംഘടനകളുടെയും രാഷ്ട്രീയ, സാംസ്‌കാരിക, നേതൃതലങ്ങളിലുള്ള പല പുരുഷന്മാരുടെയും അഭിപ്രായമാണ്. അവരുടെയെല്ലാം പ്രതിനിധിയാണ് അദ്ദേഹം. പ്രവാചകകാലത്ത് യുദ്ധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നതായി നമുക്കറിയാം. ഉഹദ് യുദ്ധവേളയില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് നബിയെ സംരക്ഷിച്ചവരില്‍ ഉമ്മു ഉമാറയെന്ന സ്ത്രീയുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ഉഹ്ദിന്റെ വനിത എന്നറിയപ്പെട്ടത് പോലും. ഹസ്രത് ഉമറിന്റെ കാലത്ത് വാണിജ്യകേന്ദ്രങ്ങളുടെ ചീഫ് ഇന്‍സ്‌പെക്ടറായി ‘ഷിഫ’ എന്ന സ്ത്രീയെ നിയോഗിച്ചിരുന്നു.

അബ്ബാസി ഖലീഫ ഹാറൂണ് അല്‍ റഷീദിന്റെ പത്‌നി സുബൈദ ഭരണകാര്യങ്ങളില്‍ കഴിവുറ്റ സ്ത്രീയായിരുന്നു. നയതന്ത്രപരമായ കാര്യങ്ങളില്‍ പോലും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിരുന്നു. ഇങ്ങനെ സ്ത്രീകള്‍ സജീവ സാന്നിധ്യമായി പൊതുയിടങ്ങളില്‍ നിറഞ്ഞു നിന്ന ഒരു ചരിത്രം ഓര്‍മിക്കുക കൂടി ചെയ്യാതെ, സ്ത്രീകളെ അന്തപ്പുരങ്ങളിലും അടുക്കളയിലും ഒരു ശരീരമായി മാത്രം കണ്ടുകൊണ്ട് തളച്ചിടാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നത് ചരിത്രവിരുദ്ധമായ നീക്കം കൂടിയാണ്.

മദര്‍ തെരേസ ഇന്ദിരാഗാന്ധി കല്‍പ്പന ചൗള സുനിത വില്യംസ് തുടങ്ങിയ സ്ത്രീപ്രാതിനിധ്യങ്ങളെ മുജാഹിദ് ബാലുശ്ശേരിയെ പോലുള്ളവര്‍ ഒന്ന് ഓര്‍മിക്കുന്നത് നന്നായിരിക്കും. അവരാരും അഹങ്കാരികളോ, തങ്ങളുടേതായ ജോലികളില്‍ നില നിന്നിരുന്നതുകൊണ്ട് അന്യ പുരുഷന്മാരുമായി ബന്ധം വച്ചിരുന്നവരോ അല്ല. അതുകൊണ്ടുതന്നെ തെറ്റായ നിലപാടുകള്‍ പറയാതിരിക്കുക. മതവിശ്വാസികള്‍ക്ക് ഖുര്‍ആനോട് വൈകാരിക പരമായ ഒരു ബന്ധമാണുള്ളത്. അത്തരം വൈകാരികപരമായ ബന്ധത്തെ മാനിച്ചുകൊണ്ടുതന്നെ ഖുര്‍ആന്‍ അധ്യാപനം തെറ്റായ രീതിയില്‍ അല്ലാതെ, സ്ത്രീ വിരുദ്ധമല്ലാത്ത രീതിയില്‍ തന്നെ, ചരിത്ര വിരുദ്ധമല്ലാത്ത രീതിയില്‍ത്തന്നെ സത്യസന്ധമായി നടത്തുവാന്‍ താങ്കളെ പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്.

ജനാധിപത്യരാജ്യത്തിന്‍റെ എതിര്‍പക്ഷത്താകരുത് ഒരിക്കലും താങ്കളുടെ നിലപാടുകള്‍. സ്ത്രീകളുടെ സ്വതന്ത്രമായ ഇഹലോകവാസം തഴഞ്ഞുകൊണ്ട് പരലോകം ഓര്‍മിപ്പിക്കുന്ന, സ്വര്‍ഗ്ഗീയലബ്ധി എന്ന ഒരൊറ്റ കാരണത്തിനോട് സമരസപ്പെടാവുന്ന വിധത്തില്‍ അവരെ മാറ്റിയെടുക്കാന്‍ സാധിച്ച ആണ്‍ മേല്‍ക്കോയ്മക്ക് മുകളില്‍ ചവിട്ടി നിന്നു കൊണ്ടാണ് താങ്കള്‍ വീണ്ടും വീണ്ടും സ്ത്രീവിരുദ്ധത പറയുന്നത്. മുസ്ലിം സ്ത്രീകളുടെ ജീവിതത്തെ പൊതുബോധത്തിലേക്ക് നിങ്ങളെപ്പോലുള്ളവര്‍ കൊണ്ടുവരില്ലെന്ന് മാത്രമല്ല, എത്രയോ അബദ്ധ പ്രചരണങ്ങളിലൂടെ അവരുടെ സ്വാതന്ത്ര്യങ്ങളെ നിങ്ങള്‍ മൂടിവയ്ക്കുക കൂടി ചെയ്യും. അതുകൊണ്ട് ഇസ്‌ലാമിനെ നിഷ്പക്ഷമായി പഠിക്കാനാഗ്രഹിക്കുന്നവരേ പോലും നിങ്ങള്‍ ഇല്ലായ്മ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Advertisement