Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ഇന്ദ്രന്‍സ് എന്ന ‘വലിയ നടനെ’ മലയാളികള്‍ കണ്ടു തുടങ്ങിയിട്ടേ ഉള്ളൂ

, 5:48 pm

സേതു രാജന്‍

കുമാരപുരത്തുള്ള തയ്യല്‍ക്കാരന്‍ സുരേന്ദ്രനില്‍ നിന്നും സംസ്ഥാന അവാര്‍ഡ് ജേതാവായ ഇന്ദ്രന്‍സ് എന്ന നടനിലേക്കുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ല. ഇന്നലെ പാര്‍വ്വതിക്കും ഫഹദിനും നടുവില്‍ സംസ്ഥാന അവാര്‍ഡിന്റെ പകിട്ടില്‍ നിറഞ്ഞ ചിരിയുമായിരിക്കുന്ന ആ കൊച്ചു മനുഷ്യനെ കണ്ടപ്പോള്‍ മനസ്സിന് ഒരുപാടു സന്തോഷം തോന്നി. ഒരാളുടെ വിജയത്തില്‍ ഒരു ജനത മുഴുവന്‍ തരം തിരിവില്ലാതെ സന്തോഷം കൊള്ളുമ്പോഴാണ് അയാള്‍ ഒരു യഥാര്‍ത്ഥ വിജയി ആകുന്നത്. ഇന്ദ്രന്‍സിന്റെ സംസ്ഥാന പുരസ്‌കാരം നമ്മുടെ കൂടിയാണെന്ന് ഓരോ മലയാളിക്കും തോന്നുന്നുണ്ടെങ്കില്‍ തന്നെക്കാള്‍ വലിയവരാണ് ബാക്കിയുള്ളവര്‍ എല്ലാവരും എന്ന് വിശ്വസിക്കുന്ന വലിയ മനസ്സുള്ള ആ കൊച്ചു മനുഷ്യന്റെ വിജയമാണത്. ഒരു നടനാകാന്‍ സൗന്ദര്യവും ആകാരഭംഗിയും ശബ്ദഗാംഭീര്യവും അതിലുപരി ആരാധക വൃന്ദങ്ങളും വേണം എന്നിരിക്കെ അതൊന്നുമില്ലാതെ തന്റെ കൊച്ചു ശരീരത്തെയും ജീവിത ദുഖങ്ങളെയും മറന്നു മലയാളികളെ ചിരിപ്പിച്ച വ്യക്തിയാണ് ഇന്ദ്രന്‍സ്. സംസ്ഥാന അവാര്‍ഡ് നേടിയ വേളയില്‍ ഇത് വൈകി കിട്ടിയ അംഗീകാരമാണെന്ന് തോന്നുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ഞാന്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ’ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. ശരിയാണ്, ഹാസ്യ വേഷങ്ങളില്‍ പതിറ്റാണ്ടുകള്‍ തളച്ചിടപ്പെട്ടതിനു ശേഷം ഇന്ദ്രന്‍സ് എന്ന വലിയ നടനെ മലയാളികള്‍ കണ്ടു തുടങ്ങിയിട്ടേ ഉള്ളൂ.

കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം ; പുരസ്‌കാര നിറവിലും വിനയാന്വിതനായി ഇന്ദ്രന്‍സ്

ആദ്യമായി ഇന്ദ്രന്‍സിനെ ഒരു കാമ്പുള്ള വേഷത്തില്‍ കാണുന്നത് ടി വി ചന്ദ്രന്റെ കഥാവശേഷനില്‍ ആയിരുന്നു. ‘കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍ അമ്പിളി കിണ്ണത്തെ കൊതിച്ചിരുന്നു. അന്നത്തെ അന്തിയില്‍ അത്താഴ പാത്രത്തില്‍ അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു, അങ്ങനെ ഞാനെന്നും കരഞ്ഞിരുന്നു’. കഥാവശേഷനിലെ കള്ളന്റെ ജീവിതദുഃഖത്തെ ഈ വരികളിലൂടെ പാടുമ്പോള്‍ സ്വപ്നങ്ങളും നഷ്ടമായ ബാല്യത്തിന്റെയും നിറങ്ങള്‍ ഇല്ലാതെ നരച്ചു പോയ ജീവിതത്തിന്റെ നിസ്സഹായാവസ്ഥ ആ മുഖത്ത് കാണാമായിരുന്നു. ആ ഒരു കൊച്ചു വേഷത്തിലൂടെ തന്നിലെ നടനെ മലയാളിക്ക് പരിചയപ്പെടുത്തി ഇന്ദ്രന്‍സ്. അതിനു ശേഷം കോമാളിത്തമുള്ള ഹാസ്യ വേഷങ്ങളില്‍ നിന്നും മാറി ചില കാമ്പുള്ള കഥാപാത്രങ്ങളെ ഇന്ദ്രന്‍സില്‍ നിന്നും മലയാളിക്ക് ലഭിച്ചു. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലീലയിലെ ദാസപ്പായി എന്ന കഥാപാത്രമായി ഇന്ദ്രന്‍സ് വെള്ളിത്തിരയില്‍ നിറഞ്ഞപ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അപാരമായ സാദ്ധ്യതകളായിരുന്നു മലയാള സിനിമക്ക് മുന്‍പില്‍ തുറന്നിട്ടത്. ആ കഥാപാത്രം അദ്ദേഹത്തില്‍ നിന്നും വരാന്‍ സാധ്യതയുള്ള ഉള്‍ക്കാമ്പുള്ള ജീവനുള്ള ചില പ്രകടനങ്ങളുടെ ആമുഖമായി വിശേഷിക്കപ്പെട്ടു.

അപ്പോത്തിക്കിരിയില്‍ ജയസൂര്യയ്ക്കും സുരേഷ് ഗോപിക്കും ഒപ്പം തന്നെ എടുത്തു പറയേണ്ട ഒന്നായിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ച ജോസഫിന്റെ പ്രകടനം. ഇന്ദ്രന്‍സ് എന്ന ഹാസ്യ താരത്തില്‍ നിന്നും നടനിലേക്കുള്ള വഴിത്തിരിവായിരുന്നു ആ കഥാപാത്രം. ഒരു പിതാവിന്റെ വേദനകളെ, മകന്റെ രോഗത്തില്‍ നിസ്സഹായനാവുന്ന അയാളുടെ ദുഖങ്ങളെ, പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇന്ദ്രന്‍സ് പകര്‍ന്നാടിയപ്പോള്‍ ആ മുഖത്തെ ദുഃഖങ്ങള്‍ പ്രേക്ഷക മനസ്സിലും തളം കെട്ടി. ‘വേറെ വഴിയില്ലാത്തോണ്ടാ സാറുമ്മാരെ’ എന്നാ അപ്പന്‍ പറയുന്നത് കേട്ടപ്പോള്‍ അറിയാതെ എങ്കിലും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. അത്രമാത്രം തീവ്രതയോടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇന്ദ്രന്‍സിന്റെയുള്ളിലെ അഭിനേതാവിനെ അടയാളപ്പെടുത്തിയ ആ വേഷത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. 2016-ല്‍ പി എസ് മനുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണ്‍റോ തുരുത്തില്‍ ആണ് വീണ്ടും ഇന്ദ്രന്‍സ് എന്ന നടന്റെ അസാമാന്യ പ്രകടനം കാണുന്നത്. അപ്പൂപ്പന്റെയും കൊച്ചുമകന്റെയും ഹൃദ്യമായ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ ആ മുത്തച്ഛനെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അമ്മയുടെയും അപ്പന്റെയും കല്യാണ ആല്‍ബത്തില്‍ മാത്രം കണ്ടു പരിചയിച്ച എന്റെ മുത്തച്ഛനോടുള്ള ഒരു അടുപ്പം തോന്നിപ്പോയി. മെലിഞ്ഞു ദുര്‍ബലമായ ആ ശരീരത്തിലേക്ക് അതിശക്തമായ ഒരു കഥാപാത്രത്തെ ഇന്ദ്രന്‍സ് ഉള്‍ക്കൊണ്ടപ്പോള്‍ അഭിനയത്തിന്റെ ആയാസതകളോ ഏച്ചുകെട്ടലുകളോ ഇല്ലാത്ത തികച്ചും കയ്യടക്കത്തോടെയുള്ള ഒരു പ്രകടനത്തിനായിരുന്നു മലയാളി പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.

‘ആരോ വന്നു കത്തിച്ച വിളക്കില്‍ പിന്നെ ആരു വന്നു കത്തിച്ചാലും വെളിച്ചം കിട്ടുമെങ്കില്‍ പിന്നെ കെടുത്തുന്നതില്‍ തെറ്റൊന്നും ഇല്ലല്ലോ?’ പാതി ബോധവും മറുപാതി ഉപബോധവും ആയി ജീവിക്കുന്ന കമ്മാരന്റെ വാക്കുകളില്‍ അവന്റെ മാനസിക സംഘര്‍ഷങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പാതി എന്ന ചന്ദ്രന്‍ നരിക്കോട് ചിത്രത്തില്‍ മുഖം പകുതി പൊള്ളിയ വൈരൂപ്യമുള്ള തെയ്യം കലാകാരനും നാട്ടുവൈദ്യനുമായ കമ്മാരനെ ആയിരുന്നു ഇന്ദ്രന്‍സ് മലയാളിക്ക് സമ്മാനിച്ചത്. ഭ്രൂണഹത്യ തൊഴിലായി സ്വീകരിച്ച ഒരു നാട്ടുവൈദ്യന്റെ വേഷത്തില്‍ ഇന്ദ്രന്‍സ് വന്നപ്പോള്‍ അത്രമാത്രം ഉള്‍ക്കരുതോടെ ആ കഥാപാത്രത്തെ പ്രേക്ഷകന് അനുഭവേദ്യമാക്കുകയിരുന്നു അദ്ദേഹം. ആളൊരുക്കത്തിലെ ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തിനാണ് ഇന്ദ്രന്‍സ് ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. മുഖ്യധാരാ സിനിമകളെ പിന്തള്ളി ഫഹദിനേ പോലൊരു മുന്‍നിര താരത്തിനൊപ്പം മത്സരിച്ച് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ തന്റെയുള്ളിലെ അഭിനേതാവിന്റെ ഇനിയും കാണാത്ത അനന്ത സാധ്യതകളെ നമുക്ക് മുന്‍പില്‍ തുറന്നു കാട്ടുകയായിരുന്നു അദ്ദേഹം. കലാകാരന്‍ എന്ന നിലയില്‍ അഹങ്കരിക്കുന്ന, പരുക്കനായ പിഷാരടിയെയും പിന്നീട് വാര്‍ധക്യത്തില്‍ തനിച്ചാകുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദനകളില്‍, തിരിച്ചറിവുകളില്‍, താന്‍ കാരണം തന്നില്‍ നിന്നും അകന്നു പോയ മകനെ തേടിയിറങ്ങുന്ന അച്ഛനായ പിഷാരടിയെയും ആണ് ആളൊരുക്കത്തില്‍ കാണാനായത്. കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷങ്ങളെ വലിയ പൊട്ടിത്തെറികളോ അതിവൈകാരികതയുടെ അമിതമായ അലങ്കാരമോ ഇല്ലാതെ കേവലം നിശ്ശബ്ദതയിലൂടെ പോലും പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിലായിരുന്നു ഇന്ദ്രന്‍സ് എന്ന നടന്റെ വിജയം.

എന്തുകൊണ്ട് ഇന്ദ്രന്‍സ് എന്നുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അദ്ദേഹം ഒരു താരമല്ല, നമ്മുടെ ഇടയില്‍ നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന പലരില്‍ ഒരാള്‍ മാത്രമാണ്. മെലിഞ്ഞു ആകാരഭംഗി ഇല്ലാത്ത ആ ശരീരം ഒരു താരത്തെയല്ല നമ്മളോട് ചേര്‍ന്നു നില്‍ക്കുന്ന സാധാരണക്കാരനായ മലയാളിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു പച്ചമനുഷ്യനെ തിരശീലയില്‍ അവതരിപ്പിക്കാന്‍ ഇന്ദ്രന്‍സിനു അനായാസം കഴിയുന്നതും. അദ്ദേഹം ആ പുരസ്‌കാരം വാങ്ങിക്കുമ്പോള്‍ ഉള്ളു തുറന്ന് സന്തോഷിക്കാന്‍ എല്ലാ മലയാളികള്‍ക്കും സാധിക്കുന്നത് താരജാഡകളോ ഒരു സിനിമ നടന്റെ അമിതഭാരങ്ങളോ ഇല്ലാത്ത ഇന്ദ്രന്‍സ് എന്ന മനുഷ്യനെ പറ്റിയുള്ള തിരിച്ചറിവാണ്. ‘കണ്ണിനു കാണാന്‍ പോലും ഇല്ലാത്ത എന്നെയൊക്കെ നല്ല നടനാക്കിയില്ലേ, നിങ്ങളെയൊക്കെ സമ്മതിക്കണം’ പുരസ്‌കാരം സ്വീകരിച്ചു പറഞ്ഞ ആ വാക്കുകളില്‍ ഉണ്ടായിരുന്നു ഇന്ദ്രന്‍സ് എന്ന മനുഷ്യന്റെ എല്ലാ ആദര്‍ശങ്ങളും. പ്രിയപ്പെട്ട ഇന്ദ്രന്‍സ് ചേട്ടന്, ഇത് നിങ്ങളുടെ മാത്രമല്ല ഓരോ മലയാളികളുടെയും പുരസ്‌കാരമാണ്.

Credit : Sethu Rajan | MOVIE STREET

Advertisement