Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

സിദ്ധുവിന്റെ പടയോട്ടം തടയാൻ മോദിക്കാവുമോ ?

, 11:16 am

സുജിത് നാരായണന്‍

ഭരിക്കുന്ന പാര്‍ട്ടിയെ തന്നെ വീണ്ടും തിരഞ്ഞെടുക്കുന്ന പതിവ് കര്‍ണാടകക്കാര്‍ക്കില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തിയാല്‍ ഇക്കാര്യം വ്യക്തമാകും. എന്നാല്‍ ഇക്കുറി ഈ കണക്ക്കൂട്ടല്‍ പിഴക്കുമെന്നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ജീവാത്മാവായ സിദ്ധരാമയ്യ ഉറപ്പിച്ച് പറയുന്നത്. കാരണം, ഭരണവിരുദ്ധവികാരം എന്നൊന്ന് കര്‍ണാടകയില്‍ എവിടേയും കാണാനില്ലെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി പോലും സമ്മതിക്കും. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുമ്പെങ്ങുമില്ലാത്ത വിധം ആത്മവിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴുള്ള അവസ്ഥയല്ല ഇപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍. ആദ്യം സിദ്ധരാമയ്യയുടെ എതിരാളിയായി ബിജെപി ഉയര്‍ത്തികൊണ്ടുവന്ന യെദ്യൂരപ്പയെ പിന്നീട് പിന്‍വലിച്ച് മോദി തന്നെ പ്രചാരണപരിപാടി ഏറ്റെടുത്തത് ഇതിന്റെ തെളിവാണ്.

തൊട്ടു മുമ്പ് ഗുജറാത്തിലും യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലും പയറ്റിയ അടവ് കര്‍ണാടകയില്‍ ചെലവാകില്ല എന്നു തിരിച്ചറിഞ്ഞ മോദിയും അമിത് ഷായും ദേശീയ വിഷയങ്ങള്‍ മാറ്റിവച്ച് വിദ്വേഷ രാഷ്ട്രീയത്തിലേക്ക് കടന്നത് വെറുതെയല്ല. ഇതൊക്കെയാണെങ്കിലും ബിജെപിയ്ക്ക് മുന്‍തൂക്കമുള്ള തുക്കുമന്ത്രി സഭയുടെ സാധ്യതയാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി കാണുന്ന കന്നട നാട്ടിലെ ഈ പോരാട്ടത്തില്‍ ഇരുമുന്നണികളും കഴിഞ്ഞ ഒരു മാസക്കാലത്തോളമായി കടുത്ത പോരാട്ടത്തിലായിരുന്നു. രണ്ട് മുന്നണികള്‍ക്കും കര്‍ണാടക നിര്‍ണായകമാണ്. 2019 ലെ ദേശീയ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നതാണ് പ്രധാനകാരണം.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും, അത് ദേശീയരാഷ്ട്രീയത്തില്‍ ഉയര്‍ത്തുന്ന അലയൊലികള്‍ ചെറുതായിരിക്കില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പുതുജീവന്‍ ലഭിച്ച കോണ്‍ഗ്രസിന് കര്‍ണാടകയിലെ ജയം സമ്മാനിക്കുക, വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളേയും 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിനെയും നേരിടാനുള്ള പതിന്മടങ് ആത്മവിശ്വാസമായിരിക്കും. മാത്രമല്ല, ഇപ്പേള്‍ ശങ്കിച്ചു നില്‍ക്കുന്ന പല പാര്‍ട്ടികളേയും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കും എന്നും നിസംശയം പറയാം.

തെക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് വേരോട്ടമുള്ള കര്‍ണാടകയില്‍ ഭരണം വീണ്ടെടുക്കുക എന്നത് ബിജെപിയ്ക്ക് ജീവന്‍മരണ പോരാട്ടമാണ്. ആന്ധ്രയിലെ ചന്ദ്രബാബു നായിഡു മോദിയുടെ കടുത്ത വിമര്‍ശകനാവുകയും തെലുങ്കാനയിലെ ചന്ദ്രശേഖര റാവു വിലപേശല്‍ ആരംഭിക്കുകയും ചെയ്തതോടെ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയുടെ പിടി അയഞ്ഞ അവസ്ഥയിലാണ്. തമിഴ്‌നാട്ടിലും കാര്യങ്ങള്‍ ശുഭകരമാവില്ല എന്നാണ് വിലയിരുത്തല്‍. അതാണ് ബി ജെ പിയ്ക്ക് കര്‍ണാടക ഏറെ പ്രിയപ്പെട്ടതാകുന്നത്.

കേരളത്തിലേക്ക് കണ്ണെറിയുന്ന പാര്‍ട്ടിക്ക് കര്‍ണാടക ഒരു റെസ്റ്റിംഗ് പ്ലേസ് ആകുമെന്നും കരുതുന്നു. നോട്ട് നിരോധനവും ജിഎസ്ടിയുമടക്കമുള്ള മോദി സര്‍ക്കാരിന്റെ നയങ്ങളോട് രാജ്യത്തെ പ്രമുഖ വ്യാവസായിക നഗരം എങ്ങിനെ പ്രതികരിക്കുന്നുവെന്നതും പ്രധാനമാണ്. ഇതിന് പുറമെയാണ് 14-ാം ധനകാര്യകമ്മീഷന്റെ നയങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കടുത്ത എതിര്‍പ്പ്. ദക്ഷിണേന്ത്യയിലെ നികുതിപ്പണം  കൊണ്ട് ഉത്തരേന്ത്യക്കാര്‍ ജീവിക്കുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും ഒരു കാലത്ത് മോദിയുടെ ചങ്ങാതിയായിരുന്ന ടിഡിപി അധ്യക്ഷ്യന്‍ നായിഡുവിന്റെ പ്രസ്താവനയുടെ തൊട്ടു പിന്നാലെയാണ് കേരള ധനകാര്യമന്ത്രി തോമസ് ഐസക് ദക്ഷിണേന്ത്യയിലെ ധനകാര്യമന്ത്രിമാരുടെ യോഗം വിളിച്ചത്. നോര്‍ത്ത് -സൗത്ത് ഡിവിഷന്‍ വികാരം കൂടുതല്‍ വഷളാക്കാതിരിക്കാന്‍ കര്‍ണാടക ബിജെപിയ്ക്ക് രാഷ്ട്രീയമായ അനിവാര്യവുമാണ്.

കര്‍ണാടക ഭരണം പിടിക്കുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാനും ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷ ഐക്യ രൂപീകരണ ശ്രമങ്ങളെ ശിഥിലപ്പെടുത്താനും ബി.ജെ.പിക്ക് കഴിഞ്ഞെന്ന് വരാം.

നിലവിലെ കണക്കുകള്‍

30 ജില്ലകളിലായി 224 മണ്ഡലങള്‍. 4.97 കോടി വോട്ടര്‍മാര്‍. ഇത്തവണ 15,42,000 കന്നി വോട്ടര്‍മാര്‍ (2013നേക്കാള്‍ 13% അധികം വോട്ടര്‍മാര്‍). 2,51,78,359 പുരുഷ വോട്ടര്‍മാര്‍. 2,44,71,532 സ്ത്രീ വോട്ടര്‍മാര്‍. 4552 ഭിന്നലിംഗ വോട്ടര്‍മാര്‍.

2013 ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കക്ഷി നില

കോണ്‍ഗ്രസ്സ് – 122
ജനതാദള്‍ (എസ്) – 40
ബി ജെ പി – 40
കെ  ജെ  പി – 06
ബി എസ്ആര്‍ കോണ്‍ഗ്രസ്സ് – 04
സ്വതന്ത്രര്‍ – 09

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എന്നാല്‍ സിദ്ധരാമയ്യ എന്ന നിലയില്‍ ‘സിദ്ധു ഫാക്ടര്‍’ എവിടയും കാണാന്‍ കഴിയും. ഇത് വരെ പുറത്തു വന്നിട്ടുള്ള പ്രീ  പോള്‍ സര്‍വേകള്‍ എല്ലാം തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാവുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഭരണവിരുദ്ധ വികാരം ഇത്തവണ സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ഇല്ലെന്നുള്ളതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അനുകൂല ഘടകം. ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണ യോഗ ങ്ങളില്‍ ആരോപിക്കുന്ന തരത്തിലുള്ള അഴിമതി ആരോപണങള്‍  സര്‍ക്കാരിനെതിരെ ഭരണത്തിന്റെ ഒരു ഘട്ടത്തിലും ഉയര്‍ന്നിട്ടില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. നഞ്ചന്‍കോട്, ഗുണ്ടല്‍പേട്ട് ഉപതിരഞ്ഞടുപ്പ് ജയങള്‍ക്ക് ശേഷം സിദ്ധരാമയ്യ നടത്തിയ നീക്കങ്ങളാണ് ഇന്ന് കോണ്‍ഗ്രസിനെ ഒരു തുടര്‍ഭരണത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നതെന്ന് പറയാം. തമിഴ്‌നാട്ടിലെ ‘അമ്മ ഹോട്ടൽ മാതൃകയിൽ തുടങ്ങിയ ഇന്ദിര കാന്റീന്‍ സിദ്ധരാമയ്യക്കും കോണ്‍ഗ്രസിനും നല്‍കിയ പൊളിറ്റിക്കല്‍ മൈലേജ് ചെറുതല്ല. അദ്ദേഹം കൊണ്ടുവന്ന ജനക്ഷേമ പദ്ധതികള്‍ വോട്ടായി മാറുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ  പ്രതീക്ഷ . കാലാകാലങ്ങളായി ബി ജെ പിയുടെ വോട്ട് ബാങ്കായിരുന്ന ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി വാഗ്ദാനം ചെയ്തത് ലിംഗായത്ത് വോട്ടുകള്‍ അനുകൂലമാക്കുമെന്നാണ് കോണ്‍ഗ്രസ് അനുമാനിക്കുന്നത്. 40 ശതമാനത്തോളം വരുന്ന ദളിത്, പിന്നാക്ക, മുസ്ലീം വിഭാഗങള്‍ കൂടി ഒപ്പം നിന്നാല്‍ രാമകൃഷ്ണ ഹെഡ്ഗെക്ക് ശേഷം ഒരു തുടര്‍ഭരണം കോണ്‍ഗ്രസിന് സാധ്യമാകും.

സാധാരണ കോണ്‍ഗ്രസ് നേതാവല്ല സിദ്ധരാമയ്യ. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ കാലാകാലങ്ങളിലുള്ള തീട്ടൂരങ്ങള്‍ സിദ്ധരാമയ്യ സ്വീകരിക്കാറില്ല. കര്‍ണാടകയ്ക്കും തന്റെ നിലില്‍പിനും ആവശ്യമുള്ളത് മാത്രം. സത്യത്തില്‍ കോണ്‍ഗ്രസിന് രാജ്യത്ത അചഞ്ചലമായ സംസ്ഥാന നേതാവുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. കന്നഡിക സ്വത്വരാഷ്ട്രീയവും സംസ്ഥാന പതാകയുമെല്ലാം വിവിധ തുറകളില്‍ സിദ്ധരാമയ്യയുടെ പിന്തുണ ഉയര്‍ത്തിയത് സ്വാഭാവീകം.

2013-ലെ ബി ജെ പി അല്ല ഇന്നത്തെ ബി ജെ പി എന്നതാണ് അവരുടെ ആത്മവിശ്വാസം. യെദ്ദ്യൂരപ്പ സര്‍ക്കാരിലെ അഴിമതിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയം. പാര്‍ട്ടിയിലെ അതികായനായ യെദ്ദ്യൂരപ്പയും ബെല്ലാരിയിലെ വിവാദ വ്യവസായികളായ റെഡ്ഡി സഹോദരങളുടെ ഉറ്റ അനുയായി ബി  ശ്രീരാമലുവും പുതിയ പാര്‍ട്ടികള്‍ ഉണ്ടാക്കിയാണ് 2013-ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേവലം 40 സീറ്റുകള്‍ മാത്രം ലഭിച്ച ബി ജെ പി ജനതാദള്‍ സെക്കുലറിനും പിന്നിലായി. യെദ്ദ്യൂരപ്പയുടെ കെ ജെ പിക്ക് 6 സീറ്റുകളും ശ്രീരാമലുവിന്റെ ബി എസ്.ആര്‍ കോണ്‍ഗ്രസിന് 4 സീറ്റുകളും ലഭിച്ചു. 36.6% വോട്ടോടെ കോണ്‍ഗ്രസ് 122 സീറ്റുകള്‍ നേടി. അന്നത്തെ ബി ജെ പി(19.9%)യും കെ ജെ പി(9.8%)യും ബി.എസ്.ആര്‍ കോണ്‍ഗ്രസ്സും(2.7%) ഇന്ന് ഒരുമിച്ചാണ്. അന്ന് വിമതപക്ഷത്തായിരുന്ന യെദ്ദ്യൂരപ്പ ഇന്ന് ബി ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ശ്രീരാമലു ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമാണ്. ഈയൊരു സ്റ്റാറ്റിസ്റ്റിക്സില്‍ ആണ് ബി ജെ പിയുടെ പ്രതീക്ഷയത്രയും.

ബി ജെ പിയുടെ ലിംഗായത്ത് വോട്ട് ബേസില്‍ വിള്ളലുണ്ടാക്കാന്‍ സിദ്ധരാമയ്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ഫലം കണ്ടിട്ടുണ്ടെങ്കില്‍ തങളുടെ നില പരുങ്ങലിലാവുമെന്ന് പാര്‍ട്ടി കരുതുന്നു. അതു കൊണ്ടു തന്നെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ലിംഗായത്ത് മഠങ്ങള്‍ കയറിയിറങ്ങി പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദ്യത് നാഥും 22 കേന്ദ്രമന്ത്രിമാരും അണിനിരന്ന പ്രചാരണത്തിന് അതേ രീതിയില്‍ മറുപടി കൊടുക്കാന്‍ രാഹുല്‍ ഗാന്ധിക്കും സിദ്ധരാമയ്യക്കും കഴിഞ്ഞത് ബി ജെ പിയെ അലോസരപ്പെടുത്തുന്നുമുണ്ട്. രാഹുല്‍ഗാന്ധിയുടെ നേതൃത്വമികവ് അളക്കാനുള്ള ലിറ്റ്മസ് പേപ്പറും കൂടിയാവും കര്‍ണാടക തിരഞ്ഞെടുപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അഴിമതിയെ കുറിച്ച് പ്രധാനമന്ത്രി വാചാലനാകുകയും അഴിമതിക്ക് പേര് കേട്ട റെഡ്ഡി സഹോദരന്മാരുടെ പിന്തുണയോടെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതിലുള്ള വൈരുദ്ധ്യം കോണ്‍ഗ്രസ്സ് പ്രചാരണായുധമാക്കിയപ്പോള്‍, ബി ജെ പിക്ക് ബെല്ലാരിയിലും സമീപ പ്രദേശങ്ങളിലും ഈ പിന്തുണ നേട്ടമാകുമെന്ന് കരുതുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റായ ബംഗളുരുവിലെ പീനിയയിലെ നൂറു കണക്കിന് ചെറുകിട വ്യവസായികള്‍ക്ക് ജി എസ്.ടി പോലുള്ള നയങ്ങളില്‍ വലിയ പ്രതിഷേധമുണ്ട്. മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന ഈ ഏരിയയില്‍ കേരളത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ സാമ്പത്തിക നയങള്‍ കര്‍ണാടക തിരഞ്ഞെടുപ്പില്‍ എത്രത്തോളം പ്രതിഫലിക്കും എന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും. ചില സര്‍വെകള്‍ തൂക്കുമന്ത്രി സഭ പ്രവചിച്ച സാഹചര്യത്തില്‍ ‘കറുത്ത കുതിര’യാവാനുളള ഒരുക്കത്തിലാണ് ജെ ഡി എസും കുമാരസ്വാമിയും.

Advertisement