Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ചാനല്‍ക്കിളികള്‍ കരയാറില്ല

, 11:01 am

സെബാസ്റ്റ്യൻ പോൾ

ആദമിന്റെ സന്തതികള്‍ മാത്രമല്ല ചാനലുകളും ഉത്ഭവപാപത്തോടെ പിറവിയെടുക്കും. കൊച്ചിയിലെ കഫര്‍നാം എന്ന അഗതിമന്ദിരത്തിനെതിരെയുള്ള വാര്‍ത്തയായിരുന്നു മാതൃഭൂമി ന്യൂസിന്റെ ഉദ്ഘാടനവിഭവം. മനുഷ്യത്വമില്ലാത്ത കാപട്യത്തില്‍നിന്ന് ആ ചാനലിന് വിമുക്തമാകാന്‍ കഴിയുന്നില്ലെതിനു തെളിവായി മാതു സജി അവതരിപ്പിച്ച നമ്മളറിയണം എന്ന പരിപാടി.

സ്മൃതിയുടെ ശിക്ഷണത്തിലാണ് മാതുവിന്റെ അരങ്ങേറ്റം എന്ന് ആ പരിപാടി കണ്ടപ്പോള്‍ ബോധ്യമായി. ജനസേവ ശിശുഭവന്‍ ജനദ്രോഹഭവനോ എന്ന ചോദ്യമാണ് മാതു ഉന്നയിച്ചത്. ആണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് പരിപാടി അവസാനിച്ചു. അവസാനിപ്പിച്ചില്ലെങ്കില്‍ പരസ്യക്കാര്‍ തള്ളി പുറത്താക്കും. ജോസ് മാവേലി നിലപാടുകള്‍ സമര്‍ത്ഥിക്കാന്‍ പ്രാപ്തിയുള്ള നല്ല അഭിഭാഷകന്‍ അല്ലായിരിക്കാം. അനാഥരുടെ സംരക്ഷകനാകുന്നതിനുള്ള ആകാരസവിശേഷതയും അദ്ദേഹത്തിനില്ല. പക്ഷേ അതുകൊണ്ട് അദ്ദേഹം ചെയ്യുന്ന പ്രവൃത്തി നല്ലതല്ലാകുന്നില്ല. അത് നേരില്‍ കണ്ട് ബോധ്യം വന്നിട്ടുള്ള ആളാണ് ഞാന്‍. എനിക്കോ ചാനലിലെ ചമയക്കാര്‍ക്കോ അനുകരിക്കാവുന്ന കാര്യങ്ങളല്ല മാവേലി ചെയ്യുന്നത്. സ്വന്തം കുഞ്ഞിന്റെ മാലിന്യം നീക്കാന്‍ മടിക്കുന്നവരാണ് ഞാനുള്‍പ്പെടെപലരും. സര്‍ക്കാരിന്റെ സഹായത്തോടെയല്ല മാവേലിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അവിടെ എന്തും ആകാമെന്നല്ല.

പരിപാടിയില്‍ പങ്കെടുത്ത അഡ്വ. റീന എബ്രഹാം ചട്ടങ്ങള്‍ ഉദ്ധരിച്ചാണ് സംസാരിച്ചത്. ചട്ടങ്ങള്‍ക്ക് മേലെയാണ് കരുണ. അതിന്റെഭാഗമാണ് ആര്‍ദ്രത. മാതൃഭൂമിയില്‍ വീശുന്ന വയനാടന്‍ കാറ്റില്‍ ആര്‍ദ്രതയില്ല. അതുകൊണ്ട് മനുഷ്യത്വത്തെ അവര്‍ ക്രൂരമായി ചോദ്യം ചെയ്യുന്നു.

മദര്‍ തെരേസയ്ക്കും ഇതേ പരീക്ഷണത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. മതപരിവര്‍ത്തനം എന്ന ആക്ഷേപം മാവേലിക്കെതിരെ ഉണ്ടായിട്ടില്ല. നാളെ അതും ഉണ്ടായിക്കൂടെന്നില്ല. ആര്‍ക്കും ബോധ്യമാകുന്ന രീതിയില്‍ കണക്കെഴുതി വയ്ക്കുന്ന ശീലം മദര്‍ തെരേസയ്ക്കുണ്ടായിരുന്നു. റേഷന്‍വ്യാപാരിയുടെ അവധാനത ഇക്കാര്യത്തില്‍ മാവേലി കാണിക്കേണ്ടതായിരുന്നു. ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുതെന്ന ബൈബിള്‍ നിര്‍ദേശവും മാവേലിപാലിച്ചില്ല. കുട്ടികളുടെ സ്വകാര്യതയും അന്തസും ലംഘിക്കുന്ന രീതിയിലാണ് ജനസേവ ശിശുഭവന്റെ പരസ്യപ്പലകകള്‍ ഉയര്‍ന്നത്.

തെറ്റുകള്‍ തിരുത്തപ്പെടുകയും കുറ്റങ്ങള്‍ ശിക്ഷിക്കപ്പെടുകയും വേണം. ഡിക്കന്‍സ് കണ്ണീരോടെ ചിത്രീകരിച്ചിട്ടുള്ള ബാലശിക്ഷകരുടെ ക്രൂരവും നിര്‍വികാരവുമായ മനസോടെയാണ് ശിശുക്ഷേമസമിതികള്‍ പ്രവര്‍ത്തിക്കുന്നത്. എവിടെയും വേണ്ടത് നല്ല മനസാണ്. മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കാണാന്‍ കഴിയാത്തതും അതുതന്നെയാണ്. ചാനലുകള്‍ക്കും ശിശുക്ഷേമ സമിതികള്‍ക്കും നല്‍കാന്‍ കഴിയാത്ത എന്തോ ഒന്നുണ്ട്. അതാണ് കഫര്‍നാമിലും ജനസേവ ശിശുഭവനിലും നല്‍കപ്പെടുന്നത്.

അതിന്റെ പേരിലാണ് വയനാട്ടിലെ സിസ്റ്റര്‍ ഒഫീലിയ പ്രതിക്കൂട്ടിലായത്. റേറ്റിങ്ങിനും പ്രചാരത്തിനുംവേണ്ടി കുരുതി കൊടുക്കാനുള്ളതല്ല ആര്‍ദ്രതയില്‍ അലിയിച്ചെടുക്കുന്ന മനുഷ്യത്വം. അനധികൃത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍നിന്ന് വേര്‍പെടുത്തി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രസിഡന്റ് ട്രംപിന്റെ സെപറേഷന്‍ പോളിസിയെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചപ്പോള്‍ അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരക വിതുമ്പിപ്പോയി. റേച്ചല്‍ മാഡോ ദുര്‍ബലയാണ്. മനുഷ്യത്വമുള്ളവര്‍ക്ക് കണ്ണുനീരിന്റെ ദൗര്‍ബല്യമുണ്ടാകും. നമ്മുടെ ചാനലുകളിലെ ധീരവനിതകള്‍ കരയാറില്ല.

Advertisement