Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

സമദൂരവും മനഃസാക്ഷിയും; ചെങ്ങന്നൂര്‍ ഇക്കുറി ആര്‍ക്കൊപ്പം?

, 2:00 pm
ബാലു മഹേന്ദ്ര
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആവേശം അവസാനലാപ്പിലേക്ക് അടുക്കുമ്പോള്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും മൂന്നു മുന്നണികളും ഒരു പോലെ വിജയ പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും വിജയമുറപ്പിച്ചുള്ള പ്രചാരണമാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ നടത്തുന്നത്. പരമ്പരാഗത കോണ്‍ഗ്രസ്  മണ്ഡലമായ ചെങ്ങന്നൂര്‍ തിരിച്ച് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ യുഡിഎഫ് ക്യാമ്പ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ അത്ര ആവേശത്തിലല്ല ബിജെപി ക്യാമ്പ്. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നിരുന്നത് പിഎസ് ശ്രീധരന്‍ പിള്ളയായിരുന്നു. എന്നാല്‍, കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി വിജയിച്ചിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കാത്തത് ചെങ്ങന്നൂരിലെ അണികളെയും തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ട പ്രചാരണം തുടങ്ങിയപ്പോഴുള്ള ആത്മവിശ്വാസം ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ മുഖത്തില്ല. എന്നാല്‍, തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ഥിയായ ഡി വിജയകുമാറും.
ചെങ്ങന്നൂര്‍ പരമ്പരാഗത യുഡിഎഫ് കോട്ട
യുഡിഎഫിന്റെ പരമ്പരാഗത കോട്ടയാണ് ചെങ്ങന്നൂര്‍. എന്നാല്‍ ഈ കോട്ടയില്‍ കയറി എല്‍ഡിഎഫ് പലപ്പോഴും  വിജയത്തിന്റെ വെന്നിക്കൊടി ഉയര്‍ത്തിയിട്ടുണ്ടെന്നുള്ളത് ചരിത്രം. 1957, 1967, 1987, 2016 വര്‍ഷങ്ങളിലാണ് യുഡിഎഫിന്റെ ഉറച്ച മണ്ഡലത്തില്‍ സിപിഎം ചെങ്കൊടി ഉയര്‍ത്തിയത്. 2006 ല്‍ കേരളത്തിലുടനീളം  വിഎസ് അച്യുതാനന്ദനിലൂടെ എല്‍ഡിഎഫ് ഉയര്‍ത്തിയ ഇടതുതരംഗത്തിലും യുഡിഎഫിനൊപ്പം അടിയുറച്ചു നിന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പി.സി. വിഷ്ണുനാഥ് 5,132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്. 2011 ല്‍ പിസി വിഷ്ണുനാഥ് ഭൂരിപക്ഷം 12,500 വോട്ടായി ഉയര്‍ത്തി മണ്ഡലം അരക്കിട്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ത്രികോണ മത്സരം നടന്നപ്പോള്‍ മണ്ഡലം തിരിച്ച് പിടിക്കണമെന്ന ഉറപ്പിച്ച് സിപിഎം ഇറങ്ങിയതോടെ പിസി വിഷ്ണുനാഥിന് അടിതെറ്റി.  സിപിഎം സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍ നായര്‍ 7,983 വോട്ടുകള്‍ക്കാണ് വിജയിച്ച് കയറിയത്.
സിപിഎം സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍നായര്‍ 52,880 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ്  44,897 വോട്ടും ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള 42,682 വോട്ടുമാണ് നേടിയത്.
ത്രികോണമത്സരത്തില്‍ സിപിഎമ്മും ബിജെപിയും നേട്ടം കൊയ്തപ്പോള്‍ യുഡിഎഫ് ബഹുദൂരം പിന്നിലേക്ക് പോയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിഷ്ണുനാഥിന് 2011ല്‍ കിട്ടിയ 65,156 വോട്ടുകള്‍ 2016ല്‍ 44,897 ആയി കുറഞ്ഞു. 20,259 വോട്ടുകളുടെ കുറവ്. 2011ല്‍ സിപിഎം സ്ഥാനാര്‍ഥി സി.എസ്. സുജാതയ്ക്കു കിട്ടിയ വോട്ട് 52,656. രാമചന്ദ്രന്‍നായര്‍ക്കു 2016ല്‍ കൂടിയത് 224 വോട്ട്. തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് നേട്ടം കൊയ്തത്.  2011ല്‍ ബിജെപി സ്ഥാനാര്‍ഥി ബി.രാധാകൃഷ്ണമേനോന് ലഭിച്ച 6,062 വോട്ടുകള്‍ 42,682 ആയി ഉയര്‍ന്നു. 36,620 വോട്ടുകളാണ് ബിജെപിയുടെ പെട്ടിയിലേക്ക് അധികം വീണത്. ഇക്കുറിയും കോണ്‍ഗ്രസിന്റെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുക ബിജെപിയുടെ പെട്ടിയില്‍ വീഴുന്ന ഒരോ വോട്ടുകളുമായിരിക്കും.
ത്രികോണമത്സരത്തില്‍ എല്‍ഡിഎഫിന് വിജയപ്രതീക്ഷ
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ത്രികോണമത്സരം നടക്കണമെന്നാണ് എല്‍ഡിഎഫിന്റെ ആഗ്രഹം. കടുത്ത ത്രികോണ മത്സരം നടന്നപ്പോഴൊക്കെ സിപിഎമ്മിന് മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാനായെന്നുള്ളത് ചരിത്രമാണ്. 2016  ത്രികോണ മത്സരം നടന്നപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിക്ക് 2011 നെ അപേക്ഷിച്ച് 224 വോട്ട് മാത്രമാണ് അധികം നേടാനായത്. എന്നാലും കെ.കെ. രാമചന്ദ്രന്‍ നായര്‍ 7983 വോട്ടുകള്‍ക്ക് വിജയിച്ചു. അതിനാല്‍ തന്നെ മണ്ഡലത്തില്‍ ബിജെപി പിടിക്കുന്ന ഒരോ വോട്ടും സിപിഎമ്മിനും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. കണക്കുകള്‍ അനുസരിച്ച് ബിജെപി ഇതുവരെ പിടിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുകളാണ്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളെ തൊടാന്‍ ഇതുവരെ ബിജെപിക്കായിട്ടില്ല. ഇതു തന്നെയാണ് ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്.
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളില്‍ അഞ്ചിടത്തും ഇടതു ഭരണമാണ്. മുന്‍ എംഎല്‍എ തുടങ്ങിവച്ച വികസന പദ്ധതികള്‍ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിക്കണമെന്നാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ ഉയര്‍ത്തിയിരിക്കുന്ന പ്രചാരണായുധം. കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗവും വോട്ടാക്കി മാറ്റാന്‍ സിപിഎം പരമാവധി ശ്രമിക്കുന്നുണ്ട്. കെകെആറിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡും നോട്ടീസുകളും മണ്ഡലത്തില്‍ എമ്പാടും സിപിഎം ഉയര്‍ത്തിയിട്ടുണ്ട്. വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചാരണത്തിലും വികസന തുടര്‍ച്ചയ്ക്കാണ് സിപിഎം വോട്ടു ചോദിക്കുന്നത്.
 
മുന്നണികളുടെ വോട്ട് ചോര്‍ത്തി കറുത്ത കുതിരയാകാന്‍ ബിജെപി
ചെങ്ങന്നൂരില്‍ ബിജെപി പിടിക്കുന്ന ഒരോവോട്ടുമാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വിധി നിര്‍ണയിക്കുക. ബിജെപി 40000ല്‍ അധികം വോട്ടു പിടിച്ചാല്‍ ജയിച്ചു കയറാമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. കാരണം ബിജെപി പിടിക്കുന്ന വോട്ടുകള്‍ എല്ലാം കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളാണ്. ബിജെപി വോട്ട് വിഹിതം ഉയര്‍ത്തിയതാണ് 2016ല്‍ പിസി വിഷ്ണുനാഥ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങാനുള്ള പ്രധാന കാരണം. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മത്സരിച്ച് തെളിഞ്ഞ പിഎസ് ശ്രീധരന്‍ പിള്ളയെ തന്നെയാണ് ഇക്കുറിയും ബിജെപി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയിരിക്കുന്നത്. 2016 ല്‍ എന്‍എസ്എസ് രഹസ്യമായും എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് പരസ്യമായും പിന്തുണച്ചതോടെയാണ് പിഎസ് ശ്രീധരന്‍ പിള്ള 42,682 വോട്ടുകള്‍ നേടിയത്.
എന്‍എസ്എസ് ഇക്കുറിയും സമദൂര നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പള്ളിയോട കരകളുടേതടക്കമുള്ള പിന്തുണ തങ്ങള്‍ക്കാണെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാല്‍, ബിഡിജെഎസിന്റെ നിലപാട് ബിജെപി ക്യാമ്പുകളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. ബിഡിജെഎസ് ഇതുവരെ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയിട്ടില്ല. ബിഡിജെഎസിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്. എന്നാല്‍ പ്രമുഖ കേന്ദ്ര നേതാക്കള്‍ ആരും ചെങ്ങന്നൂരിലേക്ക് എത്താത്തതും പ്രവര്‍ത്തകരെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെയുമാണ് സ്റ്റാര്‍ ക്യാമ്പയിനര്‍മാരായി ചെങ്ങന്നൂരില്‍  ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.
17 സ്ഥാനാര്‍ഥികള്‍; 199340 വോട്ടുകള്‍
ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ 17 സ്ഥാനാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്.  എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു പുറമെ രാഷ്ട്രീയ ലോക്ദള്‍, എസ് യു സി ഐ (സി), ആം ആദ്മി, അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും 10 സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുള്ളത്. മണ്ഡലത്തില്‍ ആകെയുള്ളത് 199340 വോട്ടുകളാണ്. ഒരു നഗരസഭയും 10 ഗ്രാമപഞ്ചായത്തുകളും അടങ്ങിയ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്  മുളക്കുഴ ഗ്രാമപഞ്ചായത്തിലാണ്. 25493 വോട്ടര്‍മാരാണ് ഇവിടെ ഉള്ളത്. ഇവിടെ ഇരുപത് ബൂത്തുകളാണുള്ളത്. പാണ്ടനാട് പഞ്ചായത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്.  ഒമ്പതു പോളിങ് ബൂത്ത് മാത്രമുള്ള ഇവിടെ 10313 വോട്ടര്‍മാരാണുള്ളത്.
ചെങ്ങന്നൂര്‍ നഗരസഭയില്‍17 ബൂത്തും 20333 വോട്ടര്‍മാരുമാണുള്ളത്. മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ 21 ബൂത്തും 24644 വോട്ടര്‍മാരുമുണ്ട്. തിരുവന്‍വണ്ടൂരില്‍ 10 ബൂത്തുകളിലായി 13672 വോട്ടര്‍മാരുണ്ട്. 10 ബൂത്തുള്ള ആലയില്‍ 12334 വോട്ടര്‍മാരും 12 ബൂത്തുള്ള പുലിയൂരില്‍ 14893 വോട്ടര്‍മാരുമുണ്ട്. ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ 13 പോളിങ് ബൂത്തും 16482 വോട്ടര്‍മാരുമുണ്ട്. ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുള്ള ചെന്നിത്തല തൃപ്പെരുന്തുറയില്‍ 24257 വോട്ടര്‍മാരും 15 വീതം പോളിങ് ബൂത്തുള്ള ചെറിയനാട് 18810 വോട്ടര്‍മാരും വെണ്‍മണി ഗ്രാമപഞ്ചായത്തില്‍ 18109 വോട്ടര്‍മാരുമാണ് ഇലക്ഷന്‍ കമ്മീഷന്റെ കണക്കു പ്രകാരമുള്ളത്.
Advertisement