Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ലോങ് മാര്‍ച്ചിന്റെ മറുപുറം, കേരളത്തിലെ നേതാക്കള്‍ കാണേണ്ടത്

, 7:52 pm

വിത്സണ്‍ വര്‍ഗീസ്

രാജ്യം ഇതുവരെ കാണാത്ത കര്‍ഷക പ്രക്ഷോഭത്തിനാണ് മുംബൈ നഗരം സാക്ഷ്യം വഹിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് കര്‍ഷകരാണ് സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അണിനിരന്നത്. ജീവിതം തന്നെ വഴിമുട്ടിയപ്പോള്‍ ഗത്യന്തരമില്ലതാത്ത കര്‍ഷകര്‍ ഭരണകൂടത്തെ തിരുത്താന്‍ പൊരിവെയിലത്തും കൊടും തണുപ്പിലും നടന്നത് ഇരുനൂറ് കിലോമീറ്ററിലേറെ.നാസിക്കില്‍ നിന്നും മുബൈയിലെത്താന്‍ ദിവസം 35 കിലോമീറ്ററിലേറെ നടന്നു. ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുമ്പിലില്ലാത്ത കര്‍ഷകര്‍ക്ക് ഇതല്ലാതെ പോംവഴിയുണ്ടായിരുന്നില്ല.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത മഹാരാഷ്ട്രയിലും രാജസ്ഥാനിലും കുറഞ്ഞ തോതിലെങ്കിലും മറ്റുത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് നടപ്പാക്കാന്‍കഴിയുന്ന ഈ വന്‍ മുന്നേറ്റം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിക്കുന്ന ഉറച്ചു പോയ ചില സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്നുണ്ട്. ശരിയും ശാസ്ത്രീയവുമായ ഒരു പരിപാടി മുന്നോട്ട് വച്ച് അതിന് പിന്നില്‍ തൊഴിലാളി-കര്‍ഷക-വര്‍ഗ്ഗ ജന വിഭാഗങ്ങളെ അണി നിരത്തുക എന്ന മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ വിജയമാണ് മാഹാരാഷ്ട്രിയിലേയും രാജസ്ഥാനിലേയും സമരം. തൊഴിലാളികളുടേയും കര്‍ഷകരുടേയും ഉന്നമനത്തിനും സമൂഹത്തിന്റെ പുരോഗതിക്കും ഉതുകുന്ന നയങ്ങള്‍ക്ക് പിന്നില്‍ വിവിധ വര്‍ഗ ബഹുജന വിഭാഗങ്ങളെ അണിനിരത്തുക എന്ന ശാസ്ത്രീയ സമീപനമാണിത്.

പാര്‍ട്ടിയുടെ കരുത്തായി പൊതുവില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ചൂണ്ടിക്കാണിക്കുന്ന പ്രകടനങ്ങളിലെ ജനപങ്കാളിത്തമോ ചുവന്ന യൂണിഫോമണിഞ്ഞ വൊളന്റിയര്‍ മാര്‍ച്ചിന്റെ ബാഹുല്യമോ അല്ല യാഥാര്‍ഥത്തില്‍ ഒരു ഇടതു പക്ഷപാര്‍ട്ടിയുടെ കരുത്തിന്റെ നിദാനം. തൊഴിലാളിവര്‍ഗത്തിന്റെ മുന്നണി പോരാളിയാവാന്‍ പാര്‍ട്ടിക്ക് കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പാര്‍ട്ടിയുടെ ഒരു പരിപാടി ഉണ്ട്. പങ്കെടുക്കുന്നതിലൂടെ പരിപാടി വിജയമാക്കുക എന്ന കേവലമായ ചിന്തയല്ല, മഹാരാഷ്ട്രയിലേയോ രാജസ്ഥാനിലേയോ കര്‍ഷകരെ ശകതമായ സമരത്തിലേക്ക് നയിക്കുന്നത്. ഇത്തരം ചിന്തയല്ല ഇന്ത്യയിലെ തൊഴിലാളികളെ പണിമുടക്ക് ഉള്‍പ്പെടെയുള്ള ചരിത്ര പോരാട്ടങ്ങളിലേക്ക് നയിക്കുന്നത്. മറിച്ച്, തങ്ങളുടെ വര്‍ഗത്തിന് സാമ്രാജിത്വ ശക്തികളില്‍ നിന്നും അതിന്റെ നയസമീപനങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര -സംസ്ഥാന ഭരണ കൂടങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്ന ആധിപത്യത്തിനെതിരായ സമരമാണത്.

ദൗര്‍ഭാഗ്യവശാല്‍ കേരളം പോലെ സിപിഐഎമ്മിന് ശക്തമായ പാര്‍ലമെന്ററി സാനിധ്യമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേതൃത്വം ഇത്തരം സമരങ്ങള്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുക. വലിയ തൊഴില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ മേഖലയിലും ഇതാണ് സ്ഥിതി. പ്ലാന്റേഷന്‍ മേഖലയിലും കയര്‍, കശുവണ്ടി, മത്സ്യതൊഴിലാളി, നഴ്സിങ്,കര്‍ഷകതൊഴിലാളി തുടങ്ങിയ മേഖലകളിലും വലിയ തോതില്‍ തൊഴില്‍ ചൂഷണം നടക്കുന്നുണ്ടെങ്കിലും ഈ മേഖലകളിലൊന്നും തന്നെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി കേരളത്തില്‍ തയ്യാറാവുന്നില്ല.

മാത്രമല്ല, ഈ മേഖലയില്‍ തൊഴിലാളികള്‍ സ്വയം സംഘടിച്ച് സമരത്തിലേക്ക് വരുമ്പോള്‍ അതിനെതിരായ നിലപാട് സ്വീകരിക്കുകയാണ് പാര്‍ട്ടി ഇപ്പോള്‍ ചെയ്യുന്നത്. പെമ്പിളൈ ഒരുമ സമരം, നഴ്സിങ് സമരം തുടങ്ങിയവ ഉദാഹരണം. അടിസ്ഥാന വര്‍ഗങ്ങളെ നയിക്കുന്നതിലല്ല മറിച്ച് മധ്യവര്‍ഗത്തെ തലോടുന്നതിലാണ് കേരളത്തില്‍ കുറെ നാളായി പാര്‍ട്ടി ശ്രദ്ധിക്കുന്നത്. ഇത് ഇടതുപക്ഷ രാഷ്ട്രിയത്തിന് കടുത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്. ഇവരെ ഉയര്‍ത്തികൊണ്ടു വരുന്നതിന് പകരം മധ്യവര്‍ഗങ്ങള്‍ക്ക് വിതരണം ചെയ്യാനായി അശാസ്ത്രിയമായ ജൈവ കൃഷിസമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള തട്ടിപ്പ് പരിപാടിയിലാണ് പാര്‍ട്ടിയുടെ ശ്രദ്ധ മുഴുവന്‍. ജൈവ കൃഷി ചെയ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യമില്ല എന്നറിഞ്ഞിട്ടും വെണ്ടക്കയിലൂടെ വിപ്ലവം കൊണ്ടുവന്ന് കൈനനയാതെ മീന്‍ പിടിക്കാമെന്ന വ്യാമോഹമാണ് ഇതിന് പിന്നില്‍.

രൂക്ഷമായ പ്രശ്നങ്ങള്‍ ഉയര്‍ത്തി നഴ്സുമാരുടെ സമരം നടക്കുമ്പോള്‍ രോഗികളുടെ പ്രശ്നങ്ങളെ കുറിച്ച് വാചാലരായി ആശുപത്രി മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാടാണ് കേരളത്തില്‍ പാര്‍ട്ടി സ്വീകരിച്ച് വരുന്നത്. പൊതുവെ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ഇടതു പാര്‍ട്ടികളുടെ നിലപാട് ഇതുതന്നെയാണ്. ഇത്തരം പ്രസ്ഥാനങ്ങളുയര്‍ത്തുന്ന ‘കോസുകള്‍’പൊതു സമൂഹത്തിന് നല്ല ബോധ്യമുണ്ടുതാനും. ഇത്തരം സത്യസന്ധമായ സമരങ്ങളെ നയിക്കാന്‍ ആരെങ്കിലും മുന്നോട്ട് വന്നിരുന്നെങ്കിലെന്ന് സത്യത്തില്‍ ഇവിടുത്തെ പൊതസമൂഹം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ അലസതയുടെ ദുര്‍മേദ്ദസ് ബാധിച്ച പാര്‍ട്ടി ഇതിന് മുതിരാതെ മുട്ടുന്യായങ്ങള്‍ നിരത്തി തടി തപ്പുകയാണ്. സത്യത്തില്‍ നഴ്സിംഗ് സമരം ഇന്നത്ത രൂപത്തിലെങ്കിലും നിലനില്‍ക്കുന്നത് പൊതുസമൂഹത്തിന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്. സ്വകാര്യ സ്‌കൂളുകളില്‍ കാര്യമായ ശമ്പളമില്ലാതെ പണിയെടുക്കുന്ന അധ്യാപകരുടെ അവസ്ഥയും ഇതുതന്നെയാണ്. പൊതുസമൂഹത്തിന് കാര്യങ്ങളറിയാം.

പക്ഷെ ധനവാന്റെ മേശപ്പുറത്ത് നിന്ന് വഴുതി വീഴുന്ന അപ്പക്കഷണത്തിലാണ് പാര്‍ട്ടിയുടേയും അടിതൊട്ട് മുടിവരെയുള്ള നേതാക്കളുടേയും കണ്ണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവതാരോദ്യേശ്യവും വിപ്ലവവും കേരളത്തില്‍ പൂര്‍ത്തിയായി എന്ന മാനസീകാവസ്ഥയിലാണ് കേരളത്തിലെ നേതാക്കള്‍.

പ്ലാന്റേഷന്‍ തൊഴിലാളികള്‍ ഗത്യന്തരമില്ലാതെ ഇടതുപക്ഷ ട്രേഡ് യൂണിയനുകളില്‍ നിന്ന് പുറത്ത് വന്ന് പെമ്പിളൈ ഒരുമൈ എന്ന ഒരു കൂട്ടായ്മ ഉണ്ടാക്കി സമരത്തിനിറങ്ങിയപ്പോള്‍ ആസമരത്തെ ഒരു ഗൂഡഢാലോചനയാക്കി ചിത്രീകരിക്കുകയാണ് പാര്‍ട്ടി ചെയ്തത്. കര്‍ഷരുടെ ലോങ് മാര്‍ച്ചിനെ ചെങ്കൊടിയേന്തിയ മാവോയിസ്റ്റുകള്‍ എന്ന മഹാരാഷ്ട്ര മന്ത്രി പുനം മഹാജന്റെ പ്രതികരണവും മേല്‍പറഞ്ഞ നിലപാടും തത്വത്തില്‍ ഒന്നുതന്നെ.

ഏറ്റവും ഒടുവില്‍ 57 ലെ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമങ്ങളുള്‍പ്പെടെ തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സ് ഇറക്കി ലോകബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റേറ്റിംഗില്‍ മുമ്പന്തിയിലെത്താനുള്ള ശ്രമവും കേരളസര്‍ക്കാര്‍ പരീക്ഷിക്കുകയുണ്ടായി. തൊഴിലാളി- കര്‍ഷക ജന വിഭാഗങ്ങളെ അണിനിരത്തി കരുത്തുറ്റ പ്രക്ഷോഭങ്ങള്‍ നടത്താനല്ല, മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ചുവന്ന യൂണിഫോം ഇടുവിച്ച് സമ്മേളന നഗരിയില്‍ അണിനിരത്തി ദാ നോക്കൂ ഞങ്ങളുടെ ശകതി എന്ന് ചൂണ്ടികാണിക്കാനാണ് ശ്രമം മുഴുവനും.

 

ഇതിന്റെ പതിന്മടങ്ങ് തൊഴിലാളികള്‍ വിവിധ മേഖലകളില്‍ കൊടിയ ചൂഷണത്തന് വിധേയമായികൊണ്ടിരിക്കുമ്പോഴാണിത്. തൊഴിലാളി- കര്‍ഷക വിഭാഗത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള നയസമീപനങ്ങള്‍ക്ക് പകരം സ്വകാര്യ നിക്ഷേപത്തിലൂടെ തൊഴിലവസരം വര്‍ധിപ്പിക്കാമെന്ന നവലിബറല്‍ നയം തന്നെയാണ് ഇടതുപക്ഷത്തെ ഒരു വിഭാഗത്തെ നയിക്കുന്നത്. കിഫ്ബി പോലുളള സംവിധാനങ്ങള്‍ ട്രഷറി ബാഹ്യമൂലധന സഞ്ചയന നിക്ഷേപത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് തെറ്റായ സമീപനത്തിന് ഉദാഹരണമാണ്. ജി എസ് ടി വന്നപ്പോള്‍ അത് കേരളത്തിന് ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ ചിന്തിച്ചത്.

നോട്ട് നിരോധനം വന്നപ്പോള്‍ അത് നടപ്പിലാക്കിയ രീതിയില്‍ മാത്രമാണ് പ്രശ്നമെന്നാണ് കേരളത്തില്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞത്. കേരളത്തിലെ ശകതമായ പാര്‍ലമെന്ററി സംവിധാനത്തിലൂടെ പരിമിതമായ സേവനങ്ങള്‍ ജനങ്ങളിലെത്തിച്ച് പാര്‍ട്ടി സമ്മേളനങ്ങളിലൂടെ കരുത്ത് കാട്ടിയല്ല അടിസ്ഥാനവര്‍ഗങ്ങളെ നയിച്ചാണ് നവലിബറല്‍ പരിഷ്‌കാരങ്ങളേയും ഫാസിസ്റ്റ് പ്രവണതകളേയും ചെറുക്കേണ്ടത്. അതിന് നേതാക്കള്‍ ഇനിയും വെയിലു കൊള്ളേണ്ടി വരും. ചങ്ങാത്തമുതലാളിത്തത്തിന്റെ തോഴരായ നേതാക്കള്‍ ദേഹണ്ഡിച്ചുണ്ടാക്കിയ സമ്പാദ്യവുമായി ചുരുങ്ങിയ പക്ഷം മാറിനില്‍ക്കേണ്ടിയെങ്കിലും വരും.

Advertisement