Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

68 കലാകാരന്‍മാരുടെ ധീരത യേശുദാസിനെയും ജയരാജിനെയും വേട്ടയാടും

, 1:03 pm

ദേശീയ ചലചിത്ര പുരസ്‌കാരം സ്മൃതി ഇറാനിയുടെ കയ്യില്‍ നിന്ന് വാങ്ങിക്കാതെ പ്രതിഷേധിച്ച കലാകാരന്‍മാര്‍ വലിയ ആദരവ് അര്‍ഹിക്കുന്നു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ കാലത്തേക്കാള്‍ കലയും സാഹിത്യവും ചിന്തകളും ഭീഷണി നേരിടുന്നത് ഇന്നാണ്. അത്തരം സംഭവങ്ങളുടെ തുടര്‍ച്ചയായിട്ട് മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ കാണാന്‍ സാധിക്കുകയുള്ളൂ.

എന്ത് കൊണ്ട് മന്ത്രിയില്‍ നിന്ന് വാങ്ങിയാല്‍ കുഴപ്പം, ചാനല്‍ മുതലാളിമാരുടെ മുന്നില്‍ വണങ്ങി നില്‍ക്കുന്നവരാണല്ലോ നിങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി അഭിപ്രായങ്ങള്‍ കേട്ടു.  ചാനല്‍ അവാര്‍ഡില്‍ പങ്കെടുക്കുമ്പോള്‍ ആ പരിപാടിയെ കുറിച്ചുള്ള ധാരണ അവാര്‍ഡ് ഏറ്റുവാങ്ങുന്നവര്‍ക്കും പ്രഖ്യാപിക്കുന്നവര്‍ക്കുമുണ്ട്, അത് കാണുന്ന പ്രേക്ഷകനും ഉണ്ട്. അത് സിനിമയുമായി ബന്ധപ്പെട്ട അനുബന്ധ വ്യാപാരമായിട്ടാണ് നമ്മള്‍ കാണുന്നത്.

അതിലേക്ക് ഒരു താരം പോകുന്നതിന് പലകാരണങ്ങളുമുണ്ട്. ചിലപ്പോള്‍ അയാളുടെ ഒരു സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം ഈ ചാനലിന് ഉണ്ടാകാം. അങ്ങനെയുള്ള വാണിജ്യ താല്‍പര്യങ്ങള്‍ തന്നെയാണ് ഇതിനുള്ളില്‍. പക്ഷേ അതിനേയും ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളില്‍ നിന്ന് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയതിനെയും തുലനപ്പെടുത്തുക എന്നത് തന്നെയാണ് ഏറ്റവും അപകടകരമായ കാര്യം.

വാണിജ്യതാല്‍പര്യങ്ങള്‍ക്ക് അതീതമായി സിനിമ എന്നുള്ള കലയെ വിലയിരുത്താനാണ് കേന്ദ്രസര്‍ക്കാര്‍  ജൂറിയെ നിയമിക്കുന്നത്. രാഷ്ട്രപതി രാജ്യത്തിന്റെ പ്രഥമപൗരനാണ്.  പ്രഥമപൗരനില്‍ നിന്ന് ഏറ്റുവാങ്ങുക എന്ന ചടങ്ങിന് അതിന്റേതായ ഗഹനതയുണ്ട്. ഇത്തവണത്തെ അവാര്‍ഡ് മുന്‍വര്‍ഷങ്ങളിലേത് പോലെ രാഷ്ട്രപതി സമ്മാനിക്കുമെന്ന് ജേതാക്കള്‍ക്ക് നല്‍കിയ ക്ഷണപത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് അവസാന നിമിഷം അട്ടിമറിക്കപ്പെടുന്നത്. രാഷ്ട്രീയത്തിന് അപ്പുറമുള്ള രാഷ്ട്രപതി എന്ന പദവിയെ പോലും മാറ്റിനിര്‍ത്തികൊണ്ട് ”ഞാന്‍ നിങ്ങള്‍ക്ക് അവാര്‍ഡ് തരും” എന്ന് പ്രഖ്യാപിക്കുന്ന കടന്നുകയറ്റത്തെയാണ് 68 കലാകാരന്‍മാര്‍ ഒന്നിച്ച് നിന്ന് എതിര്‍ത്തത്. അവരോടാണ് ആദരവ്.

ഇത്തരത്തില്‍ മുന്‍കൂട്ടി ആലോചിച്ച് തയ്യാറാക്കാതെ വളരെ നൈസര്‍ഗികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളിലാണ് ഒരു ബദല്‍ ജനാധിപത്യ സങ്കല്‍പം മുന്നോട്ട് വയ്ക്കപ്പെടുന്നത്. കൃത്യമായി ആസൂത്രണം ചെയ്ത പാര്‍ട്ടി പരിപാടിയൊന്നുമല്ല ഇത്. 68 പേര്‍ തീരുമാനിക്കുകയാണ്, ഈ അധികാര കടന്നുകയറ്റത്തിനെതിരെ നമ്മള്‍ പ്രതിഷേധിക്കണമെന്ന്. അണ്ണാ ഹസാരെ ഉപവാസം നടത്തിയപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഒഴുകിയെത്തിയത് വളരെ നൈസര്‍ഗികമായാണ്. അവരൊരു പുതിയ ജനാധിപത്യ സങ്കല്‍പ്പം മുന്നോട്ട് വച്ച് വെച്ചവരാണ്. അത് തന്നെയാണ് ബോംബെയില്‍ നടന്ന കര്‍ഷകമാര്‍ച്ചിലും ഉണ്ടായത്. കര്‍ഷകര്‍ മാത്രമല്ല, കച്ചവടം നടത്തുന്നവരും ഉപരിവര്‍ഗവിഭാഗവും ഉള്‍പ്പെടെ എല്ലാവരും അതില്‍ പങ്കെടുത്തു. നൈസര്‍ഗികമായുണ്ടാകുന്ന ഇത്തരം പ്രതിഷേധങ്ങളാണ് മുന്‍പോട്ടുളള ബദല്‍രാഷ്ട്രീത്തിന്റെ ഭാവി.

കലാകാരന്‍, കലാകാരി എന്നിവര്‍ അധികാരത്തോട് ‘നോ’ പറയുന്നവരാണ്. അധികാരം എവിടെ ചോദ്യംചെയ്യപ്പെടുന്നു അവിടെ കലയുണ്ടാകുന്നു. അത് ഏറ്റവും ലളിതമായി മനസിലാക്കി തന്നവരാണ് ഈ 68 കലാകാരന്‍മാര്‍. അവരില്‍ പലരും വ്യത്യസ്ത രാഷ്ട്രീയചായ്‌വുകള്‍ ഉളളവരായിരിക്കാം. ബിജെപിയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന ആളുകള്‍വരെ അതിലുണ്ട്. പക്ഷേ അതിനെല്ലാം അതീതമായി ഇത് അധികാരത്തിന്റെ കടന്നുകയറ്റമാണെന്നുള്ള തോന്നലിലാണ് പ്രതിഷേധമുണ്ടായത്. അതാണ് ആ പ്രതിഷേധത്തിന്റെ പ്രസക്തി.

പുരസ്‌കാര ദാന ചടങ്ങിന് വരാതിരുന്ന കലാകാരന്‍മാരുടെ കസേരകള്‍ എടുത്തുമാറ്റി. ചിലതില്‍ ഡമ്മികളെ ഇരുത്തിയൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടത്. കലാകാരന്‍ അല്ലെങ്കില്‍ കലാകാരി എന്നതിനെ വെറും ഒരു കസേരയായിട്ടാണ് അവര്‍ കണക്കാക്കുന്നത്. ഒരു കസേര എടുത്ത് മാറ്റിയാല്‍ കലാകാരനെ വേരറുത്ത് മാറ്റാമെന്ന് അവര്‍ ധരിച്ചു.

കലാകാരനോ കലാകാരിയേക്കോ ഡമ്മിയെ ഇരുത്തി ചടങ്ങ് നടത്താം എന്നുള്ളത് ഈ സര്‍ക്കാര്‍ കലാകാരന്‍മാരോടും കലയോടും ചെയ്യുന്ന സമീപനത്തിന്റെ ലക്ഷണമാണ്. അധികാരത്തിന്റെ സമസ്തമേഖലകളും ഡമ്മികളെ വെച്ച് മാത്രം ഭരിച്ച് പരിചയിച്ച ഭരണകൂടത്തിന് ഇതും അങ്ങനെ നടത്താം എന്നുളള അവരുടെ മണ്ടന്‍ തോന്നലാണ് അവിടെ കണ്ട കസേരയെടുത്ത് മാറ്റല്‍ അഥവാ ഡമ്മി പ്രതിഷ്ഠ. കലാകാരനേയം കലാകാരിയെയും ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാനാവില്ല.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ രണ്ട് മുതിര്‍ന്ന കലാകാരന്‍മാര്‍, യേശുദാസും ജയരാജും നിവേദനത്തില്‍ ഒപ്പിട്ട ശേഷം അവാര്‍ഡ് ഏറ്റുവാങ്ങി. അത്തരത്തില്‍ അധികാരത്തിനോട് രാജിയാവുകവഴി അവര്‍, അവരുടെ കലാകാരന്മാര്‍ എന്ന സ്വത്വത്തെ തന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്. 68 കലാകാരന്‍മാര്‍ കാണിച്ച ധീരത അവരെ വേട്ടയാടിക്കൊണ്ടിരിക്കും. അവരെ ഇത് അസ്വസ്ഥരാക്കും. ഇരുണ്ട കാലഘത്തിലൂടെ കടന്നുപോകുന്നതിന്റെ അടയാളമായി ഇതിനെ വായിക്കാം. പക്ഷേ ആ ഇരുട്ടിനപ്പുറം ഉണ്ടാകാന്‍ പോകുന്ന വെളിച്ചത്തിന്റെ സൂചനകൂടി ഈ പ്രതിഷേധം നമുക്ക് നല്‍കുന്നുണ്ട്.

Advertisement