സ്ത്രീവിരുദ്ധത മാറ്റിവെച്ച് സിനിമ നിര്‍മ്മിക്കാനാവില്ല, പ്രശ്‌നം കച്ചവടവല്‍ക്കരണം

ശ്രീഹരി ശ്രീധരന്‍

ശങ്കരാടി കാറോടിച്ച് വരുന്നു. നിര്‍ത്തുന്നു. ഡോറ് തുറന്ന് പുറത്തിറങ്ങുന്നു. ഡോറടച്ച് നടന്നു പോകുന്നു. ഒരു സാധാരണ സീന്‍.

ജഗതി കാറോടിച്ച് വരുന്നു. നിര്‍ത്തുന്നു. ഹാസ്യസ്വഭാവത്തിനിണങ്ങുന്ന ഒരു പശ്ചാത്തലസംഗീതം. ജഗതി ഡോര്‍ തുറക്കുന്നു. വിജാഗിരിയില്ലാത്തത് കൊണ്ട് മൊത്തം ഡോര്‍ പുറത്തേക്ക് ഇളകി വരുന്നു. ജഗതി ഇറങ്ങി ഡോര്‍ തിരിച്ച് വെച്ച് ഒന്നും സംഭവിക്കാത്ത പോലെ നടന്നുപോകുന്നു. പശ്ചാത്തലസംഗീതം തുടരുന്നു. കോമഡി.

പെണ്ണുകാണാന്‍ എത്തിയ ചെക്കന്‍ കാറിന്റെ ഡോര്‍ തുറന്ന് ഇറങ്ങാന്‍ നോക്കുന്നു. പറ്റുന്നില്ല. കഷ്ടപ്പെട്ട് മറുവശത്ത് കൂടെ കവച്ച് വെച്ച് ഇറങ്ങുന്നു. “വലതുകാലു വെച്ച് ഇറങ്ങാന്‍ സാധിച്ചല്ലോ” എന്ന് ഗൃഹനാഥന്‍ ആത്മഗതം ചെയ്യുന്നു. ഹ്യൂമര്‍/ഐറണി.

പത്തമ്പത് ലക്ഷം രൂപാ വിലയുള്ള എസ് യു വി  കാര്‍ ഓടിച്ച് വരുന്ന മോഹന്‍ലാല്‍ റോട്ടില്‍ കാറ് 360° വട്ടംകറക്കി നിര്‍ത്തുന്നു. സ്ലോ മോഷനില്‍ ഡോര്‍ തുറക്കുന്നു, പുറത്ത് വരുന്നു. കൊടൂര മാസ് ബിജിയെം. പിന്‍ കാലു കൊണ്ട് ഡോറില്‍ ഒരു തൊഴി. ഇത് ഗ്ലോറിഫിക്കേഷന്‍. ഹീറോയിസത്തിന്റെ ആഘോഷം.

ഒരു കാറിന്റെ ഡോര്‍ തുറക്കുക എന്ന നിസാരസംഭവം പല രീതിയില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ എങ്ങിനെ അര്‍ഥം മാറുന്നു എന്ന് പറഞ്ഞതാണ്. ഏത് നിസാരകാര്യവും തിരക്കഥാകൃത്തും സംവിധായകനും ഒരു താരശരീരവും ചേര്‍ന്ന് ഗ്ലോറിഫൈ ചെയ്യാം. തീര്‍ത്തും ഒബ്വിയസ് ആയ കാര്യമാണ് എഴുതിയത്. എനിക്ക് തന്നെ നാണം തോന്നുന്നുണ്ട് ഇത്ര ലളിതമായ കാര്യം ഇത്ര നീട്ടിപ്പരത്തി വിശദീകരിക്കുന്നതില്‍. പക്ഷെ അജ്ജാതി മണ്ടന്മാരെയാണ് കസബ-മമ്മൂട്ടി-ജൂഡ്-പാര്‍വതി വിവാദത്തില്‍ പ്രതികരിക്കുന്നവരില്‍ കൂടുതലും കാണുന്നത്.

സ്ത്രീവിരുദ്ധതയോ റേസിസമോ തോന്ന്യാസമോ ഒക്കെ സിനിമയില്‍ ഉണ്ടാകാം. എന്നല്ല ഉണ്ടാകണം. സിനിമ മനുഷ്യരെയും ലോകത്തെയും പറ്റിയാണ്. മനുഷ്യരിലും ലോകത്തും ഉള്ളതൊക്കെ അതിലും ഉണ്ടാകും. സ്ത്രീവിരുദ്ധമാകില്ല. സിനിമയില്‍ മിസോജിനികും റേസിസ്റ്റുകളും ആയ ധാരാളം കഥാപാത്രങ്ങള്‍ കാണും. അവരുടെ മാനസികനിലയ്‌ക്കൊത്ത ഡയലോഗുകളും. ടരന്റീനോ സിനിമകളില്‍ അങ്ങേയറ്റം റേസിസ്റ്റുകള്‍ ആയ കഥാപാത്രങ്ങളെ കാണാം. ടരന്റീനോ സിനിമകള്‍ സ്ത്രീവിരുദ്ധമല്ല.

മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകളിലെ മിസോജിനി ആ തരത്തില്‍ ഉള്ളതല്ല.അത് മിസോജിനിയുടെ ഡെലിബറേറ്റ് ഗ്ലോറിഫിക്കേഷന്‍ ആണ്. Its by form, by content and by design mysoginic. സിനിമ വില്‍ക്കാന്‍വേണ്ടി മനഃപൂര്‍വം സൃഷ്ടിക്കുന്നതാണ്. അമേരിക്കയില്‍ ഒരു ലീഗല്‍ ഡിസ്പ്യൂട്ടിനിടെ ഒരു കലാസൃഷ്ടി ആര്‍ട്ടാണോ പോണ്‍ ആണോ എന്ന് എങ്ങിനെ തിരിച്ചറിയാം എന്ന പ്രശ്‌നത്തോട് ജഡ്ജ് പ്രതികരിച്ച പ്രസിദ്ധമായ ഡയലോഗുണ്ട്. I know when I see it. കസബ കാണുമ്പോള്‍ നമുക്ക് മനസിലാകും what”s the nature of the film.

കസബയിലെ രാജന്‍ സക്കറിയ എന്ന കഥാപാത്രം സ്ത്രീവിരുദ്ധനാണോ എന്നതല്ല പ്രശ്‌നം. മമ്മൂട്ടി സ്ത്രീവിരുദ്ധനായ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതും അല്ല. മമ്മൂട്ടി ഒരുപാട് സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്നതാണ് എന്റെ അഭിപ്രായം. നന്മമരങ്ങളെ മാത്രം സിനിമയില്‍ കാണിച്ചിട്ട് എന്ത് കാര്യമാണുള്ളത്. ഈ കഥാപാത്രം എങ്ങിനെ സിനിമകളില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് പ്രശ്‌നം.

സിനിമകള്‍ നിലവില്‍ ഉണ്ടാകുന്നത് സൂപ്പര്‍സ്റ്റാറുകളെ ചുറ്റിപ്പറ്റിയാണ്. തീര്‍ച്ചയായും അതില്‍ ചുരുങ്ങിയ എണ്ണം ലേഡി സൂപ്പര്‍സ്റ്റാറുകളും ഹാസ്യതാരങ്ങളും (വടിവേലുവിനെ ഓര്‍ക്കുക) ഒക്കെ പെടും. അത്തരം സിനിമകളുടെ ഉള്ളടക്കത്തിന്റെയും അവതരണത്തിന്റെയും ഉത്തരവാദിത്വം സംവിധായകനോ എഴുത്തുകാര്‍ക്കോ മാത്രമല്ല. ഷൂട്ടിങ്ങിനിടെ താരങ്ങള്‍ തന്നെ മൈക്കെടുത്ത് സംവിധാനത്തിന് ഇറങ്ങും എന്നത് പരസ്യമായ രഹസ്യമാണല്ലോ. കസബയും ബാബ കല്യാണിയും പോലുള്ള തല്ലിപ്പൊളി പടങ്ങളുടെ ഉത്തരവാദിത്വം അതാത് താരങ്ങള്‍ക്ക് കൂടിയാണ്.

സ്തീവിരുദ്ധ സംഭാഷണങ്ങള്‍ ഉള്ള സിനിമ by default സ്തീവിരുദ്ധം ആകില്ല എന്നത് പോലെത്തന്നെ സ്ത്രീപക്ഷഡയലോഗുകള്‍ ഉള്ളത് കൊണ്ട് സിനിമയുടെ രാഷ്ട്രീയം സ്ത്രീപക്ഷവുമാകില്ല. ഹൌ വോള്‍ഡ്ര് ആര്‍ യു , രാമന്റെ ഏദന്‍ തോട്ടം ഒക്കെ ഉദാഹരണം. അവയൊക്കെ മുദ്രാവാക്യം വിളികളാണ്. കുറേ ഇടതുപക്ഷമുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് കൊണ്ട് “മെക്‌സിക്കന്‍ അപാരത” കമ്യൂണിസ്റ്റ് സിനിമ ആകുന്നില്ല എന്നത് പോലെത്തന്നെ. സിനിമ അടക്കം ഒരു ആര്‍ട്ടിന്റെയും രാഷ്ട്രീയ ഉള്ളടക്കം മുദ്രാവാക്യം വിളികളിലൂടെ അല്ല ഉണ്ടാകുന്നത്.

Read more

പാര്‍വതിയോട് എതിരഭിപ്രായം ഉന്നയിക്കുന്ന വരില്‍ അവര്‍ പറയുന്ന വിഷയം മനസിലാക്കി സംസാരിക്കുന്നവരെയല്ല കൂടുതലും കണ്ടത്. ഫെമിനിസം ചര്‍ച്ച ചെയ്യപ്പെടുന്നു എന്ന് സമാധാനിക്കാം എന്നല്ലാതെ പൊതുവെ പോയിന്റ്‌ലെസ് ആയ വാഗ്വാദങ്ങള്‍ ആയിരുന്നു ഭൂരിഭാഗവും. ഒരാളു ഫിസിക്‌സ് പറയുമ്പോള്‍ എതിര്‍ഭാഗത്ത് ഉള്ളയാള്‍ ജ്യോതിഷം സംസാരിച്ചാല്‍ പിന്നെ ആ ചര്‍ച്ചയില്‍ എന്ത് കാര്യമാണ് ഉള്ളത്.