Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ഇന്തോനേഷ്യ മുതല്‍ അഭിമന്യു വരെ: ഇസ്ലാമിസം കമ്മ്യൂണിസത്തെ വിഴുങ്ങുമ്പോള്‍

, 7:54 pm

അന്‍വര്‍ ശെരീഫ്

2015 ജനുവരി 7 ന് ഫ്രഞ്ച് ആക്ഷേപ ഹാസ്യ വാരികയായ ചാര്‍ളി ഹെബ് ഡോയുടെ ഓഫീസില്‍ മുസ്ലിം തീവ്രവാദികള്‍ അതിക്രമിച്ചു കയറി 12 പേരെ വെടിവച്ചു കൊന്നു. മറ്റ് 11 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കാരണം. ചാര്‍ളി ഹെബ് ഡോ എല്ലാ മതവിഭാഗങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന ആക്ഷേപഹാസ്യ പരമ്പരകള്‍ വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചു വരുന്ന വാരികയാണ്. എന്നാല്‍ ഈ കൂട്ടക്കൊലയെ അപലപിച്ചു കൊണ്ട് അന്ന് പ്രകാശ് കാരാട്ട് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ചാര്‍ളി ഹെബ്‌ഡോയുടെ കാര്‍ട്ടൂണ്‍ മന:പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടി രചിച്ചതാണ് എന്നാണ് അഭിപ്രായപ്പെട്ടത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനോ അഭിപ്രായസ്വാതന്ത്ര്യത്തിനോ ആയിരുന്നില്ല അവിടെ ഊന്നല്‍.

2017 മാര്‍ച്ച് 16 ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഉക്കടത്ത് ഹമീദ് ഫാറൂഖ് എന്ന യുവാവ് യുക്തിവാദി ആയതിന്റെ പേരില്‍ സ്വന്തം ബാല്യകാല സുഹൃത്തുക്കളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഗൗരി ലങ്കേഷ്, കല്‍ ബുര്‍ഗി, ഗോവിന്ദ് പന്‍ സാരെ തുടങ്ങിയവരുടെ കൊലപാതകത്തില്‍ ഇടതു പക്ഷം എങ്ങിനെയാണോ ശരിയായി പ്രതികരിച്ചത്, അത്തരമൊരു സമീപനം ഇക്കാര്യത്തില്‍ എടുത്തില്ല. വര്‍ഗീയത-അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഏതൊരു സമൂഹത്തിലും അതിന്റെ ഇടപെടലും പ്രവര്‍ത്തന രീതികളും ഇങ്ങനെയൊക്കെ തന്നെയാണ്. ചിലപ്പോഴെല്ലാം ഒളിഞ്ഞും മറ്റു ചിലപ്പോള്‍ തോളില്‍ കൈയിട്ടും ഇത്തരക്കാര്‍ നടത്തുന്ന സാമൂഹ്യ ഇടപെടലുകളിലെ പതിയിരിക്കുന്ന അപകടം തിരിച്ചറിയുക എന്നതാണ് പ്രധാനം.പക്ഷെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഇതിനാവുന്നില്ല. നിരപരാധികളായ അഭിമന്യൂമാര്‍ കാമ്പസുകളില്‍ പിടഞ്ഞ് വീഴുന്നത് ഒഴിവാക്കണമെങ്കില്‍ ഈ കരുതല്‍ ഉണ്ടാകണം.

വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം കമ്മ്യൂണിസത്തിന്‍റെ ദൗത്യം

സാമ്രാജ്യത്വ ഉപകരണമായ വര്‍ഗീയതക്കെതിരായ പോരാട്ടം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദൗത്യമാണ്.വര്‍ഗസമരത്തിലൂന്നി പരിപൂര്‍ണമായും വസ്തുനിഷ്ഠമായും ശാസ്ത്രീയതക്ക് കീഴ്പെട്ടു കൊണ്ട് മാത്രമെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ ചരിത്രദ്രൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവു. എന്നാല്‍ ഇത്തരമൊരു മാര്‍ക്സിസ്റ്റ് സമീപനമല്ല മതവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഒട്ടുമിക്ക മുഖ്യധാരാ ഇടതു പാര്‍ട്ടികളും സ്വീകരിക്കുന്നത്.
ആര്‍.എസ്.എസ്. തന്നെ ഫാസിസ്റ്റല്ല, മറിച്ച് സമഗ്രാധിപത്യ പ്രവണതയുള്ള ഒരു സംഘടന മാത്രമാണ് എന്ന കാഴ്ച്ചപ്പാട് സി.പി.ഐ.എം ന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ ഒരു പ്രബല വിഭാഗം തയ്യാറായി.

അത് പരാജയപ്പെട്ടുവെങ്കിലും കേരളമുള്‍പ്പെടെയുള്ള  ചില പ്രധാന പാര്‍ട്ടി ഘടകങ്ങള്‍ അതിനു വേണ്ടി ആയിരുന്നു വാദിച്ചത്. ഈ മൃദുസമീപനം ന്യൂനപക്ഷ വര്‍ഗീയതയോടും കാണാം.പ്രത്യേകിച്ച് കേരളത്തില്‍. കമ്യൂണിസ്റ്റ് ഇന്റര്‍ നാഷനലിന്റെ രണ്ടാം കോണ്‍ഗ്രസില്‍ കോളനി രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഘടകങ്ങളുടെ ദൗത്യത്തെക്കുറിച്ച്  ലെനിന്‍ ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

യൂറോപ്യന്‍- അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ വിമോചന പ്രസ്ഥാനത്തെ സമാഹരിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസത്തിനും തത്തുല്ല്യമായ പ്രവണതകള്‍ക്കുമെതിരെ പൊരുതേണ്ടതിന്റെ അവശ്യകത ലെനിന്‍ അന്നേ പറയുന്നുണ്ട്.

പാന്‍ ഇസ്ലാമിസം സോഷ്യലിസത്തിന്‍റെ ശത്രു

യൂറോപ്യന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ വിമോചന പ്രസ്ഥാനത്തെ സമാഹരിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസമോ സമാനമായ ഇതര ശക്തികളോ സോഷ്യലിസത്തിന്റെ മിത്രങ്ങളല്ല. അവ സോഷ്യലിസത്തിന്റെ നേര്‍ ശത്രുക്കളാണ്-ലെനിന്‍ പറഞ്ഞു വച്ചു. സമകാലിക ലോകത്ത് പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക ഭീകരതയുടെ തേരോട്ടങ്ങളുടെ തായ്‌വേരുകള്‍ ചികഞ്ഞാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. മേല്‍പ്പറഞ്ഞ നിഷേധാത്മക ശക്തികള്‍ തങ്ങളുടെ പിന്തിരിപ്പന്‍ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ വികൃതമായി അപവര്‍ത്തിക്കുന്നതാണ് ഇവിടങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ന്, ഫിനാന്‍സ് ക്യാപിറ്റലിസത്തിന്റെ കാലത്ത് പാന്‍ ഇസ്ലാമിസം സാമ്രാജ്യത്വ വിരുദ്ധത നിലനിര്‍ത്തുന്നില്ല. മാത്രമല്ല, അത് സാമ്രാജ്യത്വത്തിന്റെ ഉപകരണമായി മാറുകയും ചെയ്യുന്നു.
അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പലസ്തീന്‍, ഇന്തോനേഷ്യ, കൂടാതെ മധ്യേഷ്യയിലാകെ തന്നെയും കമ്യൂണിസ്റ്റ-് ഇടതുപക്ഷ -മതേതര- ജനാധിപത്യ മുന്നേറ്റത്തെ തടയുവാനും അന്തിമമായി സാമ്രാജ്യത്വ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനുമാണ് പാന്‍ ഇസ്ലാമിസം വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. ഇത് ഇന്നും തുടരുന്നു.

ഇന്തോനേഷ്യയില്‍ ലക്ഷം കമ്മ്യൂണിസ്റ്റുകളെ കൊന്നത് മുസ്ലീം തീവ്രവാദികള്‍

ഇന്തോനേഷ്യയില്‍ ലക്ഷം കമ്മ്യൂണിസ്റ്റുകളെ കൊന്ന് തള്ളിയത് മുസ്ലിം തീവ്രവാദികളാണ്.
1965-66 ല്‍ ഇന്തോനേഷ്യയില്‍ സുക്കാര്‍ണോയെ അട്ടിമറിച്ചു കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ നടന്ന കമ്യൂണിസ്റ്റ് കൂട്ടക്കുരുതി ലോകത്തിലെ ഏറ്റവും ഭീകരവും വലുതുമായ രാഷ്ട്രീയ ഉന്മൂലനം ആണ്.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലെ പി.കെ. ഐ. ആയിരുന്നു ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തേതുമായ കമ്യൂണിസ്റ്റ് പാര്‍ട്ടി. നിര്‍ലോഭമായ സി.ഐ.എ. പിന്തുണയോടെയാണ് ഇന്തോനേഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുസ്ലിം തീവ്രവാദി സംഘടനകള്‍ ഇല്ലാതാക്കിയത്. 2017 ല്‍ ഡി ക്ലാസിഫൈ ചെയ്യപ്പെട്ട ജക്കാര്‍ത്തയിലെ യു.എസ്. എംബസി ഫയലുകള്‍ ഇത് സംബന്ധിക്കുന്ന കൃത്യമായ ചിത്രം നല്‍കുന്നുണ്ട്.

നിര്‍ബ്ബന്ധമായും വധിക്കേണ്ടുന്ന കമ്യുണിസ്റ്റ് നേതാക്കളുടെ പട്ടികയും, റേഡിയോ കമ്യുണിക്കേഷന്‍ ഉപകരണങ്ങളും പണവും സി.ഐ.എ. തീവ്രവാദ സംഘങ്ങള്‍ക്ക് കൈമാറി. 1965 ഡിസംബര്‍ 21 ന് ജക്കാര്‍ത്തയിലെ അമേരിക്കന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി മേരി വാന്‍സ് ട്രെന്റ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനയച്ച കേബിളില്‍ സുക്കാര്‍ണോയില്‍ നിന്ന് സുഹാര്‍ത്തോയിലേക്കുള്ള ഭരണമാറ്റത്തെ ‘പത്താഴ്ച്ചക്കുള്ളില്‍ നടന്ന വിസ്മയകരമായ മാറ്റം” എന്നാണ് വിശേഷിപ്പിച്ചത്. അതേ ദിവസം തന്നെ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കേബിള്‍ സന്ദേശത്തില്‍ പറയുന്നു. രാജ്യത്തിന്റെ ഓരോ ഭാഗത്തും കൊല്ലപ്പെട്ടവരുടെ സംഖ്യകള്‍ വിവിധ ദിവസങ്ങളില്‍ അയച്ച കേബിളുകളില്‍ പറയുന്നുണ്ട്.

തടവിലാക്കപ്പെടുന്നവരെ പാര്‍പ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടൊഴിവാക്കാന്‍ പരമാവധി പേരെ കൊല്ലുകയാണെന്നും മുസ്ലിം യുവ ഗ്രൂപ്പുകള്‍ ആവശ്യമായത് ചെയ്യുന്നുണ്ടെന്നും കേബിളില്‍ പറയുന്നുണ്ട്.1950 കളില്‍ തന്നെ സി.ഐ.എ. ചില പ്രധാന പട്ടാള ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്ത് വന്നിരുന്നു. ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. പാര്‍ട്ടിയും അരിവാള്‍ ചുറ്റിക ഉള്‍പെടെയുള്ള പാര്‍ട്ടി ചിഹ്നങ്ങളും ഇന്നും ഇന്തോനേഷ്യയില്‍ നിരോധിക്കപ്പെട്ടവയാണ്.

അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചത്

അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചതും മറ്റൊന്നല്ല. സി.ഐ.എ. പിന്തുണയോടെ അഫ്ഗാനിലെ ജനകീയ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ഉള്ള ശ്രമം മനസിലാക്കിയതിനെ തുടര്‍ന്ന് അഫ്ഗാന്‍ ഗവണ്‍മെന്റാവശ്യപ്പെട്ടതനുസരിച്ചാണ് സോവിയറ്റ് സൈന്യത്തിന്റെ ചെറിയ ഒരു ബറ്റാലിയന്‍ അഫ്ഗാനിസ്ഥാനിലെത്തിയത്. 1979 ജൂലൈ 3 ന് അമേരിക്കന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍ ഒപ്പു വച്ച രഹസ്യ ഉത്തരവു പ്രകാരം അഫ്ഗാനിലെ ഭരണത്തെ അട്ടിമറിക്കാന്‍ ഇസ്ലാമിക ശക്തികളെ പ്രോത്സാഹിപ്പിക്കാനും സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങള്‍ നല്‍കുവാനും സി.ഐ.എ. തയ്യാറായി എന്ന് മുന്‍ സി.ഐ.എ. ഡയറക്ടര്‍ റോബര്‍ട്ട് ഗേറ്റ്സ് തന്നെ പില്ക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി.

എന്നാല്‍, സോവിയറ്റ് സൈനിക സാന്നിധ്യത്തെ കൈയേറ്റമായി ചിത്രീകരിച്ച് മുജാഹിദീന്‍ ഗറില്ലകള്‍ക്ക് സൗദി അറേബ്യ വഴിയും അല്ലാതെയും വന്‍ തോതില്‍ സാമ്പത്തിക, സൈനിക സഹായം നല്കുകയാണ് അമേരിക്ക ചെയ്തത്. ഒസാമ ബിന്‍ ലാദന്‍ അന്നത്തെ അമേരിക്കന്‍ സൃഷ്ടി ആയിരുന്നു. ആയുധവും പണവും മാത്രമല്ല, യു.എസ്. സൈനിക പരിശീലനവും ബിന്‍ലാദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചു. അഫ്ഗാനിസ്ഥാനില്‍ അന്ന് തുടങ്ങിയ ആഭ്യന്തര യുദ്ധങ്ങളും ഭീകരതയും ഇന്നും തുടരുന്നു. 1970 കളിലെയും ഇന്നത്തെയും അഫ്ഗാന്‍ ജനതയുടെ സാമൂഹിക ജീവിതം, വിദ്യാഭ്യാസം, സ്ത്രീകളുടെ പദവി ഇവയെല്ലാം താരതമ്യമില്ലാത്ത വിധം താഴേക്ക് പോയി.

സൗദിയുടെ വഹാബിസം ലോകത്തിന് നല്‍കുന്നത്

സുന്നി ഇസ്ലാമിന്റെ ഒരു വകഭേദമാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മുഹമ്മദ് ഇബ്ന്‍ അബ്ദ് അല്‍ വഹാബ് രൂപം കൊടുത്ത വഹാബിസം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം മധ്യേഷയില്‍ തങ്ങളുടെ താല്പര്യാര്‍ത്ഥം ഉപയോഗപ്പെടുത്താനുള്ള ഒരു സാധ്യത വഹാബിസത്തില്‍ കണ്ടെത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ ആണ് 1932 ലെ അതിര്‍ത്തികള്‍ അംഗീകരിച്ചു കൊണ്ട് സൗദിയെ അംഗീകരിച്ച ആദ്യ ലോകരാഷ്ട്രം. 1927 ല്‍ തന്നെ സൗദിയും ബ്രിട്ടനും തമ്മില്‍ സൗഹൃത ഉടമ്പടി ഒപ്പു വച്ചിരുന്നു.

1924 ല്‍ പട്ടാളത്തെ ഉപയോഗിച്ച് കൊണ്ട് മെക്കയും മദീനയും തങ്ങളുടെ അധീനതയിലാക്കിയതോടെ മുസ്ലിം ലോകത്ത് സൗദിയുടെ സ്ഥാനം ഉയര്‍ന്നു. അമേരിക്കന്‍ സാമ്രാജ്യത്വ താത്പര്യങ്ങളും ഇതേ സമയത്ത് തന്നെ പ്രവര്‍ത്തിക്കുകയും 1932 ല്‍ കാലിഫോര്‍ണിയ അറേബ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനിയുമായി ഒരു കരാറില്‍ ഒപ്പുവക്കുകയും ചെയ്തു. തുടര്‍ വര്‍ഷങ്ങളില്‍ എണ്ണ വില്പ്പനയിലൂടെയുള്ള വരുമാനം ലോകമാകെ വഹാബി ആശയങ്ങളുടെ പ്രചാരണത്തിന് സൗദി ഉപയോഗിച്ചു. സൗദി എണ്ണയും റാഡിക്കല്‍ ഇസ്ലാമും ഒരുപോലെ തങ്ങളുടെ സമ്രാജ്യത്വ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ഉപയോഗിക്കുന്നു. മേഖലയിലെ, അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണിന്ന് സൗദി. യു.എസ്. അക്കൗണ്ടബിലിറ്റി ഓഫീസിന്റെ 2009 ലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെയാണ് .. ‘1932 മുതല്‍ ശീതയുദ്ധകാലത്തുടനീളവും ഇന്നും അമേരിക്കയും സൗദിയും തമ്മില്‍ ഉഭയ താത്പര്യാടിസ്ഥാനത്തിലുള്ള ചരിത്ര ബന്ധമാണ് നിലനില്ക്കുന്നത്.

ഊര്‍ജോദ്പാദനം, കമ്യൂണിസത്തെ ചെറുക്കല്‍ എന്നിവയാണിതില്‍ പ്രധാനം. ഉദാഹരണമായി അഫ്ഗാന്‍ മുജാഹിദ്ദീനുകളെ സോവ്യറ്റ് യൂണിയനെ എതിരായി പിന്തുണക്കുകയും സഹായിക്കുകയും ചെയ്ത പ്രധാന ശക്തികളാണ് അമേരിക്കയും സൗദിയും.”
1980 കള്‍ തുടങ്ങി 70 ഓളം രാജ്യങ്ങളിലെ സൗദി എംബസികളില്‍ റിലിജയസ് അറ്റാഷെമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വഹാബി ആശയ പ്രചാരണങ്ങളുടെ നേതൃത്വവും മേല്‍നോട്ടവുമാണിവരുടെ ചുമതല. നിരവധി രാജ്യങ്ങളില്‍ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും, മദ്രസകളും, പള്ളികളും വഹാബി ആശയക്കാരുടേതായി ഉയര്‍ന്ന് വന്നിട്ടുള്ളതിന് പിന്നിലും സൗദി തന്നെ.

സിറിയയിലെ റാഡിക്കല്‍ ഇസ്ലാമും ലക്ഷ്യം വയ്ക്കുന്നത്

സിറിയയിലെ ബഹുസ്വര, ബഹു വിശ്വാസ സമൂഹത്തെ തങ്ങളുടെ താത്പര്യാര്‍ത്ഥം ലക്ഷ്യം വച്ചതാണ് സാമ്രാജ്യത്വ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് സഖ്യത്തിന്റെ ഒടുവിലത്തെ ഇടപെടല്‍. ഇസ്ലാമിന്റെ എല്ലാ സഹിഷ്ണുതാ രൂപങ്ങളെയും എതിര്‍ക്കുന്ന തങ്ങളുടെ എക്കാലത്തെയും നയം തന്നെയാണ് സിറിയയിലും ഇവര്‍ നടപ്പിലാക്കിയത്. സിറിയയിലെ ഏറ്റവും ഉയര്‍ന്ന ഇസ്ലാമിക നേതൃത്വമായ ഗ്രാന്റ് മുഫ്തി, അഹമ്മദ് ബദറുദ്ദീന്‍ ഹസ്സന്റെ മകനെ തന്നെ കൊലപ്പെടുത്തിയതിലൂടെ വെളിവാക്കപ്പെടുന്നത് ഇതാണ്.

വഹാബി ആശയങ്ങളോട് ഒട്ടും ഐക്യപ്പെടുന്ന ആളായിരുന്നില്ല അദ്ദേഹം. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.’ ഞാന്‍ എന്നെ കാണുന്നത് ഇരുപത്തിമൂന്ന് ദശലക്ഷം സിറിയന്‍ ജനതയുടെ ഗ്രാന്റ് മുഫ്തി ആയിട്ടാണ്. മുസ്ലീംങ്ങളുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും അവിശ്വാസികളുടെ പോലും. ഞാന്‍ സംഭാഷണത്തില്‍ വിശ്വസിക്കുന്നു. ആര്‍ക്കറിയാം, ഒരുപക്ഷേ, ഒരു അവിശ്വാസി എന്നെ കൂടുതല്‍ മെച്ചപ്പെട്ട വാദഗതികളുമായി ബോദ്ധ്യപ്പെടുത്തിയാല്‍ ഞാന്‍ നാളെ ഒരു അവിശ്വാസി ആയി പോലും മാറിയേക്കാം.’

ഇത് അമേരിക്കന്‍ മാധ്യമങ്ങളുടെ ചിത്രീകരണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഇസ്ലാമാണ്. സാമ്രാജ്യത്വ താത്പര്യങ്ങളുടെ ആവശ്യാര്‍ത്ഥമാണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ഫണ്ടമെന്റലിസം ശക്തി പ്രാപിക്കുന്നത്. ഐ.എസ്.എസ്. ഉള്‍പെടെ സാമ്രാജ്യത്വം തങ്ങളുടെ താത്പര്യത്തിനു വേണ്ടി സൃഷ്ടിക്കുകയും വേണ്ടി വന്നാല്‍ തകര്‍ക്കുകയും ചെയ്യുന്നതാണ് എല്ലാ മത ഭീകര സംഘടനകളും.

പോപുലര്‍ ഫ്രണ്ടും ആര്‍ എസ് എസും ഭായി ഭായി

ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ സാമ്രാജ്യത്വ ദാസ്യം ചരിത്ര രേഖകള്‍ കൂടാതെ വിചാരധാര പോലും പ്രഖ്യാപിക്കുന്നതാണ്. ബ്രിട്ടന് അനുകൂലമായി രാജ്യത്തെ യുവാക്കളെ അണി നിരത്താം എന്ന് വാഗ്ദാനം ചെയ്തും മാപ്പെഴുതിക്കൊടുത്തുമാണ് സവര്‍ക്കര്‍ ജയില്‍ മോചിതനാകുന്നത്.
ഈ സത്യം മനസിലാക്കി മാത്രം വര്‍ഗീയ ശക്തികളുമായോ പാര്‍ട്ടികളുമായോ ഇടപെടുക എന്നുള്ളതാണ് ഇന്ന് രാജ്യം നേരിടുന്ന ഗുരുതര ഭീഷണിക്കുള്ള ഏക പോംവഴി. ഇരു കൂട്ടരുടേയും- അത് മൃദുവായാലും തിവ്രമായാലും ആത്യന്തിക ലക്ഷ്യം മതരാഷ്ട്രത്തില്‍ കുറഞ്ഞൊന്നുമല്ല. ഇതിനായി ഏതു വേഷം കെട്ടാനും അവര്‍ ഒരുക്കവുമായിരിക്കും. ഇക്കാര്യത്തില്‍ ഇടത് പാര്‍ട്ടികള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. കാരണം അഭിമന്യുമാര്‍ ഇനിയും പിടഞ്ഞ് വീഴുന്നത് തടയേണ്ടതുണ്ട്.ഇത് പരസ്പര സഹകരണ പ്രസ്ഥാനങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍പ്പില്ല.

ഇടതു പക്ഷം നിര്‍ബന്ധമായും തിരിച്ചറിയേണ്ടത്

കേരളത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികളെ തൊഴിലാളികള്‍ എന്ന നിലയില്‍ സംഘടിപ്പിച്ച് അവരുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് നേതൃത്വം കൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം ചെയ്യേണ്ടത്. നഴ്സിംഗ്, കയര്‍ വ്യവസായം, മത്സ്യത്തൊഴിലാളി മേഖല, പ്ലാന്റേഷന്‍, കശുവണ്ടി, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെക്സ്റ്റയില്‍, ജ്വല്ലറി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇവിടങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഇങ്ങിനെ വിവിധ രംഗങ്ങളില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും , ദളിതനും സവര്‍ണനും സ്ത്രീയും പുരുഷനും ട്രാന്‍സ്ജെന്ററുമെല്ലാം തുച്ഛമായ വേതനത്തിന് കേരളത്തില്‍ ജോലി ചെയ്യുന്നു.

തൊഴില്‍ സുരക്ഷ ഇല്ലാത്തത്, പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത, കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടുന്ന അവസ്ഥ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുകയാണ്. ലക്ഷക്കണക്കായ ഈ തൊഴിലാളികളുടെ അവകാശ സംരക്ഷണ പോരാട്ടമാണ് യഥാര്‍ത്ഥ ഇടതുപക്ഷ മാര്‍ഗ്ഗം. പലപ്പോഴും ഈ അടിസ്ഥാനവിഷയത്തില്‍ ഇടതുപക്ഷം ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല, തൊഴിലാളികള്‍ സ്വമേധയാ സംഘടിച്ച് സമരത്തിനിറങ്ങിയാല്‍ അതിന് എതിര്‍ നില്ക്കുന്ന സമീപനം പോലും ഉണ്ടാകുന്നു.

തൊഴിലാളികളുടെ പോരാട്ടത്തിന് നേതൃത്വം നല്കി തൊഴിലാളി വര്‍ഗ്ഗ ബോധം വളര്‍ത്തുകയാണ് വര്‍ഗ്ഗീയതയെ ചെറുക്കാന്‍ നമ്മുടെ മുമ്പാകെയുള്ള വഴി.അല്ലാതെ വര്‍ഗീയതയോട് മൃദു സമീപനം പുലര്‍ത്തി പാര്‍ലമെന്ററി വിജയങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നത് ഇടതു പാര്‍ട്ടികള്‍ക്കോ സമൂഹത്തിനോ ഗുണം ചെയ്യില്ല.

പാര്‍ട്ടി പരിപാടി പറയുന്നത്

സി.പി.ഐ.(എം) പാര്‍ട്ടി പരിപാടി പറയുന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കാം.
5.7 ഭരണഘടനയില്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്ന വന്‍കിട ബൂര്‍ഷ്വാസി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. എങ്കിലും പ്രയോഗത്തില്‍ ബൂര്‍ഷ്വാസിയുടെ മതനിരപേക്ഷത വികലമാണ്. മതനിരപേക്ഷത എന്ന കാഴ്ചപ്പാടിനെ അപ്പാടെ അവര്‍ വളച്ചൊടിക്കുന്നു. മതത്തെ പൂര്‍ണമായി രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിനു പകരം ഭരണകൂട വിഷയത്തിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ ഇടപെടാന്‍ എല്ലാ മതവിശ്വാസങ്ങള്‍ക്കും സ്വാതന്ത്ര്യം എന്നാണ് മതനിരപേക്ഷതയുടെ അര്‍ത്ഥം എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു.

മതനിരപേക്ഷതക്ക് വിരുദ്ധമായ പ്രവണകള്‍ക്കെതിരെ അടിയുറച്ചു നിന്ന് പോരാടുന്നതിനു പകരം ബൂര്‍ഷ്വാസി പലപ്പോഴും ഇളവുകള്‍ നല്‍കി അവയെ ശക്തിപ്പെടുത്തുന്നു. വര്‍ഗീയവും ഫാസിസ്റ്റു സ്വഭാവമുള്ളതുമായ ആര്‍.എസ്. എസ്. നേതൃത്വത്തിലുള്ള കൂട്ടുകെട്ട് ഉയര്‍ന്നു വരികയും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തതോടെ മതനിരപേക്ഷതയുടെ അടിത്തറക്കുള്ള ഭീഷണി സംഭ്രമജനകമായിട്ടുണ്ട്.ഭരണകൂട സ്ഥാപനങ്ങളേയും ഭരണ സംവിധാനത്തെയും വിദ്യാഭ്യാസ വ്യവസ്ഥയെയും മാധ്യമങ്ങളെയും വര്‍ഗീയവത്ക്കരിക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുന്നു.

മധുരം പുരട്ടി നല്‍കുന്ന വിഷം തിരിച്ചറിയണം

ഭൂരിപക്ഷ വര്‍ഗീയതയുടെ വളര്‍ച്ച ന്യുനപക്ഷ വര്‍ഗീയതയുടെ ശക്തികള്‍ക്ക് കരുത്തേകുകയും ദേശീയ ഐക്യത്തെ അപകടപ്പെടുത്തുകയും ചെയ്യും. വന്‍കിട ബൂര്‍ഷ്വാസിയിലെ ചില വിഭാഗങ്ങള്‍ ബി.ജെ.പിക്കും അതിന്റ്റെ വര്‍ഗീയവേദിക്കും നല്‍കുന്ന പിന്തുണ രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉളവാക്കുന്നവയാണ്.
അതിനാല്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താന്‍ ഇടതു പാര്‍ട്ടികള്‍   പ്രതിജ്ഞാബദ്ധമാണ്.

ആ തത്വങ്ങളില്‍ നിന്നുള്ള നേരിയ വ്യതിയാനം പോലും തുറന്നു കാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യുന പക്ഷങ്ങളായാലും ഓരോ സമുദായത്തിലും പെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും അതുപോലെ തന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്ഠാനത്തിലും ഏര്‍പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വാഹണപരവുമായ ജീവിതത്തില്‍ മതം ഏതു രൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ട്ടി പോരാടണം.

സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റു പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചു പോരാടേണ്ടതാണ്.

നയിക്കേണ്ടത് ഇരകളുടെ മാനിഫെസ്റ്റോ അല്ല

ഈ പരിപാടിയാണ് വിട്ടുവീഴ്ച ഇല്ലാതെ നടപ്പാക്കേണ്ടത്. ഇരകളുടെ മാനിഫെസ്റ്റോ അല്ല കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മാര്‍ക്സിസ്റ്റ് ഗ്രാഹ്യ വും തൊഴിലാളി വര്‍ഗ്ഗ ഊന്നലും തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ നയിക്കേണ്ടത്. പെറ്റി ബൂര്‍ഷാ കേഡര്‍ ലൈന്‍ പിന്‍പറ്റി അതിന് മുന്നോട്ട് പോകാന്‍ കഴിയില്ല. വര്‍ഗസമരം എല്ലാ സാമൂഹ്യ പിന്തിരിപ്പത്തരങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ്. കുറച്ച് ഉപ്പു കൂടെ ചേര്‍ക്കാം എന്ന് പാചകക്കാരന്‍ പറയുന്നത് പോലെ വര്‍ഗസമരത്തോടൊപ്പം സ്വത്വപ്രശ്നങ്ങളെയും നാം കാണേണ്ടതുണ്ട് എന്നാണ് മാര്‍ക്സിസ്റ്റ് കൂടാരത്തില്‍ നുഴഞ്ഞു കയറിക്കൂടിയ സ്വത്വവാദക്കാര്‍ പറയുക. നീല്‍ സലാം കൂടി ചേര്‍ന്നാലെ ലാല്‍ സലാം പൂര്‍ണമാകൂ എന്ന് കരുതുന്നവര്‍ വര്‍ഗ സഹകരണത്തിന്റെ പാത തുറന്നു വച്ച് കാത്തിരിപ്പാണ്.

Advertisement