Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

മനുഷ്യാവകാശത്തിന്റെ മറവിൽ ജോസഫ് മാഷില്‍ നിന്ന് അഭിമന്യുവിലേക്ക്

, 6:45 pm

അന്‍വര്‍ ശെരീഫ്

ആഗോളതലത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും ദേശീയ തലത്തില്‍ സിമിയും വെളളവും വളവും സ്വീകരിക്കുന്ന സ്രോതസുകളില്‍ നിന്ന് രൂപം പ്രാപിച്ച എന്‍.ഡി.എഫും ശിഖരങ്ങളായി വളര്‍ന്ന എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഇരുട്ടിന്റെ മറവില്‍ വീണ്ടും കഠാര മൂര്‍ച്ച കൂട്ടുകയാണിപ്പോള്‍. സമുദായത്തെ ശാക്തീകരിക്കാന്‍ സംഘ്പരിവാരിനെതിരെയുള്ള പോരാട്ടം എന്ന മുദ്രാവാക്യത്തിലൂടെ രംഗത്തു വന്ന ഈ തീവ്രവാദ സംഘടനയുടെ കത്തിക്കിരയായത് ഏറെയും സംഘ്പരിവാറുകാരല്ല എന്നതാണ് സത്യം. സംഘ്പരിവാറും പോപ്പുലര്‍ ഫ്രണ്ടും പരസ്പരം പാലൂട്ടി വളരുന്ന മച്ചുനന്‍മാരാണ്. ഇവരുടെ കൊലക്കത്തിക്കു ഇരയായതില്‍ കൂടുതലും സംഘ്പരിവാറിന്റെ ശത്രുക്കളായ ഇടതുപക്ഷ പ്രവര്‍ത്തകരും മുസ്ളീം സമുദായത്തിലെ അംഗങ്ങളുമാണ്. മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ ജീവനെടുത്തതും വേളത്തെ പുത്തലത്ത് നസീറുദ്ദീന്‍ എന്ന 22കാരന്റെ ജീവനെടുത്തതും ഇവര്‍ തന്നെ.

സലഫിസത്തിന്റെ ബൗദ്ധിക അടിത്തറ

ഇസ്ലാമിസ്റ്റുകളുെടയും സലഫിസത്തിന്റെയും ബൗദ്ധിക അടിത്തറയില്‍ രൂപപ്പെട്ട എന്‍.ഡി.എഫ് എന്ന സംഘടനയുടെ രാഷട്രീയ മുഖമാണ് എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ട് എന്നത് എന്‍.ഡി.എഫിന്റെ പേര് മാറ്റിയ രൂപമാണ്. കേരളത്തിലെ പാരമ്പര്യ മുസ്ലീം സമുദായത്തിന്റെ സൗഹാര്‍ദ്ദ നിലപാടുകളും ചരിത്രവും നിരാകരിച്ചു രൂപപ്പെട്ട സംഘടനയാണിത്. മുസ്ലീം യുവാക്കളുടെ വൈകാരിക സ്വഭാവത്തെ ചൂഷണം ചെയ്ത് നാദാപുരത്താണ് എന്‍.ഡി.എഫിന്റെ ജനനം. നാദാപുരത്തെ കാലുഷ്യത്തില്‍ നന്നായി വളര്‍ന്ന ഇവര്‍ പിന്നീട് വര്‍ഗീയ അഗ്നി  പടരുന്ന തീരദേശ പ്രദേശങ്ങളിലാണ് പിടിമുറുക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വിദ്വേഷവും വെറുപ്പും വര്‍ഗീയതയും ആളിക്കത്തിച്ചു തന്നെയാണ് വളരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ അതിവേഗം പടരുന്നതും ഇതുകൊണ്ടാണ്. കേരളത്തില്‍ പതിറ്റാണ്ടുകളോളമെടുത്ത് രുപപ്പെടുത്തിയ സംഘടനാ സംവിധാനം മറ്റു സംസ്ഥാനങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചത് വര്‍ഗീയ വികാരം ആളിക്കത്തിച്ചായിരുന്നു.

ഇന്ത്യയില്‍ നേരത്തെ നിരോധിച്ച സിമി എന്ന സംഘടയുടെ പിന്നാമ്പുറത്തുള്ളവരെല്ലാം ഇന്ന് ഈ കുടാരത്തിലാണുള്ളത്. തേജസ് എഡിറ്ററും പോപ്പുലര്‍ ഫ്രണ്ടിന്റെ ബുദ്ധി കേന്ദ്രവുമായ പ്രൊ.പി കോയ സിമിയുടെ വലിയ നേതാവായിരുന്നു. സിമിയിലുണ്ടായിരുന്ന മന്ത്രി കെ.ടി ജലീല്‍, അബ്ദുസമദ് സമദാനി തുടങ്ങിയ നേതാക്കളെല്ലാം രാഷ്ട്രീയ ഇടങ്ങളിലേക്കു മാറിയപ്പോള്‍ മറ്റു പലരും എന്‍.ഡി.എഫിലേക്കു  മാറുകയായിരുന്നു. ഇവരില്‍ ഭൂരിപക്ഷവും മഅ്ദൂദി ഇസ്ലാമിസ്റ്റ് ചിന്താധാരയും സലഫി സരണിയും പിന്തുടരുന്നവരാണ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ അരാധന രീതി പോലും സലഫി കര്‍മ്മ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

മനുഷ്യാവകാശം മൂടുപടം

മനുഷ്യാവകാശത്തിന്റെ മറപിടിച്ചാണ് പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ജനസ്വാധീനമുണ്ടാക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങളിലെ നാട്ടുകാരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച് ഇടം കണ്ടെത്താനാണ് ഇവരുടെ ശ്രമം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും ഇവരിടപെടും. ജനപക്ഷത്ത് നില്‍ക്കും. കുടിയിറക്കും, ഭൂമിയേറ്റെടുക്കലും കൈയേറ്റവുമെല്ലാം ഇവരുടെ ഇഷ്ടവിഷയങ്ങളാണ്.

അതിനാല്‍ കേരളത്തിലെ പല മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകരും ഇവരുടെ സംഘടനാ ബന്ധുക്കളുമാണ്. പോപ്പുലര്‍ ഫ്രണ്ടിന്‍െ പ്ലാറ്റ്ഫോമില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വരാത്തതു കൊണ്ട് അവര്‍ക്കായി പല പേരിലായി നിരവധി മനുഷ്യാവകാശ സംഘടനകളുമുണ്ട്. എന്‍.സി.എച്ച്.ആര്‍.ഒ എന്ന സംഘടന പോലെ. ഇതിന്റെ മറ പിടിച്ചാണ് പല കേന്ദ്രങ്ങളിലും ഇവര്‍ വളരുന്നത്. കേരളത്തില്‍ നടന്ന പല സമരങ്ങളിലും തീവ്രവാദി സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് ഇവരിലേക്കുള്ള സൂചനയാണ്. പാര്‍ട്ടിയുടെ കൊടിയും അടയാളങ്ങളുമില്ലാതെ പ്രവര്‍ത്തിച്ച് സമരങ്ങള്‍ ഹൈജാക്കു ചെയ്യുകയും ഈ സ്വാധീനം പിന്നീട് എസ്.ഡി.പി.ഐ ആയി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉപയോഗപ്പെടുത്തുകയുമാണ്  ചെയ്യുന്നത്.

ക്രൂരമായ അക്രമങ്ങള്‍

നേരത്തെ പല അക്രമങ്ങളും നടത്തിയിരുന്നെങ്കിലും തൊടുപുഴയിൽ ജോസഫ്  മാസ്റ്ററുടെ കൈ വെട്ടിയാണ് ഇവര്‍ ആദ്യം സാന്നിധ്യം അറിയിച്ചത്. പ്രവാചകനെ അവഹേളിച്ചു എന്നാരോപിച്ചാണ് കോളജ് അധ്യാപകനായ ജോസഫിന്റെ കൈ ഇവര്‍ പരസ്യമായി വെട്ടി മാറ്റിയത്. ഇതു ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഈ കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നതുമെല്ലാം പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ഇവരുടെ കേസു നടത്തിയതും പ്രതികളുടെ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ചെലവിന് നല്‍കുന്നതുമെല്ലാം സംഘടന തന്നെ.

സമുദായത്തിനകത്തും ഈ കൈവെട്ടിനെ അവര്‍ വലിയ മൈലേജില്‍ തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലീഗ് പോലുള്ള സംഘടനകളുണ്ടായിട്ടും സമുദായത്തിന്റെ വിഷയത്തില്‍ ഇടപെടാന്‍ പോപ്പുലര്‍ ഫ്രണ്ടു മാത്രമാണുള്ളതെന്ന സന്ദേശമാണ് ഇവര്‍ പ്രചരിപ്പിച്ചത്. പ്രകോപനങ്ങളൊന്നുമില്ലാതെയാണ് ഇവരുടെ അക്രമങ്ങള്‍ പലതും. ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയതു പോലെയാണ് അഭിമന്യുവിന്റെ ജീവനെടുത്തതും.

കാമ്പസില്‍ നേരത്തെ നിലനിന്നിരുന്ന സംഘട്ടനത്തിന്റെ ഭാഗമായി ഈ കൊലയെ കാണാനാവില്ല. ഏതു കാമ്പസിനകത്തുമുണ്ടാവുന്ന ചുമരെഴുത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ പെട്ടെന്ന് തന്നെ കൊലപാതകത്തിലേക്കു മാറ്റുകയായിരുന്നു ഇവര്‍. അതും കാമ്പസിനു പുറത്തു നിന്നെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍. കോഴിക്കോട് ജില്ലയിലെ വേളത്തെ പുത്തലത്ത് നസീറുദ്ദീന്‍ എന്ന 22കാരന്റെ ജീവനെടുത്തതും ഇതേ രൂപത്തിലായിരുന്നു. നടുറോട്ടില്‍ വച്ചു നസീറുദ്ദീനെ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കുത്തിക്കൊല്ലുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് ഇതും നടത്തിയത്. ഇത്തരം അക്രമം നടത്തിയതിനെ നിഷേധിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കു വേണ്ട എല്ലാ പിന്തുണയും നല്‍കുന്നത് സംഘടന തന്നെയാണ്. ഓരോ ഇടവേളകളിലും കൊലപാതകം നടത്തി ഇവര്‍ നിരന്തരം സാന്നിധ്യം നിലനിര്‍ത്തുന്നു.

പിന്തുണച്ചവരില്‍ എല്ലാവരും

കേരളത്തില്‍ വളര്‍ന്നു വന്ന ഈ സംഘടനക്കു പിന്തുണ നല്‍കിയവരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ സംഘടന രൂപപ്പെടുന്നതിന്റെ മുന്നില്‍ മുസ്ലീം സ്വാധീന മേഖലയില്‍ മുസ്ലീം ലീഗിന്റെ വലിയ പിന്തുണ ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. ചില തീരദേശ മേഖലകളില്‍ ഈ പിന്തുണ ഇപ്പോഴും തുടരുന്നുമുണ്ട്. കേരളത്തിലെ മുസ്ലീം സംഘടനകളുടെ കൂട്ടായ്മയില്‍ ഇവര്‍ക്കു ഇടമില്ലെങ്കിലും പല സംഘടനകളും ഇവരുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നവരാണ്. ലീഗിന്റെ രാഷ്ട്രീയ കേന്ദ്രമായ മലപ്പുറം ജില്ലയില്‍ പല പഞ്ചായത്തും ഇടതുപക്ഷം ഭരിക്കുന്നത് ഇവരുടെ പരസ്യ പിന്തുണയോടെ തന്നെയാണ്. നേരത്തെ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇവരെ എതിര്‍ത്തിരുന്നെങ്കിലും ഇപ്പോള്‍ അവരും പിന്മാറി.

പണം വിദേശത്തു നിന്ന്

ഈ സംഘടനക്കു പണം കാര്യമായി ലഭിക്കുന്നത് വിദേശത്തു നിന്നു തന്നെ. പല മുസ്ലീം രാജ്യങ്ങളില്‍ നിന്നും പല പേരില്‍ ഇവര്‍ക്കു പണം ലഭിക്കുന്നുണ്ട്. അവിടെയുള്ള മലയാളികളില്‍ നിന്നും മാസം തോറും പിരിവും ഇവര്‍ക്കായി നടത്തുന്നുണ്ട്. കേരളത്തിലെ മുസ്ലീം സമുഹത്തിന്റെ പിന്തുണയുള്ള സംഘടന എന്ന ലേബലിലാണ് പണം ലഭിക്കുന്നത്. സലഫിസത്തിന്റെ പാത പിന്തുടരുന്ന രാജ്യം എന്ന നിലയിലും സലഫി രാജ്യങ്ങളില്‍ നിന്നും പണം ലഭിക്കുന്നുണ്ട്. മനുഷ്യാവകാശ സംഘടന എന്ന നിലയിലും ഫണ്ട് വരുന്നുണ്ട്.

Advertisement