Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ജോര്‍ജും ദിലീപും — എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന സാരോപദേശകഥ

, 2:20 pm

സെബാസ്റ്റ്യന്‍ പോള്‍

വര്‍ഗീസിനെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഐജി ലക്ഷ്മണ കേരളത്തിലെ ജയിലിലുണ്ട്. കസ്റ്റഡിയിലെടുത്ത അയ്യപ്പന്‍ ലോക്കപ്പില്‍ മരണമടഞ്ഞതിന് സസ്‌പെന്‍ഷനും വിചാരണയും അപമാനവുമായി ശിഷ്ടകാലം കഴിക്കേണ്ടിവന്ന ഡിവൈഎസ്പി ബഷീര്‍ എന്റെ സുഹൃത്തായിരുന്നു. നിരവധി സംഭവങ്ങളില്‍ രണ്ടു മാത്രമാണിത്. അനുഭവങ്ങള്‍ പാഠമാകാത്തതിനാല്‍ വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടുന്നു.

വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകത്തില്‍ കുപ്രസിദ്ധനായ എസ് പി സസ്‌പെന്‍ഷനിലായി. ശ്രീജിത്തിന്റെ കുടുംബത്തിനു മാത്രമല്ല സമൂഹത്തിനാകെ ഈ വാര്‍ത്ത ആശ്വാസത്തിനു കാരണമായി. ഒരു പ്രമുഖ നടന്റെ പകയാണ് തന്റെ ദുര്യോഗത്തിനു കാരണമായതെന്ന് ജോര്‍ജ് പറഞ്ഞതായി അറിഞ്ഞു. ജോര്‍ജിന്റെ പകയാണ് തന്റെ ദുര്യോഗത്തിന് കാരണമെന്ന് ദിലീപ് പറഞ്ഞതായും കേട്ടു. രണ്ടു പേര്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും. ഗുണപാഠങ്ങള്‍ ഏറെയുള്ള മികച്ച സാരോപദേശകഥയായിരിക്കും അത്. ജോര്‍ജേട്ടന്റെ ശരിയായ പൂരം വരാനിരിക്കുന്നതേയുള്ളു.

തൊടുന്യായങ്ങളില്‍ അവസാനിക്കുന്നതല്ല എ വി ജോര്‍ജിന്റെ ദുര്‍വിധി. വരാപ്പുഴ കേസില്‍ ജോര്‍ജ് പ്രതിയാകും. പ്രതിയായാല്‍ അറസ്റ്റുണ്ടാകും. ആലുവയിലെ പൊലീസ് ക്ലബില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത മുറിയില്‍ത്തന്നെ അത് നടക്കുന്നതാണ് ഭംഗി. ദിലീപിനെ 85 ദിവസം പാര്‍പ്പിച്ച സെല്ലില്‍ത്തന്നെ ജോര്‍ജിനെയും പാര്‍പ്പിക്കാവുന്നതാണ്. ദൈവം എത്ര നീതിമാനും നര്‍മബോധമുള്ളവനുമാണെന്ന് അറിയുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. മഅ്ദനിയെ അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെ പരപ്പ അഗ്രഹാര ജയിലിലേക്കയച്ച അന്നത്തെ മുഖ്യമന്ത്രി യെദ്യൂരപ്പ അതേ ജയിലില്‍ മഅ്ദനിയുടെ സഹതടവുകാരനായി എത്തിയപ്പോഴും എന്റെ ദൈവവിശ്വാസം ദൃഢമായിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മജിസ്‌ട്രേട്ടിന്റെ മുന്നില്‍ യഥാസമയം ഹാജരാക്കിയില്ലെന്ന ആക്ഷേപമുണ്ട്. വനിതാ മജിസ്‌ട്രേട്ടിന് അസൗകര്യം ഉണ്ടായിരുന്നതു കൊണ്ടാണത്രേ അത്. സ്ത്രീ ആയാലും പുരുഷനായാലും മജിസ്‌ട്രേട്ടുമാര്‍ക്ക് അസമയത്ത് പ്രതികളെ വീട്ടില്‍ കൊണ്ടുവരുന്നത് അസൗകര്യമാണ്. സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജിനെ ചെക്ക് മടങ്ങിയ കേസില്‍ അറസ്റ്റ് ചെയ്ത് എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ ഹാജരാക്കാന്‍ സമീപത്തെങ്ങും മജിസ്‌ട്രേട്ടുമാരില്ലായിരുന്നു. രണ്ട് അവധിദിവസങ്ങളുടെ തലേന്നുള്ള രാത്രിയായിരുന്നു അത്. ഒടുവില്‍ ഫോര്‍ട്ടുകൊച്ചി മജിസ്‌ട്രേട്ടിന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം സെക്കന്‍ഡ് ഷോയ്ക്ക് പോയിരിക്കയായിരുന്നു.

ഇത്തരം അവസ്ഥകള്‍ ഒഴിവാക്കപ്പെടണം. അറസ്റ്റിലായാലുടന്‍ മജിസ്‌ട്രേട്ടിന്റെ മുന്നിലെത്തുകയെന്നത് പൗരന്റെ വിലപ്പെട്ട മൗലികാവകാശമാണ്. പൗരന്‍ അല്ലെങ്കിലും ഈ അവകാശത്തിന് അര്‍ഹതയുണ്ട്. ശ്രീജിത്തിനെ കടുവകള്‍ പിടിച്ച രാത്രിയില്‍ത്തന്നെ മജിസ്‌ട്രേട്ടിന്റെ മുമ്പാകെ ഹാജരാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ മരണം ഒഴിവാകുമായിരുന്നു. സ്മിത തന്നെ വേണമെന്നില്ല, ഏത് മജിസ്‌ട്രേട്ടിന്റെ മുമ്പിലും ശ്രീജിത്തിനെ ഹാജരാക്കാമായിരുന്നു.

ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിന് ഓരോ നഗരത്തിലും ഒരു മജിസ്‌ട്രേട്ട് കോടതിയെങ്കിലും രാത്രിയിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ആശുപത്രിയിലെ കാഷ്വല്‍റ്റി പോലെയായിരിക്കണം ആ സംവിധാനം. കാഷ്വല്‍റ്റി ദിവസവും വൈകിട്ട് അടച്ചുപോയാലുള്ള അവസ്ഥ എന്തായിരിക്കും. കാഷ്വല്‍റ്റിയിലെ ഡ്യൂട്ടി ഡോക്ടറെപ്പോലെ ഒരു ഡ്യൂട്ടി മജിസ്‌ട്രേട്ട് എപ്പോഴും ഉണര്‍ന്നിരിക്കണം. ജോര്‍ജിന്റെ കടുവകള്‍ ഇര തേടിയിറങ്ങുന്നത് എപ്പോഴെന്ന് പറയാന്‍ കഴിയില്ലല്ലോ.

Advertisement