Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ഗവര്‍ണര്‍ തുറന്നിടുന്ന ലായങ്ങള്‍

, 5:27 pm

സെബാസ്റ്റ്യൻ പോള്‍

 

കര്‍ണാടക ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയും ധാര്‍മികമായി തെറ്റുമാണ്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചുമാത്രം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവാദമുള്ളത് മുഖ്യമന്ത്രിയുടെ നിയമനത്തിലാണ്. ഏത് വഴിപോക്കനെയും മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാം. അയാള്‍ എം.എല്‍.എ ആകണമെന്നുപോലുമില്ല. നിശ്ചിതസമയത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയും അംഗമാവുകയും വേണമെന്നു മാത്രം.

കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണുള്ളത്. കോണ്‍ഗ്രസും ജനതാദളും ചേര്‍ന്നാല്‍ ഭൂരിപക്ഷമായി. തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച രണ്ട് കക്ഷികള്‍ മന്ത്രിസഭയുണ്ടാക്കാന്‍ കൈകോര്‍ക്കുന്നതില്‍ ധാര്‍മികമായും രാഷ്ട്രീയമായും അപാകതയുണ്ട്. 1923ല്‍ ബ്രിട്ടനില്‍ അങ്ങനെയൊരു അവസ്ഥയുണ്ടായി. ലേബര്‍ പാര്‍ട്ടിയും ലിബറല്‍ പാര്‍ട്ടിയും ചേര്‍ന്നാല്‍ യാഥാസ്ഥിതിക കക്ഷിയേക്കാള്‍ അംഗബലമുണ്ടെങ്കിലും മന്ത്രിസഭയുണ്ടാക്കുന്നതിനുള്ള അവരുടെ സംയുക്തമായ അവകാശവാദം സ്വീകരിക്കപ്പെട്ടില്ല. സ്റ്റാന്‍ലി ബാള്‍ഡ്‌വിന്റെ യാഥാസ്ഥിതിക കക്ഷിക്ക് കൂടുതല്‍ സീറ്റ് ലഭിച്ചെങ്കിലും മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള മാന്‍ഡേറ്റ് ജനങ്ങള്‍ നല്‍കിയിരുന്നില്ല. പാര്‍ലമെന്റ് പിരിച്ചുവിട്ട് സ്റ്റാന്‍ലി ബാള്‍ഡ്‌വിന്‍ തിരഞ്ഞെടുപ്പിനു പോയത് ഒരു പ്രത്യേക വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു. ആ വിഷയത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ച ലിബറല്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് യാഥാസ്ഥിതിക കക്ഷി സര്‍ക്കാരുണ്ടാക്കുന്നതില്‍ ഒരു ശരികേടുണ്ടായിരുന്നു. അതുകൊണ്ട് രണ്ടാമത്തെ വലിയ കക്ഷിയായ ലേബര്‍ പാര്‍ട്ടി മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കപ്പെട്ടു. ലിബറല്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ആ ഗവണ്‍മെന്റ് കുറേക്കാലം നിലനിന്നു. ശത്രുക്കളായി മത്സരിച്ചവര്‍ അധികാരത്തിനുവേണ്ടി യോജിക്കുന്നതില്‍ ശരികേടുണ്ട്.

ബ്രിട്ടീഷ് മാതൃക സ്വീകരിച്ചിട്ടുള്ള ഇന്ത്യയില്‍ ഇത്തരം പ്രതിസന്ധികള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. 2006ലെ രാമേശ്വര്‍ പ്രസാദിന്റെ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതു മാത്രമായിരിക്കണം ഗവര്‍ണറുടെ പരിഗണനയ്ക്കു വരേണ്ടതായ വിഷയം. സഭയിലെ ഭൂരിപക്ഷം മാത്രമാണ് ഗവര്‍ണര്‍ പരിശോധിക്കേണ്ടതെന്ന് 1994ലെ പ്രസിദ്ധമായ ബൊമ്മെ കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

ബ്രിട്ടനില്‍ രാജാവിനുണ്ടായ ധാര്‍മിക പ്രതിസന്ധി കര്‍ണാടകയിലെ ഗവര്‍ണര്‍ക്കില്ല. തന്റെ യജമാനനായ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് വഴങ്ങുക മാത്രമാണ് അദ്ദേഹം ചെയ്തത്. അങ്ങനെയാണ് ഭൂരിപക്ഷ പിന്തുണ ഇല്ലാത്ത യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. ആ പ്രവര്‍ത്തനത്തില്‍ അഴിമതിയുടെ ലായങ്ങള്‍ ഗവര്‍ണര്‍ മലര്‍ക്കെ തുറന്നിട്ടു. കുതിരകള്‍ ആരുടെ കൈവശത്തിലാകുമെന്ന് പറയാറായിട്ടില്ല. കച്ചവടം ശരിയായില്ലെങ്കില്‍ ചരണ്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയ സഞ്ജീവ റെഡ്ഡിയുടെ അവസ്ഥയിലാകും വാജുഭായ് വാല.
എണ്ണം മാത്രമാണ് കാര്യമാക്കേണ്ടതെങ്കില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തെ ഗവര്‍ണര്‍ അധികാരമേല്‍പിക്കണമായിരുന്നു. ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് അനുകൂലമായി ഗവര്‍ണര്‍മാര്‍ സ്വീകരിച്ച നിലപാടില്‍നിന്ന് വ്യത്യസ്തമായ നിലപാട് കര്‍ണാടകയില്‍ ഉണ്ടാകേണ്ട കാര്യമില്ലായിരുന്നു. ഭരണഘടനയും സുപ്രീം കോടതി വിധികളും ബ്രിട്ടീഷ് കീഴ്‌വഴക്കങ്ങളും നല്‍കുന്ന ഉത്തരങ്ങള്‍ മതിയാകാത്ത രീതിയില്‍ ചോദ്യങ്ങള്‍ വിചിത്രമാകുന്നു. 104 എന്ന ന്യൂനസംഖ്യയില്‍ നില്‍ക്കുന്ന പാര്‍ട്ടി 112 എന്ന മാന്ത്രികസംഖ്യയിലെത്തണമെങ്കില്‍ എം.എല്‍.എമാരെ ഭരണഘടനാവിരുദ്ധമായി വിലയ്‌ക്കെടുക്കണമെന്ന കാര്യം അറിയാത്തയാളാണോ ഗവര്‍ണര്‍ വാല.

Advertisement