Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

അമ്പത്താറ് ഇഞ്ചില്‍ പകച്ചു പോകുന്ന പ്രതിപക്ഷം

, 7:05 pm

പ്രജീഷ് രാജ് ശേഖര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍ ഏറെ പ്രിതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. ഇതിന് കാരണങ്ങള്‍ പലതായിരുന്നു. രാജ്യത്താകമാനം സമസ്തമേഖലയിലും, പ്രത്യേകിച്ച് കാര്‍ഷിക-അസംഘടിത മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തിലായിരുന്നു ഈ തിരഞ്ഞെടുപ്പ് എന്നുള്ളതാണ് പ്രധാന കാര്യം. നോട്ടു നിരോധനവും പിന്നീട് കൊണ്ടുവന്ന ജിഎസ്ടിയും സമസ്തമേഖലയിലും ജനജീവിതത്തെ താറുമാറാക്കിയെങ്കിലും അതിന്റെ പ്രത്യാഘാതം മുമ്പെന്നെത്തേക്കാളും മറനീക്കി പുറത്തുവന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പ് വന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന് പ്രതീക്ഷയേറെയായിരുന്നു. രാജ്യത്ത് ബിജെപിക്കെതിരെ ഉയര്‍ന്നു വന്ന വികാരത്തെ ഒരുമിപ്പിക്കുവാന്‍ മുമ്പെങ്ങുമില്ലാത്ത വിധം ഒരേ ശബ്ദത്തോടെ പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തുമുള്ള പോരാട്ടം ശക്തമാക്കി വരികയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തിയതിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. എന്നാല്‍ ഈ അനുകൂല സാഹചര്യങ്ങളൊന്നും വോട്ടാക്കി മാറ്റാനാവാതെ പിന്‍വാങ്ങേണ്ടി വന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്.
അധികാരത്തിലേറി നാലാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും മോദി സര്‍ക്കാരിനെതിരായ വിരുദ്ധ തരംഗങ്ങളെ ഏകോപിപ്പിക്കാന്‍ രാജ്യത്തെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസിനാകുന്നില്ല. രാജ്യത്താകമാനം സാമ്പത്തിക തട്ടിപ്പുകള്‍ അരങ്ങേറുമ്പോഴും മാധ്യമങ്ങളില്‍ നിന്നും പ്രധാനമന്ത്രി മാറിനടക്കുന്ന സാഹചര്യം നിലനില്‍ക്കേ, പ്രതിപക്ഷത്തിന്റെ കരുത്താകുമെന്നു കരുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയാണ്. ഗുജറാത്തിലും, രാജസ്ഥാനിലും, പഞ്ചാബിലും, മധ്യപ്രദേശിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പാര്‍ട്ടിക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടിപതറിയത് കോണ്‍ഗ്രസ് ക്യാംപിനെ അസ്വസ്ഥമാക്കുന്നുണ്ട്. വരാനിരിക്കുന്ന കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാനിരിക്കുന്ന പാര്‍ട്ടിക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ഫലം.

അഞ്ചു പതിറ്റാണ്ടോളം രാജ്യഭരണം നടത്തിയ പാര്‍ട്ടിക്ക് കേവലം മൂന്നു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങേണ്ടിവരുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പോടെ കാണാനാകുന്നത്. വട്ടപ്പൂജ്യത്തില്‍ തുടങ്ങിയ ബിജെപിക്കാവട്ടെ ഇന്ന് രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ ഭരണസാന്നിധ്യവുമായി. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ കടന്നുവരവ് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളുമെല്ലാം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനം ദേശീയ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയിലെ പ്രതിഭയുടെ മികവായിട്ടാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധം കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍, തൊഴില്‍ശാലകള്‍ പൂട്ടുമ്പോള്‍ ഇതൊന്നും ഫലപ്രദമായി വോട്ടര്‍മാരിലെത്തിക്കാന്‍ പാര്‍ട്ടികള്‍ക്കുമായില്ല. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നുള്ള ആലോചനയിലാണിപ്പോള്‍ രാജ്യത്താകമാനമുള്ള പ്രതിപക്ഷം.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് ജൈത്രയാത്ര ആരംഭിച്ച മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ ഏറ്റവുമൊടുവിലത്തെ വിജയമാണ് ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം. 2019 ലക്ഷ്യമിട്ട് കുതിക്കുന്ന ബിജെപിയുടെ മുന്നില്‍ അടിപതറി നില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഉത്തരേന്ത്യയിലെ ബിജെപി ജൈത്രയാത്രയ്ക്ക് ബദലായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അന്ന് കരുതിവെച്ചിരുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും, ദക്ഷിണേന്ത്യയുമായിരുന്നു. എക്കാലത്തെയും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ഈ മേഖലയില്‍ ഇനി പാര്‍ട്ടി അവശേഷിക്കുന്നത് മിസോറാമില്‍ മാത്രം. ത്രിപുരയാകട്ടെ രണ്ടര പതിറ്റാണ്ടുകള്‍ക്കു ശേഷം ബിജെപി പിടിച്ചടക്കുകയും ചെയ്തു. ഇനി കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജിഎസ്ടിയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും ഇവിടെ കോണ്‍ഗ്രസിന് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും കാര്യങ്ങള്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത് പോലെ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ബിജെപി ഇത് മുന്നില്‍ കണ്ട് മാസങ്ങള്‍ക്കു മുമ്പേ കരുക്കള്‍ നീക്കിത്തുടങ്ങി.

രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം നിലവില്‍ അനുഭവിക്കുന്ന മുഖ്യപ്രശ്നം ശക്തമായതും ജനകീയമായതുമായ നേതാക്കളുടെ അപര്യാപ്തതയാണ്. കോണ്‍ഗ്രസും സിപിഐഎമ്മും, സമാജ് വാദിപാര്‍ട്ടിയും, ബിഎസ്പിയും, ആര്‍ജെഡിയും, തൃണമൂലും അടക്കമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ഇതേ പ്രതിസന്ധിയുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസും അനുഭവിച്ച പ്രധാന പ്രശ്നം ശക്തനായ നേതാവില്ല എന്നതായിരുന്നു. അതിനാലാണ് സാഹചര്യങ്ങള്‍ അനുകൂലമായിട്ടുപോലും നേരിയ വ്യത്യാസത്തില്‍ അധികാരം കൈമോശം വന്നത്. ഇതേ പ്രശ്നം തന്നെയാണ് ദേശീയ തലത്തിലും പ്രത്യേകിച്ച് കേരളത്തിലും സിപിഐഎം അനുഭവിക്കുന്നത്. ജനകീയമായ ഒരു നേതാവിനെപ്പോലും ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാതെ ആ പാര്‍ട്ടി സ്വയം ഒടുങ്ങുന്നു. മറ്റു മുഖ്യധാരാ പാര്‍ട്ടികളിലെ നേതാക്കളെല്ലാം ഒരേ ശബ്ദത്തില്‍ സംസാരിക്കുന്ന ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയ’ക്കാരാണെന്ന് ജനമനസ്സില്‍ തുറന്നു കാണിക്കന്നതിന് ഇതുമൂലം അവര്‍ക്കെളുപ്പം സാധിക്കുന്നു. വിഭാഗീയത എന്ന വാളോങ്ങി ജനപക്ഷത്ത് നില്ക്കുന്നവരെ ഒന്നൊന്നായി വെട്ടിയൊതുക്കിയപ്പോള്‍ വേറിട്ട ശബ്ദങ്ങള്‍ ഇല്ലാതായത് സ്വാഭാവികം. പിണറായി വിജയനും കോടിയേരിയും രണ്ടോമൂന്നോ ജയരാജന്മാരിലും ഒതുങ്ങുന്നു പാര്‍ട്ടി. അടുത്ത നിരയിലോ അതിനടുത്ത നിരയിലോ പ്രാപ്തിയുള്ള , പ്രതീക്ഷ നല്‍കുന്ന ഒരു മുഖവും പുതുതായി ഉണ്ടാകുന്നില്ല, അഥവാ ഉണ്ടാക്കുന്നില്ല. വരിയുടക്കപ്പെട്ടവരുടെ പാര്‍ട്ടിയായി സിപിഐഎം അടക്കമുള്ള പാര്‍ട്ടികള്‍ മാറുമ്പോള്‍ ബിജെപിക്ക് കളിക്കളത്തില്‍ കാര്യങ്ങള്‍ എളുപ്പമാകുന്നു. രണ്ടോ മൂന്നോ പതിറ്റാണ്ട് മുന്നില്‍ കണ്ട് മൂന്നും നാലും നിര നേതാക്കളെ ഓരോ സംസ്ഥാനത്തും വാര്‍ത്തെടുക്കുന്നതില്‍ സംഘപരിവാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഓരോ പ്രായത്തിലും പെട്ട നേതാക്കളെ കണ്ടെത്തി ഒന്നൊന്നായി അവരെ വളര്‍ത്തികൊണ്ടുവരാന്‍ ആര്‍ എസ് എസിന് പ്രത്യേക ‘പാര്‍ട്ടി പരിപാടി’ തന്നെയുണ്ട്.

ഇതോടൊപ്പമാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ബിജെപി നടത്തുന്ന ചതിപ്രയോഗം വിവിധ ബാങ്കുകളില്‍ നിന്ന് നിന്ന് 20000 കോടി രൂപ തട്ടി രാജ്യം വിട്ട നീരവ് മോദിയും, 560 കോടി തട്ടിപ്പ് നടത്തിയ റോട്ടോമാകിന്റെ വിക്രം കോത്താരിയും, കാനറാ ബാങ്കില്‍ നിന്ന് 850 കോടി തട്ടിയ ശിവജി പാഞ്ചയും. തട്ടിപ്പിന്റെ നിര നീളുമ്പോള്‍ പ്രതിരോധത്തിലായ ബിജെപി ഇതിനെ അതിജീവിക്കാന്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ പത്തുലക്ഷം രൂപയുടെ പേരില്‍ സിബിഐയെക്കൊണ്ട് അറസ്റ്റുചെയ്യിപ്പിച്ച് ജയിലിലടച്ചു. തട്ടിപ്പു കേസുകളില്‍ നിന്നും ബിജെപി പൂര്‍ണ അര്‍ത്ഥത്തിലല്ലെങ്കിലും ഒരു പരിധിവരെ ഇതിലൂടെ അതിജീവിച്ചു.

ഇതിനിടെയിലാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെല്ലാം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി. സത്യത്തില്‍ നോട്ടു നിരോധനം കൊണ്ട് മോദി ലക്ഷ്യം വെച്ചത് ഇതൊക്കെ തന്നെയായിരിക്കും. പണമില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര നടത്താന്‍ ഉത്തര്‍പ്രദേശിലെ ബിഎസ്പി നേതാവ് മായാവതി പറഞ്ഞത് ഇതിനോട് കൂട്ടി വായിക്കണം. കോണ്‍ഗ്രസും കേരളത്തില്‍ മാത്രമൊതുങ്ങിപ്പോയ സിപിഐഎമ്മും അടക്കമുള്ള എല്ലാ പാര്‍ട്ടികളും ഈ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ബുദ്ധിയോടെ നോട്ടുനിരോധനം കൊണ്ടുവന്ന ബിജെപിക്കാവട്ടെ ഇത്തരം പ്രതിസന്ധികളൊന്നുമില്ലതാനും, അതായത് രാജ്യത്ത് പണം വാരിയെറിയാന്‍ ശേഷിയുള്ള ഒരേയൊരു പാര്‍ട്ടി ഇന്ന് ബിജെപി മാത്രമായി. നോട്ടുനിരോധനത്തിലൂടെ ആര്‍എസ്എസിന്റെ രാഷ്ട്രീയ ലക്ഷ്യവും ഇതുതന്നെയായിരുന്നു. കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ ഇതിലും പറ്റിയൊരായുധം വേറെന്തുണ്ട്..?

പണാധിപത്യ രാഷ്ട്രീയത്തില്‍ നരേന്ദ്രമോദിയെന്ന പ്രഭാവത്തെ തളര്‍ത്താന്‍ സാധിക്കാതെ വരുമെന്നാണ് നിലവിലെ രാഷ്ട്രീയാന്തരീക്ഷം വ്യക്തമാക്കുന്നത്. അധികാരത്തിലേറുമ്പോള്‍ 9 സംസ്ഥാനങ്ങളില്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇന്ന് 21 സംസ്ഥാനങ്ങളിലേക്ക് ചേക്കേറാനായത് ഈ അപ്രമാധിത്യത്തെ തളര്‍ത്താവില്ലെന്ന സൂചനയാണ് നല്‍കുന്നത്. മോദിപ്രഭാവം നിറഞ്ഞു നിന്ന 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എതിരാളിയായെത്തിയെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേണ്ടത്ര ചലനമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിക്കായില്ല. യുപിഎ ഭരണകാലത്ത് മന്‍മോഹന്‍സിംഗിനെ മൗനിഭാവയെന്ന് പറഞ്ഞ് കളിയാക്കിയ നരേന്ദ്രമോദി അധികാരത്തിലെത്തി നാലാം വര്‍ഷവും തുടരുന്ന മൗനത്തിന് അതേ നാണയത്തില്‍ തിരിച്ചടിക്കാനും കോണ്‍ഗ്രസിനാകുന്നില്ല.

 

Advertisement