Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

spot light

ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക് അനിവാര്യമോ?

, 4:02 pm


ഇറച്ചിക്കോഴികളില്‍ വീര്യമേറിയ ആന്റിബയോട്ടിക്കുകള്‍ കുത്തിവെയ്ക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കൈയടിയോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്. ബ്രോയിലര്‍ കോഴികളില്‍ അമിത വളര്‍ച്ചയ്ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന ആരോപിക്കപ്പെടുന്ന ‘കൊളിസ്റ്റീന്‍’ ഉപയോഗം ഫാമുകളില്‍ പൂര്‍ണമായും നിരോധിക്കാനുള്ള നിര്‍ദ്ദേശം ദേശീയ ഡ്രഗ് അഡൈ്വസറി ബോര്‍ഡാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പതിവായി കോഴിയിറച്ചി ഉപയോഗിക്കുന്ന ഉപഭോക്താവും, കോഴി വളര്‍ത്തുന്ന കര്‍ഷകരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. 

അവസാന അത്താണി


ഇന്ത്യയില്‍ മനുഷ്യരിലും, മൃഗങ്ങളിലും ഉപയോഗിക്കേണ്ടത് എന്ന വിധത്തില്‍ ആന്റിബയോട്ടിക്കുകളെ തരം തിരിച്ചിട്ടില്ല. പല വികസിത രാജ്യങ്ങളിലും ചില ആന്റിബയോട്ടിക്കുകള്‍ വെറ്ററിനറി ഉപയോഗത്തിന് അനുവദിക്കാറില്ല. കൊളിസ്റ്റിന്‍ (പൊളിമിക്സിന്‍ ഇ) ഗ്രാം നെഗറ്റീവ് ഇനത്തില്‍പ്പെട്ട ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ കഴിവുള്ള ആന്റിബയോട്ടിക്കാണ്. പലപ്പോഴും മനുഷ്യരില്‍ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍ പല മരുന്നുകളും ഫലിക്കാതെ വരുമ്പോള്‍ ഉപയോഗിക്കുന്ന അവസാന ആയുധങ്ങളിലൊന്ന്. 1940 കളില്‍ ബാസില്ലസ് കൊളിസ്റ്റിനസ് എന്ന ബാക്ടീരിയയില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുത്തത്.

സ്യൂഡോമോണാസ്, സാല്‍മൊണല്ല, ഷിജല്ല, ഇ.കോളി തുടങ്ങിയ ഗ്രാം നെഗറ്റീവ് വിഭാഗം ബാക്ടീരിയകളെ കൊല്ലാന്‍ ശേഷിയുള്ള മരുന്ന്. നവജാത ശിശുക്കളിലും, കുട്ടികളിലുമൊക്കെ മേല്‍പ്പറഞ്ഞ ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന വയറിളക്കത്തിന് ഉപയോഗിച്ചു വന്നിരുന്ന മരുന്നാണിത്. ഇറച്ചിക്കോഴികള്‍ക്ക് കൊളിസ്റ്റിന്‍ നല്‍കുവാനുള്ള സാഹചര്യമെന്താണ്. നിയന്ത്രണങ്ങളില്ലാത്ത ലഭ്യതയും, വിലക്കുറവും തന്നെ പ്രധാനം. മറ്റൊന്ന് കോഴികളുടെ ആമാശയത്തിലെ അണുബാധകള്‍ നിയന്ത്രിച്ചും, പ്രതിരോധിച്ചും മരണനിരക്ക് കുറയ്ക്കുക.അങ്ങനെ 36 ദിവസം തള്ളി നീക്കി ലാഭം കൊയ്യുക.

കര്‍ഷകരുടെ പങ്ക്


ഇനി ഈ വിഷയത്തില്‍ ഇറച്ചിക്കോഴി വളര്‍ത്തുന്ന കര്‍ഷകന്റെ സ്ഥിതിയും, പങ്കും എന്താണെന്ന് നോക്കാം. സ്വതന്ത്രരായ ഇറച്ചിക്കോഴി കര്‍ഷകന്‍ എന്നൊരു വിഭാഗം ഇവിടെയില്ല. തൊണ്ണൂറ്റിയഞ്ചു ശതമാനത്തോളം വരുന്ന ഉത്പാദന യൂണിറ്റുകളും കരാര്‍ അടിസ്ഥാനത്തില്‍ ഈ ജോലി ചെയ്യുന്നവരാണ്. ബാക്കിയുള്ള അഞ്ചു ശതമാനം പോലും തീറ്റ, മരുന്നുകള്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയവയ്ക്കും വിപണനത്തിനും പരാശ്രയമുള്ളവരാണ്. പിന്നെയുള്ളത് റീട്ടെയ്ല്‍ കോഴിക്കച്ചവടക്കാരാണ്. അവര്‍ക്ക് ഏതവസ്ഥയിലും വില്‍പന കമ്മീഷനാണ് വരുമാനം. കോ ടികളുടെ മൂല്യമുള്ള ഇറച്ചിക്കോഴി വ്യവസായം നിയന്ത്രിക്കുന്നത് വിരലിലെണ്ണാവുന്ന കരാര്‍ കമ്പനികളാണ്. അവര്‍ കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്നുകള്‍,വൈദ്യസേവനം, വിപണനം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്യുന്നു. കര്‍ഷകരുടെ ജോലി ഫാമിനുള്ള സ്ഥലവും, ഷെഡ്ഡും, മറ്റു സൗകര്യങ്ങളും, ഒപ്പം ജോലികളും ചെയ്യുക എന്നതാണ്. കോഴിയിറച്ചിയുടെ മാര്‍ക്കറ്റ് വിലയിലെ വ്യതിയാനങ്ങളും ഉത്പാദനച്ചെലവും തമ്മില്‍ ചേര്‍ന്നു പോകാത്തതിനാല്‍ ചെറുകിടക്കാര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. മാത്രമല്ല തീറ്റ മുതല്‍ കോഴിക്കുഞ്ഞുങ്ങള്‍ വരെ ഉത്പാദിപ്പിക്കുന്നത് ഏതാനും കമ്പനികള്‍ മാത്രമാണ്.

നിയന്ത്രണം കുത്തകകള്‍ക്ക്

സ്വകാര്യ കമ്പനികളാണ് ഇവിടെ രാജാക്കന്മാര്‍ .സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരിമിതമായ റോള്‍ പോലുമില്ല. ഈ കരാര്‍ കച്ചവടത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് യഥാര്‍ത്ഥത്തില്‍ കൂലിച്ചെലവാണ്. കൂലിച്ചെലവ് കണക്കാക്കുന്നതും വളര്‍ച്ചയുടെയും തൂക്കത്തിന്റെയും തീറ്റ ഉപയോഗത്തിന്റെയും, മാനദണ്ഡമനുസരിച്ചായിരിക്കും. ചുരുക്കത്തില്‍ ഉത്പാദകര്‍ എന്നു പറയുന്ന ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ഒരു അസംസ്‌കൃത വസ്തുവിലും തീറ്റ, കുഞ്ഞുങ്ങള്‍, മരുന്ന്, വാക്സിന്‍) നിയന്ത്രണമില്ല.കരാര്‍ കമ്പനി നല്‍കുന്ന കുഞ്ഞുങ്ങളെ, അവര്‍ നല്‍കുന്ന തീറ്റയും, മരുന്നുകളും നല്‍കി വളര്‍ത്തി സമയമാകുമ്പോള്‍ വിപണനത്തിന് നല്‍കി കൂലി വാങ്ങുന്നു. ചുരുക്കത്തില്‍ ഈ ഉത്പാദന ശൃംഖലയില്‍ കര്‍ഷകനും പരിമിതമായ പങ്കേയുള്ളൂ. കമ്പനിയോ, കമ്പനിയുടെ ഡോക്ടറോ നല്‍കുന്ന മരുന്നും, പൊടിയും അവര്‍ നല്‍കും. ആവശ്യമുള്ളതായാലും,, ഇല്ലെങ്കിലും.
ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കോ, നിയന്ത്രണങ്ങള്‍ക്കോ പരിമിതമായ സ്ഥാനമേ ഈ മേഖലയിലുള്ളൂ. പ്രത്യേകിച്ച് ഗവണ്‍മെന്റ് വെറ്ററിനറി ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക്. ഇറച്ചിക്കോഴി വളര്‍ത്തല്‍ വ്യവസായത്തിലെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ആന്റിബയോട്ടിക്കുകള്‍ പ്രത്യേകിച്ച് കൊളിസ്റ്റിന്‍ ഉപയോഗമാണല്ലോ. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ജനിതകമായുള്ള ബ്രോയിലര്‍ കോഴികള്‍ക്ക് ചികിത്സാ ആവശ്യത്തിനല്ലാതെ മരുന്നു നല്‍കേണ്ട കാര്യമെന്താണ്..?

മാതൃശേഖരത്തില്‍ നിന്ന് മുട്ടയിലൂടെ പകരാവുന്ന മൈക്കോപ്ലാസ്മ പോലെയുള്ള രോഗങ്ങളുടെ സാന്നിധ്യം കുഞ്ഞുങ്ങളില്‍ ഉണ്ടായേക്കാം .ഈ പ്രശ്നം ഒഴിവാക്കാന്‍ ബ്രോയിലര്‍ കോഴികള്‍ക്ക് അസിത്രോമൈസിന്‍, ടൈലോസിന്‍ തുടങ്ങിയ മരുന്നുകള്‍ നിശ്ചിത ഇടവേളകളില്‍ നല്‍കാന്‍ ചില കരാറുകാര്‍ നിര്‍ദേശിക്കാറുണ്ട്. അപ്പോള്‍ ആരോഗ്യമുള്ള മാതൃശേഖരം ഇല്ലെങ്കില്‍ പിന്നീട് അത്ആന്റിബയോട്ടിക്കിന്റെ വിവേചനരഹിതമായ ഉപയോഗത്തിന് കാരണമാകാം. രണ്ടാമത്തെ പ്രശ്നം പരിപാലനത്തിലുണ്ടാകുന്ന കുറവുകള്‍ മൂലം കോഴിക്കുഞ്ഞുങ്ങള്‍ക്ക് വയറിളക്കം, ചെറിയ അണുബാധ എന്നിവയുണ്ടാകും. ഇത് വളര്‍ച്ചാ നിരക്ക്, തീറ്റപരിവര്‍ത്തനശേഷി എന്നിവ കുറയ്ക്കാനും, പലപ്പോഴും മരണ നിരക്ക് കൂട്ടാനും വഴിവെയ്ക്കും.നഷ്ടം ഭയക്കുന്ന കര്‍ഷകര്‍ പരിണത ഫലങ്ങളറിയാതെ വിവേചനമില്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. ചുരുക്കത്തില്‍ മാതൃശേഖരം കുഞ്ഞുങ്ങള്‍, തീറ്റ, പരിപാലനം എന്നിവ മെച്ചപ്പെടുത്തുന്നതിനു പകരം വരാന്‍ സാധ്യതയുയള്ള അസുഖങ്ങളെ ചെറുക്കാന്‍ ചെറിയ അളവില്‍ നിരന്തരമായി ആന്റിബയോട്ടിക്ക് നല്‍കാന്‍ ഉപദേശം കര്‍ഷകര്‍ക്ക് ആരാണ് നല്‍കുന്നത്അവരാണ് ഇവിടെ കുറ്റക്കാര്‍.

ആരാണ് കുറ്റക്കാര്‍

ഇങ്ങനെ ചികില്‍സയ്ക്കല്ലാതെ അളവും, കാലവും നോക്കാതെ ആന്റിബയോട്ടിക്ക് നല്‍കുന്നത് ബാക്ടീരിയകള്‍ അവയ്‌ക്കെതിരെ പ്രതിരോധം നേടാന്‍ ഇടയാക്കുന്നു. കൂടാതെ മാംസത്തിലൂടെ ചെറിയ അളവില്‍ മനുഷ്യശരീരത്തിലും ഇത് എത്തുകയും പ്രതിരോധശേഷി കുറയുകയും ചെയ്യും.
സര്‍ക്കാരുകളുടെ അയവുകളില്ലാത്ത ഇടപെടല്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങളുടെ അവയുടെ മാതൃ ശേഖരത്തിന്റെ ഗുണമേന്മ, തീറ്റയുടെ ഗുണമേന്മ അനുവദനീയമല്ലാത്ത മരുന്നുകളുടെ സാന്നിധ്യം, പൗള്‍ട്രി ഫാമുകളില്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ കാര്യത്തിലുള്ള കര്‍ശന നിയന്ത്രണം എന്നിവയിലൂടെ മാത്രമേ ഇതിനു പരിഹാരമുള്ളൂ. 2019 ജനുവരി ഒന്നു മുതല്‍ മുട്ട, മാംസം, പാല്‍ എന്നിവയില്‍ അനുവദനീയമായ ആന്റിബയോട്ടിക്ക് അംശത്തിന്റെ പരിധി നിശ്ചയിച്ച നിയമം പ്രാബല്യത്തില്‍ വരുന്നുണ്ട്. കാര്യങ്ങള്‍ കൃത്യമായി നീങ്ങിയില്ലെങ്കില്‍ ഭക്ഷണത്തിനുപയോഗിക്കുന്ന മൃഗങ്ങളില്‍ ആന്റിബയോട്ടിക് ഉപയോഗം തന്നെ നിയന്ത്രിക്കപ്പെട്ടേക്കാം.

സര്‍ക്കാര്‍ ഇടപെടണം

ആന്റിബയോട്ടിക് ഉപയോഗത്തിന് പകരം വെയ്ക്കാന്‍ കഴിയുന്ന ഉന്നത നിലവാരമുള്ള പരിപാലനം തന്നെ പ്രധാനം. വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നുകള്‍ നല്‍കരുത്. കൂടാതെ പ്രീ, പ്രോ, പോസ്റ്റ് ബയോട്ടിക്കുകള്‍, ഓര്‍ഗാനിക് ആസിഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് അണുബാധകള്‍ കുറയ്ക്കാനുള്ള ദോഷരഹിത മാര്‍ഗങ്ങളും തേടാം. ബിസിനസ് നടത്തുന്നവര്‍ നഷ്ടം വരാതിരിക്കാന്‍ എളുപ്പവഴികളിലൂടെ നടന്നേക്കാം, പക്ഷേ പൊതുജനാരോഗ്യം സംരക്ഷിക്കുക സര്‍ക്കാരിന്റെ കടമയാണ്. മാത്രമല്ല ബ്രോയിലര്‍ മാംസം പോലെയുള്ള ഉയര്‍ന്ന ഗുണമേന്മയുള്ള മാംസ്യ സ്രോതസ്സ് ഭക്ഷ്യസുരക്ഷയില്‍ ഏറെ പ്രധാനമാണ്. അവയ്ക്കെതിരെ വരുന്ന അനാവശ്യ പ്രചാരണങ്ങള്‍ ചെറുകിടകര്‍ഷകരെയും ബാധിക്കും. ഏറ്റവും ഒടുവിലായി മാതൃശേഖരവും, കുഞ്ഞുങ്ങളുടെ ഉത്പാദനവും, തീറ്റ നിര്‍മ്മാണവും നമ്മുടെ നാട്ടില്‍ നടത്തി നമ്മുടെ കൃഷിക്കാരെ ഉയര്‍ത്തി കൊണ്ടു വന്ന് സംരംഭകരാക്കി, നമ്മുടെ മൃഗസംരക്ഷണ വകുപ്പിനെ ആരോഗ്യ സംരക്ഷണമേല്‍പ്പിച്ചാലും കോഴി വളരും ഇതേ നിരക്കില്‍ തന്നെ. തമിഴ്‌നാട്ടില്‍ നിന്നും മറ്റും വിദേശത്തേക്ക് കയറ്റി അയക്കുന്ന മുട്ടയിലും, മാംസത്തിലും ഒരു മരുന്നിന്റെയും അധിക അംശമില്ലാതെ നോക്കാന്‍ ഉത്പാദക കമ്പനികള്‍ക്ക് കഴിയുമെങ്കില്‍ പ്രാദേശിക മാര്‍ക്കറ്റിലും അതേ ഗുണമേന്മ ഉറപ്പാക്കാനുള്ള നിയമം വേണം. ഓര്‍ക്കുക ആന്റിബയോട്ടിക്കുകള്‍ അത്യാവശ്യ ചികില്‍സയ്ക്ക് മാത്രമുള്ളതാണ്. അല്ലാതെ നോട്ടക്കുറവിന്റെ കേടു തീര്‍ക്കാനുള്ളതല്ല.

1.6 കിലോ തീറ്റ= ഒരു കിലോ തൂക്കം

കേവലം 1.6-1.8 കിലോഗ്രാം തീറ്റ കൊണ്ട് ഒരു കിലോഗ്രാം തൂക്കം വെയ്ക്കുന്ന തരത്തില്‍ തലമുറകള്‍ കൊണ്ടുള്ള ഗവേഷണ ഫലമായി ഈ രംഗം മുന്നേറിക്കഴിഞ്ഞു. ഉചിതമായ തീറ്റ അളവിലും ഗുണത്തിലും ലഭിക്കുകയും, ഉത്തമമായ പരിസ്ഥിതിയില്‍ വളര്‍ത്തുകയും ചെയ്താല്‍ ഈ വളര്‍ച്ചാനിരക്ക് ലഭിക്കും. 1980-കളിലും മറ്റും പരിപാലന രീതികള്‍ മെച്ചമല്ലാതിരുന്ന അവസ്ഥയില്‍ ആന്റിബയോട്ടിക്കുകള്‍ വളര്‍ച്ചാനിരക്ക് കൂട്ടാനായി ചേര്‍ത്തിരുന്നതായും, അപ്പോള്‍ 5 ശതമാനം അധിക വളര്‍ച്ചാനിരക്ക് ലഭിച്ചതായും പഠനങ്ങളുണ്ട്. എന്നാല്‍ ഇന്ന് ആന്റിബയോട്ടിക്കുകള്‍ തീറ്റയില്‍ ചേര്‍ത്താല്‍ ലഭിക്കുന്ന പ്രയോജനം കേവലം 0.7 ശതമാനമെന്നാണ്. ഇന്നു നിലവിലുള്ള ഇറച്ചിക്കോഴി ഇനങ്ങള്‍ക്ക് വളര്‍ച്ചാനിരക്ക് കൂട്ടാന്‍ ആന്റിബയോട്ടിക്കുകളുടെ ആവശ്യമില്ല. എന്നാല്‍ രോഗബാധയുണ്ടാകുന്ന സമയങ്ങളില്‍ ഉചിതമായ, വെറ്ററിനറി ഉപയോഗത്തിനുള്ള ആന്റിബയോട്ടിക് കൃത്യ അളവിലും സമയദൈര്‍ഘ്യത്തിലും നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവ ഉപയോഗിച്ച് 2-3 ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമായിരിക്കണം അവയെ മാംസാവശ്യത്തിനും ഉപയോഗിക്കേണ്ടതെന്നു മാത്രം.

ഡോ. സാബിന്‍ ജോര്‍ജ്ജ്, മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ അസിസ്ററന്റ് പ്രൊഫസറാണ്.

Advertisement