Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

കശ്മീരിനെ കുരുതിക്കളമാക്കി ബിജെപി കൈയൊഴിഞ്ഞു, നഷ്ടം പിഡിപിയ്ക്ക്

, 5:25 pm

വിത്സണ്‍ വര്‍ഗീസ്

രാജ്യതാത്പര്യം മുന്‍നിര്‍ത്തി സഖ്യമവസാനിപ്പിച്ചുവെന്നാണ് പിഡിപിയുമായുള്ള ബന്ധം വിച്ഛേദിച്ചു കൊണ്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കിയത്. മുമ്പ്, 2015 ല്‍ മെഹബൂബ മുഫ്തിയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി കാരണമായി പറഞ്ഞതും രാജ്യതാത്പര്യമായിരുന്നു. ബിജെപി അവകാശപ്പെടുന്ന ഈ രാജ്യതാത്പര്യം വരുന്ന പൊതുതിരഞ്ഞെടുപ്പല്ലാതെ മറ്റൊന്നുമല്ല. മുമ്പൊരിക്കലുമില്ലാത്തവിധം കലാപകലുഷിതമായ കശ്മീരില്‍ പിഡിപിയോടൊപ്പം നിന്ന് പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നതിലും രാഷ്ട്രീയമായി ബിജെപിയ്ക്ക് നേട്ടം സഖ്യം വിടുന്നതാണ്. രാഷ്ട്രീയമായി വിപരീത ഡിഎന്‍എ യുള്ള രണ്ട് പാര്‍ട്ടികള്‍ കശ്മീരെന്ന കലാപഭൂമിയില്‍ മൂന്ന് വര്‍ഷം ഒരുമിച്ചന്തിയുറങ്ങിയത് തന്നെ അദ്ഭുതമായി അവശേഷിക്കുന്നു.

മോദിയുടെ വികസന വാഗ്ദാനത്തില്‍ കുടുങ്ങിയാണ് മെഹ്ബൂബ അന്ന് എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നത്. കശ്മീരിന്റെ ടൂറിസം വികസനം അടക്കമുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താമെന്നും ഇതിലൂടെ സംസ്ഥാനത്ത് തുടരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാമെന്നുമുള്ള മോദിയുടെ വികസന വാഗ്ദാനത്തില്‍ വീണുപോവുകയായിരുന്നു മെഹ്ബൂബ. സ്വകാര്യസ്ഥാപനങ്ങളൊന്നും തൊഴില്‍ ദാതാവല്ലാത്ത ഒരു നാട്ടില്‍ യുവാക്കള്‍ ഭീകരവാദത്തിലേക്ക് നീങ്ങുന്നതിന് പിന്നില്‍ തൊഴിലില്ലായ്മ തന്നെയാണെന്നും മോദിയുടെ വികസനരഥം ഇന്ത്യയുടെ വടക്കെ മുനമ്പിലേക്ക് ഉരുളുന്നതോടെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുമെന്നുമായിരുന്നു പിഡിപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ മെഹ്ബൂബയുടെ പ്രതീക്ഷകള്‍ അപ്പാടെ താളം തെറ്റുന്ന വിധത്തിലായിരുന്നു മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍.

വികസനസ്വപന്ങ്ങള്‍ പൂവണിഞ്ഞില്ല എന്ന് മാത്രമല്ല സംസ്ഥാനം മുമ്പെങ്ങുമില്ലത്ത വിധം കലാപകലുഷിതമായി മാറുകയും ചെയ്തു. സൈന്യം മുമ്പെങ്ങുമില്ലാത്ത വിധം താഴ് വരയിലെ ജനങ്ങളെ പ്രതിരോധിച്ചതോടെ കൂഴപ്പങ്ങളും പൊട്ടിപ്പുറപ്പെട്ടു. സൈന്യവുമായുള്ള യുവാക്കളുടെ ഏറ്റുമുട്ടലുകള്‍ മുമ്പെന്നത്തേക്കാളും വര്‍ദ്ധിച്ചു. ഇതിനിടയില്‍ ഭീകരപ്രവര്‍ത്തനങ്ങളും സജ്ജീവമായി. സത്യത്തില്‍ ചെകുത്താനും കടലിനുമിടയില്‍പെട്ട അവസ്ഥയിലായിരുന്നു മെഹബൂബ. ബിജെപിയെ തള്ളാനോ കൊള്ളാനൊ പറ്റാത്ത അവസ്ഥ. ഇതിനിടയിലാണ് രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കത്വ സംഭവമുണ്ടാകുന്നത്. ബിജെപി പ്രവര്‍ത്തകര്‍ തന്നെ പ്രതിയായ പീഡന കേസില്‍ നിലപാടെടുക്കാന്‍ കഴിയാതെ മെഹബുബ വിയര്‍ത്തു.

പ്രതികളെ പിന്തുണച്ചുകൊണ്ട് ബിജെപി സാമാജികര്‍ വരെ രംഗത്തെത്തിയതോടെ കശ്മീരിലെ ഭൂരിപക്ഷ സമുദായത്തെ പ്രതിനിധീകരിക്കുന്നുവെന്നവകാശപ്പെടുന്ന മെഹബൂബയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറി. കടുത്ത വിമര്‍ശനങ്ങളുമായി താഴ് വരയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നപ്പോഴും സഖ്യം വിടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല മുഖ്യമന്ത്രിക്ക്. ഇതിനിടയിലാണ് റംസാനിന്റെ ഭാഗമായുള്ള വെടിനിര്‍ത്തല്‍ വിഷയം വരുന്നത്. കാശ്മീര്‍ ജനതയെ ബിജെപിയ്ക്ക് അടിയറ വെയ്ക്കുന്നുവെന്നതായിരുന്നു പിഡിപിയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം. അവസാനം സഖ്യം വിടുന്നതിനുള്ള കാരണമായി ബിജെപി സൂചന നല്‍കുന്നത് വെടിനിര്‍ത്തല്‍ വിഷയമാണ്. റംസാനുമായി ബന്ധപ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിക്കരുതെന്ന് അവര്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമര്‍നാഥ് യാത്രയ്ക്ക് ഇത് ഭീഷണിയാവും എന്ന കാരണം ചൂണ്ടിക്കാട്ടി ബിജെപി വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. ഇതോടെ വിശ്വാസികളുടെ വോട്ടും ബിജെപി ഉറപ്പിച്ചു.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി ഇങ്ങനെ ഒരു തീരുമാനമെടുത്തതിന് പിന്നില്‍ രാഷ്ട്രീയ നേട്ടം മാത്രമെയുള്ളു. മോദിയുടെ വികസന സാധ്യതകളെ ചൂഷണം ചെയ്യാന്‍ മെഹബൂബയ്ക്ക് കഴിയില്ലെന്ന് മാത്രമല്ല പലപ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ അട്ടിമറിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ സഖ്യം വിടുന്നു.  കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും മെഹബൂബ രാഷ്ട്രീയ നേട്ടത്തിനായി അതെല്ലാം അട്ടിറിച്ചു.

ഇതായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ താഴ് വരയില്‍ ബിജെപിയുടെ പ്രചാരണം. ഇതോടെ മെഹ്ബൂബയുടെ കാര്യം പരുങ്ങലിലാകും. നിലവില്‍ സംസ്ഥാനത്തു നിന്നുള്ള ആറ് പര്‍ലമെന്റ് സീറ്റില്‍ മൂന്നെണ്ണം വീതം ബിജെപിയ്ക്കും പിഡിപിയ്ക്കും സ്വന്തമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഒരുസീറ്റുപോലും കിട്ടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി കശ്മീരിനെ കുരുതിക്കളമാക്കിയതിന്റെ പാപഭാരം മുഴുവന്‍ പിഡിപിയുടെ തലയിലിട്ട് കൈകഴുകി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സഖ്യം വിച്ഛേദിച്ചതിലൂടെ ബിജെപി.

ബിജെപിയുമായി രാഷ്ട്രീയ സഖ്യത്തിലാകുന്ന പ്രാദേശിക പാര്‍ട്ടികളുടെ അവസ്ഥ എതാണ്ടെല്ലാ സംസ്ഥാനത്തും ഇതുപോലെയാണ്. ഇതിനൊരപവാദമായി പറയാവുന്നത് മഹാരാഷ്ടയിലെ ശിവസേന സഖ്യമാണ്. സഖ്യത്തിലാണെങ്കിലും തുടക്കം മുതലെ അവരുടെ രാഷ്ട്രീയ നിലപാടുകളിലോ ബിജെപിയുമായുള്ള സന്ധിയിലോ ഒരു വിട്ടുവീഴ്ചയും കാണിക്കാന്‍ ശിവസേന തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം മാസങ്ങള്‍ക്ക മുമ്പ് എന്‍ഡിഎ വിട്ടതും ഇക്കാരണം കൊണ്ട് തന്നെ എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം.

Advertisement