Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ആളില്ലാ കക്ഷികള്‍ക്ക് നട്ടെല്ല് പണയപ്പെടുത്തുന്നവര്‍; വീരനും മാണിക്കും മുന്നില്‍ തോല്‍ക്കുന്ന ഇടതും വലതും

, 3:13 pm

സാന്‍ കൈലാസ്‌

കേരളത്തിലെ കോണ്‍ഗ്രസ് പൂര്‍ണമായും ഉമ്മന്‍ചാണ്ടിയുടെ കൈപിടിയിലാവുകയാണ്. കെ കരുണാകരന്‍ ഒഴിഞ്ഞു പോയതിനു ശേഷം ശിഥിലമായ ‘ ഐ ‘ ഗ്രൂപ്പും, വെളളം കോരാനും വിറകുവെട്ടാനും ആളെ ഏല്‍പ്പിച്ച് ഗ്രൂപ്പ് തലവനായി വിലസി സ്ഥാനമാനങ്ങള്‍ അടിച്ചെടുക്കുന്ന എ കെ ആന്റണിയുടെ  ‘എ’ ഗ്രൂപ്പും കേരളാ രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമായി. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ ഏക ഛത്രപതി ആയി മാറുന്നു.കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്.

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിന്റെ രണ്ടുനാള്‍ മുന്‍പ്, ഉമ്മന്‍ ചാണ്ടിയെ എ ഐ സി സി ജനറല്‍ സെക്രട്ടറി ആക്കിയപ്പോള്‍ ചിലരൊക്കെ അമ്പരന്നു, മറ്റുചിലര്‍ ഗൂഢ മന്ദസ്മിതം പൊഴിച്ചു. ‘ഉമ്മനെ കേരള രാഷ്ട്രീയത്തില്‍ നിന്ന് കെട്ടുകെട്ടിച്ചു’. ഇതായിരുന്നു പൊതുവെയുയര്‍ന്ന നിലപാട്. പക്ഷെ വിദഗ്ധനായ ഉമ്മന്‍ ചാണ്ടി തന്റെ ശക്തിയും കൗശലവും വൈകാതെ തന്നെ പുറത്തെടുത്തു. കൊട്ടാര വിപ്ലവം നടത്താന്‍ പുറപ്പെട്ട ‘ചങ്ക് പിളേളര്‍ക്കും’ പി ജെ കുര്യനെന്ന ഇന്ദ്രപ്രസ്ഥ നേതാവിനും എതിരെയുളള ദ്വിമുഖ തന്ത്രമാണ് ഉമ്മന്‍ പയറ്റിയത്. ചെങ്ങന്നൂരില്‍ തോല്‍ക്കുമെന്ന് അറിയാമായിരുന്നിട്ടു കൂടി അദ്ദേഹം മാണിയെ യു ഡി എഫിലെത്തിക്കാന്‍ മുന്‍കൈ എടുത്തു. മാണിക്ക് ചെന്നിത്തലയോടാണ് കെറുവ്.

അഞ്ചു വര്‍ഷത്തെ മാറ്റകാലാവധിയില്‍ പിണറായിക്കു ശേഷം തന്റെ ഊഴം എന്ന് കരുതി മനപ്പായസമുണ്ട് നടക്കുന്ന ചെന്നിത്തലക്കും മറുത്തൊന്നും പറയാന്‍ പറ്റാത്ത അവസ്ഥ. തലയില്‍ ആള്‍ താമസമില്ലാത്ത ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ സഹായമില്ലാതെ കേരള രാഷ്ട്രീയത്തില്‍ ഒരടി മുന്നോടു വയ്ക്കാനാവില്ല എന്ന് ആര്‍ക്കാണറിയാത്തത്. കെ കരുണാകരനെന്ന വടവൃക്ഷത്തിന്റെ തണലില്‍ വളര്‍ന്നു എന്നല്ലാതെ അതിന്‍റെ യാതൊരു ഗുണവും ചെന്നിത്തലക്കില്ല. കെ മുരളീധരന്‍ പടിക്കപ്പുറത്തുണ്ട്. മുരളിയെ തടയാനുള്ള ചിറകെട്ടാന്‍ ഉമ്മന്‍ ചാണ്ടിയുടെ സഹായമില്ലാതെ പറ്റില്ല. ഉമ്മന്‍ ചാണ്ടിക്ക് പിജെ കുര്യനെ വെട്ടണം. പിളേളരുടെ ഫേയ്‌സ്ബുക്ക് കലാപമൊക്കെ ചായക്കോപ്പയില്‍ ഒടുങ്ങുമെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം.

കേരളത്തില്‍ നഷ്ടപ്പെട്ടുപോകുന്ന ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണ സമാഹരിക്കാന്‍ കേരള കോണ്‍ഗ്രസും  ലീഗും കൂടെ വേണമെന്ന് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ ഹിന്ദി അറിയാതെ ഉമ്മന്, ഹിന്ദി അറിയുന്ന ചെന്നിത്തലയേക്കാള്‍ എളുപ്പം സാധിച്ചു. മാണിയാണെങ്കില്‍, കാലശേഷം ജോസ്‌മോന്റെ കാര്യം ആരെ ഏല്‍പ്പിക്കുമെന്ന അശാന്തിയിലായിരുന്നു. അങ്ങനെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പിനു മുന്‍പേ ആ തീരുമാനവും വന്നു.

സമാന സംഭവം 1994 ലും ഉണ്ടായി. അന്നത്തെ പ്രതിനായകനായ ഉമ്മന്‍ചാണ്ടി ഇന്ന കാര്‍മികനായെന്ന് മാത്രം. ലീഡറെ നേതാവായും ‘ഐ’ ഗ്രൂപ്പിനെ തട്ടകമായും രാഷ്ട്രീയം തുടങ്ങിയ ഡോ.എം എ കുട്ടപ്പന്‍ പതിയെ കളംമാറ്റി ‘എ ‘ ഗ്രൂപ്പില്‍ ചേക്കേറി. ’94 ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ നോമിനി വയലാര്‍ രവിക്ക് ഒപ്പം ‘എ ‘ ഗ്രൂപ്പ് നിര്‍ദേശിച്ച പേര് ഡോ. കുട്ടപ്പന്റെതായിരുന്നു. കരുണാകരനു തുപ്പല്‍ ഇറക്കാന്‍ വയ്യാത്ത അവസ്ഥ. അടവുകളുടെ ആശാനായ കരുണാകരന്‍ പൂഴികടകന്‍ പ്രയോഗിച്ചു. ലീഗിനെ സ്വാധീനിച്ച് സീറ്റ് ചോദിപ്പിച്ചു അന്ന്.

ഹൈക്കമാന്‍ഡിലുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് സീറ്റ് ലീഗിന് കൊടുത്തു. ഫലത്തില്‍ കുട്ടപ്പന്‍ ഔട്ട്. സമദാനി എംപി ആയി. അന്ന് കലഹിച്ച് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചയാളാണ് ഉമ്മന്‍ ചാണ്ടി. മന്ത്രിസ്ഥാനം പോയതു മാത്രം മിച്ചം. പിന്നെ പാര്‍ട്ടിയില്‍ കലാപമുണ്ടാക്കി കരുണാകരനെ പുകച്ച് പുറത്ത് ചാടിച്ചപ്പോള്‍, ആദര്‍ശം പറഞ്ഞ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ചൊറികുത്തി ഡല്‍ഹിയിലിരുന്നിരുന്ന പുണ്യാളന്‍ അന്തോണി പ്രത്യേക വിമാനം പിടിച്ചുവന്ന് മുഖ്യമന്ത്രിയായി. അതാണ് ഹൈക്കമാന്‍ഡ്. അതിപ്പോള്‍ ഉമ്മന്‍ചാണ്ടി പയറ്റുകയാണ്.

ഇനി മറുവശത്തെ കാര്യം. രാജ്യസഭ സീറ്റ് മാണിക്ക് അടിയറവെച്ച് എന്ന് പെരുമ്പറയിടുന്ന സിപിഎമ്മിന്റെ അവസ്ഥയെന്താണ്?  2009-ല്‍ കോഴിക്കോട് ലോകസഭ സീറ്റിന്റെ പേരില്‍ കലഹിച്ചാണ് വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ ഇടതുമുന്നണി വിടുന്നത്. പിണറായി വിജയനായിരുന്നു പിന്നെ വീരന്റെ ഏറ്റവും വലിയ ശത്രു. പത്രവും ചാനലുമൊക്കെ വെച്ച് വീരന്‍ ആഞ്ഞു വെട്ടി. പിണറായി വിജയന്‍ ചവിട്ടിപ്പുറത്താക്കിയപ്പോള്‍ അഭയം തന്നവര്‍ എന്ന് യുഡിഎഫിനെ വാഴ്ത്തി പാടി. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് പുറത്ത്  കടന്നതുപോലെയാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആശ്വാസം കൊണ്ടു . 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും മകനെ മന്ത്രിയാക്കാനായില്ല. കെപി മോഹനന്‍ ആ സ്ഥാനം വിലപേശി വാങ്ങി. ‘ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല’ എന്ന് പ്രസംഗിച്ച് നടന്ന വീരന്‍ വീണ്ടും മത്സരിക്കില്ലെന്ന ധൈര്യത്തില്‍ 2014-ല്‍ പാലക്കാട് ലോക്‌സഭ സീറ്റ് യുഡിഎഫ് വീരന് നല്‍കാന്‍ തയ്യാറായി. തോല്‍പ്പിക്കുമെന്ന് ജനത്തിന് വാശിയുണ്ടായിരുന്നു; എന്നിട്ടും വീരന്‍ ആശ കൈവിട്ടില്ല. ലക്ഷത്തില്‍പ്പരം വോട്ടിന് നിലം പരിശാക്കി ജനം. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മകനും നിലം പൊത്തി. അതോടെ വീരന്റെ പഴയ സോഷ്യലിസ്റ്റ് വീര്യവും ഇടതുപക്ഷ ചിന്തയും സടകുടഞ്ഞെഴുന്നേറ്റു.

പിണറായിക്കൊപ്പം ജയിലില്‍ കിടന്നതിന്റെ മധുര സ്മരണകള്‍ അണപൊട്ടി. ‘സഖാവെ’ എന്ന വിളി കേള്‍ക്കാനായി വെമ്പല്‍കൊണ്ടു. സര്‍വസൈന്യാധിപനായ പിണറായിയെ മുഖം കാണിക്കാന്‍ പല അടവുകളും പയറ്റി. ഇടനിലക്കാരായി മാധ്യമപ്രവര്‍ത്തകരും മാതൃഭൂമിയുടെ ഓശാരം പറ്റുന്ന സാംസ്‌കാരിക നായകന്മാരും മറ്റും രംഗത്തു വന്നു. ഒടുവില്‍ ആ മോഹം സഫലമായി. നിതീഷിന്റെ ജനതാദള്‍ ബിജെപിയുടെ കൂടെയെന്ന് പറഞ്ഞ് മറുകണ്ടം ചാടി. യുഡിഎഫിനെ ഭീഷണിപ്പെടുത്തി അടിച്ചെടുത്ത രാജ്യസഭാംഗത്വം രാജിവെച്ചു. കെ.എം മാണിക്ക് ജോസ്‌മോനോടുള്ളതുപോലെ വീരനും പുത്ര വാത്സല്യംകൊണ്ട് ശ്രേയാംസ് കുമാറിന് സീറ്റ് നല്‍കണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ അത് നടന്നില്ല. പകരം പരസഹായം കൂടാതെ മൂത്രമൊഴിക്കാന്‍ പോലും പറ്റാതെ അവസ്ഥയിലും വീരന്‍ തന്നെ എംപിയായി.

കേരളനിയമസഭയില്‍ മാണിക്ക് 6 അംഗങ്ങളെങ്കിലുമുണ്ട്. വീരന്‍ദളിന് മരുന്നിന് ഒരാള്‍ പോലുമില്ല. എന്നിട്ടും വീരനെ എം.പിയാക്കിയ സിപിഎം ഇപ്പോള്‍ യുഡിഎഫിനെ പരിഹസിക്കുകയാണ്! ചാനലും പത്രവും വരുതിക്ക് നില്‍ക്കുമെന്ന പിണറായിയുടെ കണക്കുകൂട്ടലും തെറ്റുകയാണ്. ചാനല്‍ സര്‍ക്കാരിനെതിരെ കടുത്ത ആക്രമണം നടത്തുമ്പോള്‍ പത്രം സംഘപരിവാര്‍ അജന്‍ഡ ഭംഗിയായി നടപ്പാക്കുകയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് വെള്ളിയാഴ്ചത്തെ എഡിറ്റ് പേജിലെ പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തിന്റെ പദാനുപദ തര്‍ജമ.

Advertisement