Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ചോര മണക്കുന്ന ‘അഭിമാനം’: ആതിരയില്‍ നിന്ന് കെവിനിലേക്ക് ഒരേ ദൂരം

, 2:53 pm

ആര്യ പത്മ

 

ദളിത് യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായതിന്റെ പേരിലാണ് മലപ്പുറം സ്വദേശിയായ ആതിരയെന്ന് ഇരുപത്തിരണ്ടുകാരിക്ക്  ജീവന്‍ നഷ്ടമായത്. പ്രണയം പൂവിട്ട അവളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയത് മകള്‍ ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ അസ്വസ്ഥനായ  അച്ഛനാണ്. മാസങ്ങള്‍ക്കിപ്പുറം പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ചാലിയേക്കര തോട്ടത്തിൽ കണ്ടെത്തിയതും ഇതേ കേരളത്തില്‍ തന്നെ. ദുരഭിമാന കൊലയെന്നത് മലയാളിക്ക് കേട്ടുകേള്‍വിക്കുമപ്പുറം നേരനുഭവങ്ങളായി മാറുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വീമ്പു പറയുന്ന കേരളത്തില്‍ ജാതിയും മതവും സാമ്പത്തികവുമൊക്കെ ഒരാളുടെ ജീവനെടുക്കാന്‍ തക്ക ശേഷിയുള്ള കൂരമ്പുകളാണെന്നതിന്റെ തെളിവാണ് ഇവ.

ആതിരയുടെ മരണത്തിനുത്തരവാദി ജാതീയ ദുരഭിമാനമാണെങ്കില്‍ കെവിന്റെ ജീവനെടുത്തത് രണ്ട് കാരണങ്ങളാണ്.  ദളിത് സമുദായത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതം സ്വീകരിച്ചവരാണ് കെവിന്റെ കുടുംബം. പ്രണയിച്ച് വിവാഹിതരായവരാണ് കെവിനെ വിവാഹം കഴിച്ച നീനുവിന്റെ മാതാപിതാക്കള്‍. നീനുവിന്റെ അച്ഛന്‍ ക്രിസ്ത്യാനിയും അമ്മ മുസ്ലീമുമാണ്. എന്നിട്ടും മകളുടെ പ്രണയത്തിന് അവര്‍ എതിരുനിന്നു.  മകള്‍ പ്രണയിച്ചു എന്നത് മാത്രമല്ല, അവള്‍ കണ്ടെത്തിയത് ദളിതനായ, സാമ്പത്തികമില്ലാത്ത ഒരുവനെയാണ് എന്നതാണ് അവര്‍ കണ്ടെത്തിയ ‘തെറ്റ്’. ദളിത് സ്വത്വം പിന്തുടരുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും ചെയ്യുന്നവര്‍ ‘സത്യ ക്രിസ്ത്യാനികളുടെ’ ഇടയില്‍ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ തന്നെയാണ് എന്നതിന്റെ തെളിവാണ് കെവിന്റെ ദാരുണാന്ത്യം.

ജാതി-മത-സാമ്പത്തിക അസമത്വങ്ങള്‍ കേരളത്തില്‍ വേരറ്റുപോയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ദുരഭിമാന കൊലകളും ആള്‍ക്കൂട്ടകൊലപാതകങ്ങളുമെല്ലാം. ദളിതും കറുത്ത നിറമുള്ളവനും ദരിദ്രനും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവനുമായ ഒരുവന്‍ സവര്‍ണചിന്തകളാല്‍ നിര്‍മിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പൊതുബോധത്തിന് എത്രമാത്രം അസഹിഷ്ണുത സൃഷ്ടിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് മധുവെന്ന യുവാവിനെ ഭക്ഷണം മോഷ്ടിച്ചുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

”ഇത് കേരളമാണ്, ദൈവത്തിന്റെ സ്വന്തം നാട്, ഇവിടെ ഇതൊന്നും സംഭവിക്കില്ല” എന്ന ധാരണകള്‍ക്കും കെട്ടുകാഴ്ചകള്‍ക്കും മുകളില്‍ അഭിരമിക്കുകയാണ് മലയാളി. ഇനി അഥവാ ഈയൊരു സങ്കല്‍പത്തിന് കോട്ടം തട്ടുന്ന എന്തെങ്കിലും സംഭവിച്ചാല്‍ ”മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഇത്രയൊക്കെയല്ലേ ഉള്ളൂ” എന്ന് ന്യായീകരിക്കുകയും നമ്മുടെ വീട്ടില്‍ ഇതൊന്നും സംഭവിച്ചില്ലല്ലോ എന്ന് സ്വയം ആശ്വസിക്കുകയും ചെയ്യും.

പ്രണയം വീട്ടുകാര്‍ക്ക് എന്നും ‘തെറ്റ്’ ആകുന്നത് എന്തുകൊണ്ടാണ്. മക്കള്‍ അവരുടെ ഇഷ്ടത്തിന് പ്രവര്‍ത്തിച്ചു എന്നത് മാത്രമാണ് അതിലെ പ്രശ്‌നമെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കാനാകില്ല. പ്രണയിച്ചതിനല്ല ആതിരയും കെവിനും കൊല്ലപ്പെട്ടത്, പകരം അവര്‍ ആരാണ്, ആരെ പ്രണയിച്ചു എനന് ചോദ്യങ്ങളാണ് ഇവിടെ മേല്‍ക്കൈ നേടുന്നത്. പ്രണയത്തിനുമപ്പുറം  കൃത്യമായ ജാതിയും മതവും സാമ്പത്തിക ചിന്തകളുമെല്ലാം ഇതില്‍ കടന്നു വരുന്നുണ്ട്. കേരളത്തിന്റെ സാമൂഹികബോധത്തില്‍ വിവേചനമെന്നത് വിവിധ ഭാവങ്ങളില്‍ അവതരിക്കുന്നുണ്ടെന്നത് വ്യക്തം. എതിര്‍പ്പുകള്‍ക്കൊടുവില്‍ മകളുടെ വിവാഹത്തലേന്ന് ആതിരയുടെ അച്ഛന്‍ അവളുടെ ജീവനെടുത്തതും മിശ്രവിവാഹിതരായ മാതാപിതാക്കളുടെ മക്കളായ നീനു വിവാഹം കഴിച്ച കെവിന്‍ കൊല്ലപ്പെട്ടതുമെല്ലാം ഈ ദുരഭിമാനങ്ങളുടെ ബാക്കിപത്രമാണ്.

2016 ഡിസംബറില്‍ നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയെ ഉദ്ധരിച്ചുകൊണ്ട് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ പ്രകാരം 2015-ല്‍ ഇന്ത്യയില്‍ ദുരഭിമാന കൊലപാതകങ്ങള്‍ വര്‍ധിച്ചിരിക്കുന്നത് എട്ട് മടങ്ങാണ് എന്ന് ചൂണ്ടിക്കാട്ടുന്നു. 2014-ല്‍ 28 കേസുകളാണ് ദുരഭിമാന കൊലയുടെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കില്‍ 2015-ല്‍ ഇത് 251 ആയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉത്തരേന്ത്യയില്‍ മാത്രം കണ്ടും കേട്ടും ശീലിച്ച ദുരഭിമാന കൊലകള്‍ കേരളത്തിലും വേരുറപ്പിച്ചിരിക്കുന്നു.

ഭിന്നാഭിപ്രായങ്ങള്‍ക്കോ എതിര്‍പ്പുകള്‍ക്കോ ഇടമില്ലാത്ത സമൂഹമായി ‘ജനാധിപത്യ ഇന്ത്യ’ മാറിയിരിക്കുന്നു. ദളിതനോ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവനോ കൊല്ലപ്പെടേണ്ടവനാണെന്നം അവന്റെ ജീവന് തങ്ങളുടെ ‘അഭിമാന’ത്തിനേക്കാള്‍ അപ്പുറമല്ലെന്നുമുള്ള സവര്‍ണ ബോധമാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍.

കേരളത്തില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ദളിതര്‍ കടന്നു വരുന്നുണ്ടെങ്കിലും എത്രമേല്‍ ഇത്തരം മുന്നേറ്റങ്ങള്‍ അംഗീകരിക്കപ്പെടുന്നുണ്ടെന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. സാമ്പത്തിക അസമത്വങ്ങളും മനുഷ്യനെ വേര്‍തിരിക്കുന്നതിന്റെ ഘടകങ്ങളാകുന്നു. സഹതാപമോ സംരക്ഷണമോ അല്ല വേണ്ടത്. തമിഴ്‌നാട്ടിലെ ഉത്തംപുരത്തോ കേരളത്തിലെ വടയമ്പാടിയിലോ മാത്രമല്ല,  ജാതിമതിലുകള്‍ പൊളിച്ചു നീക്കേണ്ടത്. മലയാളിയുടെ മനസില്‍ അടിവേരുറച്ച് കിടക്കുന്ന ജാതി,മത, സാമ്പത്തിക അസമത്വത്തിന്റെ വന്‍ മതിലുകള്‍ തച്ചുടച്ച് നീക്കാത്തിടത്തോളം ഇത്തരം മരണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും.

Advertisement