'നരകത്തിലെ വിറകു കൊള്ളികള്‍ എന്ന് അലമുറയിടുന്നവരോട് ചില ചോദ്യങ്ങള്‍'

നുസ്ര കാസിം

പതിനാല് വര്‍ഷം മുമ്പ് നടന്നൊരു കഥ പറയാം സ്‌കൂളില്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം വാങ്ങിയ ഒരു ഏഴ് വയസ്സുകാരി രാവിലെ മദ്രസയിലെത്തി ക്ലാസില്‍ കയറി ഇരുന്നപ്പോള്‍ ഉസ്താദ് പറഞ്ഞു ക്ലാസിന് പുറത്തിറങ്ങി നില്‍ക്കാന്‍. കുഞ്ഞിമക്കനയിട്ട് പേടിച്ച് നിന്ന പെണ്‍ കുട്ടി കണ്ണ് നിറച്ച് ഉസ്താദിനോട് ചോദിച്ചു എന്തിനാ ഉസ്താദേ എന്നെ പുറത്താക്കിയതെന്ന്. സ്‌കൂളിലെ ഓട്ടവും, തുള്ളലുമൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും, പെണ്‍കുട്ടികളായാല്‍ ഇത്തിരി അടക്കോം ഒതുക്കോം വേണമെന്ന് ചൂരല്‍ വീശി ഉസ്താദ് പറഞ്ഞപ്പോള്‍ കണ്ണില്‍ നിറച്ചിരുന്ന വെള്ളം ഒരു മലവെള്ളപ്പാച്ചിലായി ആ പെണ്‍ക്കുട്ടിയുടെ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങി.

ഏഴാം വയസ്സില്‍ ,ശരീരത്തെ കുറിച്ച് ഒന്നുമറിയാത്ത ആ പ്രായത്തില്‍ തന്നെ കൊച്ചു പെണ്‍കുട്ടിക്ക് മനസ്സിലായൊരു കാര്യമുണ്ടായിരുന്നു, പെണ്‍കുട്ടിയോളുടെ ശരീരത്തിന് എന്തോ കുഴപ്പമുണ്ട്, ആണ്‍ കുട്ടികള്‍ ഓടുകയും, ചാടുകയും, പാടുകയും, ചിരിക്കുകയും ചെയ്യുന്നിടത്ത് പെണ്‍കുട്ടികള്‍ക്ക് അഴിഞ്ഞു പോകാന്‍ പാകത്തില്‍ ശരീരത്തില്‍ എന്തൊക്കെയോ ഉണ്ട്. അതോണ്ട് പെണ്‍കുട്ടികള്‍ ആടാതെ, പാട്ടാതെ കുലുങ്ങി നടക്കാതെ അടങ്ങി നടന്നോളാന്‍ വിധിക്കപ്പെട്ടവരാണ് എന്ന്.. പിന്നീടെപ്പോഴൊക്കെ താരിഹിലെ ചരിത്രം പഠിക്കുമ്പോള്‍, ചില ധീര വനിതകളെ കുറിച്ച് അവളുടെ ഉമ്മച്ചി പറഞ്ഞു കൊടുത്തപ്പോള്‍ അവള്‍ക്ക് തോന്നി ഞാന്‍ ശരീരത്തിനപ്പുറം മറ്റെന്തൊക്കെയോ ആണെന്ന്. കാലം കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിക്കൊരു കാര്യം മനസ്സിലായി.

ആടുകയും, പാടുകയും, ചിരിക്കുകയും ചെയ്താല്‍, അഴിഞ്ഞു വീഴുന്നത് തന്റെ ശരീരത്തിലെ അവയവങ്ങളല്ലെന്നും, ചില മനുഷ്യന്മാരുടെ മനസ്സുകളിലെ ദുഷിപ്പുകള്‍ മാത്രമാണെന്നും, അര്‍ഹിക്കുന്ന അവഗണനയോടെ അവ തള്ളിക്കളയേണ്ടതുണ്ടെന്നും, എങ്കിലും എവിടെയൊക്കെയോ ഇന്നും ആടിയതിന്റേയും, പാടിയതിന്റേയും, പൊട്ടിച്ചിരിച്ചതിന്റേയും, സ്വന്തം നിലപാടുകള്‍ തുറന്ന് പറയുന്നതിന്റേയും പേരില്‍ പലയിടങ്ങളില്‍ നിന്നും ആ പെണ്‍കുട്ടി പുറത്താക്കപ്പെടുക തന്നെ ചെയ്യുന്നുണ്ട്.

മുകളില്‍ പറഞ്ഞിരിക്കുന്ന കഥ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജാതി, മത ഭേദമന്യേ പെണ്‍കുട്ടികള്‍ നേരിടുന്നൊരു പ്രശ്‌നം തന്നേയാണ്. മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ്
് മോബ് കളിച്ച പതിനെട്ട് തികയാത്ത ആ കൊച്ച് പെണ്‍കുട്ടികളും നേരിടുന്ന പ്രശ്‌നം ഇത് തന്നേയാണ്. പൊതിഞ്ഞ് കെട്ടി സംരക്ഷിച്ച് വെക്കേണ്ട ശരീരത്തിന്റെ ഭാഗങ്ങള്‍ ഡാന്‍സ് ചെയ്ത് ഇളക്കം വരുത്താന്‍ തുനിഞ്ഞിറങ്ങി വിശ്വാസികള്‍ക്ക് ചീത്തപ്പേരുണ്ടാക്കി എന്ന് പറയുമ്പോള്‍ നരകത്തിലെ വിറകു കൊള്ളികള്‍ എന്ന് പറഞ്ഞ് അവരോട് അലമുറയിടുന്ന ആങ്ങളമാരോട് ഒന്നേ ചോദിക്കാനുള്ളൂ പതിനെട്ടിനടുത്ത് മാത്രം പ്രായം ഉള്ള ആ പെണ്‍കുട്ടികളെ വേശ്യകളെന്നും, കൂത്തിച്ചിയെന്നും വിളിച്ച് സ്വയം തരംതാണ് അപഹാസ്യരായാവുകകയാണോ വിശ്വാസിയാണെന്ന് പറയുന്ന നിങ്ങള്‍ ചെയ്യേണ്ടത്.

“തന്തയില്ലാത്ത തെരുവ് തെണ്ടിച്ചികള്‍ക്ക് ജനിച്ച വേശ്യയുടെ മൂന്ന് പെണ്‍മക്കള്‍ ” എന്ന് നിങ്ങളിലൊരുത്തന്‍ അവരെ ആക്ഷേപിക്കുന്നതിന്റെ കൂടെ എന്ത് പറഞ്ഞാലും അവറ്റകള്‍ നല്ല ചരക്കുകകളാണെന്ന് നിങ്ങള്‍ പറയുന്നതിന്റെ പിന്നിലെ പൊരുള്‍ എന്താണ്. പെണ്ണ് വെറും ശരീരം മാത്രമാണെന്നാണോ..? നിങ്ങള്‍ ദീനിനെ നന്നാക്കാന്‍ ശ്രമിക്കുന്നവരാണോ, അല്ലെങ്കില്‍ പറയിപ്പിക്കാന്‍ ശ്രമിക്കുന്നവരാണോ എന്ന് ചോദിച്ചാല്‍ രണ്ടാമത്തെ ഉത്തരം നല്‍കാന്‍ മാത്രമേ ഒരു യഥാര്‍ഥ വിശ്വാസിക്ക് കഴിയുകയുള്ളൂ.

നരകത്തിലെ വിറക് കൊള്ളികള്‍ എന്ന് പറഞ്ഞ് നിങ്ങള്‍ അവരെ ആക്ഷേപിക്കുന്നതിലെ കാരണം ഇസ്ലാമിലെ നിയമങ്ങള്‍ തെറ്റിച്ചു എന്ന ബേജാറൊന്നുമല്ല, കാരണം കാലങ്ങളായി നിങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന പുരുഷാധിപത്യം കൊഴിഞ്ഞു വീണു പോകുമോ എന്ന ഭയം തന്നേയാണ്. ആണിനോളം പെണ്ണ് വളര്‍ന്നു പോയാല്‍ സംസാരിച്ചു പോയാല്‍ അടക്കി നിര്‍ത്തി യജമാനത്തം പറയാന്‍ ആളെ കിട്ടാതായിപ്പോകുമോ എന്ന ഭയം, കേവലം ശരീരത്തിനപ്പുറത്തേക്ക് ഞങ്ങള്‍ മറ്റ് പലതുമാണ് എന്ന് പെണ്ണുങ്ങള്‍ തിരിച്ചറിയുമോ എന്ന ഭയം, പെണ്ണ് പറയുന്നിടം വന്നാല്‍ ലോകാവസാനം വരുമോ എന്ന ഭയം. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഭയങ്ങള്‍ തന്നേയാണ് നിങ്ങളെ ഒരു യഥാര്‍ഥ വിശ്വാസിയില്‍ നിന്ന് അന്ധവിശ്വാസിയിലേക്ക് നയിക്കുന്നത്.

കൂട്ടത്തില്‍ വിശ്വാസിയാണെന്ന് നടിക്കുന്ന നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ ആ മൂന്ന് പെണ്‍കുട്ടികളെ വേശ്യകളെന്ന് വിളിച്ച നിങ്ങള്‍ക്കറിയാമോ ഇസ്ലാമില്‍ വ്യഭിചാരത്തേക്കാള്‍ വലിയ കുറ്റമാണ് വ്യഭിചാര ആരോപണമെന്നത്. എയ്ഡ്‌സ് ബോധവല്‍ക്കരണം എന്ന സദുദ്ദേശത്തിലുപരി ശരീരം കാണിച്ച് പുരുഷന്മാരെ മയക്കാന്‍ അവര്‍ ഉദ്ദേശിച്ചതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ മനസ്സിന്റെ വൈകല്ല്യം മാത്രമാണ്. ഡാന്‍സ് ചെയ്ത അവരെ റോഡിലിറങ്ങി നിരങ്ങി എന്ന് പറഞ്ഞ് അശ്ലീലത കലര്‍ന്ന തെറികള്‍ കൊണ്ട് മൂടുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ഇസ്ലാമില്‍ നിന്നും എത്രത്തോളം അകലെയാണ് നിങ്ങളെന്ന്. അവരെ സപ്പോര്‍ട്ട് ചെയ്തവരെ ഓരോരുത്തരേയായി ആക്ഷേപിച്ച് ജോലി വരെ കളയിപ്പിക്കുമ്പോഴും, മാപ്പ് പറയിപ്പിക്കുമ്പോഴും ലഭിക്കുന്ന മനഃസുഖമാണോ ഇസ്ലാമിന് വേണ്ടി നിങ്ങള്‍ പൊരുതി നേടുന്നത്.

പെണ്ണുങ്ങള്‍ തെരുവിലിറങ്ങുന്നത് ഇസ്ലാമില്‍ പറഞ്ഞിട്ടില്ല എന്ന് നിങ്ങള്‍ ആണയിടുമ്പോള്‍ ചിലരെ കുറിച്ച് ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണ്ട് പ്രവാചകന്റെ കാലത്ത് തെരുവിലിറങ്ങി യുദ്ധങ്ങളില്‍ പങ്കെടുക്കുകയും, പുരുഷന്മാരെ വരെ പടയില്‍ ഉള്‍പ്പെടുത്തി യുദ്ധം നയിക്കുകയും ചെയ്ത മുഹമ്മദ് നബിയുടെ പ്രിയപത്‌നി ആയിശ(റ)യെ നിങ്ങള്‍ക്കറിയാമോ..?, ഷെബയിലെ രാജ്ഞിയായി ഭരണം നിര്‍വ്വഹിച്ചിരുന്ന ബല്‍ക്കീസിനെ നിങ്ങള്‍ക്ക് അറിയാമോ..?

നിര്‍ണായകമായ ഉഹുദ് യുദ്ധത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി നടത്തിയ ഐതിഹാസിക പോരാട്ടത്തിലൂടെ നബിയുടെ ജീവന്‍ രക്ഷിച്ച നുസൈബ ബിന്‍ത് കഅബ് എന്ന സ്ത്രീയുടെ കഥ നിങ്ങള്‍ക്ക് അറിയാമോ..? കല്യാണ വേഷം അഴിച്ചുവെക്കാന്‍ പോലും നേരം കിട്ടാതെ റോമാക്കാരുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത് ശത്രുപക്ഷത്തുള്ള നിരവധി പേരെ കൊന്ന ഉമ്മു ഹകീമിന്റെ കഥ നിങ്ങള്‍ക്ക് അറിയാമോ…? കച്ചവടത്തില്‍ സജീവമായിരുന്ന നബിയുടെ ഭാര്യ ഖദീജ പൊതുമണ്ഡലങ്ങളില്‍ സജീവമായിരുന്നത് നിങ്ങള്‍ക്ക് അറിയാമോ..? നബിയുടെ മറ്റൊരു ഭാര്യ സൗദ തന്റെ തുകല്‍ വസ്ത്തുക്കള്‍ വിറ്റിരുന്നത് മദീനയിലെ തെരുവുകളില്‍ ആയിരുന്നെന്ന് നിങ്ങള്‍ക്കറിയാമോ…?

പ്രസിദ്ധമായ ഹുദൈബിയ ഉടമ്പടി തയ്യാറാക്കാന്‍ നബി രാഷ്ട്രീയ ഉപദേശം തേടിയിരുന്നത് ഉമ്മു സലാമയോടാണെന്നത് നിങ്ങള്‍ക്കറിയാമോ..? ഇബ്‌നു മദുസ് അടക്കമുള്ള എത്രയോ സ്വഹാബിമാരുടെ ഭാര്യമാര്‍ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ..?

പെണ്ണുങ്ങള്‍ക്ക് ഇന്ന് നിങ്ങള്‍ വിലക്കുന്ന തെരുവിന്റെ ഭരണത്തിന് ഖലീഫയായ ഉമര്‍ ഏല്‍പ്പിച്ചത് ഷിഫാ ബിന്‍സ് അബ്ദുള്ള എന്ന സ്ത്രീയേയാണെന്ന് നിങ്ങള്‍ക്കറിയാമോ.?

സ്ത്രീകളെ തെരുവിലേക്കിറക്കുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ചെയ്തവരില്‍ ഏറ്റവും പ്രമുഖരാണ് നബിയും, ഉമറുമെല്ലാം എന്ന് നിങ്ങള്‍ ഇന്ന് പറയേണ്ടത് തന്നെ വരും.. പറയാന്‍ പറ്റുമോ നിങ്ങള്‍ക്ക്?

Read more

ഇസ്ലാമിനേയും, ഇത് പോലേയുള്ള ചരിത്രത്തേയും, കുറിച്ച് പഠിക്കാതെ കേട്ട് കേള്‍വിയുള്ളതും,നാട്ട് നടപ്പുള്ളതുമായ കാര്യങ്ങള്‍ വല്ലവരുടേയും നെഞ്ചത്ത് കൊണ്ട് പോയി ഛര്‍ദ്ദിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ട്ടമാകുന്നത് നിങ്ങള്‍ തെറി പറഞ്ഞും,ആക്രോശിച്ചും, അഹോരാത്രം എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന സ്വര്‍ഗ്ഗം തന്നേയായിരിക്കും. പഠനത്തിലും, ജോലിയിലും ,രാഷ്ട്രീയത്തിലും പെണ്ണുങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പെണ്ണെന്നത് വെറും ശരീരം മാത്രമാണെന്നും. അവരെ കൂട്ടിനുള്ളില്‍ വളര്‍ത്തേണ്ടവരാണെന്നും സമത്ഥിക്കാന്‍ ഇറങ്ങിയാല്‍ മുകളില്‍ എഴുതിയിരിക്കുന്ന പ്രവാചകരേയും, അവരുടെ പ്രിയപ്പെട്ട സ്ത്രീകളേയും, നിങ്ങള്‍ ചോദ്യം ചെയ്യേണ്ടതായി തന്നെ വരും. പറയു നിങ്ങള്‍ അതിന് ഒരുക്കമാണോ?