Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

പൊതുമേഖലാ ബാങ്കുകളിൽ ഇനി നടക്കാൻ പോകുന്നത്

, 1:14 pm

കിട്ടാക്കടം പെരുകിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലോ, അഞ്ചോ വലിയ ബാങ്കുകളാക്കി മാറ്റുന്നതിനുള്ള നീക്കം ഊർജിതമായി.
ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കത്തിന് കേന്ദ്രം കഴിഞ്ഞ ദിവസം പച്ചക്കൊടി കാട്ടി. മറ്റു ബാങ്കുകളും ലയിപ്പിക്കാനുള്ള നീക്കങ്ങൾ ഇപ്പോൾ സജീവമാണ്. ആഗോളതലത്തിലെ കൂറ്റൻ ബാങ്കുകൾക്കൊപ്പം, ഇന്ത്യൻ ബാങ്കുകളെ മത്സരക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ലയനം എന്നാണ് വിശദീകരണം.

21 പൊതുമേഖലാ ബാങ്കുകളാണ് ഇന്ത്യയിൽ ഉള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവയിൽ ഭൂരിഭാഗവും ഭീമമായ നഷ്ടം നേരിടുകയാണ്. വൻതോതിൽ കുതിച്ചുയർന്ന കിട്ടാക്കടമാണ് ഇതിനു പ്രധാന കാരണം. പൊതുമേഖലാ ബാങ്കുകളുടെ മാത്രം കിട്ടാക്കടം ഏഴ് ലക്ഷം കോടി രൂപക്ക് മുകളിൽ വരും. കൃത്യമായി പറഞ്ഞാൽ 723,513 കോടി രൂപ. 2014 ജൂൺ 30നു ഇത് 224,542 ആയിരുന്നുവെന്ന് ഓർക്കണം. ഇതിൽ 11 ബാങ്കുകളുടെ സ്ഥിതി അതീവ ഗുരുതരമാണ്. അതുകൊണ്ട് ഇവക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് റിസർവ് ബാങ്ക്. കൂടുതൽ വായ്പ കൊടുക്കുന്നതിൽ നിന്ന് ഈ ബാങ്കുകളെ റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ട്. അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷത്തെ മറികടക്കുന്നതിനുള്ള ഒറ്റമൂലിയായാണ് ബാങ്ക് ലയനത്തെ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്.


എന്നാൽ ഭീമമായ കിട്ടാക്കടം എങ്ങിനെ വന്നു എന്നതും ബാങ്ക് ലയനത്തെയും അത്ര ലളിതമായി വ്യഖ്യാനിക്കാവുന്ന ഒന്നല്ല. കാരണം, കിട്ടാക്കടത്തിന്റെ വലിയ പങ്കും വൻകിട കോർപറേറ്റ് സ്ഥാപനങ്ങളുടേതാണ് എന്നതാണ്. ഇതിൽ പലതും മനഃപൂർവം കുടിശിക വരുത്തിയതും പതിനായിരക്കണക്കിന് കോടി രൂപ ബാങ്കുകളെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു കളഞ്ഞതുമായ കേസുകളാണ് . അതായത്, ആസൂത്രിതമായി നടത്തിയ ബാങ്ക് കൊള്ളകളാണ് ഇവ. ഇത് ഭരണകൂടത്തിന്റെ ഒത്താശയില്ലാതെ സംഭവിക്കുന്ന കാര്യവുമല്ല.


ബാങ്കുകളെ കൊള്ളയടിച്ച്, അവയെ തകർത്ത ശേഷം ഇനി ഇവ നില നിൽക്കണമെങ്കിൽ സ്വകാര്യ മേഖലക്ക് കൈമാറുന്നതാണ് നല്ലതെന്ന് വരുത്തി തീർക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള നിക്ഷിപ്ത താല്പര്യം. അതായത്, വൻകിട വായ്പകൾ തിരിച്ചടക്കാതിരിക്കുന്നതും നിരവ് മോദി കേസ് അടക്കമുള്ള സംഭവങ്ങളും ആകസ്മികമായി സംഭവിക്കുന്നതല്ല, പ്രത്യുത, ഇതെല്ലാം ആസൂത്രിതമായി അരങ്ങേറുന്ന കൊള്ളകളാണ്. പൊതുമേഖലാ ബാങ്കുകളിൽ എല്ലാം കുത്തഴിഞ്ഞതാണെന്ന് വരുത്തിത്തീർക്കേണ്ടത് സ്വകാര്യവത്കരണത്തിന് വഴി ഒരുക്കാൻ ആവശ്യം വേണ്ടുന്ന കാര്യമാണ്. വൻബാധ്യതയോടു കൂടി, താരതമ്യേന ചെറിയ ബാങ്കുകൾ കൈയിൽ വരുന്നതിനോട് ആഗോള കോർപറേറ്റ് ശക്തികൾക്ക് താല്പര്യം പോരാ. അതുകൊണ്ട് പ്രതിസന്ധിയുടെ മറ പറ്റി ആദ്യം ഈ ബാങ്കുകളെ ലയിപ്പിച്ച് നാലോ, അഞ്ചോ വലിയ ബാങ്കുകളാക്കി മാറ്റുന്നു. പിന്നീട് അവയെ കൂടുതൽ കാര്യക്ഷമവും മത്സരക്ഷമവുമാക്കാൻ സ്വകാര്യവത്കരിക്കുന്നതാണ് നല്ലതെന്ന് കോർപറേറ്റ് ജിഹ്വകളെ കൊണ്ട് പഴംകഥയിലെ പാണനെ പോലെ നിരന്തരം പാടിക്കുന്നു.

പിന്നീടാണ് ഏറ്റവും വലിയ നാടകം അരങ്ങേറുക. ഇതിനെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നു. ഈ വിദഗ്ധ സമിതി ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതാണ് നല്ലതെന്ന് റിപ്പോർട്ട് സമർപ്പിക്കുന്നു. സർക്കാർ അത് അംഗീകരിക്കുന്നു. കാര്യങ്ങൾ ശുഭപര്യവസായി ആകുന്നു. ‘വെടക്കാക്കി തനിക്കാകുന്നതിന്റെ’ ഏറ്റവും നൂതനമായ സർജിക്കൽ സ്ട്രൈക്ക്. അടുത്ത അഞ്ചോ, ആറോ വർഷങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന ഒരു കാര്യമാണ് ഇപ്പോൾ തന്നെ പറഞ്ഞു വെയ്ക്കുന്നത്. കേന്ദ്രത്തിൽ സർക്കാർ മാറുന്നതു കൊണ്ട് ഇതിൽ കാതലായ മാറ്റം വരാൻ പോകുന്നില്ല. ഇതിനുള്ള സമയത്തിന്റെ കാര്യത്തിൽ അല്പസ്വല്പം മാറ്റം വരും എന്ന് മാത്രം. കാരണം, ആഗോള കോർപറേറ്റുകളുടെ ഈ ഇംഗിതം നടപ്പാക്കുക എന്നത് മാത്രമാണ് ഗവൺമെന്റിന് ചെയ്യാനുള്ളത്. ഒരു കൂട്ടുകക്ഷി സർക്കാരാണ് വരുന്നതെങ്കിൽ കുറച്ച് കാലതാമസം വന്നേക്കാം. കാരണം, എല്ലാവരെയും ഒന്ന് മെരുക്കി എടുക്കേണ്ടി വരും എന്നത് കൊണ്ട്.

ഈ പ്രക്രിയയുടെ തുടക്കം എന്ന നിലയിലാണ് പൊതുമേഖലാ ബാങ്കുകളുടെ ലയന പരമ്പരക്ക് തുടക്കം കുറിച്ച് മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് ഒന്നാക്കാനുള്ള നിർദേശത്തിന് തത്വത്തിൽ അംഗീകാരം നൽകിയത്. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കം ഇതോടെ ഊർജിതമായി. ലയിച്ചു ഒന്നാകുന്നതോടെ, വമ്പൻ ബാങ്കായി, പുതിയ പ്രതിച്ഛായയോടെ ബാങ്ക് ഓഫ് ബറോഡ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രവർത്തനക്ഷകമാകും എന്ന് പ്രതീക്ഷിക്കുന്നു. ലയന നിർദേശത്തിന് മൂന്ന് ബാങ്കുകളുടെയും ഡയറക്ടർ ബോർഡുകൾ നേരത്തെ അംഗീകാരം നൽകിയിരുന്നു. ധനമന്ത്രി അധ്യക്ഷനായുള്ള ആൾട്ടർനേറ്റീവ് മെക്കാനിസം കഴിഞ്ഞ വാരത്തിൽ ഇതിനുള്ള അനുമതി നൽകി.

Advertisement